ഗ്ലൂട്ടാത്തിയോൺ ചികിത്സ: അറിയേണ്ടതെല്ലാം

ഇപ്പോഴത്തെ സൗന്ദര്യ മേഖലയിലെ ട്രെൻഡുകളിൽ പതിവായി കേൾക്കുന്ന വാക്കാണ് ഗ്ലൂട്ടാത്തിയോൺ എന്നത്. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നതു മുതൽ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് വരെയുള്ള ഗുണങ്ങൾ ഉള്ളതിനാൽ ഗ്ളൂട്ടാത്തിയോണിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഗ്ലൂട്ടാത്തിയോൺ ചികിത്സയെക്കുറിച്ചുള്ള വസ്തുതകളും ഗുണങ്ങളും അപകടസാധ്യതകളും എന്തെല്ലാമാണെന്ന് നോക്കാം.
എന്താണ് ഗ്ലൂട്ടാത്തിയോൺ?
നമ്മുടെ ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടാത്തിയോൺ. ഗ്ലൂട്ടാമിൻ, ഗ്ലൈസിൻ, സിസ്റ്റീൻ എന്നീ മൂന്ന് തരം അമിനോ ആസിഡുകൾ ചേർന്നാണ് ഇത് രൂപപ്പെടുന്നത്.
സവിശേഷതകൾ കാരണം,”മാസ്റ്റർ ആന്റിഓക്സിഡന്റ്” എന്നാണ് ഗ്ലൂട്ടാത്തിയോൺ അറിയപ്പെടുന്നത്. ഇത്, നമ്മുടെ ശരീരത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇനിപ്പറയുന്നു:
- കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു.
- ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
- ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു (പ്രത്യേകിച്ച് കരളിന്റെ പ്രവർത്തനം).
- ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
എന്നാൽ, മാനസിക പിരിമുറുക്കം, ആരോഗ്യകരമല്ലാത്ത ഭക്ഷണം, അന്തരീക്ഷ മലിനീകരണം, വാർദ്ധക്യം, ചില പ്രത്യേേക രോഗങ്ങൾ എന്നിവ കാരണം ശരീരത്തിലെ ഗ്ലൂട്ടാത്തിയോണിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, മങ്ങിയ ചർമ്മം, രോഗപ്രതിരോധശേഷിക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകും.
ഗ്ലൂട്ടാത്തിയോൺ ചികിത്സയ്ക്ക് ഇത്രയേറെ പ്രചാരം എന്തുകൊണ്ട്?
ഗ്ലൂട്ടാത്തിയോൺ ചികിത്സ, പ്രത്യേകിച്ച് ഇഞ്ചക്ഷനുകൾ, സപ്ലിമെന്റുകൾ, ഐ വി ഡ്രിപ്പുകൾ എന്നിവ താഴെപ്പറയുന്ന കാര്യങ്ങൾക്കായി വ്യാപകമായി വിപണനം ചെയ്യപ്പെടുന്നു:
- ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും തിളക്കം കൂട്ടുന്നതിനും
- വാർദ്ധക്യത്തെ ചെറുക്കാൻ (anti-aging)
- ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ (Detoxification)
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
- നീർക്കെട്ട് (inflammation) കുറയ്ക്കുന്നതിന്
- കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കും എന്നുള്ളതിനാൽ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഇതിന് വലിയ പ്രചാരമുണ്ട്. എങ്കിലും തൊലി വെളുപ്പിക്കുമെന്ന അവകാശവാദത്തെക്കുറിച്ച് ശാസ്ത്രലോകത്ത് ഇപ്പോഴും ചർച്ചകൾ സജീവമാണ്.
ഗ്ലൂട്ടാത്തിയോൺ ചികിത്സയുടെ വിവിധ രീതികൾ
- ഓറൽ സപ്ലിമെന്റുകൾ: ക്യാപ്‌സ്യൂളുകളായും ടാബ്‌ലെറ്റ് രൂപത്തിലും ലഭ്യമാണ്. മറ്റ് രീതികളുമായി താരതമ്യം ചെയ്യുമ്പോൾ, അകത്തേക്ക് കഴിക്കുന്ന സപ്ളിമെൻ്റുകൾ ശരീരത്തിലേക്ക് കുറഞ്ഞ തോതിലേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ.
- ഇൻട്രാവെനസ് (IV) ഡ്രിപ്പുകൾ: ഈ രീതിയിൽ, ഗ്ലൂട്ടാത്തിയോൺ നേരിട്ട് രക്തത്തിൽ കലരുന്നു. ഇത് വളരെ വേഗത്തിൽ ഫലം നൽകുമെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ക്ലിനിക്കുകളിൽ ഈ രീതിയാണ് സാധാരണയായി ഉപയോഗിക്കുന്നത്.
- ഇഞ്ചക്ഷനുകൾ: ഐ വി ഡ്രിപ്പുകൾക്ക് സമാനമാണെങ്കിലും ചെറിയ അളവിലാണ് ഇത് നൽകുന്നത്. സൗന്ദര്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുക്കളായവരിൽ ഈ രീതിക്ക് നല്ല പ്രചാരമുണ്ട്.
- ടോപ്പിക്കൽ ക്രീമുകൾ: ചർമ്മത്തിലെ ചില പ്രത്യേക പ്രശ്നങ്ങൾക്ക് ഇത് തൊലിപ്പുറമെ ഉപയോഗിക്കുന്നു. ഇത്തരത്തിൽ ഉപയോഗിക്കുന്നതിൻ്റെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രീയമായ പിൻബലം: ഗവേഷണങ്ങൾ പറയുന്നത്
വാർദ്ധക്യാവസ്ഥയ്ക്കും വിട്ടുമാറാത്ത പല രോഗങ്ങൾക്കും കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിൽ ഗ്ലൂട്ടാത്തിയോണിന്റെ ആന്റിഓക്സിഡന്റ് പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന്റെ വിഷാംശം നീക്കം ചെയ്യാനുള്ള കഴിവ്, കരളിന് ദോഷകരമായ വസ്തുക്കളെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകൾ ഇന്നും പൂർണ്ണമായി ലഭ്യമായിട്ടില്ല. ചില ക്ലിനിക്കൽ ട്രയലുകൾ ചർമ്മത്തിന്റെ നിറത്തിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും മറ്റ് പഠനങ്ങളിൽ കാര്യമായ ഫലപ്രാപ്തി പറയുന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഉയർന്ന ഡോസിലോ, അല്ലെങ്കിൽ ദീർഘകാലത്തേക്കോ ചെയ്യുന്ന ഐ വി ഗ്ലൂട്ടാത്തിയോൺ ചികിത്സകൾക്ക് അപകടസാധ്യതകളുണ്ട്.
- സുരക്ഷാ പ്രശ്നങ്ങൾ കാരണം ചില രാജ്യങ്ങളിൽ ഇതിന് നിയന്ത്രണങ്ങളുണ്ട്.
- ഏതെങ്കിലും തരത്തിലുള്ള ഗ്ലൂട്ടാത്തിയോൺ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്.
ആർക്കാണ് ഗ്ലൂട്ടാത്തിയോൺ ചികിത്സ ഗുണകരമാകുക?
- കരൾ രോഗങ്ങളുള്ളവർക്ക് (ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് പോലുള്ളവ)
- സ്ഥിരമായി ഓക്സിഡേറ്റീവ് സ്ട്രെസ് അനുഭവിക്കുന്നവർക്ക് (മലിനീകരണം, പുകവലി, മോശം ഭക്ഷണം എന്നിവ കാരണം)
- വാർദ്ധക്യത്തെ ചെറുക്കാൻ ആഗ്രഹിക്കുന്നവർക്ക്
- കീമോതെറാപ്പി പോലുള്ള ചില ചികിത്സകളിൽ നിന്ന് സുഖം പ്രാപിച്ചു വരുന്ന രോഗികൾക്ക് (ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം)
പാർശ്വഫലങ്ങൾ
സാധാരണയായി ഗ്ലൂട്ടാത്തിയോൺ സുരക്ഷിതമാണെങ്കിലും, അമിതമായോ തെറ്റായ രീതിയിലോ ഉപയോഗിക്കുമ്പോൾ ചില പാർശ്വഫലങ്ങൾക്ക് സാദ്ധ്യതയുണ്ട്:
- ഓക്കാനം അല്ലെങ്കിൽ വയറുവേദന (ഓറൽ സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ)
- അലർജി (അപൂർവ്വം)
- ദീർഘകാലം ഉപയോഗിക്കുമ്പോൾ ശരീരത്തിലെ സിങ്കിന്റെ അളവ് കുറയാൻ സാധ്യത.
- തുടർച്ചയായുള്ള ഐ വി ഉപയോഗത്തിന്റെ അനന്തരഫലങ്ങൾ ഇനിയും പൂർണ്ണമായി തിരിച്ചറിയപ്പെട്ടിട്ടില്ല.
നിങ്ങൾക്ക് അനുയോജ്യമാണോ?
ആന്റിഓക്സിഡന്റ് എന്ന നിലയിലും വിഷാംശം നീക്കം ചെയ്യുന്ന ഏജന്റ് എന്ന നിലയിലും ഗ്ലൂട്ടാത്തിയോൺ ചികിത്സയ്ക്ക് ആരോഗ്യ ഗുണങ്ങളുണ്ട് എന്നത് യാഥാർത്ഥമാണ്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സൗന്ദര്യവർദ്ധക മാർഗ്ഗമെന്ന നിലയിൽ ഇതിന്റെ പ്രചാരം വർധിക്കുന്നുണ്ടെങ്കിലും വ്യക്തികൾക്കനുസരിച്ച് ഇത് നൽകുന്ന ഫലവും വ്യത്യാസപ്പെടാം. മാത്രമല്ല, ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഇപ്പോഴും പരിമിതമാണുതാനും.
ചികിൽസയായോ സൗന്ദര്യവർദ്ധനവിനോ ഗ്ലൂട്ടാത്തിയോൺ ചികിത്സ പരിഗണിക്കുകയാണെങ്കിൽ:
- ഒരു ഡോക്ടറുമായി കൂടിയാലോചിക്കുക.
- ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഐ വി ചികിത്സകളോ ഇഞ്ചക്ഷനുകളോ എടുക്കുന്നത് ഒഴിവാക്കുക.
- ബ്രൊക്കോളി, ചീര, വെളുത്തുള്ളി, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ സ്വാഭാവിക ഗ്ലൂട്ടാത്തിയോൺ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഗ്ലൂട്ടാത്തിയോൺ ഒരു മാന്ത്രിക പരിഹാരമല്ല, പക്ഷേ വാർദ്ധക്യം, രോഗങ്ങൾ, പരിസ്ഥിതി വരുത്തുന്ന സമ്മർദ്ദം എന്നിവയ്ക്കെതിരായി ശരീരം നടത്തുന്ന പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിൽ ഇതിന് നിർണായക പങ്കുണ്ട്. ശരിയായ മാർഗ്ഗനിർദ്ദേശങ്ങളോടെ, ഗ്ലൂട്ടാത്തിയോൺ ചികിത്സ നിങ്ങളുടെ ആരോഗ്യ ചര്യയുടെ ഭാഗമാക്കാൻ സാധിക്കും. എന്നാൽ, ശാസ്ത്രീയ പിന്തുണയോടെയും വിദഗ്ധ ഡോക്ടറുടെ നിർദ്ദേശമനുസരിച്ചും ഉപയോഗിക്കുമ്പോൾ മാത്രമേ, ചികിൽസ സുരക്ഷിതവും ഫലപ്രദവും ആകുകയുള്ളൂ എന്ന കാര്യം മറക്കരുത്.
References :
2. Glutathione as a skin whitening agent: Facts, myths, evidence and controversies
3. Glutathione as an oral whitening agent: a randomized, double-blind, placebo-controlled study




