പാരമ്പര്യ അർബുദത്തെ ചെറുക്കാം, ജനിതക പരിശോധനയിലൂടെ: അറിയേണ്ടതെല്ലാം

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ജനിതക മാറ്റങ്ങളാണ് മിക്ക അർബുദങ്ങൾക്കും കാരണം. എന്നാൽ, ചിലപ്പോൾ അർബുദം കുടുംബത്തിലൂടെ കൈമാറി വരുന്ന ജനിതക വ്യതിയാനങ്ങൾ മൂലമാകാം. അത്തരം പാരമ്പര്യ വ്യതിയാനങ്ങൾ കണ്ടെത്താൻ ജനിതക പരിശോധന സഹായിക്കുന്നു. ഈ പരിശോധനയിലൂടെ നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും ഭാവിയിൽ അർബുദം വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. ഇത് രോഗനിർണയത്തിനും വേണ്ടിവന്നാൽ ചികിത്സാരീതികൾ തിരഞ്ഞെടുക്കുന്നതിനും സഹായിക്കും.
എല്ലാ അർബുദങ്ങളുടെയും 5-10% പാരമ്പര്യമായി ബാധിക്കുന്നതാണെന്നാണ് കണക്ക്. അതുകൊണ്ട് ഈ പരിശോധനയെക്കുറിച്ച് അറിയുന്നത് വളരെ പ്രധാനമാണ്.[1]
1) എന്താണ് ഈ ജനിതക പരിശോധന?
പാരമ്പര്യമായി (germline) വരുന്ന അർബുദത്തെ കണ്ടെത്താനുള്ള പരിശോധനയിൽ, നമ്മുടെ ഡിഎൻഎ വിശകലനം ചെയ്യുന്നു. ഇതിനായി രക്തമോ ഉമിനീരോ ആണ് ഉപയോഗിക്കുക. BRCA1/BRCA2, Lynch syndrome തുടങ്ങിയ അർബുദങ്ങൾക്ക് കാരണമാകുന്ന പാരമ്പര്യ വ്യതിയാനങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുന്നു.[2]
ട്യൂമർ പരിശോധനയും ജനിതക പരിശോധനയും തമ്മിൽ വ്യത്യാസമുണ്ടോ?
ഉണ്ട്. ട്യൂമർ പരിശോധന (somatic) ഒരു അർബുദ കോശത്തിന്റെ ഡിഎൻഎയെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്നു. ഇത് രോഗ ചികിത്സയ്ക്ക് വേണ്ട വിവരങ്ങൾ നൽകുന്നു. എന്നാൽ, പാരമ്പര്യമായി അർബുദം വരാനുള്ള സാധ്യത മനസ്സിലാക്കാൻ പ്രത്യേകമായി നടത്തുന്ന ജനിതക പരിശോധനയാണ് കൂടുതൽ ഉചിതം. [3]
2) പരിശോധനാ പ്രക്രിയ – ഘട്ടംഘട്ടമായി
1. ആദ്യ ഘട്ടം – കൗൺസിലിംഗ്: ഒരു ജനിതക വിദഗ്ദ്ധൻ നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യ ചരിത്രം വിശദമായി പരിശോധിക്കും. പരിശോധനയുടെ ഗുണങ്ങളും ദോഷങ്ങളും, ഫലങ്ങൾ, സ്വകാര്യത, കുടുംബാംഗങ്ങൾക്ക് ഇത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം വിശദമാക്കും.
2.ശരിയായ പരിശോധന തിരഞ്ഞെടുക്കുന്നു: നിങ്ങളുടെ കുടുംബ ചരിത്രമനുസരിച്ച് ഡോക്ടർ ഒരു പ്രത്യേക പരിശോധനയോ അല്ലെങ്കിൽ ഒന്നിലധികം അർബുദ സാധ്യതകൾ ഒരുമിച്ച് വിലയിരുത്തുന്ന ഒരു മൾട്ടിജീൻ പാനൽ പരിശോധനയോ നിർദ്ദേശിക്കാം.
3.സാമ്പിൾ ശേഖരണം: പരിശോധനയ്ക്കായി രക്തമോ ഉമിനീരോ നൽകാം.
4.ലാബിലെ വിശകലനം: ലബോറട്ടറിയിൽ ഈ സാമ്പിളുകൾ വിശകലനം ചെയ്ത് ഫലം തരംതിരിക്കുന്നു. അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള വ്യതിയാനം, അനിശ്ചിതമായ തരത്തിലുള്ള വ്യതിയാനം (VUS) എന്നിങ്ങനെയാണ് ഈ വർഗ്ഗീകരണം. കാൻസർ സാദ്ധ്യത കൂട്ടുന്നതുമായി ബന്ധമില്ലാത്ത തരത്തിലുള്ള ഉൾപരിവർത്തനം ലഭിച്ചാൽ അത് ചികിത്സയ്ക്കായി കണക്കാക്കുന്നില്ല.[4]
5.അവസാന ഘട്ടം – കൗൺസിലിംഗ്: ഫലം വന്ന ശേഷം ഡോക്ടർ അത് വിശദീകരിക്കുകയും, തുടർന്ന് എന്ത് ചെയ്യണമെന്ന് വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കി നൽകുകയും ചെയ്യും. ആവശ്യമെങ്കിൽ കുടുംബാംഗങ്ങൾക്കും പരിശോധന നിർദ്ദേശിക്കും. [5]
3. ജനിതക പരിശോധന ആർക്കൊക്കെയാണ് വേണ്ടിവരിക?
വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, പ്രത്യേകമായ അപകട സാദ്ധ്യതാ വിലയിരുത്തലും ജനിതക പരിശോധനയും നടത്തേണ്ടത് ഇനിപ്പറയുന്ന വിഭാഗത്തിൽപ്പെട്ടവരാണ്:
- ചെറുപ്പത്തിൽ തന്നെ ക്യാൻസർ വന്നതിന്റെയോ, പലതരം ക്യാൻസറുകൾ ഒന്നിച്ചുണ്ടായതിന്റെയോ, അല്ലെങ്കിൽ ചില പ്രത്യേകതരം ക്യാൻസറുകൾ (ഉദാഹരണത്തിന്, സ്തനാർബുദം/അണ്ഡാശയ ക്യാൻസർ; വൻകുടലിലെ ക്യാൻസർ/ഗർഭാശയ ക്യാൻസർ) കുടുംബത്തിൽ കൂടുതലായി കണ്ടുവന്നതിന്റെയോ ചരിത്രമുള്ളവർ.
- കുടുംബത്തിൽ ഏതെങ്കിലും അംഗത്തിന് രോഗകാരിയായ (pathogenic) ജനിതക വ്യതിയാനം ഉണ്ടെന്ന് തിരിച്ചറിയുന്നവർ.
- BRCA1/2 അല്ലെങ്കിൽ Lynch വ്യതിയാനങ്ങൾ വരാൻ സാധ്യത കൂടുതലുള്ള പ്രത്യേക പാരമ്പര്യ പശ്ചാത്തലമോ മറ്റ് സവിശേഷതകളോ ഉള്ളവർ.
വൻകുടലിലും ഗർഭാശയത്തിലുമുള്ള ക്യാൻസറുകളിൽ, Lynch syndrome കണ്ടെത്താൻ MSI ടെസ്റ്റിംഗോ MMR പ്രോട്ടീനുകൾക്കായുള്ള IHC പരിശോധനയോ വ്യാപകമായി ഉപയോഗിക്കുന്നു. ഇത്തരം പരിശോധനകളിൽ അസ്വാഭാവിക ഫലങ്ങൾ കണ്ടാൽ, അത് സ്ഥിരീകരിക്കാൻ ജനിതക പരിശോധന നടത്താറുണ്ട്[6].
4.പരിശോധനാ ഫലങ്ങൾ ചികിത്സയിൽ എങ്ങനെ പ്രതിഫലിക്കുന്നു?
പരിശോധനയിൽ രോഗകാരിയായ വ്യതിയാനം കണ്ടെത്തിയാൽ, താഴെ പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കാം:
- നേരത്തെയോ കൂടുതൽ ഇടവിട്ടോ ഉള്ള സ്ക്രീനിംഗ്: ഉദാഹരണത്തിന്, BRCA വ്യതിയാനമുള്ള വ്യക്തികൾക്ക് സ്തനങ്ങളുടെ MRI പരിശോധന, Lynch syndrome ഉള്ളവർക്ക് ചെറിയ ഇടവേളകളിൽ കോളനോസ്കോപ്പി എന്നിവ നിർദ്ദേശിച്ചേക്കാം.
- അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ: BRCA വ്യതിയാനമുള്ള ചിലർക്ക്, ആവശ്യമായ കൗൺസിലിംഗിന് ശേഷം, സ്തനങ്ങൾ നീക്കം ചെയ്യുകയോ അണ്ഡാശയങ്ങൾ നീക്കം ചെയ്യുകയോ ചെയ്യാം.
- ചികിത്സാരീതികൾ തിരഞ്ഞെടുക്കുക: ചില ക്യാൻസറുകളിൽ, രോഗകാരിയായ വ്യതിയാനത്തിനനുസരിച്ച് ചികിത്സ തീരുമാനിക്കാം (ഉദാഹരണത്തിന്, BRCA വ്യതിയാനമുള്ള ട്യൂമറുകൾക്ക് PARP inhibitors ഉപയോഗിക്കാം).
- കുടുംബാംഗങ്ങൾക്കുള്ള പരിശോധന (Cascade testing): അടുത്ത ബന്ധുക്കൾക്ക് പരിശോധന നടത്തി, അവർക്ക് ആവശ്യമായ മുൻകരുതൽ പദ്ധതികൾ തയ്യാറാക്കാൻ ഇത് സഹായിക്കും.
ഫലം നെഗറ്റീവാണെങ്കിൽപ്പോലും, രോഗസാധ്യത വളരെ കൂടുതലാണെന്ന് സംശയമുണ്ടെങ്കിൽ ഡോക്ടർമാർ കൂടുതൽ സ്ക്രീനിംഗ് നടത്താൻ നിർദ്ദേശിച്ചേക്കാം. [7]
ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച്, ഇടയ്ക്കിടെ വീണ്ടും പരിശോധന നടത്തുകയോ പുതിയ പാനൽ പരിശോധന നടത്തുകയോ ചെയ്യേണ്ടിവന്നേക്കാം. [8]
ഫലം ഒരു VUS (പ്രാധാന്യമറിയാത്ത വ്യതിയാനം) ആണെങ്കിൽ, അതിനെ മാത്രം ആശ്രയിച്ച് ചികിത്സയിൽ മാറ്റം വരുത്തരുത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ ലാബുകൾ ഇത്തരം VUS-നെ വീണ്ടും തരംതിരിച്ചേക്കാം. [9]
5.ഗുണങ്ങൾ, പരിമിതികൾ, ധാർമ്മികത
ഗുണങ്ങൾ:
- വ്യക്തിപരമായ രോഗസാധ്യത മനസ്സിലാക്കാൻ സഹായിക്കുന്നു: നേരത്തെ തന്നെ ക്യാൻസർ കണ്ടെത്താൻ ഇത് ഉപകരിക്കും.
- കുടുംബാംഗങ്ങളുടെ രോഗസാധ്യത വിലയിരുത്താൻ സാധിക്കുന്നു: ബന്ധുക്കൾക്ക് പരിശോധന നടത്താൻ ഇത് വഴി കഴിയുന്നു.
- ചികിത്സാ തീരുമാനത്തെ സ്വാധീനിക്കുന്നു: നിലവിൽ ക്യാൻസർ ഉള്ള ആളുകൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ തെരഞ്ഞെടുക്കാൻ ഇത് സഹായിക്കും.[10]
പരിമിതികൾ
- നെഗറ്റീവ് ഫലം മാത്രം മതിയാവില്ല: കുടുംബത്തിൽ അർബുദത്തിൻ്റെ ശക്തമായ ചരിത്രമുണ്ടെങ്കിൽ, പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽപോലും പൂർണ്ണമായി അപകടസാധ്യത ഇല്ലാതാവില്ല.
- VUS ഫലങ്ങൾ ശ്രദ്ധിക്കുക: ‘പ്രാധാന്യമറിയാത്ത വ്യതിയാനം’ (VUS) എന്ന ഫലം ആശയക്കുഴപ്പമുണ്ടാക്കാം. ഇതിനെ മാത്രം അടിസ്ഥാനമാക്കി ചികിത്സാരീതികളിൽ മാറ്റം വരുത്തരുത്. [11]
- ഡയറക്ട്-ടു-കൺസ്യൂമർ (DTC) പരിശോധനകൾ: ഇത്തരം പരിശോധനകൾക്ക് ക്ലിനിക്കൽ പരിശോധനകൾക്ക് പകരമാകാൻ കഴിയില്ല. പല DTC പരിശോധനകളും മെഡിക്കൽ പ്രാധാന്യമുള്ള എല്ലാ വ്യതിയാനങ്ങളും പരിശോധിക്കാറില്ല, കൂടാതെ കൗൺസിലിംഗും ലഭ്യമല്ല.
സ്വകാര്യതയും ലഭ്യതയും
നിങ്ങളുടെ പരിശോധനാഫലങ്ങൾ ആർക്കൊക്കെ കാണാൻ സാധിക്കും, അവ എങ്ങനെ ഉപയോഗിക്കപ്പെടും എന്നത് പ്രാദേശിക നിയമങ്ങളെയും നിങ്ങളുടെ അനുമതിയേയും ആശ്രയിച്ചിരിക്കും. പരിശോധനയ്ക്ക് മുൻപ് ഡോക്ടറുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
6.ചില സാധാരണ പാരമ്പര്യ ക്യാൻസർ സിൻഡ്രോമുകൾ
- പാരമ്പര്യമായി ഉണ്ടാകുന്ന സ്തന-അണ്ഡാശയ/പ്രോസ്റ്റേറ്റ്/പാൻക്രിയാറ്റിക് കാൻസർ (BRCA1/BRCA2, PALB2, etc.): സ്തനങ്ങളിലെയും അണ്ഡാശയങ്ങളിലെയും മറ്റ് കാൻസറുകളിലെയും സാധ്യത വർദ്ധിപ്പിക്കുന്നു. ഫലങ്ങൾക്കനുസരിച്ച് സ്ക്രീനിംഗ്, പ്രതിരോധം, ചിലപ്പോൾ ചികിത്സ എന്നിവയിൽ മാറ്റങ്ങൾ വരുത്താം.
- ലിഞ്ച് സിൻഡ്രോം (Lynch Syndrome – MLH1, MSH2, MSH6, PMS2, EPCAM): വൻകുടൽ, ഗർഭാശയം തുടങ്ങിയ ഭാഗങ്ങളിലെ ക്യാൻസറുകൾ വരാനുള്ള സാധ്യത കൂട്ടുന്നു. MSI/IHC ട്യൂമർ സ്ക്രീനിംഗ് വഴി ഈ കുടുംബങ്ങളെ കണ്ടെത്തി ജനിതക പരിശോധനയും തുടർ നിരീക്ഷണവും നടത്താൻ ഇത് സഹായിക്കുന്നു.
(മറ്റ് പ്രധാനപ്പെട്ട സിൻഡ്രോമുകൾ: Li-Fraumeni [TP53], Cowden [PTEN], familial adenomatous polyposis [APC], Peutz–Jeghers [STK11], diffuse gastric cancer [CDH1] എന്നിവയും ജനിതക പരിശോധനയിൽ ഉൾപ്പെടുത്താറുണ്ട്.)
7.പരിശോധനയ്ക്കുള്ള തയ്യാറെടുപ്പ്: ചില പ്രായോഗിക കാര്യങ്ങൾ
- കുടുംബ ചരിത്രം ശേഖരിക്കുക: കുടുംബത്തിൽ ആർക്കൊക്കെ ഏതുതരം കാൻസർ, ഏത് പ്രായത്തിൽ വന്നു എന്നതിൻ്റെ വിവരങ്ങൾ ശേഖരിക്കുന്നത് വളരെ പ്രധാനമാണ്.
- ജനിതക കൗൺസിലറുമായി കൂടിക്കാഴ്ച: പരിശോധനയുടെ ഗുണദോഷങ്ങൾ, പരിധി, ചെലവ്, കുടുംബാംഗങ്ങൾക്കുള്ള പ്രത്യാഘാതങ്ങൾ എന്നിവ ചർച്ച ചെയ്യുക.
- ഫലങ്ങൾക്കായി മുൻകൂട്ടി തയ്യാറെടുക്കുക: ഫലം പോസിറ്റീവ്, നെഗറ്റീവ്, അല്ലെങ്കിൽ VUS ആണെങ്കിൽ എന്ത് ചെയ്യണം എന്ന് മുൻകൂട്ടി ആലോചിക്കുക.
- ബന്ധുക്കളുമായി വിവരങ്ങൾ പങ്കിടുക: അപകടസാധ്യതയുള്ള ബന്ധുക്കളുമായി ഫലങ്ങൾ പങ്കിടുന്നത് അവർക്ക് ആവശ്യമായ പരിശോധനകളും സ്ക്രീനിംഗും നടത്താൻ സഹായിക്കും.
Evidence-based resources (for deeper reading)
- NCI – Genetic Testing for Inherited Cancer Risk (Fact Sheet). [12]
- CDC – Hereditary Breast & Ovarian Cancer: Genetic Testing and Genetic Counseling. [13]
- GeneReviews/NCBI Bookshelf – Lynch Syndrome (diagnostics and testing approach). [14]
പ്രധാന അറിയിപ്പ്: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് മാത്രമുള്ളതാണ്. ഇത് വ്യക്തിഗത വൈദ്യോപദേശത്തിന് പകരമല്ല. നിങ്ങളുടെ വൈദ്യചരിത്രവും കുടുംബ ചരിത്രവും അറിയാവുന്ന ഒരു ഡോക്ടറുമായോ ജനിതക കൗൺസിലറുമായോ സംസാരിച്ചതിന് ശേഷം മാത്രം ജനിതക പരിശോധനയെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുക.




