ആരോഗ്യകരമായ വാർദ്ധക്യവും രോഗങ്ങളില്ലാത്ത വാർദ്ധക്യവും

ആരോഗ്യകരമായ വാർദ്ധക്യവും രോഗങ്ങളില്ലാത്ത വാർദ്ധക്യവും

വ്യത്യാസങ്ങൾ മനസ്സിലാക്കാം

മനുഷ്യനുൾപ്പെടെ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും ജനന-വളർച്ചാവികാസങ്ങൾ പിന്നിട്ട് വാർദ്ധക്യത്തിലെത്തും. തികച്ചും  സ്വാഭാവികമായി സംഭവിക്കുന്ന പ്രകൃതി നിയമമാണത്. ആർക്കും ഒഴിവാക്കാൻ കഴിയാത്ത യാഥാർത്ഥ്യം.

ആയുസ്സിനെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന പ്രയോഗങ്ങളാണ് ‘ആരോഗ്യകരമായ വാർദ്ധക്യവും’ (Healthy Aging), ‘രോഗമില്ലാത്ത വാർദ്ധക്യവും’ (Disease-free Aging).

കേൾക്കുമ്പോൾ സമാനമെന്ന് തോന്നാമെങ്കിലും  പ്രായമാകുന്നതിനെ നോക്കിക്കാണുന്നതിൽ തികച്ചും വ്യത്യസ്തമായ രണ്ട് കാഴ്ചപ്പാടുകൾ ആണിവ.  ഈ വ്യത്യാസം തിരിച്ചറിയുന്നത്, വരാനിരിക്കുന്ന കാലത്തെ ഭയമേതുമില്ലാതെ, വ്യക്തമായ ബോധ്യത്തോടെ, സുവ്യക്തമായ ലക്ഷ്യബോധത്തോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കും.

വാർദ്ധക്യം എന്നത് സമയത്തിനെതിരെ നീങ്ങുന്ന പോരാട്ടമല്ലെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. കാലത്തിനനുസരിച്ച് നമ്മുടെ ശരീരത്തോടും മനസ്സിനോടും മസ്തിഷ്ക്കത്തോടും നമ്മൾ വളർത്തിയെടുക്കുന്ന ആത്മബന്ധം ആണത് എന്നതാണ് യാഥാർത്ഥ്യം.

എന്താണ് രോഗമില്ലാത്ത വാർദ്ധക്യം?

ലളിതമായി പറഞ്ഞാൽ, നമ്മുടെ ശരീരത്തിൽ അസുഖങ്ങില്ലാത്ത അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിക്ക് താഴെ പറയുന്ന ഗുണങ്ങളുണ്ടെങ്കിൽ അവർ രോഗമില്ലാതെ പ്രായമാകുന്നു എന്ന് വൈദ്യശാസ്ത്രം കണക്കാക്കുന്നു:

  • പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതരമായ അസുഖങ്ങൾ ഇല്ലാതിരിക്കുക.
  • ദീർഘകാലമായി മരുന്നുകൾ കഴിക്കേണ്ട അവസ്ഥയില്ലാതിരിക്കുക 
  • രക്തപരിശോധനാ ഫലങ്ങൾ നോർമൽ ആയിരിക്കുക.
  • ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഇല്ലാതിരിക്കുക.

വൈദ്യശാസ്ത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണിത്. കാരണം രോഗങ്ങൾ വരുന്നത് വൈകിപ്പിക്കുകയോ തടയുകയോ ചെയ്യുന്നതു വഴി ശാരീരിക ബുദ്ധിമുട്ടുകളും ചികിത്സാച്ചെലവുകളും വലിയൊരു പരിധിവരെ കുറയ്ക്കാൻ നമുക്ക് സാധിക്കും.

എങ്കിലും, ഇതിന് ചില പരിമിതികളുണ്ട്.

ഒരാൾക്ക് രോഗങ്ങളൊന്നുമില്ല എന്നത് കൊണ്ട് മാത്രം അവർ പൂർണ്ണ സംതൃപ്തിയോടെ ജീവിക്കുന്നു എന്ന് പറയാനാകില്ല. സാങ്കേതികമായി “രോഗങ്ങൾ” ഇല്ലാത്ത വ്യക്തികൾക്കും താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം:

  • എപ്പോഴും അനുഭവപ്പെടുന്ന കഠിനമായ തളർച്ച.
  • ഒറ്റപ്പെടൽ അല്ലെങ്കിൽ മടുപ്പ്
  • ഉറക്കക്കുറവും കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യമില്ലായ്മയും
  • ശരീരവേദന, സന്ധികളിലെ പിടുത്തം അല്ലെങ്കിൽ വീഴുമോ എന്ന പേടി
  • ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാത്ത അവസ്ഥ

രോഗങ്ങൾ തടയുന്നതിലുപരി, ജീവിതത്തിന് അർത്ഥവും ഉന്മേഷവും നൽകുക എന്നതാണ് ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ (Healthy Aging) ലക്ഷ്യം.

എന്താണ് ആരോഗ്യകരമായ വാർദ്ധക്യം?

മെഡിക്കൽ റിപ്പോർട്ടുകളെ മാത്രം അടിസ്ഥാനമാക്കിയുള്ള കാര്യമല്ലിത്. നാം നമ്മുടെ ജീവിതം എത്രത്തോളം സന്തോഷത്തോടെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • ശാരീരിക കരുത്തും ചലനശേഷിയും
  • ചിന്താശക്തിയും മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവും
  • മനക്കരുത്ത്
  • സുഖകരമായ ഉറക്കവും ഉന്മേഷവും 
  • സാമൂഹിക ബന്ധങ്ങളും ജീവിതലക്ഷ്യവും
  • സ്വാതന്ത്ര്യവും അന്തസ്സും

ആരോഗ്യകരമായ വാർദ്ധക്യം അർത്ഥവത്തായ ഒരു ചോദ്യമാണ് നമ്മളോട് ചോദിക്കുന്നത്:

“എന്റെ ശരീരത്തിന് മാറ്റങ്ങൾ സംഭവിച്ചാലും, പൂർണ്ണമായ അർത്ഥത്തിൽ, സ്വതന്ത്രമായി എനിക്ക് ജീവിക്കാൻ കഴിയുന്നുണ്ടോ?” എന്ന കാമ്പുള്ള ചോദ്യം.

ഈ വ്യത്യാസം തിരിച്ചറിയേണ്ടതിൻ്റെ ആവശ്യം

രോഗങ്ങളെ ചികിൽസിച്ച് ഭേദമാക്കുന്ന കാര്യത്തിൽ ആധുനിക വൈദ്യശാസ്ത്രം ഇന്ന് ബഹുദൂരം മുന്നിലാണ്. എന്നാൽ ഉന്മേഷമില്ലാത്ത ദീർഘായുസ്സ് പലപ്പോഴും നിശബ്ദ വേദനയായി മാറാറുണ്ട്.

മൺമറഞ്ഞ തലമുറകളേക്കാൾ കൂടുതൽ കാലം ഇന്ന് മനുഷ്യർ ജീവിക്കുന്നുണ്ട്. എങ്കിലും മുതിർന്നവരിൽ പലരും ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. 

പ്രധാന വെല്ലുവിളികൾ:

  • ധാരാളം മരുന്നുകൾ കഴിക്കേണ്ടി വരുന്ന അവസ്ഥ
  • ഓർമ്മശക്തിയും ചിന്താശേഷിയും പതുക്കെ കുറഞ്ഞു വരുന്നത്
  • ഒറ്റപ്പെടലും മാനസികമായ പ്രയാസങ്ങളും
  • ആത്മവിശ്വാസം നഷ്ടപ്പെടുന്നതും സ്വന്തം വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്നതും

രോഗമില്ലാത്ത വാർദ്ധക്യം (Disease-free aging) നിലനിൽപ്പിന് (Survival) മാത്രമാണ് മുൻഗണന നൽകുന്നത്. അതേസമയം ആരോഗ്യകരമായ വാർദ്ധക്യം (Healthy Aging), ജീവിതം എങ്ങനെ സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാം (Living Well) എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വാർദ്ധക്യം ആന്തരികാവയവങ്ങളെ മാത്രമല്ല ബാധിക്കുന്നത്, അത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒന്നാകെ സ്വാധീനിക്കുന്നു:

  • നാഡീവ്യൂഹം: ശരീരത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള കഴിവ്
  • സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ശേഷി 
  • വികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള രീതി
  • ചിന്താശേഷിയിലെ വഴക്കം 

ശരീരത്തിൽ രോഗങ്ങൾ ഒന്നുമില്ലെങ്കിൽ പോലും, നിരന്തരമായ മാനസിക സമ്മർദ്ദം, പരിഹരിക്കപ്പെടാത്ത മാനസിക വിഷമങ്ങൾ, ഏകാന്തത, ലക്ഷ്യമില്ലാത്ത അവസ്ഥ എന്നിവ പ്രായമാകുന്ന പ്രക്രിയയുടെ വേഗത കൂട്ടുന്നു.

ഒരേ പ്രായമുള്ള, ഒരേ ആരോഗ്യസ്ഥിതിയുള്ള (മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം) രണ്ട് വ്യക്തികൾ ജീവിതത്തെ രണ്ട് രീതിയിൽ ഉൾക്കൊള്ളുന്നതിൻ്റെ കാരണവും ഇതാണ്. ഒരാൾ ഉന്മേഷത്തോടെ ഇരിക്കുമ്പോൾ മറ്റൊരാൾ തളർന്നുപോകുന്നത്, അവരുടെ മാനസികവും വൈകാരികവുമായ അവസ്ഥകൾ കൂടി സ്വാധീനം ചെലുത്തുന്നതു കൊണ്ടാണ്.

ആരോഗ്യകരമായ വാർദ്ധക്യത്തിൽ ജീവിതശൈലിയുടെ പങ്ക്

1. ചലനം എന്ന ഔഷധം 

ആരോഗ്യകരമായ വാർദ്ധക്യം വേണമെന്നുണ്ടെങ്കിൽ, വ്യായാമം ചെയ്യുന്നതിലുപരിയായി, ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനക്ഷമത (Functional Movement) നിലനിർത്തുന്നതിന് പ്രാധാന്യം നൽകേണ്ടതുണ്ട്.

പതിവായുള്ള ശാരീരിക ചലനങ്ങൾ  നൽകുന്ന ഗുണങ്ങൾ:

  • പേശികളുടെ ബലവും അസ്ഥികളുടെ കരുത്തും
  • ശരീരത്തിന്റെ സന്തുലിതാവസ്ഥ 
  • തലച്ചോറിലേക്കുള്ള രക്തയോട്ടം
  • ആന്തരിക വീക്കങ്ങൾ കുറയ്ക്കുന്നു

നടത്തം, യോഗ, നീന്തൽ, സ്ട്രെച്ചിംഗ് (Stretching), ബലമേകുന്നതരം വ്യായാമങ്ങൾ എന്നിവ ശീലിക്കുന്നത് വഴി ശരീരം എപ്പോഴും സജീവമാകുകയും ആത്മവിശ്വാസം കൈവരികയും ചെയ്യും.

2. ഓർമ്മശക്തി മാത്രമല്ല, തലച്ചോറിന്റെ ഉന്മേഷവും പ്രധാനം

ആരോഗ്യകരമായ വാർദ്ധക്യം എന്നതുകൊണ്ട് കാര്യങ്ങൾ ഓർത്തു വെയ്ക്കാനുള്ള കഴിവ് നിലനിർത്തുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള തലച്ചോറിന്റെ കഴിവിനെ (Adaptability) കൂടിയാണ് ഇതു സൂചിപ്പിക്കുന്നത്.

ഇതിനായി താഴെ പറയുന്നവ ശീലിക്കാം:

  • പുതിയ കാര്യങ്ങൾ പഠിക്കാം
  • വായിക്കുക, വായിച്ച കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക 
  • സർഗ്ഗാത്മകത നിലനിർത്തുക
  • അർത്ഥവത്തായ സംഭാഷണങ്ങളിൽ പങ്കെടുക്കാം

മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിൽ ചിന്തകളിൽ കടുപ്പം പുലർത്തുന്നത് ബൗദ്ധിക കരുത്ത് കുറയുന്നതിന്റെ തുടക്കമാവാം. ചുറ്റുമുള്ള കാര്യങ്ങളെ കൗതുകത്തോടെ നോക്കിക്കാണുന്നത് മസ്തിഷ്ക്കത്തെ എന്നും യുവത്വമുള്ളതാക്കി നിലനിർത്തും.

3. വൈകാരിക ആരോഗ്യവും നാഡീവ്യൂഹത്തിന്റെ സന്തുലിതാവസ്ഥയും

വാർദ്ധക്യത്തിന്റെ പ്രധാന ഘടകമാണെങ്കിലും പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് വൈകാരിക ആരോഗ്യം (Emotional Wellbeing). നാം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ കൃത്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് താഴെ പറയുന്ന ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം:

  • ഉറക്കക്കുറവ്
  • ഹോർമോൺ വ്യതിയാനങ്ങൾ
  • വിട്ടുമാറാത്ത വേദനകൾ
  • ചിന്താശേഷിക്കുറവ്

ധ്യാനം (Meditation), പ്രാണായാമം, പ്രാർത്ഥന, ഡയറി എഴുതുന്ന ശീലം (Journaling), കുറച്ചു സമയം നിശബ്ദത പാലിച്ചുകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കൽ (Mindful silence) തുടങ്ങിയ കാര്യങ്ങൾ നമ്മുടെ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കും. ഇതു വഴി ശരീരത്തിന് മാറ്റങ്ങൾ സംഭവിച്ചാലും ആന്തരികമായ സമാധാനം നിലനിർത്താൻ നമുക്ക് സാധിക്കും.

4. നിയന്ത്രണമല്ല, പോഷണമാണ് പ്രധാനം 

കഠിനമായ ഭക്ഷണ നിയന്ത്രണങ്ങളല്ല, ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ കൃത്യമായി നൽകുക എന്നതാണ് പോഷണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

പ്രായമാകുന്ന ശരീരത്തിന് ഗുണകരമായ ശീലങ്ങൾ ഇനിപ്പറയുന്നു:

  • സംസ്കരിക്കാത്ത തരം നാടൻ ഭക്ഷണങ്ങൾ
  • വേണ്ടത്ര പ്രോട്ടീൻ
  • ആരോഗ്യകരമായ കൊഴുപ്പുകൾ 
  • നീർക്കെട്ട് കുറയ്ക്കുന്ന ആഹാര ശീലങ്ങൾ

5. ഉറക്കം പരമപ്രധാനം

ശരീരത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനും ഓർമ്മകൾ ക്രമീകരിക്കുന്നതിനും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമെല്ലാം ഉറക്കം അത്യാവശ്യമാണ്. രോഗങ്ങളേക്കാൾ വേഗത്തിൽ, വാർദ്ധക്യത്തിന്റെ അവശതകൾ ശരീരത്തിലെത്തിക്കാൻ ഉറക്കക്കുറവിന് കഴിയും.

ആരോഗ്യകരമായ വാർദ്ധക്യത്തിന് താഴെ പറയുന്നവ ശീലിക്കാം:

  • ഉറങ്ങാനും ഉണരാനും കൃത്യമായ സമയക്രമം
  • ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാം
  • കഫീൻ, സ്ക്രീനിലെ വെളിച്ചം തുടങ്ങിയവ ഒഴിവാക്കാം
  • സായാഹ്നങ്ങളിൽ മനസ്സിനെ ശാന്തമാക്കുന്ന ശീലങ്ങളാകാം 

മനോഭാവം മാറ്റാം, ലക്ഷ്യങ്ങൾ സ്വപ്നം കാണാം

വാർദ്ധക്യത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ജീവിതത്തോടുള്ള നമ്മുടെ മനോഭാവം. താഴെ പറയുന്ന ഗുണങ്ങളുള്ളവർ ശാരീരികമായും മാനസികമായും കൂടുതൽ ആരോഗ്യത്തോടെയിരിക്കും എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു :

  • ശക്തമായ സാമൂഹിക ബന്ധങ്ങൾ 
  • ജീവിതത്തിന് ലക്ഷ്യബോധം  
  • ആത്മീയ- ദാർശനിക വിശ്വാസങ്ങളും ചിന്തകളും

ജീവിതലക്ഷ്യം എന്നത് പലർക്കും പലതാകാം:

അത് ആത്മീയമായ ശീലമാകാം, മറ്റുള്ളവരെ സഹായിക്കുന്നതോ പുതിയ തലമുറയെ വഴികാട്ടുന്നതോ ആകാം, കലാവാസനയോ മറ്റ് സർഗ്ഗാത്മകമായ കാര്യങ്ങളോ ആകാം. കുടുംബത്തിലോ സമൂഹത്തിലോ ഉള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതാകാം.

ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്ന് തോന്നിത്തുടങ്ങുമ്പോൾ, നമ്മുടെ ശരീരം രോഗങ്ങളില്ലെങ്കിൽ പോലും വളരെ വേഗത്തിൽ തളർന്നുപോകുന്നു.

രോഗങ്ങളില്ലെങ്കിലും ആരോഗ്യമില്ലാത്ത അവസ്ഥ

നമ്മുടെ സമൂഹത്തിലുള്ളവരിൽ അറുപതു പിന്നിട്ട പലർക്കും വലിയ രോഗങ്ങൾ ഒന്നുമില്ലെങ്കിലും മാനസികമായി ചില പ്രശ്നങ്ങൾ അലട്ടാറുണ്ട്:

  • വാർദ്ധക്യത്തോടുള്ള ഭയം
  • പരാശ്രയത്വം: ശാരീരികമായി സ്വാശ്രയത്വമുണ്ടെങ്കിലും മാനസിക പരാശ്രയത്വം അനുഭവിക്കുക
  • സ്വന്തം ഇഷ്ടങ്ങളോട് അകലം പാലിക്കുന്ന അവസ്ഥ 
  • ആരും തന്നെ പരിഗണിക്കുന്നില്ലെന്നോ മനസ്സിലാക്കുന്നില്ലെന്നോ ഉള്ള തോന്നൽ.

ഇത് വലിയൊരു സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു:

രോഗങ്ങളില്ല എന്നതുകൊണ്ട്  സ്വാസ്ഥ്യമുണ്ടെന്ന് അർത്ഥമില്ല.

മാറ്റങ്ങളെ അംഗീകരിക്കാം: ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ രഹസ്യം

ആരോഗ്യകരമായ വാർദ്ധക്യവും (Healthy Aging) രോഗമില്ലാത്ത വാർദ്ധക്യവും (Disease-free Aging) തമ്മിലുള്ള പ്രധാന വ്യത്യാസം അവ മാറ്റങ്ങളെ എങ്ങനെ കാണുന്നു എന്നതിലാണ്. രോഗമില്ലാത്ത അവസ്ഥയ്ക്ക് വേണ്ടി മാത്രം ശ്രമിക്കുന്നവർ പലപ്പോഴും പ്രായമാകുന്നതിന്റെ സ്വാഭാവിക ലക്ഷണങ്ങളെ അംഗീകരിക്കാൻ മടിക്കുമ്പോൾ, ‘ഹെൽത്തി ഏജിംഗ്’ ആ മാറ്റങ്ങളെ സ്നേഹപൂർവ്വം സ്വീകരിക്കുന്നു.

നരച്ച മുടിയോ, മുഖത്തെ ചുളിവുകളോ, നടത്തത്തിലെ വേഗതക്കുറവോ, മാറിയ ജീവിത സാഹചര്യങ്ങളോ ഹെൽത്തി ഏജിംഗിനെ ബാധിക്കുന്നേയില്ല. പകരം, ആ മാറ്റങ്ങളോട് അന്തസ്സോടെ പൊരുത്തപ്പെടുകയാണിവിടെ.

ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • അമിത പ്രതീക്ഷകൾ ഉപേക്ഷിക്കുക 
  • പ്രവൃത്തികളെ പുനർനിർവചിക്കുക
  • വേഗതയേക്കാൾ വിവേകത്തിന് പ്രാധാന്യം നൽകുക
  • നിലവിലുള്ള ബന്ധങ്ങളിൽ കൂടുതൽ വ്യാപ്തി കണ്ടെത്തുക 

മാനസികമായ ഈ വഴക്കമാണ്, നമ്മൾ എത്രത്തോളം സന്തോഷത്തോടെ വാർദ്ധക്യത്തെ വരവേൽക്കും എന്ന് തീരുമാനിക്കുന്ന പ്രധാന ഘടകം.

നമ്മുടെ ശരീരവും ബുദ്ധിയും വികാരങ്ങളും ആത്മീയതയുമെല്ലാം ഒരേ താളത്തിൽ ഒന്നിച്ച് വികസിക്കുന്ന മനോഹരമായ ഒരവസ്ഥയാണ് വാർദ്ധക്യം എന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

ആരോഗ്യകരമായ വാർദ്ധക്യം (Healthy Aging) എന്നാൽ:

  • മാറ്റങ്ങളെ എതിർക്കുന്നതിന് പകരം ശരീരം പറയുന്നത് ശ്രദ്ധിക്കുന്നതാണ്
  • കാലത്തിനെതിരെ പോരാടുന്നതിന് പകരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്
  • ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതിന് പകരം മനസ്സിനെ പരിപോഷിപ്പിക്കുന്നതാണ്

രോഗമില്ലാത്ത വാർദ്ധക്യം എന്നത് തീർച്ചയായും വലിയൊരു ലക്ഷ്യം തന്നെയാണ്. പക്ഷെ,  അതിനേക്കാൾ അർത്ഥവത്തായതും സന്തോഷം നൽകുന്നതുമായ ഒന്നാണ് ആരോഗ്യകരമായ വാർദ്ധക്യം.

രോഗമില്ലാത്ത വാർദ്ധക്യം എന്തൊക്കെ കുറവുകളുണ്ട് എന്നതിൽ ശ്രദ്ധ നൽകുമ്പോൾ,ആരോഗ്യകരമായ വാർദ്ധക്യം, നിലവിൽ എന്തൊക്കെ ബാക്കിയുണ്ട് എന്നതിന് പ്രാധാന്യം നൽകുന്നു.

കൂടുതൽ കാലം ജീവിക്കുക എന്നതിനല്ല, ബാക്കിയുള്ള കാലമത്രയും നന്നായി ജീവിക്കുക എന്നതിനാണ് പ്രസക്തി.

അനുഭവങ്ങളുടെ കരുത്തുകൊണ്ട് ജീവിതത്തെ കൂടുതൽ വ്യാപ്തിയുള്ളതാക്കി മാറ്റുന്നതാകട്ടെ വാർദ്ധക്യ കാലം!

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe