പകർച്ചവ്യാധി പോലെ വ്യാപകമാകുന്നു ഫാറ്റി ലിവർ

ദശലക്ഷങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രതിസന്ധി
ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതികളും ഏറെ നേരം ഇരുന്നുള്ള, ശരീരമനങ്ങാത്ത തരം ജോലിയും പാതിരാത്രി വരെ നീളുന്ന, കിടക്കുന്നതിന് തൊട്ടുമുമ്പ് വയർ നിറയെ ആഹാരം കഴിക്കുന്ന ജീവിതശൈലിയും അരങ്ങുവാഴുന്ന വർത്തമാനകാല ജീവിതം നമുക്ക് നൽകുന്ന നിശബ്ദ രോഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്. മുൻകാലങ്ങളിൽ ഈ രോഗം മദ്യപിക്കുന്നവരിലാണ് കണ്ടുവന്നിരുന്നതെങ്കിൽ, ഇന്ന് ഒരു തുള്ളി മദ്യം കഴിക്കാത്തവരിലും കരളിൽ കൊഴുപ്പടിയുന്നുണ്ട്. ഇതാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD).
ആഗോളതലത്തിൽ, ഏകദേശം നാലിൽ ഒരാളെ ഈ അസുഖം ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ, 30–35% പേർക്കും എൻ എ എഫ് എൽ ഡി ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇത് വ്യാപിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
നിശബ്ദമായി ശരീരത്തെ കീഴടക്കുന്ന രീതിയാണ് NAFLDയെ അപകടകാരിയാക്കുന്നത്. രോഗം മൂർച്ഛിച്ച് കഴിഞ്ഞ ശേഷം മാത്രമാകും കരളിന് പ്രശ്‌നമുണ്ടെന്ന് മിക്ക ആളുകളും തിരിച്ചറിയുന്നത്.
അപ്പോഴേക്കും രോഗം സിറോസിസ് അല്ലെങ്കിൽ കരളിലെ കാൻസർ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ടാകാം.
NAFLDക്ക് പിന്നിലെ ശാസ്ത്രം
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള ഒരു ഊർജ്ജനിലയമാണ് കരൾ. NAFLDയിൽ, അധിക കൊഴുപ്പ് (കരളിന്റെ ഭാരത്തിന്റെ 5-10 ശതമാന ത്തിലധികം) കരൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്നു. ശരീരത്തിന് ഗ്ലൂക്കോസ് കാര്യക്ഷമമായി സംസ്കരിക്കാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഇൻസുലിൻ പ്രതിരോധം (Insulin resistance) മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. NAFLD നാല് ഘട്ടങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്:
1.സാധാരണ ഫാറ്റി ലിവർ (Steatosis): ചെറിയ തോതിലുള്ള കൊഴുപ്പ് അടിഞ്ഞുകൂടൽ, പലപ്പോഴും ദോഷകരമല്ല.
2.നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH): കരളിൽ വീക്കവും കേടുപാടുകളും ആരംഭിക്കുന്നു.
3.ഫൈബ്രോസിസ് (Fibrosis): ആരോഗ്യമുള്ള കോശങ്ങൾക്ക് പകരം വടുക്കൾ (Scar tissue) രൂപപ്പെടാൻ തുടങ്ങുന്നു.
4.സിറോസിസ് അല്ലെങ്കിൽ കരൾ കാൻസർ: സ്ഥായിയായ കേടുപാടുകളും ജീവന് ഭീഷണിയാകുന്ന തരം സങ്കീർണതകളും.
ആഗോളതലത്തിൽത്തന്നെ, കരൾ മാറ്റിവെക്കേണ്ടിരുന്ന അവസ്ഥയ്ക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ കാരണമാകുന്നത് NAFLD ആണെന്ന്, ദ ലാൻസെറ്റ് ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജിയിലെ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
അപകടസാധ്യതകളും മുന്നറിയിപ്പ് സൂചനകളും
NAFLD ആർക്ക് വേണമെങ്കിലും വരാം. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണെങ്കിൽപ്പോലും ഭക്ഷണക്രമവും ജീവിതശൈലിയും മോശമാണെങ്കിൽ ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രധാന അപകട ഘടകങ്ങൾ ഇവയാണ്:
- അമിതവണ്ണം (പ്രത്യേകിച്ച് വയറിലെ കൊഴുപ്പ്)
- ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബെറ്റിസ് (പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥ).
- ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ.
- ശരീരമനങ്ങാത്ത തരം ജീവിതശൈലി (Sedentary lifestyle).
- പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ കൂടുതലായി അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണരീതി.
ലക്ഷണങ്ങൾ (പ്രത്യക്ഷപ്പെടുന്ന അവസ്ഥയിൽ):
രോഗം മൂർച്ഛിക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
- സ്ഥിരമായ ക്ഷീണം.
- വയറിന് മുകൾ ഭാഗത്ത് വലതുവശത്തായി വേദന അല്ലെങ്കിൽ അസ്വസ്ഥത.
- കരൾ വലുതാകുന്നത് (മെഡിക്കൽ പരിശോധനകളിൽ തിരിച്ചറിയുന്നു).
- രോഗം മൂർച്ഛിച്ച കേസുകളിൽ: മഞ്ഞപ്പിത്തം, കാലുകളിലും വയറ്റിലുമുണ്ടാകുന്ന നീര്, ആശയക്കുഴപ്പം.
പതിയിരിക്കുന്ന അപകടങ്ങൾ
NAFLD ഉള്ള മിക്ക ആളുകളും ലക്ഷണങ്ങളില്ലാതെ ജീവിക്കുമ്പോൾ തന്നെ, 20–30% ആളുകളിൽ ഇത് NASH-ലേക്ക് (നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്) പുരോഗമിക്കുന്നു. ഇത് ഇനിപ്പറയുന്ന ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം:
- സിറോസിസ് (കരളിന് സ്ഥിരമായ പാടുകൾ വീഴുന്നത്).
- ഹെപ്പറ്റോസെല്ലുലാർ കാർസെനോമ (കരൾ കാൻസർ).
- ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു (NAFLD രോഗികളിൽ മരണത്തിന് പ്രധാന കാരണം ഇതാണ്).
പല രോഗികളും പതിവായുള്ള ആരോഗ്യ പരിശോധനകളിലൂടെയോ അല്ലെങ്കിൽ രോഗം ഗുരുതരമാകുമ്പോഴോ ആണ് NAFLD തിരിച്ചറിയുന്നത് എന്നതാണ് ഏറ്റവും സങ്കീർണ്ണമായ പ്രശ്നം.
പ്രതിരോധവും പരിപാലനവും
ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി പ്രാരംഭാവസ്ഥയിലെ ഘട്ടങ്ങളെ പൂർണ്ണമായും മാറ്റിയെടുക്കാനും രോഗ പുരോഗതി മന്ദഗതിയിലാക്കാനും കഴിയുമെന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്.
1. ശരീരഭാരം കൂടാതെ നോക്കാം
- ശരീരഭാരത്തിന്റെ 7–10% കുറയ്ക്കുന്നത് പോലും കരളിന്റെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
- എയറോബിക് വ്യായാമവും പേശികളുടെ കരുത്തു കൂട്ടുന്ന വ്യായാമമുറകളും സംയോജിപ്പിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
2. ഭക്ഷണക്രമം
- ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, ചുവന്ന മാംസം എന്നിവ കുറയ്ക്കുക.
- മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണം ശീലമാക്കാം. (പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, നട്‌സ്, ഒലിവ് ഓയിൽ).
- ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ (ഗ്രീൻ ടീ, മഞ്ഞൾ, ഇലക്കറികൾ) കഴിക്കുന്നത് വർദ്ധിപ്പിക്കുക.
3. പരിശോധന പതിവാക്കാം
- നിങ്ങൾക്ക് രോഗം വരാനുള്ള സാദ്ധ്യതയുണ്ടെങ്കിൽ കരളിൻ്റെ പ്രവർത്തനമറിയാനുള്ള പരിശോധനകളും (Liver function tests) അൾട്രാസൗണ്ട് സ്കാനിംഗും നടത്തുക.
- പ്രമേഹമോ അമിതവണ്ണമോ ഉള്ളവർ വർഷം തോറും പരിശോധന നടത്തണം.
4. വൈദ്യസഹായം
- ചില സന്ദർഭങ്ങളിൽ, ഡോക്ടർമാർ വിറ്റാമിൻ ഇ യോ ഇൻസുലിൻ സെൻസിറ്റൈസിംഗ് മരുന്നുകളോ നിർദ്ദേശിച്ചേക്കാം.
- രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ വിദഗ്ദ്ധ ഹെപ്പറ്റോളജി കെയർ (കരൾ സംബന്ധമായ പ്രത്യേക ചികിത്സ) ആവശ്യമാണ്.
NAFLD എന്നത് സമ്പന്നരെ മാത്രം ബാധിക്കുന്ന രോഗമോ മദ്യപിക്കുന്നവരെ മാത്രം ബാധിക്കുന്നതോ അല്ല. നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആധുനിക പകർച്ചവ്യാധിയായിത്തന്നെ ഈ അസുഖത്തെ കണക്കാക്കണം. നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാൻ കഴിയും എന്നതിനാൽ, ശ്രദ്ധിക്കുന്നത് ഏറെ ഗുണം ചെയ്യും.
ആരോഗ്യകരമായ ഭക്ഷണം കഴിച്ച്, ദേഹമനങ്ങി വ്യായാമം ചെയ്ത്, പതിവായി പരിശോധനകൾ നടത്തി മുന്നേറിയാൽ നമുക്ക് കരൾരോഗങ്ങൾ വരാതെ നോക്കാം. രാവും പകലും നമുക്ക് വേണ്ടി നിശബ്ദമായി പണിയെടുക്കുന്ന കരളിനെ തടസ്സമില്ലാതെ പ്രർത്തിക്കാൻ അവസരമൊരുക്കാം.
3. The Lancet Gastroenterology & Hepatology, 2021 – NAFLD and its global health burden.




