ഹൃദയാരോഗ്യം കാക്കാം കരുതലോടെ: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വൈകാരിക, സാമൂഹിക, ഹോർമോൺ ഘടകങ്ങൾ

ഹൃദയാരോഗ്യം കാക്കാം കരുതലോടെ: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വൈകാരിക, സാമൂഹിക, ഹോർമോൺ ഘടകങ്ങൾ

ഹൃദയാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ശരീരഭാരം കുറയ്ക്കണം, വ്യായാമം തുടങ്ങണം, കൊളസ്ട്രോൾ എത്രയെന്ന് നോക്കണം എന്നൊക്കെയാണ് മനസ്സിൽ തോന്നുക. ഇതെക്കുറിച്ച് ആരോടെങ്കിലും സംസാരിച്ചൽ, നിത്യവും നടക്കാനും ആഹാരം കുറയ്ക്കാനും ശരീരഭാരം വേണ്ടരീതിയിൽ നിലനിർത്താനുമുള്ള നിർദ്ദേശങ്ങളും ലഭിക്കും.

ആധുനിക വൈദ്യശാസ്ത്രം, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ, ശ്രദ്ധ ചെലുത്തുന്ന മറ്റു ചില ഘടകങ്ങളുണ്ട്. അവരുടെ വികാരങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഹോർമോണുകൾ, സമ്മർദ്ദം, ഉറക്കം– ഇവയെല്ലാം ഭക്ഷണക്രമം, ശാരീരികക്ഷമത എന്നിവയേക്കാൾ പ്രധാനമാണ് എന്നതാണത്.

1. സ്ത്രീ ഹൃദയം: അവഗണിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾ 

ഹൃദയസംബന്ധമായ മിക്ക ഗവേഷണങ്ങളും പുരുഷന്മാരെ കേന്ദ്രീകരിച്ചായിരുന്നു മുൻകാലങ്ങളിൽ നടത്തിയിരുന്നത്. തൽഫലമായി, സ്ത്രീകളിലെ ഹൃദ്രോഗത്തിൻ്റെ തനതായ രീതികൾ ശ്രദ്ധിക്കപ്പെടാതെ പോയി.

പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി, ഹൃദയാഘാതത്തിന് മുമ്പ് സ്ത്രീകൾക്ക് സാധാരണയായി കാണുന്ന “ക്ലാസിക്” നെഞ്ചുവേദനയോ കഠിനമായ ബ്ലോക്കുകളോ ഉണ്ടാകണമെന്നില്ല. പകരം, ലക്ഷണങ്ങൾ ഇങ്ങനെ പ്രത്യക്ഷപ്പെടാം:

  • അകാരണമായ ക്ഷീണം
  • ശ്വാസംമുട്ട്
  • ഓക്കാനം, തലകറക്കം, അല്ലെങ്കിൽ താടിയെല്ലിലെ വേദന
  • ഹൃദയമിടിപ്പ് കൂടാൻ ഇടയാക്കുന്ന വൈകാരിക സമ്മർദ്ദം (Emotional stress)

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, സ്ത്രീകളിൽ മരണത്തിൻ്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണ് (Cardiovascular disease). ആഗോളതലത്തിലെ കണക്കാണിത്. ഏറ്റവും കൂടുതൽ ഒഴിവാക്കാൻ കഴിയുന്ന രോഗങ്ങളിൽ ഒന്നുമാണിത്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്നൊന്നും തന്നെ ബാധിക്കില്ലെന്നും അല്ലെങ്കിൽ തനിക്കത് സംഭവിക്കുകയേ ഇല്ലെന്നും പല സ്ത്രീകളും കരുതുന്നു. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു.  

സ്ത്രീകളുടെ ഹൃദയാരോഗ്യം കൊളസ്ട്രോൾ സംബന്ധിച്ച കരുതൽ മാത്രമല്ല, ശരീരത്തിലെ രാസപ്രവർത്തനങ്ങൾ, ബന്ധങ്ങൾ, തുടർച്ചയായ സമ്മർദ്ദം എന്നിവയെല്ലാം നിർബന്ധമായും ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ്.

2. വൈകാരിക ആരോഗ്യവും ഹൃദയവും

ഹൃദയം സദാസർവ്വഥാ നമ്മുടെ വികാരങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. 

വൈകാരിക സമ്മർദ്ദം സിംപതെറ്റിക് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, നീർവീക്കത്തിന്റെ സൂചകങ്ങൾ (inflammatory markers) എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദീർഘകാലമായുള്ള വൈകാരിക സമ്മർദ്ദം, ദുഃഖം, അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ രക്തക്കുഴലുകൾ പ്രവർത്തിക്കുന്ന രീതിയെത്തന്നെ മാറ്റിയേക്കാം.

ചില സ്ത്രീകളിൽ, അമിതമായ സമ്മർദ്ദം “ബ്രോക്കൺ ഹാർട്ട് സിൻഡ്രോം(Takotsubo cardiomyopathy) എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം — വൈകാരിക ആഘാതം അനുഭവിക്കുന്നതിനെത്തുടർന്നോ വ്യക്തിപരമായ നഷ്ടത്തിനോ ശേഷമോ സംഭവിക്കുന്ന, ഹൃദയാഘാതത്തെ അനുകരിക്കുന്ന താൽക്കാലിക അവസ്ഥയാണിത്.

വൈകാരിക ഹൃദയത്തെ സംരക്ഷിക്കാം:

  • വികാരങ്ങൾ അടിച്ചമർത്തുന്നതിന് പകരം അവയ്ക്ക് പേര് നൽകുക. അടക്കിവെച്ച സമ്മർദ്ദം വിഷം പോലെ മാരകമാണ്.
  • മൈൻഡ്ഫുൾനെസ്സിലോ (Mindfulness) ഡയറി എഴുത്തിലോ ഏർപ്പെടുക. ഏകാഗ്രതയോടെ ശ്വാസോച്ഛ്വാസം ചെയ്യുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
  • സന്തോഷത്തിന് പ്രാധാന്യം നൽകുക. ചിരി, സംഗീതം, ക്രിയാത്മകമായ ഹോബികൾ എന്നിവ വാഗൽ ടോൺ ( ഹൃദയത്തെ ശാന്തമാക്കുന്ന നാഡി) മെച്ചപ്പെടുത്തുന്നു.

3. സാമൂഹിക ബന്ധത്തിൻ്റെ പങ്ക്

ഏകാന്തത ദുഃഖകരമാണ് എന്നു മാത്രമല്ല, ശാരീരികമായും ദോഷം ചെയ്യും.

സാമൂഹികമായി ഒറ്റപ്പെടുന്നത് ഹൃദ്രോഗ സാധ്യത 29% വരെ വർദ്ധിപ്പിക്കുമെന്ന് ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2023ൽ നടത്തിയ മെറ്റാ അനാലിസിസ് (വിവിധ പഠനങ്ങളുടെ വിശകലനം) പറയുന്നു.

പ്രൊഫഷണലായി, പരിചാരകയായി, അമ്മയായി, സുഹൃത്തായി, അങ്ങനെ ഒരേസമയം പല റോളുകൾ കൈകാര്യം ചെയ്യുന്ന സ്ത്രീകൾ പലപ്പോഴും സ്വന്തം ആരോഗ്യത്തെയും വൈകാരിക സങ്കീർണ്ണതകളേയും അവഗണിക്കാറുണ്ട്. ഈ ഒറ്റപ്പെടൽ രക്തസമ്മർദ്ദവും വീക്കത്തിൻ്റെ സൂചകങ്ങളും (inflammatory markers) വർദ്ധിപ്പിക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്ന സാമൂഹിക ശീലങ്ങൾ:

  • സൗഹൃദങ്ങൾ പരിപോഷിപ്പിക്കുക: പതിവായുള്ള സാമൂഹിക ഇടപെടൽ ഓക്സിടോസിൻ വർദ്ധിപ്പിക്കുകയും സമ്മർദ്ദ ഹോർമോണുകളെ ചെറുക്കുകയും ചെയ്യുന്നു.
  • ശ്രദ്ധയോടെ ഒരുമിച്ച് ഭക്ഷണം കഴിക്കുക: ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ദഹനവും ഹൃദയമിടിപ്പിൻ്റെ താളവും മെച്ചപ്പെടുത്തുന്നു.
  • ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കുക: പിന്തുണ ലഭിക്കുന്നത് നാഡീവ്യൂഹത്തിലെ സ്ഥിരമായ സമ്മർദ്ദം കുറയ്ക്കുന്നു.

ബന്ധങ്ങൾ ഹൃദയത്തെ സംരക്ഷിക്കും. ഒരു നല്ല വാക്ക്, മനസ്സുതുറന്നുള്ള ചിരി, ചേർത്തുനിർത്തുന്ന സമൂഹം, ഇവയെല്ലാം മരുന്നിനെക്കാളും പ്രധാനപ്പെട്ട ഘടകങ്ങളാണ്.

4. ഹോർമോണുകളും അപകടസാധ്യതകളും

സ്ത്രീകളുടെ ഹൃദയസംബന്ധമായ വ്യവസ്ഥയുടെ നിശബ്ദ ശില്പികളാണ് ഹോർമോണുകൾ.

ജീവിതകാലം മുഴുവൻ, ഈസ്ട്രജൻ സ്വാഭാവിക സംരക്ഷണം നൽകുന്നു:

  • ഇത് ധമനികളെ (arteries) വഴക്കമുള്ളതായി നിലനിർത്തുന്നു.
  • നല്ല കൊളസ്ട്രോളായ എച്ച് ഡി എല്ലും ചീത്ത കൊളസ്ട്രോളായ എൽ ഡി എല്ലും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവും വീക്കവും (inflammation) നിയന്ത്രിക്കുന്നു.

ആർത്തവവിരാമ (menopause) സമയത്ത്, ഈസ്ട്രജന്റെ അളവ് കുറയും. സ്വാഭാവികമായും അതോടൊപ്പം ഈ സംരക്ഷണവും കുറയുന്നു.

അതുകൊണ്ടാണ് സ്ത്രീകളിൽ 45-50 വയസ്സിനു ശേഷം ഹൃദ്രോഗ സാധ്യത കുത്തനെ കൂടുന്നത്.

ആർത്തവവിരാമം ഇനിപ്പറയുന്ന മാറ്റങ്ങൾക്ക് കാരണമായേക്കാം:

  • ഉയർന്ന രക്തസമ്മർദ്ദം
  • അനാരോഗ്യകരമായ കൊളസ്ട്രോൾ മാറ്റങ്ങൾ
  • വയറിലെ കൊഴുപ്പ് വർദ്ധിക്കുന്നത് (മെറ്റബോളിക് വീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു)
  • ഉറക്കത്തെയും സമ്മർദ്ദത്തെയും ബാധിക്കുന്ന മാനസികാവസ്ഥ മാറ്റങ്ങൾ

ചെയ്യാവുന്നത്:

  • ഫൈറ്റോഈസ്ട്രജൻ ധാരാളമുള്ള ആഹാര പദാർത്ഥങ്ങൾ (സോയ, ഫ്‌ളാക്‌സ്‌സീഡ്, എള്ള്) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ശാരീരികമായി സജീവമാകുക. അൽപ്പദൂരം നടക്കുന്നത് പോലും എൻഡോത്തീലിയൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
  • ആർത്തവവിരാമ ചികിത്സാമാർഗ്ഗങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്യുക; അനുയോജ്യമായ ജീവിതശൈലിയും വൈദ്യശാസ്ത്ര രീതികളും ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

5. സുഗമമായ രക്തയോട്ടത്തിനു വേണ്ടി 

സന്തുലിതമായ ഭക്ഷണക്രമം നിർണ്ണായകമാണ്. അത് ഭാരം കുറയ്ക്കാൻ മാത്രമല്ല, ഹൃദയത്തിന്റെ താളം നിലനിർത്താനും സഹായിക്കും.

സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വീക്കം (inflammation) കുറയ്ക്കാൻ ഒമേഗ-3 കൊഴുപ്പുകൾ (ഫ്‌ളാക്‌സ്‌സീഡ്, വാൾനട്ട്, മത്സ്യം).
  • രക്തക്കുഴലുകളുടെ ഭിത്തികളെ ബലപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകൾക്കായി ഇലക്കറികളും ബെറികളും.
  • രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വാഴപ്പഴം, പയർവർഗ്ഗങ്ങൾ, ചീര (മഗ്നീഷ്യം, പൊട്ടാസ്യം) .
  • ഹോർമോൺ, വൈകാരിക സന്തുലിതാവസ്ഥയെ തകർക്കുന്ന അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (ultra-processed foods) ഒഴിവാക്കുക.

6. മനസ്സ്, ശ്വാസം, ജീവതാളം

ഓരോ ശ്വാസവും ഹൃദയമിടിപ്പിനെ സ്വാധീനിക്കുന്നുണ്ട്.

യോഗ, ധ്യാനം, പ്രാണായാമം പോലുള്ള പരിശീലനങ്ങൾ സമ്മർദ്ദം കുറയ്ക്കുകയും എച്ച് ആർ വി (ഹൃദയമിടിപ്പ് വ്യതിയാനം) മെച്ചപ്പെടുത്തുകയും നാഡീവ്യൂഹത്തെ സന്തുലിതമാക്കുകയും ചെയ്യുന്നു.

ഹൃദയത്തെയും ശ്വസനത്തെയും സമന്വയിപ്പിക്കാം 

1.സ്വസ്ഥമായി ഇരിക്കുക, കണ്ണുകൾ അടയ്ക്കുക.

2. 5 സെക്കൻഡ് ശ്വാസം ഉള്ളിലേക്ക് എടുക്കുക, ശ്വാസം നിങ്ങളുടെ ഹൃദയത്തിലൂടെ ഒഴുകുന്നത് സങ്കൽപ്പിക്കുക.

3. 5 സെക്കൻഡ് ശ്വാസം പുറത്തേക്ക് വിടുക, ഒപ്പം മനസ്സിലുള്ള സമ്മർദ്ദത്തെയും പുറത്തുവിടുക.

4. 3 മിനിറ്റ് ഇത് തുടരുക – നിങ്ങളുടെ ഹൃദയ താളം ശാന്തതയുമായി സമന്വയിച്ച് തുടങ്ങും.

ഈ ലളിതമായ ടെക്നിക്ക് ഉത്കണ്ഠ, രക്തസമ്മർദ്ദം, നീർക്കെട്ട് എന്നിവ കുറയ്ക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

7. ഉറക്കം: അവഗണിക്കപ്പെടുന്ന ഘടകം

സ്ത്രീകൾക്ക്, പ്രത്യേകിച്ചും ഹോർമോൺ മാറ്റങ്ങളുള്ള സമയങ്ങളിൽ, ഉറക്കമില്ലായ്മ ഒരു പ്രശ്നമായി അനുഭവപ്പെടാറുണ്ട്.

ഹൃദയം അതിൻ്റെ താളം പുനഃക്രമീകരിക്കുന്നതും കോശങ്ങളെ നന്നാക്കുന്നതും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതും നമ്മൾ സ്വസ്ഥമായുറങ്ങുന്ന സമയത്താണ്. 

ഉറക്കക്കുറവ്, (6 മണിക്കൂറിൽ കുറയുമ്പോൾ) രക്താതിമർദ്ദത്തിൻ്റെയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെയും സാധ്യത ഇരട്ടിയാക്കുന്നു.

സഹായകമാകുന്ന ചില  ലളിതമായ ശീലങ്ങൾ:

  • കിടപ്പുമുറിയിൽ നിന്ന് ഗാഡ്‌ജെറ്റുകൾ ഒഴിവാക്കുക.
  • ഉറങ്ങുന്നതിന് കൃത്യമായൊരു സമയം പാലിക്കുക.
  • പാരാസിംപതെറ്റിക് സംവിധാനം ശാന്തമാകാനായി ലാവെൻഡർ ഉപയോഗിക്കുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ ചെയ്യുക.

8. ഹൃദയം പറയുന്നത് ശ്രദ്ധിക്കാം

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്:

  • അകാരണമായ ക്ഷീണം അല്ലെങ്കിൽ ശ്വാസംമുട്ട്
  • തലകറക്കം അല്ലെങ്കിൽ പുറംവേദന
  • ഹൃദയമിടിപ്പിൽ വർദ്ധന 
  • കണങ്കാലുകളിലോ മുഖത്തോ നീർക്കെട്ടുണ്ടാകുക

ഇവ “ക്ലാസിക്” നെഞ്ചുവേദനയായിരിക്കില്ല, പക്ഷേ ഹൃദയസംബന്ധമായ തകരാറുകളുടെ ആദ്യകാല സൂചനകളാകാം, പ്രത്യേകിച്ചും സ്ത്രീകളിൽ.

ജീവിതം ഹൃദയത്തിൽ പ്രതിഫലിക്കുന്നു

നമ്മുടെ വികാരങ്ങൾ, ഹോർമോണുകൾ, ബന്ധങ്ങൾ എന്നിവയെല്ലാമടങ്ങുന്ന ജീവനുള്ള ഒരു ഡയറിയാണ് ഹൃദയം.

ശരീരം, മനസ്സ്, വികാരങ്ങൾ, ഹോർമോണുകൾ- ഇവയുടെ എല്ലാം പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ഹൃദയത്തിൽ സ്പന്ദിക്കുന്നത്.

ജീവിതം സൗമ്യമായി തുടരുമ്പോൾ ഹൃദയവും സ്വസ്ഥമായി സ്പന്ദിക്കും.

സ്നേഹവും ഇഴയടുപ്പമുള്ള ബന്ധങ്ങളും ശാരീരിക മാനസിക സന്തുലിതാവസ്ഥയും മരുന്നുപോലെതന്നെ ഹൃദയത്തിന് അത്യാവശ്യമാണെന്ന് Nellikka.life വിശ്വസിക്കുന്നു.

Scientific References

  1. Cardiovascular Disease and Women: Beyond Traditional Risk Factors.
  2. Harvard Women’s Health Watch. How Emotions Influence the Heart.
  3. Social Isolation and Cardiovascular Outcomes in Women.
  4. Hormonal Changes and Cardiac Health Post-Menopause.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe