ആരോഗ്യം നൽകുന്നവർക്ക് വേണ്ടി: ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും പരിപാലകരുടെയും മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യം


ആതുര സേവനത്തിന് പിന്നിലെ പ്രതിസന്ധി
ചികിൽസ നൽകാനായി രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരാകുന്ന ഡോക്ടർമാർ,നേഴ്‌സുമാർ, ആരോഗ്യ മേഖലാപ്രവർത്തകർ. യുവമനസ്സുകളെ മികച്ച പൗരൻമാരായി വാർത്തെടുക്കുന്ന അദ്ധ്യാപകർ, കൗൺസിലർമാർ, കരുതൽ വേണ്ടവരെ പരിപാലിച്ച്, അവർക്ക് ശാരീരിക-മാനസിക പിന്തുണ നൽകുന്ന പരിപാലകർ – ഇങ്ങനെ മറ്റുള്ളവരെ പരിപാലിക്കുന്നവർ പലപ്പോഴും സ്വയം പരിപാലിക്കാൻ മറന്നുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രിയിൽ 2023-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഇന്ത്യയിലെ ഏകദേശം മൂന്നിലൊന്ന് ഡോക്ടർമാർക്കും ബേൺഔട്ട്, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം തുടങ്ങിയ മാനസിക പ്രയാസങ്ങളുടെ ലക്ഷണങ്ങൾ ഉണ്ട്. അമിതമായ ജോലിഭാരം, പ്രകടന സമ്മർദ്ദം, വൈകാരിക ക്ഷീണം എന്നിവ കാരണം അദ്ധ്യാപകരും വലിയ സമ്മർദ്ദം നേരിടുന്നു. രോഗികളായവരെയോ പ്രായമായ കുടുംബാംഗങ്ങളെയോ പരിചരിക്കുന്ന കെയർഗിവർമാർ (പലപ്പോഴും സ്ത്രീകൾ) തളർച്ചയും ഒറ്റപ്പെടലും കാരണം ബുദ്ധിമുട്ടുന്നു.
പരിപാലകർക്ക് അവർ പരിചരിക്കുന്നവരെപ്പോലെ തന്നെ മാനസികാരോഗ്യ സംരക്ഷണം അത്യാവശ്യമാണ്. പക്ഷേ പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് സത്യം.
എന്താണ് ഈ “അനുകമ്പാ ക്ഷീണം”?
ദുരിതമനുഭവിക്കുന്നവരെ തുടർച്ചയായി പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന വൈകാരികമായ തളർച്ചയെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. ഇത് കേവലം ക്ഷീണം മാത്രമല്ല, അനുഭാവത്തിൻ്റെയും പ്രചോദനത്തിൻ്റെയും നഷ്ടവും ഇവിടെ സംഭവിക്കുന്നുണ്ട്. കുറ്റബോധം, ദേഷ്യം, അടുപ്പമില്ലായ്മ എന്നിവയെല്ലാം ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്.
ഡോക്ടർമാർ, നേഴ്‌സുമാർ, തെറാപ്പിസ്റ്റുകൾ, അദ്ധ്യാപകർ, കെയർഗിവർമാർ എന്നിവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത് — വൈകാരികമായി ശക്തരായിരിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുമ്പോൾ തന്നെ മറ്റുള്ളവർക്ക് പരിചരണം നൽകുന്ന ഇവർ പ്രതിസന്ധി നേരിടുന്നു.
കാലക്രമേണ, ഈ ക്ഷീണം ബേൺഔട്ട് അഥവാ എരിഞ്ഞുതീരൽ എന്ന അവസ്ഥയിലേക്ക് മാറിയേക്കാം. അതിൻ്റെ ലക്ഷണങ്ങൾ ഇവയാണ്:
- വിശ്രമിച്ചിട്ടും മാറാത്ത സ്ഥിരമായ ക്ഷീണം
- ഉറക്കമില്ലായ്മ
- വൈകാരിക മരവിപ്പ്
- ജോലിയിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റം അല്ലെങ്കിൽ വിരക്തി
- “ഞാൻ ചെയ്യുന്നത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ല” എന്ന തോന്നൽ.
ഡോക്ടർമാരും നേഴ്‌സുമാരും: മനുഷ്യത്വത്തിൻ്റെ ഭാരം പേറുന്നവർ
കൊവിഡ്-19 മഹാമാരി, ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരിൽ ഉണ്ടാക്കിയ വലിയ മാനസിക സമ്മർദ്ദം പുറത്തുകൊണ്ടുവന്നു. നീണ്ട ഷിഫ്റ്റുകൾ, എണ്ണിയാലൊടുങ്ങാത്തത്ര രോഗികൾ, കഷ്ടപ്പാടിൻ്റെയും വേർപാടിൻ്റെയും വൈകാരിക ആഘാതം എന്നിവ മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിൽ മാനസികാരോഗ്യ പ്രതിസന്ധിക്ക് കാരണമായി.
എയിംസ് (AIIMS) നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തലുകൾ:
45% ഡോക്ടർമാർക്ക് മിതമായതോ ഗുരുതരമായതോ ആയ ബേൺഔട്ട് അനുഭവപ്പെട്ടു.
32% പേർ വിഷാദത്തിൻ്റെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു.
24% പേർ വൈദ്യശാസ്ത്രം പൂർണ്ണമായും ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു.
മഹാമാരിക്ക് ശേഷവും വെല്ലുവിളികൾ നിലനിൽക്കുന്നു — ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ, അമിത ജോലിഭാരം, കാര്യക്ഷമമായ മാനസികാരോഗ്യ പിന്തുണയുടെ അഭാവം എന്നിവ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നു.
ആശുപത്രികൾ “ഹീറോ” എന്ന ലേബലിങ്ങിൽ നിന്ന് മാറി, തെറാപ്പി, കൗൺസിലിംഗ്, സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള സുരക്ഷിത ഇടങ്ങൾ എന്നിവ വാഗ്ദാനം ചെയ്യണം.
അദ്ധ്യാപകർ: വൈകാരിക പ്രയത്നത്തിൻ്റെ നിശബ്ദ മുന്നണിപ്പോരാളികൾ
ഇന്ത്യയിലെ അദ്ധ്യാപകർ തലമുറകളുടെ മാനസിക ഭാരം വഹിക്കുന്നവരാണ്. പാഠങ്ങളും ഗൃഹപാഠങ്ങളും കൂടാതെ, അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വൈകാരിക ആവശ്യങ്ങൾ, അച്ചടക്ക വെല്ലുവിളികൾ, രക്ഷിതാക്കളുടെ പ്രതീക്ഷകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു — പലപ്പോഴും സ്വന്തമായി യാതൊരു പിന്തുണയുമില്ലാതെ.
യുനെസ്‌കോയുടെ 2024-ലെ റിപ്പോർട്ട് അനുസരിച്ച്, 70% ഇന്ത്യൻ അദ്ധ്യാപകർ ജോലിക്ക് ശേഷം “മാനസികമായി തളർന്നതായി” റിപ്പോർട്ട് ചെയ്തു, കൂടാതെ 40% പേർ സമ്മർദ്ദം കാരണം തൊഴിൽ ഉപേക്ഷിക്കാൻ ആലോചിച്ചു.
വൈകാരിക പ്രയത്നം (Emotional Labour) — ഔദ്യോഗിക മേഖലയിൽ ശാന്തത നിലനിർത്താൻ വേണ്ടി ഒരാളുടെ സ്വന്തം വികാരങ്ങളെ അടിച്ചമർത്തുന്ന പ്രവൃത്തി, അവരുടെ ക്ഷേമത്തെ പതിയെ ഇല്ലാതാക്കുന്നു. ഇതിൻ്റെ ഫലം: ദേഷ്യം, ഉറക്കമില്ലായ്മ, പ്രചോദനമില്ലായ്മ, ചിലപ്പോൾ സൈക്കോസോമാറ്റിക് രോഗങ്ങൾ പോലും ഉണ്ടായെന്ന് വരാം.
അദ്ധ്യാപകരുടെ ക്ഷേമം = വിദ്യാർത്ഥികളുടെ ക്ഷേമം എന്ന് സ്കൂളുകൾ തിരിച്ചറിയണം.മൈൻഡ്ഫുൾനെസ് സെഷനുകൾ, പിയർ സർക്കിളുകൾ, പതിവായ കൗൺസിലിംഗ് എന്നിവ അദ്ധ്യാപക പരിശീലനത്തിൻ്റെയും സ്ഥാപനങ്ങളുടെ സംസ്കാരത്തിൻ്റെയും ഭാഗമായി മാറണം.
കുടുംബ പരിപാലകർ: ശ്രദ്ധിക്കപ്പെടാത്ത മാനസികാരോഗ്യ പോരാളികൾ
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വയോജനങ്ങളും ശക്തമായ കുടുംബ ബന്ധങ്ങളും കാരണം ലക്ഷക്കണക്കിന് അനൗപചാരിക കെയർഗിവർമാർ ( Informal Caregivers) ഇവിടെയുണ്ട് — അതായത് വിട്ടുമാറാത്ത രോഗങ്ങൾ, ഡിമെൻഷ്യ, അല്ലെങ്കിൽ വൈകല്യം എന്നിവയുള്ള പ്രിയപ്പെട്ടവരെ പരിചരിക്കുന്ന പങ്കാളികൾ, മക്കൾ, മറ്റ് ബന്ധുക്കൾ. ഇത് ഒരു മഹത്തായ കടമയാണെങ്കിലും, വൈകാരികമായി വളരെയധികം ഊർജം ഊറ്റിക്കളയുന്ന ഒരു റോളാണിത്.
പല കെയർഗിവർമാരും അഭിമുഖീകരിക്കുന്നത്:
- ഉറക്കമില്ലായ്മയും ശാരീരിക ബുദ്ധിമുട്ടും
- ചികിത്സാ ചെലവുകൾ മൂലമുള്ള സാമ്പത്തിക സമ്മർദ്ദം
- വ്യക്തിപരമായ സ്വാതന്ത്ര്യത്തിൻ്റെയും സാമൂഹിക ബന്ധങ്ങളുടെയും നഷ്ടം
- വൈകാരിക ക്ഷീണം, ഇത് പലപ്പോഴും ഉത്കണ്ഠയിലേക്കോ വിഷാദത്തിലേക്കോ നയിക്കുന്നു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (NIMHANS) നടത്തിയ 2022-ലെ ഒരു പഠനം കണ്ടെത്തിയത്, 60%ത്തിലധികം കുടുംബ കെയർഗിവർമാർക്കും മിതമായതോ ഗുരുതരമായതോ ആയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ്.എങ്കിലും, സാംസ്കാരികപരമായ പ്രതീക്ഷകൾ കാരണം അവർ അത് തുറന്നുപറയുന്നതിൽ നിന്ന് പിന്തിരിയുന്നു — “ഞാൻ ശക്തനായിരിക്കണം,
” “എന്നെയാണ് അവർക്ക് കൂടുതൽ ആവശ്യം”
എന്ന ചിന്താഗതിയാണിതിന് കാരണം.നിശബ്ദമായി സഹിക്കുന്നതിനു പകരം, കെയർഗിവർമാർക്ക് കൗൺസിലിംഗ്, ഇടവേളകൾ എടുക്കാനുള്ള (Respite Care) സൗകര്യങ്ങൾ, സാമൂഹിക പിന്തുണ എന്നിവ ലഭിക്കേണ്ടത് അത്യാവശ്യമാണ്.
“സ്വയം ശ്രദ്ധ” (Self-Care) സ്വാർത്ഥതയല്ലാത്തത് എന്തുകൊണ്ട്?
വിശ്രമിക്കാൻ സമയം കണ്ടെത്തുന്നതിനെക്കുറിച്ച് ചികിത്സകർക്ക് പലപ്പോഴും കുറ്റബോധം തോന്നാറുണ്ട്, കാരണം സേവനം ചെയ്യലാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ സ്വയം ശ്രദ്ധ ഒരു ആഢംബരമല്ല, ഉത്തരവാദിത്തമാണ് എന്നാണ് മാനസികാരോഗ്യ വിദഗ്ധർ ഉറപ്പിച്ചു പറയുന്നത്.
ലളിതവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ചില കാര്യങ്ങൾ വലിയ മാറ്റങ്ങൾ വരുത്തും:
1.വൈകാരിക അതിരുകൾ നിശ്ചയിക്കുക: എല്ലാ ഭാരവും ചുമക്കാതെ തന്നെ നിങ്ങൾക്ക് അഗാധമായി സ്നേഹിക്കാനും ശ്രദ്ധിക്കാനും കഴിയും.
2.ഒരു പിന്തുണാ വലയം (Support Circle) ഉണ്ടാക്കുക: പിയർ ഗ്രൂപ്പുകളോ തെറാപ്പി സെഷനുകളോ ഒറ്റപ്പെടൽ തടയും.
3.മൈൻഡ്ഫുൾനെസ് പരിശീലിക്കുക: ധ്യാനം, ദീർഘമായി ശ്വാസമെടുക്കൽ, അല്ലെങ്കിൽ യോഗ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
4.നേരത്തെ തന്നെ പ്രൊഫഷണൽ സഹായം തേടുക: തെറാപ്പി എടുക്കുന്നത് ബലഹീനതയുടെ ലക്ഷണമല്ല; അത് ശക്തിയാണ്.
5.കുറ്റബോധമില്ലാതെ വിശ്രമിക്കുക: ക്ഷീണിച്ച മനസ്സിന് മറ്റൊരാളെ സുഖപ്പെടുത്താൻ കഴിയില്ല.
ഇന്ത്യക്ക് ആവശ്യമുള്ള വ്യവസ്ഥാപരമായ മാറ്റം (Systemic Change)
വ്യക്തിഗതമായ ശ്രദ്ധ പ്രധാനമാണെങ്കിലും, യഥാർത്ഥ രോഗശാന്തിക്ക് വ്യവസ്ഥാപരമായ പരിഷ്കരണങ്ങൾ ആവശ്യമാണ്:
- ആശുപത്രികൾ, സ്കൂളുകൾ, എൻജിഒകൾ എന്നിവിടങ്ങളിൽ ജോലിസ്ഥലത്തെ കൗൺസിലിംഗ് (Workplace counselling) സാധാരണമാക്കണം.
- മാനസികാരോഗ്യ അവധി (Mental Health Days) സാധാരണമാക്കണം.
- ജീവനക്കാരുടെ ക്ഷേമ പരിപാടികൾ (Employee Wellness Programs) ഉൽപ്പാദനക്ഷമതയ്ക്ക് മാത്രമല്ല, വൈകാരിക ക്ഷേമത്തിനും മുൻഗണന നൽകണം.
- നേതാക്കൾക്കുള്ള വൈകാരിക ബുദ്ധി പരിശീലനം (Training in emotional intelligence) കൂടുതൽ സുരക്ഷിതവും സ്നേഹവുമുള്ള തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.
ഇന്ത്യയിലെ മാനസികാരോഗ്യ സംരക്ഷണ നിയമം 2017 (Mental Healthcare Act 2017), മാനസികാരോഗ്യ സംരക്ഷണത്തിനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട് — എന്നാൽ അവബോധം, നടപ്പാക്കൽ, സാംസ്കാരികപരമായ അംഗീകാരം എന്നിവ ഇപ്പോഴും അപൂർണ്ണമാണ്.
ഡോക്ടർമാർ, അധ്യാപകർ, കെയർഗിവർമാർ എന്നിവരാണ് നമ്മുടെ സമൂഹത്തിൻ്റെ വൈകാരികമായ നട്ടെല്ല്. എന്നിട്ടും, അവരുടെ ശക്തിക്ക് പരിധിയുണ്ട് എന്ന് നമ്മൾ പലപ്പോഴും മറന്നുപോകുന്നു.
നമുക്ക് കൂടുതൽ ആരോഗ്യമുള്ള, സന്തോഷമുള്ള ഒരു രാഷ്ട്രം വേണമെങ്കിൽ, നമ്മെ പരിചരിക്കുന്നവരെ ആദ്യം നമ്മൾ ശ്രദ്ധിക്കണം.
“ചികിത്സകൻ സുഖം പ്രാപിക്കുമ്പോൾ രോഗശാന്തി ആരംഭിക്കുന്നു.”
നമ്മുടെ സംരക്ഷകരെ — നമ്മുടെ ലോകത്തെ ഒരുമിപ്പിച്ചു നിർത്തുന്ന ഈ നിശബ്ദ പോരാളികളെ — സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കും നമ്മുടെ സമൂഹത്തിനും ഭരണസംവിധാനത്തിനുമുണ്ട് എന്ന വസ്തുത മറക്കാതിരിക്കാം.




