തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നാറുണ്ടോ? ഗ്ലോബസ് സെൻസേഷൻ ആകാം

ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പ്രശ്നമില്ല, പക്ഷെ തൊണ്ടയിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നുണ്ട്. എത്ര വെള്ളം കുടിച്ചാലും തൊണ്ട ക്ളിയർ ചെയ്താലും ആ തടസ്സം മാറുന്നില്ല. ഇങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇതാണ് ഗ്ലോബസ് ഫാരിഞ്ചിയസ് (Globus Pharyngeus). പലരെയും അലട്ടുന്നതും കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതുമായ ഒരവസ്ഥയാണിത്.
എന്താണ് ഈ ഗ്ലോബസ് സെൻസേഷൻ?
തൊണ്ടയിൽ മുഴ വന്നപോലെ, തടസ്സമുള്ളതുപോലെ, ഉള്ള തോന്നലാണ് ‘ഗ്ലോബസ് സെൻസേഷൻ’. ശരിക്കും പരിശോധിച്ചാൽ ശാരീരികമായ തടസ്സങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പലപ്പോഴും മെഡിക്കൽ പരിശോധനകളിൽ കുഴപ്പങ്ങളൊന്നും കാണില്ല, ഇത് രോഗിയെ കൂടുതൽ ആശങ്കയിലാക്കുകയും ചെയ്യും.
അപകടകരമായ ഒരു അവസ്ഥയല്ല ഇതെങ്കിലും അതനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വല്ലാത്ത അസ്വസ്ഥതയുണ്ടാകും.
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
നമ്മുടെ വികാരങ്ങളുമായും നാഡീവ്യൂഹവുമായും തൊണ്ടയ്ക്ക് വലിയ ബന്ധമുണ്ട്. തൊണ്ടയിൽ തടസ്സം പോലെ തോന്നാനുള്ള പ്രധാന കാരണങ്ങൾ ഇനിപ്പറയുന്നു:
- മാനസിക സമ്മർദ്ദവും ഉത്കണ്ഠയും: മനസ്സിന് അമിതമായ ടെൻഷനോ പേടിയോ ഉണ്ടാകുമ്പോൾ അത് തൊണ്ടയിലെ പേശികളെ ബാധിക്കാറുണ്ട്.
- പേശികളുടെ വലിഞ്ഞുമുറുകൽ: കഴുത്തിലെയും തൊണ്ടയിലെയും പേശികൾ അമിതമായി മുറുകുന്നത് ഇത്തരമൊരു തടസ്സം അനുഭവപ്പെടാൻ കാരണമാകും.
- ആസിഡ് റിഫ്ളക്സ്: വയറ്റിലെ ആസിഡ് ഭക്ഷണനാളിയിലൂടെ മുകളിലേക്ക് വരുന്നത് തൊണ്ടയിൽ വീക്കമോ അസ്വസ്ഥതയോ ഉണ്ടാക്കാം.
- നീർക്കെട്ട് : ജലദോഷമോ അലർജിയോ കാരണം മൂക്കിൽ നിന്നുള്ള ദ്രവം തൊണ്ടയിലേക്ക് ഇറങ്ങുന്നത് തടസ്സമായി തോന്നാം.
- ഇരിപ്പിലെ അപാകതകൾ : മണിക്കൂറുകളോളം ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ നോക്കി ഇരിക്കുന്നത് കഴുത്തിലെ പേശികൾക്ക് ആയാസമുണ്ടാക്കുകയും ഈ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
ശാരീരികവും മാനസികവുമായ കാരണങ്ങൾ ഒത്തുചേരുമ്പോഴാണ് പലപ്പോഴും ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
മനസ്സും ശരീരവും തമ്മിലുള്ള ബന്ധം
തൊണ്ട, നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന ഘടകമാണ്. സംസാരിക്കാനും കാര്യങ്ങൾ പങ്കുവെയ്ക്കാനും വികാരങ്ങൾ പറഞ്ഞുമനസ്സിലാക്കാനും നമ്മൾ തൊണ്ടയെ ആശ്രയിക്കുന്നു. എന്നാൽ പറയേണ്ട കാര്യങ്ങൾ പറയാതെ ഉള്ളിൽ ഒതുക്കുമ്പോൾ, ആ മാനസിക സമ്മർദ്ദം ശരീരത്തിൽ വലിഞ്ഞുമുറുകലായി പ്രത്യക്ഷപ്പെടാറുണ്ട്.
താഴെ പറയുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരിലാണ് ഇത്തരം അസ്വസ്ഥതകൾ കൂടുതലായി കണ്ടുവരുന്നത്:
- കടുത്ത ദുഃഖം
- അടിച്ചമർത്തപ്പെട്ട വികാരങ്ങൾ
- വിട്ടുമാറാത്ത ഉത്കണ്ഠ
- സാമൂഹിക ഉത്കണ്ഠ
ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടുന്ന സമയത്ത്, വൈദ്യപരിശോധനയിൽ കുഴപ്പങ്ങളൊന്നും കാണില്ലെങ്കിലും, തൊണ്ടയിൽ കടുത്ത മുറുക്കമോ തടസ്സമോ അനുഭവപ്പെടാം.
അസ്വസ്ഥതകൾ കൂടുന്നതെപ്പോൾ?
നമ്മൾ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ പലപ്പോഴും ഈ ബുദ്ധിമുട്ട് വർദ്ധിപ്പിക്കാറുണ്ട്:
- ഇടയ്ക്കിടെ തൊണ്ട ശരിയാക്കുന്നത് (Throat clearing)
- അമിതമായ ആശങ്ക
- ലക്ഷണങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ നിരന്തരമായി തിരയുന്നത്: ഗൂഗിളിലും മറ്റും ലക്ഷണങ്ങൾ തിരയുന്നത് പലപ്പോഴും അനാവശ്യ ഭീതി സൃഷ്ടിക്കും.
- ഗുരുതരമായ രോഗമാണെന്ന പേടി
ഉത്കണ്ഠ കൂടുന്നതിനനുസരിച്ച് ഈ അസ്വസ്ഥതയും കൂടിക്കൊണ്ടിരിക്കും എന്നതാണ് വാസ്തവം.
പരിഹാരമാർഗ്ഗങ്ങൾ
ലളിതമായ ചില കാര്യങ്ങളിലൂടെ നമുക്ക് ഈ അവസ്ഥയെ മറികടക്കാം:
ദീർഘമായ ശ്വാസോച്ഛ്വാസം
കഴുത്തിനുള്ള വ്യായാമങ്ങൾ
ധ്യാനം (Meditation)
സ്പീച്ച് തെറാപ്പി
അസിഡിറ്റി നിയന്ത്രണം
വികാരങ്ങൾ അടക്കിവെയ്ക്കാതെ എഴുതുന്നതോ (Journaling) അല്ലെങ്കിൽ ഒരു കൗൺസിലറോട് സംസാരിക്കുന്നതോ ഗുണം ചെയ്യും.
എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടത്?
സാധാരണഗതിയിൽ ഗ്ലോബസ് സെൻസേഷൻ അപകടകാരിയല്ലെങ്കിലും, താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തണം:
- ഭക്ഷണം ഇറക്കുമ്പോൾ വേദന അനുഭവപ്പെടുക.
- അകാരണമായി ശരീരഭാരം കുറയുക.
- ശബ്ദം എപ്പോഴും അടഞ്ഞിരിക്കുന്നത് പോലെ അനുഭവപ്പെടുക.
- ഉമിനീരിലോ കഫത്തിലോ രക്തത്തിന്റെ അംശം കാണുക.
ഇതൊരു വലിയ രോഗമല്ല എന്ന തിരിച്ചറിവ് തന്നെ പകുതി ആശ്വാസം നൽകും.
പേടിക്കുന്നതിന് പകരം സ്വന്തം മനസ്സിനെയും ശരീരത്തെയും സ്നേഹത്തോടെയും കരുതലോടെയും കേൾക്കാൻ ശ്രമിക്കുക. അത് ആരോഗ്യസംരക്ഷണത്തിൽ വലിയ തോതിൽ ഗുണം ചെയ്യും.




