മുതിർന്നവരിലെ എച്ച് ഐ വിയും എയ്‌ഡ്‌സും: അവഗണിക്കപ്പെടുന്ന തലമുറയെക്കുറിച്ച്

എച്ച് ഐ വിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ മനസ്സിലേക്ക് എപ്പോഴും വരുന്നത് യുവജനങ്ങളുടെ ചിത്രമായിരിക്കും. എന്നാൽ, രോഗം ബാധിച്ചവരുടെ കണക്കുകൾ പരിശോധിക്കുമ്പോഴാണ്, ആ ചിന്താഗതിയിൽ വ്യത്യാസം വരുത്തേണ്ട സമയമായി എന്നു നമ്മൾ തിരിച്ചറിയുക. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും പ്രായമായ നിരവധി പേർ എച്ച് ഐ വിയുമായി ജീവിക്കുന്നുണ്ട്. മുതിർന്ന വ്യക്തികളിൽ പലരിലും പുതുതായി എച്ച് ഐ വി ബാധ കണ്ടെത്തുന്നുമുണ്ട്.
ഈ രഹസ്യ പ്രതിസന്ധിയെക്കുറിച്ച് nellikka.life വിശദമാക്കുന്നു. പ്രായമായവർക്കിടയിൽ അവബോധം വ്യാപിപ്പിക്കേണ്ടതിൻ്റെ പ്രസക്തിയെക്കുറിച്ചും അറിഞ്ഞിരിക്കാം.
എച്ച് ഐ വിയുടെ മാറുന്ന മുഖം
ഐക്യരാഷ്ട്രസഭയുടെ എച്ച് ഐ വി/എയ്‌ഡ്‌സ് വിഭാഗമായ UNAIDS വെളിപ്പെടുത്തുന്നതനുസരിച്ച്, എച്ച് ഐ വിയുമായി ജീവിക്കുന്നവരിൽ ഏകദേശം 21% പേർ 50 വയസ്സോ അതിലധികമോ പ്രായമുള്ളവർ ആണെന്നാണ്.
വിജയകരമായ ചികിത്സാ രീതികൾ കാരണം, പതിറ്റാണ്ടുകൾക്ക് മുൻപേ രോഗം കണ്ടെത്തിയവരിൽ പലരും ഇന്ന് ആരോഗ്യത്തോടെ വാർദ്ധക്യത്തിലേക്ക് കടക്കുന്നു.
എന്നാൽ ഇതിനൊരു മറുവശമുണ്ട്: പ്രായമായവരിൽ അണുബാധകൾ വർദ്ധിച്ചുവരികയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അവബോധമില്ലായ്മ, സാമൂഹികമായ തെറ്റിദ്ധാരണകൾ എന്നിവയാണ് ഇതിന് കാരണം.
എച്ച് ഐ വിയും വാർദ്ധക്യവും
വാർദ്ധക്യകാലത്ത് സ്വാഭാവികമായും പ്രതിരോധശേഷി കുറയുന്നു . ഇമ്മ്യൂണോസെനെസെൻസ് (Immunosenescence) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത് .
ഇതിനോടൊപ്പം എച്ച് ഐ വി കൂടി ബാധിക്കുമ്പോൾ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു:
- വേഗത്തിൽ വഷളാകുന്നു: വൈറൽ ലോഡ് നിയന്ത്രിക്കാൻ ശരീരം കൂടുതൽ ബുദ്ധിമുട്ടിയേക്കാം.
- വിട്ടുമാറാത്ത വീക്കം: എച്ച് ഐ വി, കോശങ്ങളുടെ വാർദ്ധക്യം ത്വരിതഗതിയിലാക്കുകയും ഹൃദ്രോഗം, പ്രമേഹം, ഓർമ്മക്കുറവ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- മരുന്നുകളുടെ പ്രതിപ്രവർത്തനം: പ്രായമായവർ പലപ്പോഴും മറ്റ് അസുഖങ്ങൾക്ക് (ബി.പി, കൊളസ്ട്രോൾ മുതലായവ) മരുന്നുകൾ കഴിക്കുന്നതിനാൽ, എച്ച് ഐ വി ചികിത്സ കൂടുതൽ സങ്കീർണ്ണമാകുന്നു.
എല്ലുകളുടെ ബലക്ഷയം, വൃക്കകളുടെ തകരാർ, മെറ്റബോളിക് മാറ്റങ്ങൾ തുടങ്ങിയ പാർശ്വഫലങ്ങൾ ഡോക്ടർമാർ നിരീക്ഷിക്കുകയും അതിനനുസൃതമായി എ.ആർ.ടി. ചികിൽസാക്രമം (ART Regimens) സന്തുലിതമാക്കുകയും ചെയ്യുന്നു.
പ്രായമായവർ നേരിടുന്ന തടസ്സങ്ങൾ
1. തെറ്റിദ്ധാരണയും അവഗണനയും: പ്രായമായവർ ലൈംഗികമായി സജീവമല്ലെന്ന് പലരും കരുതുന്നു — ഇത് അവബോധ കാമ്പെയ്‌നുകളിൽ നിന്ന് അവരെ അകറ്റി നിർത്തുന്നു.
2.തെറ്റായ രോഗനിർണയം (Misdiagnosis): എച്ച് ഐ വി ലക്ഷണങ്ങൾ (ക്ഷീണം, ഭാരം കുറയുക, ഓർമ്മക്കുറവ്) പലപ്പോഴും സാധാരണ വാർദ്ധക്യ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു.
3.പരിശോധനയുടെ കുറവ്: ആരോഗ്യ പ്രവർത്തകർ പ്രായമായ രോഗികൾക്ക് എച്ച് ഐ വി പരിശോധന നിർദ്ദേശിക്കുന്നത് പൊതുവെ, വളരെ കുറവാണ്.
4.വൈകാരികമായ ഒറ്റപ്പെടൽ: ഒറ്റപ്പെടൽ പലപ്പോഴും അപകടകരമായ പെരുമാറ്റങ്ങൾക്ക് കാരണമാവുകയോ ചികിത്സ തടസ്സപ്പെടുന്നതിന് ഇടയാക്കുകയോ ചെയ്യുന്നു.
50 പിന്നിട്ട എച്ച് ഐ വി ബാധിതർ ശ്രദ്ധിക്കേണ്ടത്
- ആരോഗ്യ പരിശോധന പതിവാക്കുക: എച്ച് ഐ വി ചികിത്സയോടൊപ്പം രക്തസമ്മർദ്ദം, കൊളസ്ട്രോൾ, എല്ലുകളുടെ ആരോഗ്യം എന്നിവയും ശ്രദ്ധിക്കുക.
- സജീവമായിരിക്കുക: വ്യായാമം പ്രതിരോധശേഷിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു.
- അനുയോജ്യമായ ഭക്ഷണം കഴിക്കുക: പ്രോട്ടീൻ, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക.
- ബന്ധങ്ങൾ വിപുലമാക്കാം: ഒറ്റപ്പെടലിനെ നേരിടാൻ പിന്തുണ ഗ്രൂപ്പുകളെയോ കൗൺസിലിംഗ് സേവനങ്ങളെയോ ആശ്രയിക്കാം.
- മനസ്സ് തുറന്ന് ആശയവിനിമയം നടത്താം: ഡോക്ടർമാരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കുക. മൗനം ആരോഗ്യത്തെ കൂടുതൽ വഷളാക്കും.
വാർദ്ധക്യകാലം അന്തസ്സോടെ
പ്രായമായവരിലെ എച്ച് ഐ വി അപൂർവ സംഭവമല്ല. സഹാനുഭൂതിയോടെ വേണം ഈ അവസ്ഥയെ നേരിടാൻ.
രോഗി എന്നതിനപ്പുറം, വലിയ പോരാട്ടങ്ങളെ അതിജീവിച്ചവരാണിവർ. ഒറ്റപ്പെടലിൻ്റെ സങ്കടമില്ലാതെ, ഭീതി കൂടാതെ, കുടുംബാംഗങ്ങളുടേയും സമൂഹത്തിൻ്റേയും പിന്തുണയോടെ അവർ വാർദ്ധക്യകാലം പിന്നിടട്ടെ.




