പൊള്ളലേറ്റാൽ ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷ: ആശുപത്രിയിലെത്തുന്നതിനു മുമ്പ്  ചെയ്യേണ്ട കാര്യങ്ങൾ

പൊള്ളലേറ്റാൽ ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷ: ആശുപത്രിയിലെത്തുന്നതിനു മുമ്പ്  ചെയ്യേണ്ട കാര്യങ്ങൾ

പൊള്ളലേൽക്കാൻ ഒരുനിമിഷം മതി -തിളച്ച വെള്ളം ദേഹത്തേക്ക് മറിഞ്ഞോ, ചൂടുള്ള എണ്ണ തെറിച്ചോ, അശ്രദ്ധമായി ചൂടുള്ള പാത്രത്തിൽ സ്പർശിച്ചോ, പടക്കം പൊട്ടിയോ, വൈദ്യുത ഷോർട്ട് സർക്യൂട്ടിൽ നിന്നോ ഒക്കെ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പൊള്ളൽ സംഭവിക്കാം.

ചെറുതായാലും വലുതായാലും, വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ്,  പൊള്ളലേറ്റാൽ ഉടൻ പ്രഥമശുശ്രൂഷ നൽകേണ്ടത് അത്യാവശ്യമാണ്.

ശരീരകലകൾക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും അണുബാധ തടയാനും വേദനയുടെ തീവ്രത കുറയ്ക്കാനും പൊള്ളലേറ്റ്

ആദ്യത്തെ 10 മിനിറ്റിനുള്ളിൽ കൈക്കൊള്ളുന്ന  നടപടികൾ ഏറെ സഹായകമാകും.

ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷാ നടപടികളും, ചെയ്യേണ്ട കാര്യങ്ങളും അതിലുപരിയായി ചെയ്യരുതാത്ത കാര്യങ്ങളും എന്തെല്ലാമാണെന്ന് നമുക്ക് വിശദമായി മനസ്സിലാക്കാം.

പൊള്ളൽ മനസ്സിലാക്കുക: തരങ്ങളും തീവ്രതയും

പ്രഥമശുശ്രൂഷ നൽകുന്നതിന് മുമ്പ്, പൊള്ളലിന്റെ തരവും തീവ്രതയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്, കാരണം ഓരോന്നിൻ്റെയും ചികിത്സാ രീതികൾ തമ്മിൽ വ്യത്യാസമുണ്ട്.

തൊലിപ്പുറമെയുള്ള പൊള്ളൽ (ഫസ്റ്റ് ഡിഗ്രി ബേൺസ് – Superficial Burns)

  • ചർമ്മത്തിന്റെ പുറം പാളിയെ (എപ്പിഡെർമിസ്) മാത്രം ബാധിക്കുന്നു.
  • ലക്ഷണങ്ങൾ: ചുവപ്പു നിറം, നേരിയ വേദന, വീക്കം (ചെറിയ സൂര്യതാപം ഏൽക്കുന്നതുപോലെ).
  • സാധാരണയായി 3-6 ദിവസത്തിനുള്ളിൽ പാടുകളില്ലാതെ സുഖം പ്രാപിക്കുന്നു.

ചർമ്മപാളികളിലെ പൊള്ളൽ (സെക്കൻഡ് ഡിഗ്രി ബേൺസ് – Partial Thickness Burns)

  • എപ്പിഡെർമിസിനെയും ഡെർമിസിന്റെ ഒരു ഭാഗത്തെയും ബാധിക്കുന്നു.
  • ലക്ഷണങ്ങൾ: കുമിളകൾ ഉണ്ടാകുക, കഠിനമായ വേദന, വീക്കം, ചർമ്മത്തിൽ ഈർപ്പമുള്ളതു പോലെ കാണപ്പെടുക.
  • സുഖം പ്രാപിക്കാൻ 2-3 ആഴ്ചകൾ എടുത്തേക്കാം, ചർമ്മത്തിന് നിറം മാറ്റം (Pigmentation) ഉണ്ടാകാൻ സാധ്യതയുണ്ട്.

ഗുരുതരമായ പൊള്ളൽ (തേർഡ് ഡിഗ്രി ബേൺസ് – Full Thickness Burns)

  • ചർമ്മത്തിന്റെ എല്ലാ പാളികളെയും നശിപ്പിക്കുന്നു, പേശികൾ, ഞരമ്പുകൾ, അസ്ഥികൾ എന്നിവയെയും ബാധിക്കാൻ സാധ്യതയുണ്ട്.
  • ലക്ഷണങ്ങൾ: ചർമ്മം വെള്ള, കറുപ്പ് അല്ലെങ്കിൽ തുകൽ പോലെ കട്ടിയുള്ള രൂപത്തിൽ കാണപ്പെടുന്നു; ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ വേദനയില്ലാത്ത അവസ്ഥയും ഉണ്ടാകാം.
  • ഉടൻ ആശുപത്രി പരിചരണം ആവശ്യമാണ്, കൂടാതെ ശസ്ത്രക്രിയയോ ഗ്രാഫ്റ്റിംഗോ വേണ്ടിവരും.

ഘട്ടം ഘട്ടമായി: പൊള്ളലേറ്റാൽ ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷ

ഒന്നാംഘട്ടം: പൊള്ളലേൽക്കാനിടയായ സ്ഥലത്തു നിന്ന് മാറുക

  • ചൂടിന്റെ ഉറവിടത്തിൽ നിന്ന് ഉടൻ മാറി നിൽക്കുക.
  • വസ്ത്രത്തിൽ തീ പിടിച്ചാൽ: നിൽക്കുക, വീഴുക, ഉരുളുക (Stop, Drop, and Roll) എന്ന രീതി ഉപയോഗിക്കുക—ചലനം നിർത്തി നിലത്തേക്ക് വീണ് തീ അണയുന്നതിനായി ഉരുളുക.
  • വൈദ്യുതിയിൽ നിന്നുള്ള പൊള്ളലാണ് എങ്കിൽ, ആളെ സ്പർശിക്കുന്നതിന് മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
  • പുകയിൽ നിന്നും രാസവസ്തുക്കളിൽ നിന്നും വ്യക്തിയെ സുരക്ഷിതമായി മാറ്റുക.

രണ്ടാംഘട്ടം : പൊള്ളൽ തണുപ്പിക്കുക

  • പൊള്ളലേറ്റ ഭാഗത്ത് തണുത്ത (ഐസ് പോലെ തണുത്തതല്ല), ശുദ്ധമായ വെള്ളം 15–20 മിനിറ്റ് നേരത്തേക്ക് ഒഴിക്കുക.
  • ഇത് പൊള്ളൽ തുടരുന്നത് തടയാനും വേദനയും വീക്കവും കുറയ്ക്കാനും സഹായിക്കും.
  • ഒഴുകുന്ന വെള്ളം ലഭ്യമല്ലെങ്കിൽ, വൃത്തിയുള്ള, തണുത്ത, നനഞ്ഞ തുണിയോ കംപ്രസ്സോ ഉപയോഗിക്കുക.

ശ്രദ്ധിക്കുക—ചെയ്യരുതാത്തവ:

  • ഐസ് വെള്ളമോ ഐസോ ഉപയോഗിക്കരുത്—ഇത് ചർമ്മകലകളെ കൂടുതൽ നശിപ്പിക്കാൻ സാധ്യതയുണ്ട്.
  • വെണ്ണ, ടൂത്ത്പേസ്റ്റ്, എണ്ണ, വീട്ടിൽ ലഭ്യമായ മറ്റു പദാർത്ഥങ്ങൾ എന്നിവ പുരട്ടരുത്—ഇവ ചൂട് ഉള്ളിൽത്തന്നെ തങ്ങിനിൽക്കാനിട വരുത്തുകയും അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

മൂന്നാംഘട്ടം : മുറുക്കമുള്ള വസ്തുക്കൾ നീക്കം ചെയ്യുക

  • വീങ്ങുന്നതിന് മുമ്പ് പൊള്ളലേറ്റ ഭാഗത്തിന് ചുറ്റുമുള്ള മോതിരങ്ങൾ, വാച്ചുകൾ, ബെൽറ്റുകൾ അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ എല്ലാം ശ്രദ്ധയോടെ നീക്കം ചെയ്യുക.
  • വസ്ത്രം ചർമ്മത്തിൽ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ, അത് വലിച്ചു മാറ്റരുത്—അതിന് ചുറ്റും മുറിച്ചു മാറ്റുക.

നാലാംഘട്ടം: പൊള്ളലേറ്റ ഭാഗം സംരക്ഷിക്കുക

  • തണുപ്പിച്ച ശേഷം, പൊള്ളലേറ്റ ഭാഗം അണുവിമുക്തമായ, ഒട്ടിപ്പിടിക്കാത്ത ഡ്രെസ്സിംഗ് ഉപയോഗിച്ചോ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ചോ മൂടുക.
  • ഇത് അണുബാധയും ഉരസലും തടയുന്നു.
  • വൈദ്യപരിശോധനയ്ക്ക് മുമ്പ് ഓയിൻ്റ്മെൻ്റുകളോ ക്രീമുകളോ പുരട്ടുന്നത് ഒഴിവാക്കുക (ഡോക്ടർ നിർദ്ദേശിക്കുന്ന ബേൺ ജെല്ലുകൾ ഒഴികെ).

അഞ്ചാംഘട്ടം: വേദനയും ജലാംശവും നിയന്ത്രിക്കുക

  • ചെറിയ പൊള്ളലുകൾക്ക്, പാരസെറ്റമോൾ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള, മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാൻ കഴിയുന്ന വേദന സംഹാരികൾ ഉപയോഗിച്ച് വേദന കുറയ്ക്കാം.
  • രോഗിയോട് വെള്ളം കുടിക്കാൻ പറയുക—പൊള്ളൽ കാരണം ശരീരത്തിൽ നിന്ന് ധാരാളം ദ്രാവകം നഷ്ടപ്പെടാനും നിർജ്ജലീകരണം (Dehydration) ഉണ്ടാകാനും സാധ്യതയുണ്ട്.

ആറാംഘട്ടം: ഷോക്ക് പരിശോധിക്കുക (ഗുരുതരമായ പൊള്ളലുകളിൽ)

പൊള്ളലേറ്റ വ്യക്തിക്ക് ഷോക്കിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ:

  • വിളറിയ, തണുത്ത ചർമ്മം
  • വേഗത്തിലുള്ള ഹൃദയമിടിപ്പ്
  • ബലഹീനത അല്ലെങ്കിൽ ബോധക്ഷയം

അവരെ കിടത്തുക, കാലുകൾ ചെറുതായി ഉയർത്തുക, സഹായം എത്തുന്നതുവരെ വൃത്തിയുള്ള പുതപ്പ് ഉപയോഗിച്ച് ചൂട് നിലനിർത്തുക.

ഉടൻ വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങൾ

ചെറിയ തോതിലുള്ള പൊള്ളലെന്ന് തോന്നാമെങ്കിലും, താഴെ പറയുന്ന സാഹചര്യങ്ങളിൽ എപ്പോഴും വൈദ്യസഹായം തേടുക:

  • പൊള്ളൽ 3 ഇഞ്ചിൽ (7–8 സെ.മീ) വലുതാണെങ്കിൽ.
  • പൊള്ളൽ മുഖം, കൈകൾ, പാദങ്ങൾ, ജനനേന്ദ്രിയം, സന്ധികൾ എന്നിവിടങ്ങളിലാണെങ്കിൽ.
  • ആഴത്തിലുള്ള പൊള്ളലുകൾ അല്ലെങ്കിൽ കരിഞ്ഞ ചർമ്മം കാണുകയാണെങ്കിൽ.
  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ (പുക ശ്വസിച്ചേക്കാൻ സാധ്യതയുണ്ട്).
  • പൊള്ളലേറ്റത് കുട്ടി, പ്രായമായ വ്യക്തി, ഗർഭിണി എന്നിവർക്കാണെങ്കിൽ.
  • പൊള്ളലിന് കാരണം രാസവസ്തുക്കൾ, വൈദ്യുതി, അല്ലെങ്കിൽ റേഡിയേഷൻ ആണെങ്കിൽ.

പ്രത്യേക തരം പൊള്ളലുകൾക്കുള്ള പ്രഥമശുശ്രൂഷാ രീതികൾ

1. ചൂട്/തീ പൊള്ളൽ -(Thermal Burns)

  • ഉടൻ 20 മിനിറ്റ് നേരം വെള്ളം ഉപയോഗിച്ച് തണുപ്പിക്കുക.
  • ആഭരണങ്ങളും ഇറുകിയ വസ്ത്രങ്ങളും നീക്കം ചെയ്യുക.
  • വൃത്തിയുള്ള, നാരുകൾ ഇളകാത്ത തുണികൊണ്ടോ, അല്ലെങ്കിൽ ക്ലിംഗ് ഫിലിം ഉപയോഗിച്ചോ മൂടുക.

2. വൈദ്യുത പൊള്ളൽ (Electrical Burns)

  • ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
  • വൈദ്യുതി വിച്ഛേദിക്കുന്നതുവരെ വ്യക്തിയെ സ്പർശിക്കരുത്.
  • മുറിവുകൾ ഉണ്ടോയെന്ന് പരിശോധിക്കുക—ഈ പൊള്ളലുകൾ ആഴത്തിലുള്ള ആന്തരിക പരിക്കുകൾക്ക് കാരണമാകും.
  • ശ്വാസമില്ലെങ്കിലോ പൾസ് ഇല്ലെങ്കിലോ ഉടൻ സി.പി.ആർ (CPR) നൽകി തുടങ്ങുക.

3. രാസവസ്തുക്കൾ മൂലമുള്ള പൊള്ളൽ (Chemical Burns)

  • മലിനമായ വസ്ത്രങ്ങൾ ഉടൻ നീക്കം ചെയ്യുക.
  • പൊള്ളലേറ്റ ഭാഗത്ത് കുറഞ്ഞത് 30 മിനിറ്റ് നേരം ഒഴുകുന്ന വെള്ളം കൊണ്ട് കഴുകുക.
  • രാസവസ്തുക്കളെ നിർവീര്യമാക്കാൻ ശ്രമിക്കരുത് (ഉദാഹരണത്തിന്, ആൽക്കലി പൊള്ളലിന് ആസിഡ് പുരട്ടരുത്).
  • ഉടൻ അടിയന്തിര വൈദ്യസഹായം തേടുക.

4. തിളച്ച വെള്ളം, ആവി, എണ്ണ എന്നിവ മൂലമുള്ള പൊള്ളൽ (Scalds)

  • 15-20 മിനിറ്റ് നേരം തണുത്ത വെള്ളം ഒഴിക്കുക.
  • കുമിളകൾ പൊട്ടിക്കരുത്—അവ അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു.
  • പൊള്ളലിനുള്ള ഡ്രെസ്സിംഗ് ലഭ്യമാണെങ്കിൽ ഉപയോഗിക്കുക.

5. സൂര്യതാപം മൂലമുള്ള പൊള്ളൽ (Sunburn)

  • വീടിനകത്തേക്കോ തണലുള്ള സ്ഥലത്തേക്കോ മാറുക.
  • കറ്റാർവാഴ ജെല്ലോ അല്ലെങ്കിൽ തണുത്ത കംപ്രസ്സോ ഉപയോഗിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • കുമിളകൾ പൊട്ടിക്കുന്നത് ഒഴിവാക്കുക; തീവ്രമാണെങ്കിൽ ഡോക്ടറെ സമീപിക്കുക.

പൊള്ളലേറ്റതിന് ശേഷം ചെയ്യരുതാത്ത കാര്യങ്ങൾ

  • ടൂത്ത്പേസ്റ്റ്, വെണ്ണ, എണ്ണ, പൊടി എന്നിവ പുരട്ടരുത്—ഇവ ഉള്ളിൽ ചൂട് നിലനിർത്തുകയും അണുബാധ ഉണ്ടാക്കുകയും ചെയ്യും.
  • കുമിളകൾ പൊട്ടിക്കരുത്—അവ അണുബാധ തടയുന്ന സ്വാഭാവിക പ്രതിരോധ പാളികളാണ്.
  • പഞ്ഞി (Cotton wool) നേരിട്ട് ഉപയോഗിക്കരുത്—നാരുകൾ മുറിവിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്.
  • വഷളായേക്കാവുന്ന തരം ചെറിയ പൊള്ളലുകളെ അവഗണിക്കരുത്—ചെറിയ അണുബാധ പോലും ഗുരുതരമാവാം.

പ്രകൃതിദത്തവും വീട്ടിലുപയോഗിക്കുന്നതുമായ മാർഗ്ഗങ്ങൾ (ചെറിയ പൊള്ളലുകൾക്ക് മാത്രം)

ചെറിയ, തൊലിപ്പുറമെയുള്ള പൊള്ളലുകൾ തണുപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്ത ശേഷം:

  • കറ്റാർവാഴ ജെൽ: വീക്കം തടയുകയും ആശ്വാസം നൽകുകയും ചെയ്യുന്നു.
  • തേൻ: സ്വാഭാവിക ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് പൊള്ളൽ വേഗം ഭേദമാക്കാൻ സഹായിക്കുന്നു(ചെറിയ പൊള്ളലുകൾക്ക് മാത്രം ഉപയോഗിക്കുക).
  • വെളിച്ചെണ്ണ (സുഖമായതിന് ശേഷം): ഈർപ്പം നൽകുകയും പാടുകൾ ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
  • മഞ്ഞൾ പേസ്റ്റ്: സ്വാഭാവിക ആൻ്റിസെപ്റ്റിക് (മുറിവുകളിലല്ല, അടഞ്ഞ ചർമ്മത്തിൽ ശ്രദ്ധയോടെ ഉപയോഗിക്കുക).

സുരക്ഷ ഉറപ്പാക്കാൻ, ഏതെങ്കിലും പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് എപ്പോഴും ആരോഗ്യ വിദഗ്ദ്ധനുമായി കൂടിയാലോചിക്കുക.

പ്രതിരോധമാണ് ഏറ്റവും മികച്ച പ്രഥമശുശ്രൂഷ

  • ചൂടുള്ള ദ്രാവകങ്ങളും ഉപകരണങ്ങളും കുട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്ത് വെക്കുക.
  • അടുക്കളയിലും രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴും സംരക്ഷണ ഗ്ലൗസുകൾ ഉപയോഗിക്കുക.
  • കുട്ടികളെ കുളിപ്പിക്കുന്നതിന് മുമ്പ് വെള്ളത്തിൻ്റെ ചൂട് പരിശോധിക്കുക.
  • ഫയർ അലാമുകൾ സ്ഥാപിക്കുകയും വീട്ടിൽ ഒരു ഫയർ എക്സ്റ്റിംഗ്വിഷർ സൂക്ഷിക്കുകയും ചെയ്യുക.
  • വൈദ്യുത സോക്കറ്റുകളിൽ അമിതമായി പ്ലഗ് ചെയ്യുന്നത് ഒഴിവാക്കുക.

പൊള്ളലുകൾ വേദനയുള്ളതും ഭയപ്പെടുത്തുന്നതുമാണ്, എന്നാൽ ഉചിതമായ പ്രഥമശുശ്രൂഷ നൽകുന്നത്, ജീവൻ രക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള  വലിയ മാറ്റമുണ്ടാക്കും.

പൊള്ളൽ തണുപ്പിക്കുക, വൃത്തിയായി സൂക്ഷിക്കുക, പ്രൊഫഷണൽ സഹായം ലഭ്യമാകുന്നത് വരെ സംരക്ഷിക്കുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങൾ.

പൊള്ളലേറ്റ പരിക്കുകളിൽ, ആദ്യത്തെ ഏതാനും മിനിറ്റുകളാണ് അടുത്ത മാസങ്ങളിലെ രോഗമുക്തിയെ നിർണ്ണയിക്കുന്നത്.

അതുകൊണ്ട്, ശാന്തരായിരിക്കുക, വേഗത്തിൽ പ്രവർത്തിക്കുക, അടിസ്ഥാന പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവുള്ളവരായിരിക്കുക.

References :

1. WHO, Burns fact Sheet

2. Burns and scalds.

3. Prevention & Management of Injuries

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe