ആരോഗ്യത്തിനായി ഭക്ഷണം കഴിക്കാം: ഇമോഷണൽ ഈറ്റിങ് ഒഴിവാക്കാം

ആരോഗ്യത്തിനായി ഭക്ഷണം കഴിക്കാം: ഇമോഷണൽ ഈറ്റിങ് ഒഴിവാക്കാം

മാനസിക സമ്മർദ്ദമോ, സങ്കടമോ, അല്ലെങ്കിൽ ആകെ തളർന്ന അവസ്ഥയോ അനുഭവിക്കുമ്പോൾ, ഇഷ്ടമുള്ള ഭക്ഷണം ധാരാളം കഴിക്കണമെന്ന് തോന്നിയിട്ടില്ലേ? മിക്കവരും ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. ഇതിനെയാണ് വൈകാരികമായ ഭക്ഷണരീതി അഥവാ ഇമോഷണൽ ഈറ്റിങ്  എന്ന് പറയുന്നത്. സമ്മർദ്ദം, ഒറ്റപ്പെടൽ, ഇതൊന്നുമല്ലെങ്കിൽ വിരസത മാറ്റാൻ പോലും നമ്മൾ കണ്ടെത്തുന്ന രക്ഷാമാർഗ്ഗമാണ് അമിതമായി ഭക്ഷണം കഴിക്കുക എന്നത്. ഭക്ഷണവുമായുള്ള ഈ വൈകാരിക ബന്ധം മാറ്റി, നമ്മുടെ മാനസികാരോഗ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിഞ്ഞാലോ? ഇമോഷണൽ ഈറ്റിങ്ങിനെക്കുറിച്ച് മനസ്സിലാക്കാം. ഒപ്പം  അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്നും നമുക്ക് പരിശോധിക്കാം.

എന്താണ് ഇമോഷണൽ ഈറ്റിങ്?

വിശപ്പ് മാറ്റാനല്ലാതെ, നമ്മുടെ വികാര വിക്ഷോഭങ്ങളെ നേരിടാനോ തരണം ചെയ്യാനോ വേണ്ടി ഭക്ഷണത്തെ ആശ്രയിക്കുമ്പോഴാണ് അത് ഇമോഷണൽ ഈറ്റിങ് ആകുന്നത്. താഴെ പറയുന്നത് പോലെയുള്ള വികാരങ്ങളോടുള്ള ഒരു സ്വാഭാവിക പ്രതികരണമാണിത്:

  • മാനസിക സമ്മർദ്ദം
  • സങ്കടം
  • ഒറ്റപ്പെടൽ 
  • വിരസത 
  • ഉത്കണ്ഠ

യഥാർത്ഥത്തിൽ  വിശപ്പല്ല, മറിച്ച് നമ്മുടെ വൈകാരികമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനോ അല്ലെങ്കിൽ മനസ്സിലെ ശൂന്യത നികത്തോനോ ആയാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്. കാലക്രമേണ, ഇതൊരു ശീലമായി മാറുകയും അതിൻ്റെ ഫലമായി അമിതവണ്ണത്തിനും ഒപ്പം കുറ്റബോധത്തിനും ഈ രീതി വഴിവെയ്ക്കുന്നു. ആഹാരം സംബന്ധിച്ച  ചിന്താഗതി മോശമാകാനും ഇത് കാരണമാകും.

ഇമോഷണൽ ഈറ്റിങ് എന്തുകൊണ്ട്?

 ഈ അസ്വാഭാവിക ഭക്ഷണരീതിയുടെ മൂലകാരണങ്ങൾ മനസ്സിലാക്കുന്നത് അത് മറികടക്കാൻ നമ്മളെ സഹായിക്കും. ഇതിന് പ്രേരിപ്പിക്കുന്ന ചില പൊതുവായ സാഹചര്യങ്ങൾ ഇവയാണ്:

1.സമ്മർദ്ദവും ഉത്കണ്ഠയും

മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ‘സ്ട്രെസ് ഹോർമോൺ’ ഉത്പാദിപ്പിക്കുന്നു. ഇത് മധുരവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളോട് ആസക്തി വർദ്ധിപ്പിക്കുന്നു.

2.ഒറ്റപ്പെടലും ഏകാന്തതയും

ഏകാന്തത മനസ്സിനെ ബുദ്ധിമുട്ടിക്കുമ്പോൾ,  താൽക്കാലികമായിട്ടാണെങ്കിൽക്കൂടി, ഭക്ഷണം ആശ്വാസമാകും. ഒറ്റപ്പെടലിൻ്റെ പ്രയാസം കുറയ്ക്കാൻ, ആഹാരവുമായി നമ്മൾ ബന്ധം സ്ഥാപിക്കുന്നു. പരിഹരിക്കപ്പെടാതെ പോകുന്ന ഒരു വൈകാരിക വിടവ് ഭക്ഷണം കഴിച്ചുകൊണ്ട് നികത്താൻ നമ്മൾ ശ്രമിക്കുന്നു.

3.വിരസത

ഒന്നും ചെയ്യാനില്ലാതെ, വിരസമായി സമയം കളയുമ്പോൾ, ആഹാരം കഴിക്കുക എന്നത് ബോറടി മാറ്റാനുള്ള ഉപായമായി നമുക്ക് തോന്നും. വിശപ്പില്ലാത്ത അവസ്ഥയിലും വിരസത ഒഴിവാക്കാൻ ഭക്ഷണം കഴിക്കുന്നത് അതുകൊണ്ടാണ്. ആവർത്തന വിരസതയിൽ നിന്നുള്ള ഒരു രക്ഷപ്പെടലായും നമ്മൾ ആഹാരത്തെ ഉപയോഗിച്ചു തുടങ്ങുന്നു. 

4.മാനസിക വ്യതിയാനങ്ങൾ

വിഷമിച്ചിരിക്കുമ്പോൾ ‘കംഫർട്ട് ഫുഡുകളോട്’, അതായത് ആശ്വാസം നൽകുന്ന ഭക്ഷണ പദാർത്ഥങ്ങളോട്  ഒരു പ്രത്യേക താൽപ്പര്യം തോന്നും. കാരണം അവ തലച്ചോറിൽ ഡോപമിൻ ഹോർമോൺ ഉൽപ്പാദനം വർദ്ധിപ്പിച്ച് താൽക്കാലിക സന്തോഷം നൽകുന്നു. കുറച്ച്  നേരത്തേക്ക് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ കംഫർട്ട് ഫുഡിന് കഴിയുന്നു. 

5.പഴയ ശീലങ്ങൾ

പലരിലും ഈ ശീലം കുട്ടിക്കാലത്ത് തുടങ്ങിയതാകാം. അനുസരണ കാണിച്ചതിന്  സമ്മാനമായോ, അല്ലെങ്കിൽ സങ്കടം മറികടക്കാൻ ആശ്വാസമായോ ഭക്ഷണം ഉപയോഗിച്ചിരുന്ന ശീലം മുതിർന്നു കഴിഞ്ഞാലും  തുടർന്നേക്കാം.

ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ഇടയ്ക്ക് വല്ലപ്പോഴും ഇങ്ങനെ കഴിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കില്ല. പക്ഷെ, മാനസിക വ്യതിയാനങ്ങൾക്കനുസരിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് സ്ഥിരം ശീലമാകുമ്പോൾ, അത് ഇനിപ്പറയുന്ന പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകാം:

  • പൊണ്ണത്തടി: വികാരങ്ങൾക്ക് അനുസരിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.
  • പോഷകക്കുറവ്: ജങ്ക് ഫുഡിനെ ആശ്രയിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ പോകുന്നതിന് കാരണമാകും. മാത്രമല്ല, അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരും.
  • മാനസിക പിരിമുറുക്കം: മാനസിക ബുദ്ധിമുട്ടുകൾ വരുമ്പോൾ വാരിവലിച്ചു കഴിക്കുകയും അതിനു ശേഷം ഇങ്ങനെ കഴിച്ചതിനെക്കുറിച്ച് ഓർക്കുമ്പോൾ കുറ്റബോധവും തോന്നുകയും ചെയ്യും. ഈ നാണക്കേടും സ്വയം അവമതിപ്പും നിലവിലുള്ള ഉത്കണ്ഠയും സമ്മർദ്ദവും വർദ്ധിപ്പിക്കും.
  • ദഹനപ്രശ്നങ്ങൾ: അമിതമായി, പ്രത്യേകിച്ച് കൊഴുപ്പും മധുരവും കൂടിയ ഭക്ഷണം കഴിക്കുന്നത്  ദഹനവ്യവസ്ഥയെ തകരാറിലാക്കും.

ഇമോഷണൽ ഈറ്റിങ് എങ്ങനെ മറികടക്കാം?

വൈകാരികമായ ഭക്ഷണരീതി എന്ന ശീലം മാറ്റിയെടുക്കാനുള്ള ആദ്യപടി,  മനസ്സർപ്പിച്ചുള്ള ശ്രദ്ധയും സ്വന്തം ശരീരത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചുമുള്ള തിരിച്ചറിവുമാണ്. മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും അനുഭവപ്പെടുമ്പോൾ അമിതമായി ജങ്ക് ഫുഡ് കഴിച്ച് നശിപ്പിക്കാനുള്ളതല്ല സ്വന്തം ആരോഗ്യം എന്ന ചിന്ത അനിവാര്യമാണ്.  ഇമോഷണൽ ഈറ്റിങ് ഒഴിവാക്കാനുള്ള  ചില നിർദ്ദേശങ്ങൾ ഇതാ:

1.  കാരണങ്ങൾ കണ്ടെത്തുക

എപ്പോഴാണ്, എന്തിനാണ്  ഭക്ഷണത്തെ ഇങ്ങനെ അമിതമായി ആശ്രയിക്കുന്നതെന്ന് ശ്രദ്ധിക്കുക. സമ്മർദ്ദമോ വിരസതയോ സങ്കടമോ, എന്താണ് യഥാർത്ഥ കാരണമെന്ന് സ്വയം നിരീക്ഷിക്കുക. യഥാർത്ഥ കാരണങ്ങൾ കണ്ടെത്തിയാൽ, അടുത്ത തവണ ഭക്ഷണത്തോട് അമിതാസക്തി തോന്നുമ്പോൾ, കാരണം കൃത്യമായി തിരിച്ചറിയാനും പ്രശ്നത്തെ, ഭക്ഷണത്തിനോടുള്ള ആശ്രയത്വം ഒഴിവാക്കിക്കൊണ്ട് നേരിടാനും സാധിക്കും. 

2.  പുതിയ വഴികൾ കണ്ടെത്തുക

ആഹാരത്തെ ആശ്രയിക്കുന്നതിന് പകരമായി ആരോഗ്യകരമായ മറ്റ് വഴികൾ കണ്ടെത്തുക:

  • നടക്കാൻ പോകുകയോ ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക.
  • മനസ്സിനെ ശാന്തമാക്കാൻ ധ്യാനം അല്ലെങ്കിൽ മൈൻഡ്ഫുൾനെസ് പരിശീലിക്കുക.
  • വൈകാരിക പിന്തുണയ്ക്കായി അടുത്ത സുഹൃത്തിനോടോ അല്ലെങ്കിൽ കുടുംബാംഗത്തോടോ ഇക്കാര്യം തുറന്നു സംസാരിക്കുക.
  • വികാര മാറ്റങ്ങളെക്കുറിച്ച് ഡയറിയിൽ കുറിച്ചു വെയ്ക്കുന്നത് പ്രശ്നത്തെ ശരിയായി മനസ്സിലാക്കാൻ സഹായിക്കും.

3. മനസ്സറിഞ്ഞ് കഴിക്കുക 

ഭക്ഷണത്തിൽ പൂർണ്ണമായി ശ്രദ്ധിക്കുക, തിരക്കു കൂട്ടാതെ, ഓരോ ഉരുളയും ആസ്വദിച്ച് കഴിക്കുക, വികാരങ്ങൾ തോന്നുമ്പോഴല്ല, ശരിക്കും വിശക്കുമ്പോൾ മാത്രം കഴിക്കാൻ ശ്രമിക്കുക. ഇത് ഭക്ഷണത്തെക്കുറിച്ച് ശരിയായ തീരുമാനമെടുക്കാനും എപ്പോഴാണ് സ്വാഭാവികമായി വിശപ്പ് വരുന്നതെന്ന് തിരിച്ചറിയാനും സഹായിക്കും.

4. ഭക്ഷണകാര്യത്തിൽ അതിരുകൾ വെക്കുക

അമിത താൽപ്പര്യം തോന്നുന്ന  ഭക്ഷണങ്ങൾ (ചിപ്സ്, ചോക്ലേറ്റ് പോലുള്ളവ) എളുപ്പത്തിൽ കിട്ടുന്ന സ്ഥലങ്ങളിൽ വെക്കാതിരിക്കുക. പകരം പോഷകങ്ങൾ ധാരാളമുള്ള സ്നാക്കുകൾ കയ്യിൽ കരുതുക. ഇത്  ആരോഗ്യപരമായി ആഹാരം തെരഞ്ഞെടുക്കാൻ സഹായിക്കും.

5. മൂലകാരണം കണ്ടെത്തി പരിഹരിക്കുക

വികാരങ്ങളെ ഒതുക്കിവെക്കാൻ ഭക്ഷണത്തെ ആശ്രയിക്കുന്നതിന് പകരം, അത്  മനസ്സിലാക്കാനും പരിഹരിക്കാനും മറ്റ് വഴികൾ തേടുക. വൈകാരിക പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാൻ മടിക്കരുത്. ആവശ്യമെങ്കിൽ തെറാപ്പിസ്റ്റിൻ്റെ സഹായം തേടുക. മനസ്സിൻ്റെ ബുദ്ധിമുട്ടുകൾ എഴുതി വെയ്ക്കുന്നതിലൂടെ മാനസിക സംഘർഷം ഒരു പരിധി വരെ ഒഴിവാക്കാനാകും. വിശ്വസ്തനായ ഒരു സുഹൃത്തുമായി സംസാരിക്കുന്നത് വിഷമഘട്ടങ്ങളെ മറികടക്കാൻ സഹായിക്കും.

6. സ്വയം ദയ കാണിക്കുക

എപ്പോഴെങ്കിലും അറിയാതെ അമിതമായി ആഹാരം  കഴിച്ചുപോയാൽ, അത് തിരിച്ചറിയുക, സ്വയം ദയ കാണിക്കുക. കുറ്റബോധവും നാണക്കേടും ഈ ദുശ്ശീലം തുടരാൻ മാത്രമേ  സഹായിക്കൂ. ആ തെറ്റ് അംഗീകരിക്കുക, അതിൽ നിന്ന് പഠിക്കുക, സ്വയം പരിപാലനത്തിൽ ശ്രദ്ധ നൽകുക.

ആരോഗ്യത്തിന് ഒരു സമഗ്ര സമീപനം

ഇമോഷണൽ ഈറ്റിങ് എന്ന പ്രശ്നത്തെ നേരിടാനും പരിഹരിക്കാനുമായി ഭക്ഷണം കഴിക്കാതിരിക്കുകയോ കുറ്റബോധത്തോടെ വിഷമിച്ചിരിക്കുകയോ അല്ല വേണ്ടത്. അത്, സ്വയം ശിക്ഷിച്ച് മാറ്റേണ്ട ഒന്നല്ല എന്നും തിരിച്ചറിയണം. അതിനായി, ഭക്ഷണത്തോടും വികാരങ്ങളോടും സ്വന്തം ശരീരത്തോടും ആരോഗ്യകരമായ ഒരു ബന്ധം വളർത്തിയെടുക്കുകയാണ് വേണ്ടത്.  ശരിയായ ശ്രദ്ധ നൽകി,  പുതിയ ശീലങ്ങളിലേക്ക് നീങ്ങുന്നതോടെ ഇമോഷണൽ ഈറ്റിങ് എന്ന പ്രശ്നത്തിൽ നിന്ന് തീർച്ചയായും പുറത്തുവരാൻ കഴിയും.

ഓർക്കുക, ഭക്ഷണം ശരീരത്തിന് പോഷണം നൽകാനുള്ളതാണ്—അല്ലാതെ വികാരങ്ങൾക്ക് തടയിടാനുള്ള മാർഗ്ഗമല്ല. മനസ്സിലുള്ള വികാരങ്ങളെ അംഗീകരിക്കുകയും ആരോഗ്യപരമായ രീതിയിൽ അവയെ നേരിടാൻ പഠിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക്  മനസ്സിനും ശരീരത്തിനും ഒരുപോലെ കരുത്ത് നൽകാൻ സാധിക്കും.

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe