ഹൃദയാരോഗ്യത്തിന് കൊളസ്ട്രോൾ മാത്രം നോക്കിയാൽ  പോരാ: 

ഹൃദയാരോഗ്യത്തിന് കൊളസ്ട്രോൾ മാത്രം നോക്കിയാൽ  പോരാ: 

നൂതനചികിൽസയിൽ ഡോക്ടർമാർ ശ്രദ്ധിക്കുന്ന പുതിയ ഘടകങ്ങൾ

ഹൃദയാരോഗ്യത്തെ സംബന്ധിച്ചുള്ള വർത്തമാനങ്ങളിൽ സ്ഥിരം കേൾക്കുന്ന ഒരു വാക്കാണ് കൊളസ്ട്രോൾ എന്നത്. ടോട്ടൽ കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ (LDL), നല്ല കൊളസ്ട്രോൾ (HDL), ട്രൈഗ്ലിസറൈഡുകൾ—എല്ലാം നമുക്കു പരിചിതമായ പദങ്ങളാണ്.

ഈ ഘടകങ്ങൾ ഹൃദയാരോഗ്യത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിൽ സംശയമില്ല.

എന്നാൽ കൊളസ്ട്രോൾ നില കൃത്യമായിരുന്നിട്ടും പലർക്കും ഹൃദയാഘാതം സംഭവിക്കുന്നുണ്ട് എന്ന പ്രധാനപ്പെട്ട കാര്യം സമീപകാലത്ത് ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. അപ്പോൾ പിന്നെ ഹൃദയാരോഗ്യം കാക്കാൻ മറ്റെന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന ചോദ്യം സ്വാഭാവികമായും മനസ്സിൽ ഉയർന്നുവരും.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ നിശബ്ദമായി ഹൃദയത്തെ നശിപ്പിക്കുന്ന, നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങൾ കൂടി ഡോക്ടർമാർ ഇപ്പോൾ പരിശോധിക്കുന്നുണ്ട്. കൊളസ്ട്രോൾ പരിശോധന കൂടാതെ, ഹൃദയാരോഗ്യത്തെ യഥാർത്ഥത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മാറുന്നൂ ഹൃദ്രോഗ ലക്ഷണങ്ങൾ

മുമ്പൊക്കെ ഹൃദ്രോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വന്നിരുന്ന ചില രൂപങ്ങളുണ്ട്. എന്നാൽ ഇന്ന് ഹൃദ്രോഗം വൃദ്ധരിലും പുകവലിക്കുന്നവരിലും അമിതവണ്ണമുള്ളവരിലും മാത്രം ഒതുങ്ങിനിൽക്കുന്നില്ല.

ഇന്ന് ഹൃദ്രോഗ വിദഗ്ധർ (Cardiologists) കാണുന്ന കാഴ്ച തികച്ചും വ്യത്യസ്തമാണ്:

  • ചെറുപ്പക്കാരിലെ ഹൃദയാഘാതം
  • മെലിഞ്ഞ ശരീരപ്രകൃതമുള്ളവരിലും രക്തധമനികളിൽ തടസ്സങ്ങൾ
  • സ്ത്രീകളിലെ ഏറെ വൈകിയുള്ള രോഗനിർണ്ണയം

ഈ മാറ്റങ്ങൾ കാരണം, ലാബ് റിപ്പോർട്ടുകളിലെ വെറും അക്കങ്ങളെ മാത്രം വിശ്വസിക്കാതെ ശരീരത്തെ മൊത്തമായി പരിഗണിക്കുന്ന രീതിയിലേക്ക് വൈദ്യശാസ്ത്രം മാറിക്കഴിഞ്ഞു.

1. ലിപ്പോപ്രോട്ടീൻ(എ): ഭക്ഷണക്രമം കൊണ്ട് മാറ്റാൻ കഴിയാത്ത പാരമ്പര്യ ഘടകം

എന്താണ് എൽ പി (എ)? 

ലിപ്പോപ്രോട്ടീൻ(എ) അല്ലെങ്കിൽ Lp(a) എന്നത് നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന് സമാനമായ കണികയാണ്. ഇത് നമുക്ക് പാരമ്പര്യമായി (Genetically) ലഭിക്കുന്ന ഒന്നാണ്. സാധാരണ കാണുന്ന എൽഡിഎൽ കൊളസ്ട്രോളിൽ നിന്നും വ്യത്യസ്തമായി, ഭക്ഷണക്രമം മാറ്റിയത് കൊണ്ടോ വ്യായാമം ചെയ്തത് കൊണ്ടോ എൽ പി (എ) നിലയിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയില്ല.

Lp(a) കൂടിയാലുള്ള പ്രശ്നങ്ങൾ:

  • രക്തധമനികളിൽ നീർവീക്കം ഉണ്ടാക്കുന്നു
  • ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകുന്നു
  • രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

പലപ്പോഴും കൊളസ്ട്രോൾ അളവ് സാധാരണ നിലയിലുള്ളവർ പോലും ഉയർന്ന തോതിലുള്ള Lp(a) ശരീരത്തിൽ വഹിക്കുന്നുണ്ടാകാം. പലരും ഇത് അറിയാറുപോലുമില്ല എന്നതാണ് സത്യം.

എന്തുകൊണ്ടാണ് ഡോക്ടർമാർ ഇപ്പോൾ ഇതിന് പ്രാധാന്യം നൽകുന്നത്?

  • ചെറിയ പ്രായത്തിലുള്ളവരിലെ ഹൃദയാഘാതവുമായി ഇതിന് അടുത്ത ബന്ധമുണ്ട്
  • ഇത് പാരമ്പര്യമായി കൈമാറി വരുന്ന ഒന്നാണ്
  • സാധാരണ ബോഡി ചെക്കപ്പുകളിൽ പലപ്പോഴും ഈ ടെസ്റ്റ് ഉൾപ്പെടുത്താറില്ല

📌 ശ്രദ്ധിക്കുക: നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ചെറിയ പ്രായത്തിൽ ഹൃദ്രോഗം വന്ന ചരിത്രമുണ്ടെങ്കിൽ, Lp(a) ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്ന് ഇപ്പോൾ ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.

2. എച്ച് എസ് – സി ആർ പി (hs-CRP): ശരീരത്തിനുള്ളിലെ നിശബ്ദമായ നീർവീക്കം അറിയാൻ

എന്താണ് ഈ hs-CRP?

ഹൈ-സെൻസിറ്റിവിറ്റി സി-റിയാക്ടീവ് പ്രോട്ടീൻ (hs-CRP) എന്നത് നമ്മുടെ ശരീരത്തിനുള്ളിലുണ്ടാകുന്ന വിട്ടുമാറാത്ത നീർവീക്കം (Chronic Inflammation) അളക്കാനുള്ള ഒരു രക്തപരിശോധനയാണ്. പുറമെ കാണുന്ന മുറിവോ വീക്കമോ അല്ല ഇത്, മറിച്ച് ശരീരത്തിന്റെ ആന്തരികതലത്തിൽ രൂപപ്പെടുന്നതാണ്. 

ഈ നീർവീക്കം എങ്ങനെയൊക്കെയാണ് ഹൃദയത്തെ ബാധിക്കുന്നത്?

  • രക്തധമനികളിലെ തടസ്സങ്ങൾ (Plaque) പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമാകുന്നു
  • രക്തധമനികൾ ഇടുങ്ങാൻ ഇടയാക്കുന്നു
  • പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതങ്ങളിലേക്ക് നയിക്കുന്നു

നിങ്ങളുടെ കൊളസ്ട്രോൾ അളവ് കൃത്യമാണെങ്കിലും ശരീരത്തിൽ വീക്കം (Inflammation) കൂടുതലാണെങ്കിൽ അത് വലിയൊരു അപകടസാധ്യതയിലാണ്.

എച്ച് എസ് – സി ആർ പി (hs-CRP) കൂടാനുള്ള കാരണം

  • കൃത്യമായ ഉറക്കമില്ലായ്മ
  • വിട്ടുമാറാത്ത മാനസിക സമ്മർദ്ദം (Stress)
  • വ്യായാമം ഇല്ലാത്ത ജീവിതരീതി
  • അമിതമായ മധുരവും സംസ്കരിച്ച ഭക്ഷണങ്ങളും (Processed foods)
  • കുടവയർ അഥവാ വയറിന് ചുറ്റുമുള്ള അമിത കൊഴുപ്പ്

ഈ നീർവീക്കം പലപ്പോഴും നമ്മളറിയാറില്ല. ശരീരത്തിന് വലിയ കേടുപാടുകൾ സംഭവിക്കുന്നത് വരെ നമുക്ക് ഒരു കുഴപ്പവും തോന്നുകയില്ല എന്നതാണ് ഇതിന്റെ അപകടം

3. അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതം: തൂക്കത്തേക്കാൾ പ്രധാനം ശരീരാകൃതി

ശരീരഭാരം മാത്രം നോക്കിയാൽപ്പോരാ

ബോഡി മാസ് ഇൻഡക്സും (BMI) ശരീരഭാരവും മാത്രം നോക്കിയാൽ ഹൃദയാരോഗ്യം സംബന്ധിച്ച യഥാർത്ഥ ചിത്രം ലഭിക്കില്ല. ശരീരഭാരം സാധാരണ നിലയിലാണെങ്കിലും വയറിന് ചുറ്റും അമിതമായി കൊഴുപ്പുള്ള ഒരാൾക്ക്, കാഴ്ചയിൽ അമിതവണ്ണമുള്ള ഒരാളേക്കാൾ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കാം. അതുകൊണ്ടാണ് വേയ്സ്റ്റ്-ടു-ഹിപ് റേഷ്യോ (WHR) അഥവാ അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതം ഡോക്ടർമാർ ആധുനിക ചികിൽസയിൽ വളരെ ഗൗരവമായി കാണുന്നത്. 

ആരോഗ്യകരമായ അനുപാതം എത്രയാണ്?

പുരുഷന്മാർ: < 0.90

സ്ത്രീകൾ: < 0.85

ഈ കണക്ക് ഇതിൽ കൂടുതലാണെങ്കിൽ, നിങ്ങളുടെ ആന്തരാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് (Visceral fat) അടിഞ്ഞുകൂടിയിട്ടുണ്ട് എന്നാണർത്ഥം. 

ഏറ്റവും അപകടകാരിയായ ഈ കൊഴുപ്പ് താഴെ പറയുന്ന പ്രശ്നങ്ങളുണ്ടാക്കുന്നു:

  • ഇൻസുലിൻ പ്രതിരോധം (Insulin resistance) (ഇത് പ്രമേഹത്തിന് കാരണമാകും)
  • ശരീരത്തിനുള്ളിൽ നീർവീക്കം ഉണ്ടാക്കുന്നു
  • ഹോർമോൺ സന്തുലിതാവസ്ഥ തെറ്റിക്കുന്നു

ഈ കൊഴുപ്പ് രക്തക്കുഴലുകളെ നശിപ്പിക്കുന്ന തരത്തിലുള്ള വിഷാംശങ്ങൾ (Inflammatory chemicals) നിരന്തരം പുറത്തുവിട്ടു കൊണ്ടിരിക്കും.

4. ഉറക്കം: ഹൃദയാരോഗ്യത്തിൽ നമ്മൾ മറന്നുപോകുന്ന ഘടകം

ഉറക്കതടസ്സങ്ങൾ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട പല പ്രവർത്തനങ്ങളെയും തകിടം മറിക്കും:

  • രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രയാസമാകുന്നു
  •  ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു.

പതിവായി 5-6 മണിക്കൂർ മാത്രം ഉറങ്ങുന്നവരിൽ താഴെ പറയുന്ന അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്:

  • ഉയർന്ന രക്തസമ്മർദ്ദം (Hypertension)
  • ഹൃദയാഘാതം (Heart attack)
  • പക്ഷാഘാതം (Stroke)

അതുപോലെ, ഉറക്കത്തിനിടയിൽ ശ്വസനം തടസ്സപ്പെടുന്ന സ്ലീപ്പ് അപ്നിയ (Sleep apnea) പോലുള്ള പ്രശ്നങ്ങൾ, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങളുമായും (Irregular heart rhythms) പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും, സാധാരണ ഹൃദയപരിശോധനകളിൽ ഉറക്കത്തെക്കുറിച്ച് പൊതുവെ ഒന്നും പറയാറില്ല.

5. മാനസിക സമ്മർദ്ദം: ഹൃദയത്തെ തകർക്കുന്ന അദൃശ്യ വില്ലൻ

മാനസിക സമ്മർദ്ദം മനസ്സിനെ മാത്രമല്ല, ശരീരത്തെയും സാരമായി ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം താഴെ പറയുന്ന ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്നു:

  • കോർട്ടിസോൾ വർദ്ധനവ് 
  • ഹൃദയമിടിപ്പ് കൂടുന്നു
  • രക്തസമ്മർദ്ദം വർദ്ധിക്കുന്നു

ഇതുമൂലം രക്തധമനികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇതിനെ അലോസ്റ്റാറ്റിക് ലോഡ് (Allostatic load) എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, തുടർച്ചയായ സമ്മർദ്ദം താങ്ങാനാവാതെ ശരീരം തളർന്നുപോകുന്ന അവസ്ഥ.

സമ്മർദ്ദം മൂലം മറ്റു ചില പ്രശ്നങ്ങളും ഉണ്ടാകുന്നു:

  • ഇമോഷണൽ ഈറ്റിംഗ്: സങ്കടമോ ദേഷ്യമോ വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന രീതി
  • ഉറക്കമില്ലായ്മ: സമ്മർദ്ദം കാരണം കൃത്യമായി ഉറങ്ങാൻ കഴിയാതെ വരുന്നു
  • വ്യായാമം കുറയുന്നു: സജീവമായിരിക്കാനുള്ള താല്പര്യം ഇല്ലാതാകുന്നു

നമ്മുടെ വികാരങ്ങളും മാനസികാവസ്ഥയും ഹൃദയത്തിന്റെ ഘടനയെയും പ്രവർത്തന രീതിയെയും നേരിട്ട് ബാധിക്കുമെന്ന് ആധുനിക ഹൃദ്രോഗ ചികിത്സാശാസ്ത്രം അടിവരയിട്ട് പറയുന്നുണ്ട്.

സാധാരണ കൊളസ്ട്രോൾ പരിശോധനകൾ മാത്രം പോരെന്നു പറയാൻ കാരണം  

സാധാരണ നമ്മൾ ചെയ്യുന്ന കൊളസ്ട്രോൾ ടെസ്റ്റുകൾ (Standard lipid panels) കൊണ്ടുമാത്രം  ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള പൂർണ്ണരൂപം ലഭ്യമാകില്ല എന്ന് പറയാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:

  • നീർവീക്കം കണ്ടെത്താൻ കഴിയില്ല
  • പാരമ്പര്യമായി കിട്ടുന്ന ജനിതക ഘടകങ്ങളെക്കുറിച്ച് ഈ പരിശോധനകളിൽ നിന്നറിയാനാകില്ല
  • മാനസിക സമ്മർദ്ദം ഹൃദയത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ഈ കണക്കുകളിൽ പ്രതിഫലിക്കില്ല

ഇതുകൊണ്ടാണ് പല ഹൃദയാഘാതങ്ങളും യാതൊരു മുൻകരുതലുമില്ലാതെ “അപ്രതീക്ഷിതമായി” സംഭവിക്കുന്നത്.

അതുകൊണ്ട് തന്നെ, ഇന്ന് പ്രതിരോധ ചികിത്സയിൽ ഡോക്ടർമാർ ശ്രദ്ധിക്കുന്നത് കൊളസ്ട്രോൾ അക്കങ്ങളിൽ മാത്രമല്ല; ഒരു വ്യക്തിയുടെ ജീവിതശൈലിയും ജനിതക പശ്ചാത്തലവും മാനസിക സമ്മർദ്ദവും എല്ലാം ചേർത്തുള്ള വിലയിരുത്തലിനാണ് പ്രാധാന്യം നൽകുന്നത്.

ഹൃദയാരോഗ്യം കൃത്യമായി മനസ്സിലാക്കാൻ ഇപ്പോൾ താഴെ പറയുന്നവ കൂടി പരിശോധിക്കേണ്ടതുണ്ട്:

  • ലിപിഡ് പ്രൊഫൈൽ: എൽ ഡി എൽ, എച്ച് ഡി എൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ്
  • എൽ പി (എ) പരിശോധന
  • എച്ച് എസ്-സി ആർ പി 
  • ബ്ലഡ് ഷുഗറും ഇൻസുലിൻ നിലയും
  • അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതം (WHR)
  • ഉറക്കത്തിന്റെ നിലവാരം
  • മാനസിക സമ്മർദ്ദം

ഈ രീതിയിലുള്ള പരിശോധനകൾ നടത്തുന്നതിലൂടെ, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അപകടസാധ്യതകൾ തിരിച്ചറിയാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും നമുക്ക് സാധിക്കും.

ഹൃദയത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്നത് 

ഹൃദയാരോഗ്യം സംരക്ഷിക്കാൻ താഴെ പറയുന്ന നാല് കാര്യങ്ങളിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം:

നീർവീക്കം നിയന്ത്രിക്കാം

  • പച്ചക്കറികൾ, നട്സ്, ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ശീലമാക്കാം
  • മധുരവും മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും കുറയ്ക്കാം
  • സംസ്കരിച്ച ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാം

 വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാം

  • തൂക്കം മാത്രം കുറയ്ക്കുന്നതിന് പകരം വയറിന്റെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കുക
  • നടത്തത്തോടൊപ്പം തന്നെ പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങളും (Strength training) ഉൾപ്പെടുത്തുക
  • ദീർഘനേരം ഒരേയിടത്ത് ഇരിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടെ നടക്കാൻ ശ്രമിക്കുക

ഉറക്കം കൃത്യമാക്കാം

  • എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
  • രാത്രി ഉറങ്ങുന്നതിന് മുൻപ് മൊബൈൽ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം കുറയ്ക്കുക
  • അമിതമായ കൂർക്കംവലിയോ ശ്വസന തടസ്സമോ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുക

മാനസിക സമ്മർദ്ദം കുറയ്ക്കാം

  • മനോനിറവ് (Mindfulness) അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ ശീലമാക്കാം
  • ദിവസവും വ്യായാമം ശീലമാക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
  • മാനസികമായി തളരുമ്പോൾ സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കുകയോ സഹായം തേടുകയോ ചെയ്യുക

എപ്പോഴാണ് കൂടുതൽ ഗൗരവമായ പരിശോധനകൾ നടത്തേണ്ടത്?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഹൃദയാരോഗ്യത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തുന്നത് ഗുണകരമാകും:

  • നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം വന്ന ചരിത്രമുണ്ടെങ്കിൽ
  • കാരണമില്ലാതെ അനുഭവപ്പെടുന്ന കഠിനമായ ക്ഷീണമോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ
  • കൊളസ്ട്രോൾ അളവ് കൃത്യമാണെങ്കിലും ഹൃദയസംബന്ധമായ ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുന്നുണ്ടെങ്കിൽ
  • നിരന്തരമായ മാനസിക സമ്മർദ്ദമോ (Stress)  ഉറക്ക പ്രശ്നങ്ങളോ അലട്ടുന്നുണ്ടെങ്കിൽ

ഓർത്തുവെയ്ക്കാൻ…

ഹൃദയാരോഗ്യം കൊളസ്ട്രോൾ നിലയിൽ മാത്രം അടിസ്ഥാനമാക്കിയാണെന്ന ധാരണ മാറ്റണം. ശരീരത്തിലെ നീർവീക്കം, കൊഴുപ്പ്, ജനിതക ഘടകങ്ങൾ, ഉറക്കം, മാനസിക സമ്മർദ്ദം എന്നിവയ്‌ക്കെല്ലാം തുല്യ പ്രാധാന്യം നൽകണം.

രോഗം വന്നതിനുശേഷം ചികിത്സിക്കുന്ന രീതിയിൽ നിന്നും അതു വരാതെ തടയുന്ന രീതിയിലേക്ക് ആധുനിക വൈദ്യശാസ്ത്രം മാറിക്കഴിഞ്ഞു. കൃത്യമായ അവബോധത്തോടെ, ഈ മാറ്റത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. 

രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും എത്രയോ മുൻപ് തന്നെ ഹൃദയസംരക്ഷണത്തിനുള്ള കരുതൽ തുടങ്ങണമെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. കൃത്യമായ അറിവ് നേടുന്നതിലൂടെയും ജീവിതശൈലിയിൽ സന്തുലനം കൊണ്ടുവരുന്നതിലൂടെയും ശാസ്ത്രീയമായ രീതികൾ പിന്തുടരുന്നതിലൂടെയും മാത്രമേ ഇത് സാധ്യമാകൂ.

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe