ചതവുകൾക്കുള്ള പ്രഥമശുശ്രൂഷ: ആശുപത്രിയിൽ പോകും മുമ്പ് ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

വീട്ടിലോ ജോലിസ്ഥലത്തോ വ്യായാമം ചെയ്യുമ്പോഴോ കുഞ്ഞുങ്ങൾ കളിക്കുന്നതിനിടയിലോ ഒക്കെ ഇടയ്ക്ക് ദേഹത്ത് ചതവ് (bruises) പറ്റാറുണ്ട്.
മിക്ക ചതവുകളും തനിയെ ഭേദപ്പെടും. എങ്കിലും, ചില സമയങ്ങളിൽ ഇത് ആഴത്തിലുള്ള പരിക്കിനോ ആന്തരിക രക്തസ്രാവത്തിനോ കാരണമാകാം. ചതവുണ്ടായ ഉടൻ തന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം മനസ്സിലാക്കിയിരുന്നാൽ, അപകടം സംഭവിക്കുമ്പോൾ വേദന, വീക്കം, നിറംമാറ്റം എന്നിവ കുറയ്ക്കാൻ അതു സഹായിക്കും. മാത്രമല്ല, ഇത് മറ്റ് സങ്കീർണ്ണതകൾ ഒഴിവാക്കാനും ഉപകരിക്കും.
ചതവുകൾ സംബന്ധിച്ച ശാസ്ത്രീയ വസ്തുതകൾക്കൊപ്പം, ചതവു പറ്റിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ആശുപത്രിയിലെത്തുന്നതിന് മുമ്പ്, കൈക്കൊള്ളേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും nellikka.life വിശകലനം ചെയ്യുന്നു.
എന്താണ് ചതവ്?
എന്തെങ്കിലും ക്ഷതമോ ആഘാതമോ കാരണം ശരീര
ചർമ്മത്തിന് അടിയിലുള്ള ചെറിയ രക്തക്കുഴലുകൾക്ക് (കാപ്പിലറികൾ) കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ചതവ്(Contusion) ഉണ്ടാകുന്നത്.
ഈ ക്ഷതം മൂലം ചർമ്മത്തിനടിയിൽ രക്തം ഊർന്നിറങ്ങുന്നു, ഇത് നിറവ്യത്യാസത്തിലേക്ക് നയിക്കുന്നു. ചുവന്നതോ വയലറ്റ് നിറത്തിലോ തുടങ്ങി പിന്നീട് അത് നീല, പച്ച, മഞ്ഞ നിറങ്ങളായി മാറുകയും, ക്രമേണ ശരീരം ഈ രക്തത്തെ വലിച്ചെടുക്കുമ്പോൾ നിറം മങ്ങി, മാഞ്ഞുപോകുകയും ചെയ്യുന്നു.
സാധാരണ കാരണങ്ങൾ:
- കഠിനമായ പരിക്കുകൾ (കളികൾ, വീഴ്ചകൾ, അപകടങ്ങൾ)
- വല്ലാതെ ഇറുകിയ വസ്ത്രധാരണം അല്ലെങ്കിൽ സമ്മർദ്ദം
- ചില മരുന്നുകൾ (രക്തം കട്ടിയാവാതിരിക്കാനുള്ള മരുന്നുകൾ അല്ലെങ്കിൽ സ്റ്റിറോയ്ഡുകൾ പോലുള്ളവ)
- വിറ്റാമിനുകളുടെ അപര്യാപ്തത (പ്രത്യേകിച്ച് വിറ്റാമിൻ C അല്ലെങ്കിൽ K)
- പ്രായമായവരിൽ രക്തക്കുഴലുകൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന ബലക്കുറവ്
മിക്ക ചതവുകളും ദോഷകരമല്ലാത്തവയാണ്. എങ്കിലും ചിലത്, ശരീര കോശങ്ങൾക്ക് പരിക്കോ അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളോ സൃഷ്ടിച്ചേക്കാം.
ചതവുകൾക്കുള്ള പ്രഥമശുശ്രൂഷ: ഘട്ടം ഘട്ടമായി
ആശുപത്രിയിൽ എത്തുന്നതിന് മുമ്പ്, പരിക്ക് സംഭവിച്ച ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ:
ആദ്യഘട്ടം: ഐസ് പാക്ക് (Cold Compress) വയ്ക്കുക (ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ)
ചതവിനുള്ള ഏറ്റവും ആദ്യത്തെതും ഫലപ്രദവുമായ പ്രതിവിധി ശീത ചികിത്സയാണ് (Cold Therapy).
തണുപ്പേൽക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുന്നു, ഇത് ആന്തരിക രക്തസ്രാവവും വീക്കവും കുറയ്ക്കാൻ സഹായിക്കും.
ചെയ്യേണ്ട വിധം:
- ഐസ് പാക്ക്, ഫ്രോസൺ പീസ് അടങ്ങിയ ബാഗ്, അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ തുണി നനച്ച് ചതിവിനു മുകളിൽ വെയ്ക്കുക.
- ഐസ് പാക്ക്, ഒരു വൃത്തിയുള്ള തുണിയിൽ പൊതിയുക — ഐസ് ഒരിക്കലും ചർമ്മത്തിൽ നേരിട്ട് വെയ്ക്കരുത്.
- ഒരു തവണ 10–15 മിനിറ്റ് വെയ്ക്കുക.
- ആവശ്യമെങ്കിൽ, ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ഓരോ മണിക്കൂറിലും ഇത് ആവർത്തിക്കാം.
പ്രത്യേകം ശ്രദ്ധിക്കാൻ: ചതവു പറ്റിയ ഉടൻ തന്നെ ഐസ് പാക്ക് വെയ്ക്കുന്നത് ദിവസങ്ങൾക്കുള്ളിൽത്തന്നെ ചതവ് അപ്രത്യക്ഷമാക്കാൻ സഹായിച്ചേക്കാം.
രണ്ടാംഘട്ടം: പരിക്കേറ്റ ഭാഗം ഉയർത്തി വെയ്ക്കുക
ചതവ് കൈകാലുകളിലോ (കൈ, കാൽ, പാദം) ആണെങ്കിൽ:
- രക്തയോട്ടം കുറയ്ക്കുന്നതിനും ആന്തരിക രക്തസ്രാവം കുറയ്ക്കുന്നതിനും ചതവുപറ്റിയ ഭാഗം ഹൃദയത്തിൻ്റെ ലെവലിനേക്കാൾ ഉയർത്തി വെക്കുക.
- ഇതിനായി തലയിണയോ മടക്കിയ ടവ്വലോ താങ്ങായി ഉപയോഗിക്കാം.
വീക്കം, വേദന, നിറംമാറ്റം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും.
മൂന്നാംഘട്ടം: ആ ഭാഗത്തിന് വിശ്രമം നൽകുക
കുറഞ്ഞത് 24–48 മണിക്കൂറെങ്കിലും ചതവു പറ്റിയ ഭാഗം ഉപയോഗിക്കുന്നത് അല്ലെങ്കിൽ അതിൽ സമ്മർദ്ദം നൽകുന്നത് ഒഴിവാക്കുക.
അമിതമായ ചലനം രക്തം ഊർന്നിറങ്ങുന്നതും വീക്കവും വർദ്ധിപ്പിച്ചേക്കാം.
പേശികളിലെ ചതവാണെങ്കിൽ പൂർണ്ണ വിശ്രമം നൽകുക. രക്തയോട്ടം തടസ്സപ്പെടുത്തുന്ന രീതിയിൽ വല്ലാതെ മുറുക്കി കെട്ടി നിശ്ചലമാക്കരുത്.
നാലാംഘട്ടം: വേദന നിയന്ത്രിക്കുക (ഉണ്ടെങ്കിൽ)
വേദന കുറയ്ക്കാൻ പാരസെറ്റമോൾ (acetaminophen) കഴിക്കാവുന്നതാണ്.
ഡോക്ടർ നിർദ്ദേശിക്കാത്ത പക്ഷം ആസ്പിരിൻ (Aspirin) അല്ലെങ്കിൽ ഐബുപ്രോഫൻ (Ibuprofen) എന്നിവ ഒഴിവാക്കുക — കാരണം ഈ മരുന്നുകൾ രക്തത്തിൻ്റെ കട്ടി കുറയ്ക്കുന്നതിനും ചതവ് സങ്കീർണ്ണമാക്കുന്നതിനും കാരണമായേക്കാം.
രക്തം കട്ടിയാവാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്ന വ്യക്തിയാണെങ്കിൽ, വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുമായി ആലോചിക്കുക.
അഞ്ചാംഘട്ടം: ചതവ് ശ്രദ്ധയോടെ പരിശോധിക്കുക
അടയാളങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക:
- അമിതമായ വേദന അല്ലെങ്കിൽ വീക്കം
- ചർമ്മത്തിന് അടിയിൽ കട്ടിയുള്ള മുഴ (ഇത് ഹെമറ്റോമ ആകാൻ സാധ്യതയുണ്ട്)
- പരിക്കേറ്റ ഭാഗത്തിന് അടുത്തായി ചലനം തടസ്സപ്പെടുക അല്ലെങ്കിൽ തരിപ്പ് അനുഭവപ്പെടുക
- പരിക്കേൽക്കാതെ തന്നെ ചതവുകൾ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കിൽ അകാരണമായി ഇടയ്ക്കിടെ ചതവുകൾ വരികയോ ചെയ്യുക
ഇവയിൽ ഏതെങ്കിലും കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക — ഇത് പേശീമുറിവ്, ഒടിവുകൾ, അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നതിലുള്ള തകരാറുകൾ എന്നിവയുടെ സൂചനയാകാം.
ആറാംഘട്ടം: 24–48 മണിക്കൂറിന് ശേഷം — ചൂടുവെള്ളം പിടിക്കുക
വീക്കം കുറഞ്ഞ ശേഷം (ആദ്യത്തെ രണ്ട് ദിവസങ്ങൾക്ക് ശേഷം):
- ഒരു ചൂടുവെള്ളത്തിൽ തുണി നനച്ച് ചതവേറ്റ ഭാഗത്ത് ചൂടു കൊള്ളിക്കുക (Warm Compress) അല്ലെങ്കിൽ ഹീറ്റിംഗ് പാഡ് 10-15 മിനിറ്റ് നേരം, ദിവസത്തിൽ 2-3 തവണ വെയ്ക്കുക.
- ചൂട്, രക്തയോട്ടം മെച്ചപ്പെടുത്താനും കട്ടപിടിച്ച രക്തം വേഗത്തിൽ ചംക്രമണം ചെയ്യപ്പെടാനും സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ചൂട് ചികിത്സ ആരംഭിക്കരുത് — ഇത് രക്തസ്രാവം വർദ്ധിപ്പിച്ചേക്കാം.
ഏഴാംഘട്ടം: ആശ്വാസകരമാകുന്ന പ്രകൃതിദത്ത പരിഹാരങ്ങൾ
പ്രഥമശുശ്രൂഷ അടിയന്തിര ആശ്വാസത്തിന് വേണ്ടിയുള്ളതാണെങ്കിൽ, അതിനുശേഷം പർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ചില സുരക്ഷിതമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഇതാ:
കറ്റാർ വാഴ ജെൽ (Aloe Vera Gel):
- സ്വാഭാവികമായ വീക്കം കുറയ്ക്കുന്ന ഗുണങ്ങളും തണുപ്പിക്കാനുള്ള ശേഷിയുമുണ്ട്.
- ദിവസത്തിൽ 2-3 തവണ നേരിട്ട് ചർമ്മത്തിൽ പുരട്ടുക.
ആർണിക്ക ക്രീം അല്ലെങ്കിൽ ജെൽ (Arnica Cream or Gel):
- ആർണിക്ക മോണ്ടാന എന്ന സസ്യത്തിൽ നിന്ന് ലഭിക്കുന്ന സത്ത്, വീക്കവും നിറംമാറ്റവും കുറയ്ക്കാൻ സഹായിക്കും.
- ഫാർമസിസ്റ്റിന്റെയോ ഡോക്ടറുടെയോ നിർദ്ദേശപ്രകാരം ഉപയോഗിക്കുക.
വിറ്റാമിൻ സി ധാരാളമടങ്ങിയ ഭക്ഷണം:
- ഇത് രക്തക്കുഴലുകൾക്ക് ബലം നൽകാനും രോഗശാന്തി വേഗത്തിലാക്കാനും സഹായിക്കുന്നു.
- സിട്രസ് പഴങ്ങൾ, നെല്ലിക്ക, ബ്രൊക്കോളി, പേരയ്ക്ക, കാപ്സിക്കം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആശുപത്രിയിൽ എപ്പോൾ പോകണം?
മിക്ക ചതവുകളും ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സുഖപ്പെടും. എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുക:
- അമിതമായി വേദന കൂടുകയോ വീക്കം പടരുകയോ ചെയ്യുമ്പോൾ.
- പരിക്കേൽക്കാതെ പെട്ടെന്ന് ചതവ് പ്രത്യക്ഷപ്പെടുമ്പോൾ.
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ച് ചതവുകൾ ഉണ്ടാകുമ്പോൾ.
- ആഘാതത്തിന് ശേഷം കണ്ണിന് സമീപമോ തലയിലോ ചതവുകൾ ഉണ്ടാകുമ്പോൾ.
- വലുതോ, കട്ടിയുള്ളതോ, പെട്ടെന്ന് വളരുന്നതോ ആയ വീക്കം (ഹെമറ്റോമ ആകാൻ സാധ്യതയുണ്ട്).
- അണുബാധയുടെ ലക്ഷണങ്ങൾ — ചുവപ്പ്, ചൂട്, പഴുപ്പ്, അല്ലെങ്കിൽ പനി എന്നിവയുണ്ടാകുമ്പോൾ.
- രക്തസ്രാവ രോഗങ്ങൾ, പ്രമേഹം എന്നിവയുണ്ടെങ്കിലോ രക്തം കട്ടിയാവാതിരിക്കാനുള്ള മരുന്ന് കഴിക്കുകയോ ചെയ്യുമ്പോൾ.
കോശങ്ങൾക്കോ അസ്ഥികൾക്കോ പരിക്ക് പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ഡോക്ടർമാർ ഇമേജിംഗ് ടെസ്റ്റുകൾ (അൾട്രാസൗണ്ട് അല്ലെങ്കിൽ എക്സ്-റേ പോലുള്ളവ) ശുപാർശ ചെയ്തേക്കാം.
ചതവുകൾക്ക് നിറം മാറാൻ കാരണം?
ചതവുകൾക്ക് കാലക്രമേണ നിറം മാറി വരും.
ശരീരത്തിൻ്റെ സ്വാഭാവികമായ രോഗശാന്തി പ്രക്രിയയാണത്.
| നിറം | സമയം | സംഭവിക്കുന്നത് |
| ചുവപ്പ് / വയലറ്റ് | ആദ്യ 1–2 ദിവസങ്ങൾ | ചർമ്മത്തിനടിയിൽ പുതിയ രക്തം കെട്ടിക്കിടക്കുന്നു |
| 2–5 ദിവസങ്ങൾ | 2–5 ദിവസങ്ങൾ | ഓക്സിജൻ നഷ്ടപ്പെട്ട രക്തം വിഘടിക്കാൻ തുടങ്ങുന്നു |
| പച്ച | 5–7 ദിവസങ്ങൾ | ഹീമോഗ്ലോബിൻ വിഘടിച്ച് ബിലിവിർഡിൻ ആയി മാറുന്നു |
| മഞ്ഞ / തവിട്ടുനിറം | 7–10 + ദിവസങ്ങൾ | ബിലിറൂബിൻ ആയി മാറുന്നതിൻ്റെ അവസാന ഘട്ടം; ചതവ് സുഖപ്പെടുന്ന സമയം |
ചതവുകൾ എങ്ങനെ തടയാം
എല്ലാ ചതവുകളും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, അപകടസാധ്യത കുറയ്ക്കാൻ സാധിക്കും:
- വീഴ്ചകൾ ഒഴിവാക്കാൻ, താമസസ്ഥലങ്ങൾ നന്നായി പ്രകാശമുള്ളതും തടസ്സങ്ങളില്ലാത്തതും ആയി സൂക്ഷിക്കുക.
- കളികളിലോ കായിക പ്രവർത്തനങ്ങളിലോ ഏർപ്പെടുമ്പോൾ സുരക്ഷാ ഉപകരണങ്ങൾ (Protective gear) ഉപയോഗിക്കുക.
- രക്തക്കുഴലുകൾക്ക് ബലം നൽകാനായി വിറ്റാമിൻ C, K എന്നിവ ധാരാളമടങ്ങിയ സന്തുലിതമായ ഭക്ഷണം കഴിക്കുക.
- രക്തം കട്ടിയാവാതിരിക്കാനുള്ള മരുന്നുകളുടെയോ മദ്യത്തിൻ്റെയോ അനാവശ്യമായ ഉപയോഗം ഒഴിവാക്കുക.
- സ്ഥിരമായ വ്യായാമം രക്തയോട്ടവും പേശീബലവും മെച്ചപ്പെടുത്തുന്നു, ഇത് പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കും.
പ്രഥമശുശ്രൂഷ പ്രധാനം
പുറമെ നിന്നു കാണുമ്പോൾ ചതവ് നിസ്സാരമായി തോന്നാമെങ്കിലും, ആന്തരിക ശരീരത്തിൽ ചെറു രക്തക്കുഴലുകൾ സ്വയം സുഖപ്പെടുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ശരിയായ പ്രഥമശുശ്രൂഷ ആദ്യ നിമിഷങ്ങളിൽത്തന്നെ നൽകുക, — ഐസ് പാക്ക്, വിശ്രമം, ചതവേറ്റ ഭാഗം ഉയർത്തിവെയ്ക്കുക, ശ്രദ്ധാപൂർവ്വമുള്ള നിരീക്ഷണം – ഇവയെല്ലാം അസുഖം വേഗത്തിൽ ഭേദമാകാൻ സഹായിക്കുന്നതോടൊപ്പം ഗുരുതരമായ സങ്കീർണ്ണതകൾ തടയുകയും ചെയ്യും.
എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.
References




