ചെറിയ മുറിവിലൂടെ വലിയ മുഴകൾ നീക്കാം: ശസ്ത്രക്രിയ എളുപ്പമാക്കുന്ന മോർസലേറ്റർ

മോർസലേറ്റർ എന്ന വാക്ക് കേൾക്കുമ്പോൾ, ആദ്യം മനസ്സിലേക്ക് വരിക സയൻസ് ഫിക്ഷൻ സിനിമകളാണ്. സിനിമയിലെ ഏതെങ്കിലും ഉപകരണത്തിൻ്റെ പേരാണെന്ന് കരുതിയാൽ തെറ്റി, ഇത് അതല്ല, യഥാർത്ഥ ജീവിതത്തിൽ ശസ്ത്രക്രിയയ്ക്ക് ഏറെ സഹായകമാകുന്ന ഉപകരണമാണ് മോർസലേറ്റർ. പതിറ്റാണ്ടുകളായി വൈദ്യശാസ്ത്ര രംഗത്ത് മോർസലേറ്റർ ഉപയോഗിച്ചുവരുന്നുണ്ട്.
സ്ത്രീരോഗവിഭാഗത്തിലും മൂത്രാശയരോഗ വിഭാഗത്തിലും ഈ ഉപകരണത്തിന് നിർണ്ണായക പങ്കുണ്ട്.
എന്താണ് മോർസലേറ്റർ? ഇതിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാമാണ്? മോർസലേറ്ററിനെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ? ഇക്കാര്യങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം.
1. എന്താണ് മോർസലേറ്റർ?
ശരീരത്തിനുള്ളിലെ വലിയ മുഴകളെ, അല്ലെങ്കിൽ നീക്കം ചെയ്യേണ്ട ഭാഗങ്ങളെ ചെറിയ കഷണങ്ങളാക്കി മുറിച്ച്, ചെറിയ മുറിവുകളിലൂടെ പുറത്തെടുക്കാൻ സഹായിക്കുന്ന ശസ്ത്രക്രിയാ ഉപകരണമാണ് മോർസലേറ്റർ.
ലാപ്രോസ്കോപ്പിക് അഥവാ താക്കോൽദ്വാര ശസ്ത്രക്രിയകളിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി ചെറിയ മുറിവുകൾ മാത്രം ഉണ്ടാക്കുന്നതിനാൽ, രോഗിക്ക് വേഗം തന്നെ സുഖം പ്രാപിക്കാൻ കഴിയുന്നു. മാത്രമല്ല, ശസ്ത്രക്രിയയുടെ വലിയ പാടുകൾ ഉണ്ടാകുന്നത് തടയാനും ഇത് സഹായിക്കുന്നു.
സാധാരണ ഉപയോഗങ്ങൾ:
- ഹിസ്റ്ററെക്ടമി (Hysterectomy): ഗർഭപാത്രം നീക്കം ചെയ്യുന്നതിന്.
- മയോമെക്ടമി (Myomectomy): ഗർഭപാത്രത്തിലെ മുഴകൾ നീക്കം ചെയ്യാൻ.
- രോഗം ബാധിച്ച പ്ളീഹ അല്ലെങ്കിൽ വൃക്ക നീക്കം ചെയ്യുന്ന യൂറോളജി ശസ്ത്രക്രിയകളിൽ.
2. എങ്ങനെ പ്രവർത്തിക്കുന്നു?
പ്രധാനമായും രണ്ടുതരം മോർസലേറ്ററുകൾ ഉണ്ട്:
1.മാന്വൽ മോർസലേറ്റർ: പേരു സൂചിപ്പിക്കുന്നതുപോലെ,കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ബ്ലേഡുകളോ കത്രികയോ ആണിതിൽ ഉണ്ടാവുക.
2.പവർ മോർസലേറ്റർ: വൈദ്യുതിയുടെ സഹായത്തോടെ കറങ്ങുന്ന ബ്ലേഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
താക്കോൽദ്വാര ശസ്ത്രക്രിയകളിൽ:
- രോഗിയുടെ വയറിൻ്റെ ഭാഗത്ത്, ഡോക്ടർ ഒന്നോ അതിലധികമോ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നു.
- ഈ മുറിവുകളിലൂടെ ചെറിയ ക്യാമറയും മറ്റ് ശസ്ത്രക്രിയാ ഉപകരണങ്ങളും ഉള്ളിലേക്ക് കടത്തുന്നു.
- നീക്കം ചെയ്യേണ്ട ഭാഗം (ഉദാഹരണത്തിന് ഗർഭപാത്രം അല്ലെങ്കിൽ ഫൈബ്രോയ്ഡ്) ശരീരത്തിനുള്ളിൽ വെച്ച് വേർപെടുത്തുന്നു.
- അതിനുശേഷം, മോർസലേറ്റർ കൊണ്ട് ആ ഭാഗത്തെ ചെറിയ കഷണങ്ങളാക്കി മുറിച്ച്, ആദ്യം ഉണ്ടാക്കിയ മുറിവിലൂടെ പുറത്തേക്ക് എടുക്കുന്നു.
3. മോർസലേഷൻ ഉപയോഗം എന്തിന്?
താക്കോൽദ്വാര ശസ്ത്രക്രിയയിൽ മോർസലേഷൻ ഉപയോഗിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്:
- ചെറിയ മുറിവുകൾ, വേഗം സുഖം പ്രാപിക്കാം: തുറന്ന ശസ്ത്രക്രിയയെ (open surgery) അപേക്ഷിച്ച്, ലാപ്രോസ്കോപ്പിക് രീതി ശരീരത്തിൽ വലിയ മുറിവുകൾ അവശേഷിപ്പിക്കാത്തതിനാൽ രോഗിയ്ക്ക് ആശുപത്രിവാസം കുറയ്ക്കാനും പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കുന്നു.
- വേദനയും പാടുകളും കുറവ്: ചെറിയ മുറിവുകളായതുകൊണ്ട് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും അസ്വസ്ഥതകളും കുറവായിരിക്കും. മാത്രമല്ല, ശരീരത്തിൽ ശസ്ത്രക്രിയ മൂലമുണ്ടാകുന്ന പാടുകളും ചെറുതായിരിക്കും.
- ദൈനംദിന ജീവിതത്തിലേക്ക് വേഗം മടങ്ങാം: ശസ്ത്രക്രിയ കഴിഞ്ഞാൽ കാര്യങ്ങൾ പഴയപടി ആകുന്നതിന് മാസങ്ങൾ വേണ്ടിവരുന്നതിന് പകരം ആഴ്ചകൾക്കുള്ളിൽത്തന്നെ രോഗികൾക്ക് അവരുടെ ജോലികളിലും മറ്റും സജീവമാകാൻ കഴിയുന്നു.
4. അപകടസാധ്യതകളും ആശങ്കകളും
മോർസലേറ്ററുകൾക്ക് പല ഗുണങ്ങളുണ്ടെങ്കിലും,സുരക്ഷ സംബന്ധിച്ച ചില ആശങ്കകളും നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് പവർ മോർസലേഷൻ ഉപയോഗിക്കുമ്പോൾ.
പ്രധാന സങ്കീർണ്ണത:
- നീക്കം ചെയ്യപ്പെടുന്ന മുഴയിലോ മറ്റ് കലകളിലോ തിരിച്ചറിയപ്പെടാത്ത കാൻസർ കോശങ്ങൾ ഉണ്ടെങ്കിൽ, മോർസലേഷൻ ചെയ്യുമ്പോൾ ഈ അപകടകാരികളായ കോശങ്ങൾ ശരീരത്തിൽ വ്യാപിക്കാൻ സാധ്യതയുണ്ട്. ഇത് അർബുദ ചികിത്സ കൂടുതൽ സങ്കീർണ്ണമാക്കുകയും രോഗിയുടെ അതിജീവന സാധ്യത കുറയ്ക്കുകയും ചെയ്യും.
ഈ അപകടസാധ്യത കാരണം:
- യു.എസ്.എഫ്.ഡി.എ ഒരു സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച്, ഗർഭാശയ മുഴകൾ നീക്കം ചെയ്യാൻ, ഒരു കണ്ടെയ്ൻമെൻ്റ് സിസ്റ്റം അഥവാ സുരക്ഷാ സംവിധാനം ഉണ്ടാകണമെന്ന് നിർദ്ദേശമുണ്ട്.
അതില്ലാത്ത സാഹചര്യങ്ങളിൽ പവർ മോർസലേഷൻ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും യു എസ് ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശിക്കുന്നു.
5. നവീന സുരക്ഷാ സംവിധാനങ്ങൾ
ഈ അപകടസാധ്യത കുറയ്ക്കാൻ, സർജന്മാർ ‘കണ്ടെയ്ൻമെൻ്റ് സിസ്റ്റം’ (tissue containment systems) ഉപയോഗിക്കാറുണ്ട്. ഈ സംവിധാനത്തിൽ:
- മോർസെലേഷനു മുമ്പ്, നീക്കം ചെയ്യാനുള്ള കലകളെ ഒരു പ്രത്യേകതരം സർജിക്കൽ ബാഗിനുള്ളിലാക്കുന്നു.
- ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അപകടകരമായ കോശങ്ങൾ പടരുന്നത് തടയാൻ സഹായിക്കുന്നു.
മറ്റ് സുരക്ഷാ നടപടികൾ:
- ശസ്ത്രക്രിയയ്ക്ക് മുൻപ് രോഗിക്ക് അർബുദ സാധ്യതയുണ്ടോ എന്ന് വിശദമായി പരിശോധിക്കുന്നു.
- അപകടസാധ്യതകളെക്കാൾ കൂടുതൽ ഗുണങ്ങളുണ്ടെന്ന് ഉറപ്പുള്ള സാഹചര്യങ്ങളിൽ മാത്രം മോർസലേറ്റർ ഉപയോഗിക്കുന്നു.
6. ആരെല്ലാം ഒഴിവാക്കണം?
താഴെ പറയുന്നവരിൽ സാധാരണയായി മോർസലേഷൻ നിർദ്ദേശിക്കാറില്ല:
- ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾ, അല്ലെങ്കിൽ 50 വയസ്സിന് മുകളിലുള്ളവർ (ഇവരിൽ തിരിച്ചറിയാത്ത കാൻസറിന് സാധ്യത കൂടുതലാണ്).
- ഗർഭാശയ അർബുദം ഉണ്ടെന്ന് സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്ത രോഗികൾ.
- കാരണം വ്യക്തമല്ലാത്ത രക്തസ്രാവം ഉള്ളവർ, അല്ലെങ്കിൽ ഗർഭാശയത്തിലെ മുഴകൾ അതിവേഗം വളരുന്നവർ.
7. ഡോക്ടറോട് ചോദിച്ച് വ്യക്തത വരുത്തേണ്ട കാര്യങ്ങൾ
നിങ്ങളുടെ സർജൻ മോർസലേറ്റർ ഉപയോഗിക്കാൻ നിർദ്ദേശിക്കുകയാണെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ ചോദിച്ച് സംശയങ്ങൾ മാറ്റാം:
1.എന്തിനാണ് ഈ ചികിത്സാരീതി തെരഞ്ഞെടുക്കുന്നത്? മോർസലേഷന് പകരമായി മറ്റ് എന്തെല്ലാം വഴികളാണുള്ളത്?
2.സർജറിയിൽ കണ്ടെയ്ൻമെൻ്റ് സിസ്റ്റം ഉപയോഗിക്കുമോ?
3.എൻ്റെ ആരോഗ്യനില നോക്കുമ്പോൾ എന്തെല്ലാം അപകടസാധ്യതകളുണ്ട്?
4.ശസ്ത്രക്രിയയ്ക്ക് മുൻപ് അർബുദ സാധ്യതയില്ലെന്ന് എങ്ങനെ ഉറപ്പുവരുത്തും?
രത്നച്ചുരുക്കം
ചെറിയ മുറിവുകളിലൂടെ വലിയ മുഴകളെയും കലകളെയും പുറത്തെടുക്കാൻ സഹായിക്കുക വഴി, മോർസലേറ്ററുകൾ താക്കോൽദ്വാര ശസ്ത്രക്രിയകളിൽ വലിയ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. വേദന കുറച്ച്, വേഗത്തിൽ സുഖമാകാൻ ഇത് രോഗികളെ സഹായിക്കുന്നു.
എങ്കിലും, തിരിച്ചറിയാത്ത കാൻസർ കോശങ്ങൾ ശരീരത്തിനുള്ളിൽ പടരാനുള്ള നേരിയ സാധ്യതയുള്ളതുകൊണ്ട് ഇതിൻ്റെ ഉപയോഗം വളരെ ശ്രദ്ധയോടെ വേണ്ടതാണ്. കണ്ടെയ്ൻമെൻ്റ് സിസ്റ്റം പോലുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടത് അനിവാര്യവുമാണ്.
ഡോക്ടറോട് എല്ലാ സംശയങ്ങളും ചോദിച്ച്, തുറന്നു സംസാരിക്കണം. ഏറ്റവും സുരക്ഷിതമായ ചികിത്സാരീതി ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും.