നെഞ്ചെരിച്ചിലുണ്ടോ? നിസ്സാരമായി കാണല്ലേ; GERD നെക്കുറിച്ച് അറിഞ്ഞിരിക്കാം

വയറു നിറയെ ഭക്ഷണം കഴിച്ചാൽ, അല്ലെങ്കിൽ അമിതമായി കാപ്പി കുടിച്ചാൽ പലർക്കും നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ നെഞ്ചിലെ ഈ അസ്വസ്ഥതയും പുകച്ചിലും സ്ഥിരമായി അനുഭവപ്പെട്ടാൽ അത് ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കും. ഈ ബുദ്ധിമുട്ട്, സാധാരണ നെഞ്ചെരിച്ചിൽ ആയിരിക്കില്ല. ഇത്, ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (Gastroesophageal Reflux Disease – GERD) എന്ന ദീർഘകാല രോഗാവസ്ഥയാകാം.ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ഈ പ്രശ്നം സഹിച്ച് ജീവിക്കുന്നുണ്ട്. പലരും അതിൻ്റെ ഗൗരവം മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
GERD – ശാസ്ത്രവും രോഗവ്യാപനവും
ദഹനം എളുപ്പമാക്കാനായി ആമാശയത്തിൽ ആസിഡുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് അന്നനാളത്തിലേക്ക് തികട്ടി വരുന്നതാണ് ജി ഇ ആർ ഡി എന്ന രോഗാവസ്ഥക്ക് കാരണം. അന്നനാളത്തിൽ നിന്നും ആമാശയത്തിലെ ആസിഡ് തിരിച്ചൊഴുകുമ്പോൾ , അന്നനാളത്ത പൊതിഞ്ഞിരിക്കുന്ന സ്തരത്തിന് അസ്വസ്ഥതയുണ്ടാകുന്നു. അന്നനാളത്തിൽ നിന്ന് ആമാശയത്തെ വേർതിരിക്കുന്ന ഭാഗത്ത് ലോവർ ഈസോഫാഗൽ സ്ഫിൻക്റ്റർ (LES) എന്നറിയപ്പെടുന്ന പേശീനിർമ്മിതമായ ഒരു വാൽവുണ്ട്. ആമാശയത്തിലേക്ക് മാത്രം തുറക്കാൻ കഴിയുന്ന ഈ വാൽവ്, ആഹാരം അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് എത്തിയാലുടൻ അടയുകയും ആഹാരവും ആസിഡുകളും തിരികെ പ്രവഹിക്കുന്നത് തടയുകയും ചെയ്യുന്നു. എന്നാൽ GERD ഉള്ളവരിൽ, ഈ LES വാൽവിന് ബലക്കുറവുണ്ടാകുകയോ, അല്ലെങ്കിൽ അസമയത്ത് അയയുകയോ ചെയ്യാം. ഇത് ആസിഡിനെ അന്നനാളത്തിന്റെ ഉൾഭാഗത്തേക്ക് കടത്തിവിടുകയും അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു.
- ആഗോളതലത്തിൽ: ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ ഏകദേശം 10–20% ആളുകളെ GERD ബാധിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
- ഇന്ത്യയിൽ: ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, വ്യായാമമില്ലാത്ത ജീവിതശൈലി, മാനസിക സമ്മർദ്ദം എന്നിവ കാരണം ഇന്ത്യയിലും GERD രോഗികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. നഗരവാസികൾക്കിടയിലാണ് അസുഖം കൂടുതലായി കാണപ്പെടുന്നത്.
അവഗണിക്കരുതാത്ത അപകട സാദ്ധ്യതകൾ
ചില ശീലങ്ങളും സാഹചര്യങ്ങളും GERD വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു:
- ഭക്ഷണരീതി: അമിതമായ എരിവ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കാപ്പി, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ (സോഡ പോലുള്ളവ) എന്നിവയുടെ ഉപയോഗം.
- ജീവിതശൈലി പ്രശ്‌നങ്ങൾ: വ്യായാമം ഇല്ലാത്ത ജീവിതം, പുകവലി, അമിതവണ്ണം (Obesity).
- ശാരീരിക കാരണങ്ങൾ: ഹയാറ്റൽ ഹെർണിയ (Hiatal Hernia), ഗർഭാവസ്ഥ, ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തേക്ക് പോകുന്നതിന് കാലതാമസം വരിക.
- മരുന്നുകൾ: ചില വേദനസംഹാരികൾ, ആന്റിഹിസ്റ്റമിനുകൾ, ആന്റിഡിപ്രസന്റുകൾ തുടങ്ങിയ മരുന്നുകളും ആസിഡ് റിഫ്ലക്സ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ, സങ്കീർണ്ണത
നെഞ്ചെരിച്ചിലും പുളിച്ചു തികട്ടി വരുന്നതും (Regurgitation) ആണ് GERD യുടെ പ്രധാന ലക്ഷണങ്ങൾ എങ്കിലും, അസിഡിറ്റിയുമായി ബന്ധപ്പെട്ടല്ലാതെ, മറ്റു പല രൂപങ്ങളിലും ഈ രോഗം പ്രകടമാവാറുണ്ട്:
- സാധാരണ ലക്ഷണങ്ങൾ
:നെഞ്ചിൽ പുകച്ചിൽ അല്ലെങ്കിൽ എരിച്ചിലുള്ളതുപോലെ തോന്നുക. ഇത് രാത്രിയിലോ ഭക്ഷണം കഴിച്ച ശേഷമോ കൂടാൻ സാധ്യതയുണ്ട്.വായിൽ പുളിയോ കയ്പ്പോ ഉള്ള ദ്രാവകം വരുന്നതും വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ഈ ലക്ഷണങ്ങളിൽ ഉൾപ്പെടും.
പരോക്ഷ ലക്ഷണങ്ങൾ:ഇത്തരം ലക്ഷണങ്ങളെ പൊതുവെ പലരും ശ്വാസകോശ സംബന്ധമായ അസുഖമായി തെറ്റിദ്ധരിക്കാറുണ്ട്. സ്ഥിരമായ ചുമ, തൊണ്ടവേദനയും അടഞ്ഞ ശബ്ദവും, ആസ്ത്മ പോലെ തോന്നിക്കുന്ന ശ്വാസമെടുപ്പിലെ ബുദ്ധിമുട്ടുകൾ.
ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന സങ്കീർണ്ണതകൾ
GERD ദീർഘകാലത്തേക്ക് ചികിത്സിക്കാതെ അവഗണിച്ചാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം:
- ഈസോഫാഗൈറ്റിസ്: അന്നനാളത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്
- ഈസോഫാഗൽ സ്ട്രിക്ചർ: വടുക്കൾ കാരണം അന്നനാളത്തിന്റെ ഉൾവ്യാസം കുറയുക.
- ബാരറ്റ്സ് ഈസോഫാഗസ് : കാൻസറിന് മുന്നോടിയായുള്ള അവസ്ഥ.
- അന്നനാളത്തിലെ അഡിനോകാർസിനോമ എന്ന കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.
പ്രതിരോധവും പരിപാലനവും
GERD യെ നിയന്ത്രിക്കുന്നതിൽ മരുന്നുകളേക്കാൾ പ്രധാനം ജീവിതശൈലിയിലെ മാറ്റങ്ങളാണ്.
ജീവിതശൈലി മാറ്റിയെടുക്കാം
- ഭക്ഷണം: ചെറിയ അളവിൽ ഇടവിട്ട് കഴിക്കുക. രാത്രി ഏറെ വൈകി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ചോക്ലേറ്റ്, കാപ്പി, മദ്യം, അമിതമായ എരിവ് തുടങ്ങിയ അസ്വസ്ഥതയുണ്ടാക്കുന്ന ഭക്ഷണങ്ങൾ കുറയ്ക്കുക.
- ഭാരം നിയന്ത്രിക്കുക: വയറിന് ചുറ്റുമുള്ള കൊഴുപ്പ് (Abdominal obesity) കുറയ്ക്കുന്നത് ആമാശയത്തിലെ മർദ്ദം കുറയ്ക്കാൻ സഹായിക്കും.
- ഉറക്ക ശീലങ്ങൾ: കട്ടിലിന്റെ തലഭാഗം ഉയർത്തി വയ്ക്കുന്നത് റിഫ്ലക്സ് കുറയ്ക്കാൻ നല്ലതാണ്. ഭക്ഷണം കഴിച്ചയുടൻ കിടക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
- പുകവലിയും മദ്യപാനവും നിർത്തുക: ഇവ രണ്ടും LES വാൽവിനെ ദുർബലപ്പെടുത്തുകയും റിഫ്ലക്സ് വർദ്ധിപ്പിക്കുകയും ചെയ്യും.
ചികിത്സാ രീതി:
ജി ഇ ആർ ഡിക്ക് പല ഘട്ടങ്ങളിലായാണ് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നത്.
- ആന്റാസിഡുകൾ (Antacids): ആമാശയത്തിലെ ആസിഡിനെ ഉടൻ നിർവീര്യമാക്കുകയും ദ്രുതഗതിയിൽ ആശ്വാസം നൽകുകയും ചെയ്യുന്നു.
- H2 റിസപ്റ്റർ ബ്ലോക്കറുകൾ (H2 receptor blockers): ഇവ ആസിഡിന്റെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു (ഉദാഹരണത്തിന്, റാനിറ്റൈഡിൻ).
- പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകൾ (PPIs): ഒമേപ്രസോൾ, പാൻടോപ്രസോൾ പോലുള്ള മരുന്നുകൾ ആസിഡ് ഉത്പാദനം വളരെയധികം കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
- ശസ്ത്രക്രിയ: മരുന്നുകളോട് പ്രതികരിക്കാത്ത, ഗുരുതരമായ ജി ഇ ആർ ഡി ഉള്ളവർക്ക് ഫണ്ടോപ്ലിക്കേഷൻ (Fundoplication) പോലുള്ള ശസ്ത്രക്രിയകളോ, പുതിയ എൻഡോസ്കോപ്പിക് ചികിത്സകളോ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.
നവീന സമീപനങ്ങൾ
കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ, കൃത്യതയോടെയുള്ള ജീവിതശൈലി മാറ്റങ്ങൾ എന്നിവയും GERD ചികിത്സയിൽ സഹായകരമായേക്കാം എന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക്:
GERD എന്നത് വെറും അസിഡിറ്റി മാത്രമല്ല. ശ്രദ്ധിക്കാത്ത പക്ഷം ഇത് കാൻസർ സാധ്യത ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം. തുടക്കത്തിൽ തിരിച്ചറിയുന്നതിലൂടെയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ശരിയായ ചികിത്സയിലൂടെയും ഈ രോഗാവസ്ഥയെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും എന്നത് ഏറെ പ്രതീക്ഷ നൽകുന്നു.
ശരീരം ചിലപ്പോൾ വലിയ സങ്കീർണ്ണതകളിലേക്ക് പോകും മുൻപ് ചില ചെറിയ മുന്നറിയിപ്പുകൾ നൽകും. അത് അവഗണിക്കാതിരിക്കുക. തുടക്കത്തിലെ വൈദ്യസഹായം തേടുക. പതിവായുള്ള നെഞ്ചെരിച്ചിലിനെ അവഗണിക്കാതിരിക്കുക. ജി ഇ ആർ ഡി ആരോഗ്യത്തിന് പ്രതിസന്ധിയാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.
References :
2. Symptomatic Gastroesophageal Reflux as a Risk Factor for Oesophageal Adenocarcinoma
3. Guidelines for the Diagnosis and Management of Gastroesophageal Reflux Disease




