ഗർഭകാല പ്രമേഹം: കുഞ്ഞിൻ്റെ ആരോഗ്യത്തെ ബാധിക്കുമോ?

പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാനും മനസ്സിലെപ്പോഴും സന്തോഷം നിലനിർത്താനും കൃത്യമായുറങ്ങാനുമെല്ലാം ശ്രദ്ധിക്കുന്ന ഗർഭകാലത്ത് അപ്രതീക്ഷിതമായ ആശങ്ക നൽകുന്ന ഒന്നാണ് പ്രമേഹം.
ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് ജെസ്റ്റേഷണൽ ഡയബെറ്റിസ് (gestational diabetes mellitus) അഥവാ ജി ഡി എം (GDM) . ഗർഭകാല പ്രമേഹം കണ്ടെത്തിയാൽ പലർക്കും ഭയവും ഉത്കണ്ഠയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ശരിയായ പരിചരണത്തിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയും വിദഗ്ധഡോക്ടറുടെ ചികിൽസ ഉറപ്പുവരുത്തിയും ഗർഭകാല പ്രമേഹമുള്ള സ്ത്രീകൾക്ക് ആശങ്കകൾ ഇല്ലാത്ത ഗർഭകാലം പിന്നിട്ട്, ആരോഗ്യമുള്ള കുഞ്ഞിനെ സ്വീകരിക്കാനാകും.
എന്താണ് ഗർഭകാല പ്രമേഹം?
ഗർഭകാലത്ത് ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനോ അല്ലെങ്കിൽ അത് ഫലപ്രദമായി ഉപയോഗിക്കാനോ കഴിയാതെ വരുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാകുന്നത്. മറുപിള്ളയിൽ നിന്നുള്ള ഹോർമോണുകൾ കാരണം അമ്മയുടെ ശരീരം ഇൻസുലിനോട് പ്രതികരിക്കാതിരിക്കുകയും ചില സന്ദർഭങ്ങളിൽ പാൻക്രിയാസിന് വർദ്ധിച്ചുവരുന്ന ആശ്യത്തിനനുസരിച്ച് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
- ആഗോളതലത്തിലെ കണക്ക്: ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷന്റെ (IDF) കണക്കനുസരിച്ച്, ലോകമെമ്പാടും ഏകദേശം 14% ഗർഭിണികളിൽ ഈ പ്രമേഹം ബാധിക്കുന്നുണ്ട്.
- അപകടസാധ്യത: അമിതഭാരം, കുടുംബത്തിൽ പ്രമേഹ ചരിത്രമുള്ളവർ, മുൻപ് ഗർഭകാല പ്രമേഹം ഉണ്ടായിട്ടുള്ളവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) ഉള്ളവർ, അല്ലെങ്കിൽ 25 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ എന്നിവർക്ക് ഗർഭകാല പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
ഗർഭകാല പ്രമേഹമുണ്ടെങ്കിലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുമോ ?
ഗർഭകാല പ്രമേഹമുള്ള മിക്ക സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭകാലവും ആരോഗ്യകരമായ കുഞ്ഞുങ്ങളെയും ലഭിക്കാറുണ്ട്. അതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
1. രക്തത്തിലെ പഞ്ചസാരയുടെ അളവ് കർശനമായി നിരീക്ഷിക്കുക: ഭക്ഷണത്തിന് മുൻപുള്ളതും ശേഷമുള്ളതുമായ ഗ്ലൂക്കോസിൻ്റെ തോത് ആരോഗ്യകരമായ രീതിയിൽ നിലനിർത്തുന്നത് സങ്കീർണ്ണതകൾ കുറയ്ക്കുന്നു.
2.നല്ല ഭക്ഷണം: ധാന്യങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം വളരെ പ്രധാനമാണ്. ചെറിയ അളവിലുള്ള ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
3.വ്യായാമം: നടത്തം, ഗർഭകാല യോഗ, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ മിതമായി ചെയ്യുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും.
4.വിദഗ്ധ ചികിൽസ: ചില സ്ത്രീകൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇൻസുലിൻ ഇഞ്ചക്ഷനുകളോ ഗുളികകളോ ആവശ്യമായി വന്നേക്കാം.
5.ഗർഭകാല പരിചരണം: ഇടയ്ക്കിടെയുള്ള പരിശോധനകളും സ്കാനുകളും ഭ്രൂണത്തിന്റെ വളർച്ച ഉറപ്പാക്കാൻ സഹായിക്കും.
ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ
കൃത്യമായ പരിചരണമില്ലെങ്കിൽ, ഗർഭകാല പ്രമേഹം താഴെ പറയുന്ന കാര്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും:
- കുഞ്ഞിന്: കൂടിയ ശരീരഭാരം (മാക്രോസോമിയ), ശ്വാസതടസ്സം, ജനനസമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, അല്ലെങ്കിൽ ഭാവിയിൽ അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും വരാനുള്ള ഉയർന്ന സാധ്യത.
- അമ്മയ്ക്ക്: സിസേറിയൻ പ്രസവം, പ്രീക്ലാംപ്സിയ (അമിത രക്തസമ്മർദ്ദം), ഭാവിയിൽ ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കും.
അപകടസാധ്യതകൾ കുറയ്ക്കാം, കുഞ്ഞിനെ സംരക്ഷിക്കാം
- പോഷകാഹാരത്തിന് പ്ളാൻ വേണം: ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ അനുയോജ്യമായ ഭക്ഷണക്രമം തയ്യാറാക്കുക.
- ബ്ളഡ് ഷുഗർ കുറിച്ചുവെയ്ക്കുക: ഇത് രേഖപ്പെടുത്തി വെയ്ക്കുന്നത് ഡോക്ടർക്ക് എളുപ്പത്തിൽ ചികിൽസ ക്രമീകരിക്കാൻ സഹായിക്കും.
- മരുന്നുകളിൽ കൃത്യത പാലിക്കണം: നിർദ്ദേശിച്ചിട്ടുള്ള ഇൻസുലിൻ അല്ലെങ്കിൽ മറ്റ് മരുന്നുകൾ കൃത്യമായി എടുക്കുക.
- പ്രസവശേഷമുള്ള പരിചരണം: പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തും. എങ്കിലും, 6-12 ആഴ്ചകളിൽ തുടർ പരിശോധന നടത്തുന്നത് അത്യാവശ്യമാണ്.
പോസിറ്റീവായ കാഴ്ചപ്പാട്
“ഗർഭകാല പ്രമേഹം വന്നാൽ എൻ്റെ കുഞ്ഞിന് പ്രശ്നമാകുമോ?” എന്ന് പല സ്ത്രീകളും ആശങ്കപ്പെടാറുണ്ട്. എന്നാൽ വേണ്ട വിധം ശ്രദ്ധിച്ചാൽ ആ പ്രശ്നം ഉണ്ടാകില്ല. കൃത്യമായ അവബോധം, ചിട്ടയായ ജീവിതം, വൈദ്യസഹായം – ഇവയ്ക്ക് പ്രാധാന്യം നൽകിയാൽ ഗർഭകാലം സന്തോഷകരമാക്കാൻ സാധിക്കും.
ഗർഭകാലത്തെ ഹോർമോണുകളുടെ സ്വാധീനം, ജനിതക ഘടകങ്ങൾ, ജീവിതശൈലി എന്നിവയുടെ ഫലമായാണ് ഗർഭിണിക്ക് പ്രമേഹം വരുന്നത്.. നേരത്തെയുള്ള രോഗനിർണ്ണയവും സ്ഥിരമായ പരിചരണവുമാണ് ഏറ്റവും പ്രധാനം. ആശങ്കയില്ലാതെ ഗർഭകാലം പിന്നിട്ട് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ മതി.
References
- American Diabetes Association. Standards of Medical Care in Diabetes—2024. Diabetes Care.
- Farrar D. Hyperglycemia and risk of adverse perinatal outcomes: systematic review and meta-analysis. BMJ. 2016;354:i4694.
- International Diabetes Federation (IDF). Gestational Diabetes Fact Sheet.
അവബോധമാണ് ആരോഗ്യത്തിലേക്കുള്ള ആദ്യചുവടെന്ന് nellikka.life വിശ്വസിക്കുന്നു. സ്നേഹത്തിൻ്റെയും പരിചരണത്തിൻ്റെയും ഗർഭകാലം പിന്നിട്ട് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യത്തോടെ ജീവിക്കാൻ ഈ അവബോധം വഴികാട്ടുമെന്നുറപ്പ്!




