ഹൃദയമിടിപ്പേറുന്നുണ്ടോ? ഉത്കണ്ഠയോ, കഫീനോ അതോ മറ്റെന്തെങ്കിലും കാരണങ്ങളോ?

ഹൃദയതാളം ഉയരുന്നത് എന്തുകൊണ്ടെന്നു നോക്കാം
നെഞ്ചിൽ പെട്ടെന്നുള്ള വിറയൽ… ഏറിവരുന്ന ഹൃദയമിടിപ്പ്…തൊട്ടടുത്ത നിമിഷം ഹൃദയത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നത്ര വേഗത്തിൽ സ്പന്ദനങ്ങൾ…
ഹൃദയമിടിപ്പിൽ പൊടുന്നനെയുണ്ടാകുന്ന ഈ വ്യതിയാനങ്ങൾ (Heart Palpitations) നമ്മെ വല്ലാതെ അസ്വസ്ഥരാക്കും, പലപ്പോഴും ഭയപ്പെടുത്തുകയും ചെയ്യും. നമ്മളിൽ പലർക്കും വളരെ സാധാരണമായി അനുഭവപ്പെട്ടിട്ടുള്ള ഒരു സംഭവമായിരിക്കും ഇത്.
മാനസികമായ ഉത്കണ്ഠ (Anxiety) കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് പലരും വിചാരിക്കാറുണ്ട്. കാപ്പി കുടിച്ചതുകൊണ്ട് ശരീരത്തിൽ കഫീൻ്റെ അളവേറിയതു മൂലമാകാമെന്നും ഉറക്കം കുറഞ്ഞതു കൊണ്ടാകാമെന്നുമൊക്കെ കരുതുന്നവരുമുണ്ട്. ഈ കാരണങ്ങളെല്ലാം ശരിയാണെങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ ഹൃദയം നൽകുന്ന ഗൗരവകരമായ മുന്നറിയിപ്പാകാം ഈ നെഞ്ചിടിപ്പ്. അതുകൊണ്ടുതന്നെ, അത് തിരിച്ചറിയേണ്ടതും ശ്രദ്ധ നൽകേണ്ടതും അത്യന്താപേക്ഷിതമാണ്.
ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയുകയോ അനാവശ്യ ഭയം സൃഷ്ടിക്കുകയോ അല്ല വേണ്ടത്. നമ്മുടെ നെഞ്ചിടിപ്പിനെ ഹൃദയവും നാഡീവ്യൂഹവും തമ്മിലുള്ള ആശയവിനിമയമായിട്ടാണ് കാണേണ്ടത്. അല്പനേരം ശാന്തമായിരിക്കാനും ശരീരത്തെ ശ്രദ്ധിക്കാനും ഈ മാറ്റങ്ങളെ മനസ്സിലാക്കാനും നമ്മുടെ ഹൃദയം തന്നെ നൽകുന്ന സന്ദേശങ്ങളാണിവ.
എന്താണ് ഹൃദയമിടിപ്പ് അഥവാ ഹാർട്ട് പാൽപിറ്റേഷൻ?
ലളിതമായി പറഞ്ഞാൽ, നമ്മുടെ ഹൃദയമിടിപ്പ് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയുന്ന അവസ്ഥയെയാണ് ‘ഹാർട്ട് പാൽപിറ്റേഷൻസ്’ എന്ന് വിളിക്കുന്നത്. സാധാരണ നിലയിൽ ഹൃദയം മിടിക്കുന്നത് നമ്മൾ അറിയാറില്ല, എന്നാൽ
നെഞ്ചിനുള്ളിൽ വിറയൽ പോലെ അനുഭവപ്പെടുക, വളരെ വേഗത്തിൽ അല്ലെങ്കിൽ അതിശക്തമായി നെഞ്ചിടിപ്പുണ്ടാകുക, ഇടയ്ക്ക് ഒരു മിടിപ്പ് നിലയ്ക്കുന്നത് പോലെയോ താളം തെറ്റുന്നത് പോലെയോ തോന്നുക,
മിടിപ്പ് പെട്ടെന്ന് കുതിച്ചുയരുന്നത് പോലെ അനുഭവപ്പെടുക- ഈ അവസ്ഥകളിൽ നമ്മൾ ഹൃദയസ്പന്ദനം തിരിച്ചറിയുകയും ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
യഥാർത്ഥത്തിൽ, ഹൃദയമിടിപ്പിലെ ഈ മാറ്റം രോഗമല്ല, നമ്മുടെ ശരീരത്തിന് അനുഭവപ്പെടുന്ന ഒരു തിരിച്ചറിവ് മാത്രമാണത്. ഇതിന്റെ കാരണം ചിലപ്പോൾ നിസ്സാരമാകാം, മറ്റുചിലപ്പോൾ വൈദ്യസഹായം തേടേണ്ട ഗൗരവകരമായ പ്രശ്നവുമാകാം.
നെഞ്ചിടിപ്പ് ആശങ്ക സൃഷ്ടിക്കാൻ കാരണം?
നമ്മുടെ ജീവന്റെ അടിസ്ഥാനമാണ് ഹൃദയം; ജൈവശാസ്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ടതായതുകൊണ്ടുതന്നെ അതിനെക്കുറിച്ച് നമുക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാൽ നെഞ്ചിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥത പോലും നമ്മുടെയുള്ളിൽ ഭീതി നിറയ്ക്കുന്നു.
ഇതുകൂടാതെ, ഹൃദയമിടിപ്പിലുണ്ടാകുന്ന ഈ മാറ്റങ്ങൾ നമ്മുടെ തലച്ചോറിലെ അപകടസൂചനകൾ നൽകുന്ന ഭാഗങ്ങളെ ഉണർത്തുന്നു. ഇതിന്റെ ഫലമായി, ഹൃദയത്തിന് മറ്റ് തകരാറുകൾ ഒന്നുമില്ലെങ്കിൽ പോലും നമ്മൾ വല്ലാതെ പരിഭ്രാന്തരാകുന്നു (Anxiety). ഇത് പലപ്പോഴും ഒരു ചാക്രികക്രമത്തിൽ പ്രവർത്തിക്കുന്നു. അതായത്:
നെഞ്ചിടിപ്പ് കൂടുന്നു → ഭയം തോന്നുന്നു → അഡ്രിനാലിൻ ഹോർമോൺ കൂടുന്നു → വീണ്ടും നെഞ്ചിടിപ്പ് കൂടുന്നു
ഈ പ്രശ്നം ഒഴിവാക്കണമെങ്കിൽ, ഇതിനുപിന്നിലുള്ള യഥാർത്ഥ കാരണമെന്താണെന്ന് നമ്മൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
ഉത്കണ്ഠയും നാഡീവ്യൂഹവും തമ്മിലുള്ള ബന്ധം
ഹൃദയമിടിപ്പ് കൂടുന്നതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ഉത്കണ്ഠ അല്ലെങ്കിൽ നാഡീവ്യൂഹത്തിൻ്റെ അമിത ഉത്തേജനം.
പെട്ടെന്ന് എന്തെങ്കിലും അപകടം വരുമ്പോഴോ ഭയം തോന്നുമ്പോഴോ നമ്മുടെ ശരീരം പ്രതികരിക്കുന്ന രീതിയാണ് നേരിടുക അല്ലെങ്കിൽ രക്ഷപ്പെടുക (Fight-or-flight state) എന്നത്.
അത്തരം സന്ദർഭങ്ങളിൽ:
ശരീരത്തിൽ അഡ്രിനാലിൻ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു
ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു
ഹൃദയമിടിപ്പ് നമുക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നു
ഇത് എപ്പോഴൊക്കെ സംഭവിക്കാം?
കടുത്ത ഉത്കണ്ഠയോ പേടിയോ തോന്നുമ്പോൾ (Panic attacks).
നിരന്തരമായ മാനസിക സമ്മർദ്ദം ഉള്ളപ്പോൾ
വികാരങ്ങൾ പുറത്തുപറയാതെ അടക്കി വെക്കുമ്പോൾ
പെട്ടെന്നുള്ള ഭയമോ ആശങ്കയോ അനുഭവപ്പെടുമ്പോൾ
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഹൃദയത്തിന് മറ്റ് തകരാറുകൾ ഒന്നും തന്നെ ഉണ്ടാകില്ല, നമ്മുടെ നാഡീവ്യൂഹം അമിതമായി ഉത്തേജിപ്പിക്കപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഉത്കണ്ഠയാണോ കാരണമെന്ന് എങ്ങനെ തിരിച്ചറിയാം?
മാനസിക സമ്മർദ്ദമോ ഉത്കണ്ഠയോ ഉള്ളപ്പോഴാണ് നെഞ്ചിടിപ്പ് കൂടുന്നത്
നെഞ്ചിടിപ്പിനൊപ്പം വിയർപ്പ്, ശ്വാസംമുട്ടൽ, അല്ലെങ്കിൽ തലകറക്കം എന്നിവ അനുഭവപ്പെടുന്നു
മനസ്സ് ശാന്തമാകുമ്പോഴോ ആരെങ്കിലും ആശ്വസിപ്പിക്കുമ്പോഴോ നെഞ്ചിടിപ്പ് സാധാരണ നിലയിലാകുന്നു
കാപ്പിയും മറ്റ് ഉത്തേജകങ്ങളും: നിത്യജീവിതത്തിലെ ചില കാരണങ്ങൾ
നമ്മുടെ ഭക്ഷണക്രമത്തിലെ ചില കാര്യങ്ങൾ ഹൃദയമിടിപ്പ് കൂടാൻ കാരണമാകാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനിയാണ് കഫീൻ (Caffeine). ചിലർക്ക് ചെറിയ അളവിൽ കഫീൻ ഉള്ളിൽ ചെന്നാൽ പോലും നെഞ്ചിടിപ്പ് അനുഭവപ്പെടാറുണ്ട്.
കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, വ്യായാമത്തിന് മുൻപ് കഴിക്കുന്ന സപ്ലിമെന്റുകൾ (Pre-workout supplements), ചില വേദനസംഹാരികൾ, ജലദോഷത്തിനുള്ള മരുന്നുകൾ എന്നിവയിലെല്ലാം കഫീനടങ്ങിയിട്ടുണ്ട്. കഫീൻ നമ്മുടെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പിനോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത അഥവാ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
താഴെ പറയുന്ന സാഹചര്യങ്ങളിൽ ഉള്ളവർക്ക് ചെറിയ അളവിലുള്ള കഫീൻ പോലും പെട്ടെന്ന് നെഞ്ചിടിപ്പ് ഉണ്ടാക്കാം:
കൃത്യമായി ഉറക്കം ലഭിക്കാത്തവർ
ആവശ്യത്തിന് വെള്ളം കുടിക്കാത്തവർ (Dehydration)
കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവർ
ഉത്തേജകങ്ങളോട് (Stimulants) പെട്ടെന്ന് പ്രതികരിക്കുന്ന ശരീര പ്രകൃതമുള്ളവർ
ഈ സാഹചര്യങ്ങളിലുള്ളവർ കഫീന്റെ ഉപയോഗം കുറയ്ക്കുന്നത് വഴി തന്നെ നെഞ്ചിടിപ്പിൽ വലിയ മാറ്റം പ്രകടമാകാറുണ്ട്.
ഹോർമോണുകളും ഹൃദയതാളവും
നമ്മുടെ ശരീരത്തിലെ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഹൃദയതാളത്തെ കാര്യമായിത്തന്നെ സ്വാധീനിക്കാറുണ്ട്. താഴെ പറയുന്ന ഘട്ടങ്ങളിൽ ഹൃദയമിടിപ്പിലെ മാറ്റങ്ങൾ (Palpitations) വളരെ സാധാരണമാണ്:
ആർത്തവവിരാമ ഘട്ടം (Perimenopause and menopause)
തൈറോയ്ഡ് വ്യതിയാനങ്ങൾ
ഗർഭകാലം
ആർത്തവത്തിന് മുൻപുള്ള ദിവസങ്ങൾ (Premenstrual phase)
ഹോർമോണുകൾ ഹൃദയത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന വൈദ്യുത വ്യൂഹത്തെയും (Electrical system) നാഡീവ്യൂഹത്തെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളിൽ ഇത്തരം നെഞ്ചിടിപ്പ് ഉണ്ടാകുമ്പോൾ പലപ്പോഴും അതിനെ ഉത്കണ്ഠയാണെന്നു കരുതി തള്ളിക്കളയാറുണ്ട്. ഒരുപക്ഷെ ഹോർമോൺ പരിശോധനകൾ ആവശ്യമായ കാര്യങ്ങളാകാം ഇതിനുപിന്നിൽ.
ആശങ്ക വേണ്ടാത്ത സാഹചര്യം
ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ മിക്കപ്പോഴും നിരുപദ്രവകരമാണ്. അത് ഹൃദ്രോഗ ലക്ഷണമാകണമെന്നില്ല. ഇത്തരം സാധാരണമായ കാരണങ്ങൾ ഇവയാകാം:
ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു മിടിപ്പ് നിലയ്ക്കുന്നത് പോലെ തോന്നുക
കടുത്ത സമ്മർദ്ദമുള്ളപ്പോൾ
കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ
ശരീരത്തിൽ വെള്ളത്തിന്റെയോ ലവണങ്ങളുടെയോ (Electrolytes) കുറവ് മൂലം
ഇവയുടെ പ്രത്യേകതകൾ:
സാധാരണഗതിയിൽ ആരോഗ്യമുള്ള വ്യക്തികളിൽ ഇത്തരം മാറ്റങ്ങൾ ഇടയ്ക്ക് അനുഭവപ്പെടാറുണ്ട്. അല്പനേരം വിശ്രമിക്കുമ്പോഴോ ആവശ്യത്തിന് വെള്ളം കുടിക്കുമ്പോഴോ ഇത് താനേ മാറും. ഇവയോടൊപ്പം നെഞ്ചുവേദനയോ ബോധക്ഷയമോ ഉണ്ടാകില്ല.
എങ്കിലും, അപകടകരമല്ല എന്നതിനർത്ഥം ഇതിനെ പൂർണ്ണമായും അവഗണിക്കാം എന്നല്ല. ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാണെന്ന് കൃത്യമായി മനസ്സിലാക്കുന്നത് നല്ലതാണ്.
നെഞ്ചിടിപ്പ് അപകടസൂചനയാകുന്നത് എപ്പോൾ?
നെഞ്ചിടിപ്പിനൊപ്പം താഴെ പറയുന്ന അസ്വസ്ഥതകൾ കൂടിയുണ്ടെങ്കിൽ അവയെ അപകടസൂചനകളായി കണക്കാക്കണം:
നെഞ്ചിൽ കടുത്ത വേദനയോ സമ്മർദ്ദമോ അനുഭവപ്പെടുക.
ബോധക്ഷയം
ശ്വാസതടസ്സം
തലകറക്കം
അദ്ധ്വാനിക്കുമ്പോൾ
ഹൃദ്രോഗ പശ്ചാത്തലമുണ്ടെങ്കിൽ
ഇത്തരം സന്ദർഭങ്ങളിൽ, നെഞ്ചിടിപ്പ് താഴെ പറയുന്നവയുടെ സൂചനയാകാം:
അരിത്മിയ (Arrhythmia)
ഹൃദയഘടനയിലെ മാറ്റങ്ങൾ
ശരീരത്തിലെ ലവണങ്ങളുടെ വ്യതിയാനം
തൈറോയ്ഡ് രോഗങ്ങൾ
കൃത്യസമയത്തുള്ള പരിശോധനയും ചികിത്സയും ജീവൻ രക്ഷിക്കാൻ സഹായിക്കും.
ഇലക്ട്രോലൈറ്റുകളും വെള്ളവും
ഹൃദയമിടിപ്പ് കൃത്യമായ താളത്തിൽ നിലനിർത്തുന്നതിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ലവണങ്ങൾക്ക് (Electrolytes) വലിയ പങ്കുണ്ട്. ഇവയുടെ അളവിൽ മാറ്റം വരുമ്പോൾ അത് ഹൃദയമിടിപ്പിനെ ബാധിക്കാം.
നിർജ്ജലീകരണം (Dehydration), അമിതമായ വിയർപ്പ്, ചില മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നീ കാരണങ്ങൾ മൂലം ശരീരത്തിൽ ലവണങ്ങൾ കുറയാം. പ്രത്യേകിച്ച്, മഗ്നീഷ്യത്തിന്റെ (Magnesium) അളവ് കുറയുന്നത് ഹൃദയമിടിപ്പ് കൂടാൻ കാരണമാകാറുണ്ട്.
കുടലും ഹൃദയവും മസ്തിഷ്ക്കവും തമ്മിലുളള ബന്ധം
മസ്തിഷ്ക്കത്തിൻ്റെയും കുടലിൻ്റെയും സഹായത്തോടെ മാത്രമേ ഹൃദയത്തിന് പ്രവർത്തിക്കാൻ കഴിയൂ. പോഷകങ്ങളുടെ ആഗിരണം, നീർക്കെട്ട്, നാഡീവ്യവസ്ഥയുടെ നില എന്നിവയെ കുടൽ സ്വാധീനിക്കുന്നുണ്ട്. വയറുവീർക്കലും ആസിഡ് റിഫ്ളക്സും വയറിൻ്റെ അമിതസംവേദനക്ഷമതയും ഉള്ളവരിൽ, ആഹാരശേഷം ഹൃദയമിടിപ്പ് ഏറിവരുന്നതായി കാണാറുണ്ട്. വേഗസ് നാഡിയുടെയും ഓട്ടോണോമിക് വ്യവസ്ഥയുടേയും സ്വാധീനം മൂലമാണിത്.
പരിശോധനാ ഫലങ്ങൾ നോർമൽ ആയിട്ടും അസ്വസ്ഥത തോന്നുന്നത് എന്തുകൊണ്ട്?
നെഞ്ചിടിപ്പ് അനുഭവപ്പെട്ട് ഇ സി ജി (ECG) യും രക്തപരിശോധനകളും ചെയ്യുമ്പോൾ എല്ലാം നോർമലാകാൻ സാദ്ധ്യതയുണ്ട്. ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോഴും റിപ്പോർട്ടുകൾ നോർമൽ ആകുന്നത് പലരെയും നിരാശരാക്കാറുണ്ട്. അസ്വസ്ഥതകൾ വെറും തോന്നലാണെന്നല്ല ഇതിനർത്ഥം.
അതിനുള്ള പ്രധാന കാരണങ്ങൾ ഇവയാകാം:
നെഞ്ചിടിപ്പിലെ വ്യതിയാനങ്ങൾ എപ്പോഴും ഉണ്ടാകണമെന്നില്ല. പരിശോധന നടത്തുന്ന സമയത്ത് ഹൃദയമിടിപ്പ് സാധാരണ നിലയിലാണെങ്കിൽ റിപ്പോർട്ടും നോർമൽ ആയിരിക്കും.
നാഡീവ്യൂഹത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥകൾ സാധാരണ ലാബ് പരിശോധനകളിലോ സ്കാനിംഗിലോ കണ്ടെത്താൻ പ്രയാസമാണ്.
ആരോഗ്യപ്രശ്നങ്ങളുടെ ആദ്യഘട്ടത്തിൽ ഫലങ്ങൾ സാധാരണ പരിധിയിൽ (Normal range) ഒതുങ്ങിനിന്നേക്കാം.
ശരീരത്തിൽ പ്രകടമാകുന്ന തരം രോഗം വരുന്നതിന് മുൻപ് തന്നെ അവയവങ്ങളുടെ പ്രവർത്തനത്തിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയേക്കാം. ഇവ മെഡിക്കൽ പരിശോധനകളിൽ കാണണമെന്നില്ല.
ചുരുക്കത്തിൽ, പരിശോധനാ ഫലങ്ങൾ നോർമൽ ആണെങ്കിലും ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക തന്നെ വേണം.
നെഞ്ചിടിപ്പ് സ്വാഭാവികമായി കുറയ്ക്കാൻ എന്തുചെയ്യണം?
ഹൃദയമിടിപ്പ് കൂടുന്നതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പ്രധാനം. എങ്കിലും, താഴെ പറയുന്ന ലളിതമായ ശീലങ്ങൾ നെഞ്ചിടിപ്പ് കുറയ്ക്കാൻ സഹായിക്കും:
കഫീൻ നിയന്ത്രിക്കുക
നല്ല ഉറക്കം ശീലമാക്കുക
ധാരാളം വെള്ളം കുടിക്കുക
മാനസിക സമ്മർദ്ദം കുറയ്ക്കുക
വ്യായാമങ്ങൾ ശീലമാക്കുക
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?
താഴെ പറയുന്ന സാഹചര്യങ്ങളിൽ ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടാൻ മടിക്കരുത്:
ഇടയ്ക്കിടെ അനുഭവപ്പെട്ടാൽ
നെഞ്ചിടിപ്പിൽ പെട്ടെന്ന് മാറ്റങ്ങൾ തോന്നിയാൽ
നെഞ്ചിടിപ്പിനൊപ്പം നെഞ്ചുവേദന, കടുത്ത ശ്വാസംമുട്ടൽ, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ
ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ
വൈദ്യപരിശോധനയിലൂടെ ആശങ്കകൾ അകറ്റാനും മനസ്സിന് സമാധാനം നൽകാനും സാധിക്കും.
നെല്ലിക്ക.ലൈഫ് വീക്ഷണം
ഹൃദയമിടിപ്പിലെ മാറ്റങ്ങളെ അമിതമായി ഭയപ്പെടേണ്ടതില്ല, എന്നാൽ അവയെ തീർത്തും അവഗണിക്കുകയും ചെയ്യരുത്. തികഞ്ഞ സമചിത്തതയോടെ വേണം ഇതിനെ സമീപിക്കാൻ.
ചിലപ്പോൾ മാനസിക സമ്മർദ്ദത്തോടുള്ള ഹൃദയത്തിന്റെ സ്വാഭാവിക പ്രതികരണമായിരിക്കാം അത്.
മറ്റുചിലപ്പോൾ നമ്മുടെ തെറ്റായ ജീവിതശൈലിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാകാം.
അല്ലെങ്കിൽ, കൂടുതൽ ശ്രദ്ധയും കരുതലും വേണമെന്ന ഹൃദയത്തിന്റെ മുന്നറിയിപ്പാകാം.
പരിഭ്രാന്തരാകാതെ ശരീരത്തെ ശ്രദ്ധിക്കുകയും അവബോധത്തോടെ പ്രതികരിക്കുകയുമാണ് വേണ്ടത്. അസ്വാഭാവികതയുടെ കാരണം എന്താണെന്ന് തിരിച്ചറിയുന്നത്, ആശങ്ക മാറ്റി ആശ്വാസം നൽകും.




