അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ സങ്കൽപ്പിക്കാറുമുള്ളത്. 

വാസ്തവത്തിൽ,യഥാർത്ഥ സൗഖ്യത്തിലേക്കെത്തിച്ചേരുക എന്നത് ദ്രുതഗതിയിൽ നേടിയെടുക്കാനാകുന്ന കാര്യമല്ല. നാമോരോരുത്തരും അവരവരോട് തന്നെ കാണിക്കുന്ന അനുകമ്പയിൽ  നിന്നും ക്ഷമയിൽ നിന്നും, തിരിച്ചറിവിൽ നിന്നും പതുക്കെ രൂപപ്പെട്ട് വികാസം പ്രാപിക്കുന്ന ഒന്നാണത്.

നിയന്ത്രിക്കാനാവാത്ത തരം മോഹങ്ങൾ, മാനസികാസ്വസ്ഥതകൾ, അന്തഃസംഘർഷങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്നവരെ സംബന്ധിച്ചിടത്തോളം, കാര്യങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കുമ്പോഴാണ് പരിഹാരമുണ്ടാകുന്നത്. ഇത്തരം കാര്യങ്ങൾ അടിച്ചമർത്തുന്നതുവഴി സ്വസ്ഥത നേടാനാകുമെന്ന തോന്നൽ തികച്ചും മിഥ്യയാണ്.

പോരാട്ടത്തിൽ നിന്നും തിരിച്ചറിവിലേക്കുള്ള വഴിത്തിരിവ്

സ്വന്തം ചിന്തകളോടു പൊരുതാനും പിടി തരാത്ത മനസ്സിനെ കുറ്റപ്പെടുത്താനും ആഗ്രഹങ്ങളെ അടിച്ചമർത്താനുമെല്ലാമായാണ് നമ്മളിൽ പലരും ജീവിതത്തിലെ വലിയൊരു ഭാഗം ചെലവഴിക്കുന്നത്. ഈ ചിന്തകളും സ്വയം പഴിപറയലും, സങ്കടങ്ങൾ കുറയ്ക്കുന്നതിന് പകരം അതിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

ഇവിടെയാണ് തിരിച്ചറിവ് അഥവാ അവബോധം (Awareness) പുതിയ പാത തുറന്നുതരുന്നത്.

തെറ്റായ കാര്യങ്ങളെ അംഗീകരിക്കുന്നതോ സാഹചര്യങ്ങൾക്ക് കീഴടങ്ങുന്നതോ അല്ല, മുൻവിധി കൂടാതെ, മനസ്സിനുള്ളിലെ തോന്നലുകളെ ധൈര്യപൂർവ്വം നിരീക്ഷിക്കുക എന്നതാണത്.

സ്വന്തം വികാരങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാതെ അവയെ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ, ഉള്ളിലെ സംഘർഷങ്ങൾ പതുക്കെ അയഞ്ഞു തുടങ്ങും. അവിടെയാണ് യഥാർത്ഥത്തിൽ മാറ്റത്തിന് തുടക്കമാകുന്നത്.

ശരീരത്തിന്റെ ഭാഷ തിരിച്ചറിയാം

പലപ്പോഴും മനസ്സിന് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ശരീരത്തിലൂടെ പ്രകടമാകാറുണ്ട്. 

അകാരണമായ അസ്വസ്ഥതകൾ, ചില കാര്യങ്ങളോടുള്ള അടക്കാനാവാത്ത ആസക്തി, വൈകാരിക വിക്ഷോഭങ്ങൾ, എടുത്തുചാട്ടങ്ങൾ എന്നിവയൊന്നും പരാജയത്തിന്റെ അടയാളങ്ങളല്ല. യഥാർത്ഥത്തിൽ അവയെല്ലാം സൂചനകളാണ്. താഴെ പറയുന്ന കാര്യങ്ങളെ അവ സൂചിപ്പിക്കുന്നുണ്ടാകാം:

  • മറ്റുള്ളവരുമായി വൈകാരികമായി ബന്ധപ്പെടാനുള്ള ആഗ്രഹം 
  • മറക്കാനാവാത്ത സങ്കടങ്ങൾ
  • മാനസിക തളർച്ച 
  • ജീവിതം അർത്ഥപൂർണ്ണമാക്കാനുള്ള ആഗ്രഹം
  • അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മോഹം

ഈ ആവശ്യങ്ങൾ നമ്മൾ വേണ്ടവിധം തിരിച്ചറിയാതെ പോകുമ്പോൾ, അവ പുറത്തുവിടാനായി ശരീരം അതിന്റേതായ ഭാഷ കണ്ടെത്തുന്നു.

പ്രതികരണങ്ങളെ ശാന്തമായി ശ്രദ്ധിക്കാൻ പഠിക്കുന്നത്, അവയെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും. 

സൗഖ്യം എന്നാൽ നിയന്ത്രണമല്ല, സാന്നിധ്യം

രോഗശാന്തി അല്ലെങ്കിൽ സൗഖ്യം എന്നത് നമ്മുടെ ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതോ ചിന്തകളെ ഇല്ലാതാക്കുന്നതോ ആണെന്നാണ് പലരുടെയും ധാരണ. ഇത് തെറ്റിദ്ധാരണയാണ്. നമ്മുടെ വികാരങ്ങളെ മുൻവിധികളില്ലാതെ അഭിമുഖീകരിക്കാൻ സാധിക്കുമ്പോഴാണ് യഥാർത്ഥ മാറ്റമുണ്ടാകുന്നത്.

മനസ്സിൽ ഒരു തോന്നൽ ഉണ്ടാകുന്നതിനും നാം അത് പ്രവർത്തിയിലേക്ക് മാറ്റുന്നതിനും ഇടയിൽ ഒരു ചെറിയ ഇടവേള നൽകാൻ ഈ ബോധപൂർവ്വമായ സാന്നിധ്യം നമ്മെ സഹായിക്കും.

ആ ഇടവേളയിലാണ്, ശരിയായ പാത തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ ശേഷി വീണ്ടും സജീവമാകുന്നത്.

ഇത് ഒന്നുരണ്ട് ദിവസങ്ങൾ കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. മറ്റുള്ളവരോട് നമ്മൾ കാണിക്കാറുള്ള അലിവും അനുകമ്പയും നമ്മളോട് തന്നെ കാണിച്ചു തുടങ്ങുമ്പോൾ മാത്രമാണ് ഈ മാറ്റത്തിന് പടർന്നു പന്തലിക്കാനാകുക.

ആന്തരിക സൗഖ്യത്തിനായി ചില ശീലങ്ങൾ പാലിക്കാം

1. സ്വയം അന്വേഷണം

ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ ആയിപ്പോയത്?” എന്ന് സ്വയം കുറ്റപ്പെടുത്തുന്നതിന് പകരം, താഴെ പറയുന്ന തരം ചോദ്യങ്ങൾ സ്വയം  ചോദിച്ചു നോക്കൂ:

  • “ഇപ്പോൾ എനിക്കെന്താണ് അനുഭവപ്പെടുന്നത്?”
  • “ഈ നിമിഷം എനിക്ക് ഏറ്റവും അത്യാവശ്യം എന്താണ്?”

ഇത്തരം ചോദ്യങ്ങൾ നമ്മളിൽ അപകർഷതാബോധത്തിന് പകരം സ്വയം മനസ്സിലാക്കാനുള്ള താല്പര്യം സൃഷ്ടിക്കും.

2. മനോനിറവോടെയുള്ള ശ്വസനം (Mindful Breathing)

ശരീരത്തിന്റെ പ്രവർത്തനങ്ങളെ ശാന്തമാക്കാനും മനസ്സിനെ വർത്തമാന നിമിഷത്തിൽ ഉറപ്പിച്ചു നിർത്താനും ശ്വസനത്തിലുള്ള ശ്രദ്ധ സഹായിക്കും. അസ്വസ്ഥതകൾ തോന്നുമ്പോൾ ശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അനാവശ്യമായ എടുത്തുചാട്ടം തടയാൻ നിങ്ങളെ പ്രാപ്തരാക്കും.

3. വൈകാരിക സുരക്ഷ ഒരുക്കുക

മനസ്സിന് മാറ്റങ്ങൾ സംഭവിക്കണമെങ്കിൽ സുരക്ഷിതമായ സാഹചര്യം അത്യാവശ്യമാണ്. അത് നിങ്ങളിൽ തന്നെ തുടങ്ങണം. അതിനായി താഴെ പറയുന്നവ പരീക്ഷിക്കാം:

  • നിങ്ങളുടെ കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്ന, വിശ്വസ്തനായ ഒരാളുടെ സഹായം തേടുക.
  • നമ്മളിലെ ബലഹീനതകളെ സ്വയം കുറ്റപ്പെടുത്താതെ അംഗീകരിക്കുക.
  • മനസ്സിനെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി ശാന്തമായ ചുറ്റുപാടുകൾ തെരഞ്ഞെടുക്കുക.

4. ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാം

ജീവിതത്തിന് ഒരർത്ഥം കണ്ടെത്തുന്നത്, മനസ്സിനെ സന്തുലിതമാക്കാൻ സഹായിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയോ കലകളിലൂടെയോ ആത്മീയതയിലൂടെയോ ഗൗരവതരമായ ചിന്തകളിലൂടെയോ ആകാം ഇത്. ജീവിതലക്ഷ്യങ്ങളുമായി വീണ്ടും ഒന്നിക്കുന്നത് മാനസിക കരുത്ത് നൽകും.

സൗഖ്യത്തിന്റെ ആത്മീയ തലം

സാമ്പ്രദായിക പാരമ്പര്യങ്ങളിൽ, സൗഖ്യം (Healing) എന്നത്, നമ്മളിൽത്തന്നെയുള്ള ‘പൂർണ്ണതയെ’ തിരിച്ചറിയുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

ഈ ആത്മീയ അവബോധം നമ്മെ പഠിപ്പിക്കുന്നത് ഇവയാണ്:

  • നമ്മുടെ ആഗ്രഹങ്ങൾ മാത്രമല്ല നമ്മൾ 
  • നമ്മൾ എന്ന യാഥാർത്ഥ്യം, നമ്മുടെ ഭൂതകാലമല്ല.
  • നമ്മൾ രൂപപ്പെടുന്നത് നമ്മുടെ തെറ്റുകളിൽ നിന്നല്ല.

വാസ്തവത്തിൽ, ഈ അനുഭവങ്ങളെല്ലാം വന്നുപോകുന്ന ആഴമേറിയ ‘തിരിച്ചറിവ്’ മാത്രമാണ് നമ്മൾ.

ഈ അറിവ് നമ്മുടെ ഉള്ളിലുണ്ടാകുമ്പോൾ, ദുഃഖങ്ങളെയും വേദനകളെയും നമ്മളുമായി ബന്ധിപ്പിക്കുന്ന രീതിക്ക് മാറ്റം വരുന്നു. അത് നമ്മെ കൂടുതൽ സ്വതന്ത്രരാക്കുന്നു.

ജീവിതയാത്ര മന്ദഗതിയിലാകുമ്പോൾ .

സൗഖ്യത്തിലേക്കുള്ള യാത്ര ഒരിക്കലും നേർരേഖയിലൂടെ സഞ്ചരിച്ച് എളുപ്പത്തിലെത്തിച്ചേരാനാകുന്ന ഒന്നല്ല . ചിലപ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്ന നിമിഷങ്ങളും, തൊട്ടുപിന്നാലെ, സംശയങ്ങൾ നിറഞ്ഞ അവസ്ഥകളും  ഉണ്ടായേക്കാം. ഇത് പരാജയമല്ല, മറിച്ച് മനുഷ്യസഹജമായ ഒരവസ്ഥ മാത്രമാണ്.

മാറ്റം സംഭവിക്കുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിച്ചെന്നു വരില്ല. എന്നാൽ ഒരു ദിവസം നമുക്കത് തിരിച്ചറിയാനാകും:

  • നിങ്ങൾ അനാവശ്യമായി പ്രതികരിക്കുന്നത് കുറഞ്ഞിരിക്കുന്നു.
  • നിങ്ങളുടെ ശ്വസനത്തിന് കൂടുതൽ വ്യാപ്തിയും ശാന്തതയും കൈവന്നിരിക്കുന്നു
  • നിങ്ങൾ സ്വയം ക്ഷമിക്കാൻ പഠിച്ചിരിക്കുന്നു.
  • ഓരോ കാര്യവും തിരിച്ചറിവോടെ തെരഞ്ഞെടുക്കാൻ പ്രാപ്തി നേടിയിരിക്കുന്നു.

ഇതാണ് യഥാർത്ഥ സൗഖ്യം.

ജീവിതത്തിൽ നിങ്ങൾക്ക് നേരിടേണ്ടി വരുന്ന പോരാട്ടങ്ങൾ നിങ്ങളുടെ ബലഹീനതയല്ല.

സ്വയം അറിയാൻ ശ്രമിക്കുകയും തിരിച്ചറിവുകൾ നേടാൻ ധൈര്യം കാണിക്കുകയും ചെയ്യുമ്പോൾ,  യഥാർത്ഥത്തിൽ നിങ്ങൾ കരുത്താർജിക്കുകയാണ്.

സംഭവിച്ചു പോയ പിഴവുകളോ അടക്കാനാവാത്ത ആഗ്രഹങ്ങളോ അല്ല നിങ്ങളുടെ ജീവിതകഥ നിശ്ചയിക്കുന്നത് ; മറിച്ച്, സ്വയം നോക്കിക്കാണാനും മനസ്സു പറയുന്നത് ശാന്തമായി കേൾക്കാനും നിങ്ങൾ കാണിക്കുന്ന ധൈര്യമാണ്.

മറ്റൊരാളായി മാറലല്ല; ഭീതിയും  മുൻവിധികളും വേദനകളും മാറ്റിവെച്ച് സ്വയം ആരാണെന്ന് തിരിച്ചറിയലാണ് യഥാർത്ഥ സൗഖ്യമെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

സാവധാനം, അനുകമ്പാപൂർവ്വം, ഹൃദ്യമായി യാത്ര തുടരുക.

ആത്മബോധം ശരിയായ പാതയിലേക്ക് നിങ്ങളെ നയിക്കട്ടെ.

ഹൃദയത്തിന് ഭയമില്ലാതെ സംസാരിക്കാൻ കഴിയുന്നിടത്താണ് സൗഖ്യം ആരംഭിക്കുന്നത്.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

മനഃശാസ്ത്രജ്ഞർ നൽകുന്ന നിർവ്വചനമെന്തെന്ന് മനസ്സിലാക്കാം പലപ്പോഴും സ്വഭാവദൂഷ്യമെന്നോ വൈകൃതമെന്നോ വ്യാഖ്യാനിക്കപ്പെടുന്ന വിഷയമാണ് അമിത ലൈംഗികാസക്തി. അമിതാസക്തിയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളും സമൂഹവും ഇത്തരത്തിൽ നിർവ്വചനങ്ങൾ നൽകുമ്പോഴും, യാഥാർത്ഥ്യം ഇതിൽ...

ജനുവരി 2, 2026 11:15 pm
Top
Subscribe