സ്നേഹം ഉള്ളുപൊള്ളിക്കുമ്പോൾ: പങ്കാളിയുടെ അതിക്രമവും അതിന് പിന്നിലെ മാനസിക കാരണങ്ങളും

സ്നേഹത്തിൻ്റെ ഇരുണ്ട വശം
അകമഴിഞ്ഞ ആനന്ദവും ആശ്വാസവും സ്വസ്ഥതയുമാണ് യഥാർത്ഥ സ്നേഹം നമുക്ക് സമ്മാനിക്കുക. പക്ഷെ പലർക്കും, അവർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന വ്യക്തി തന്നെ ഭയത്തിൻ്റെയും മാനസിക വേദനയുടെയും ഉറവിടമായി മാറുന്നു. പങ്കാളിയുടെ ഭാഗത്തുനിന്നുള്ള അതിക്രമം – അത് ശാരീരികമോ വൈകാരികമോ മാനസികമോ ആകട്ടെ – നമ്മുടെ കാലത്തെ ഏറ്റവും വ്യാപകമായ പ്രതിസന്ധികളിൽ ഒന്നാണ്.
ഉച്ചത്തിലുള്ള സംസാരം മുതൽ അമിതമായി നിയന്ത്രിക്കുന്ന സ്വഭാവം വരെ, മനസ്സ് തകർക്കുന്ന അപമാനം മുതൽ ശാരീരികമായ ഉപദ്രവം വരെ ഇതിന് പല മുഖങ്ങളുണ്ട്. ഈ സ്വഭാവം പലപ്പോഴും നിശബ്ദതയിലാണ് തഴച്ചുവളരുക. മിക്കവാറും, ഈ പ്രശ്നത്തെ, “ദേഷ്യം”, “മാനസിക പിരിമുറുക്കം” എന്നെല്ലാം വിശേഷിപ്പിക്കുയോ അല്ലെങ്കിൽ “ഇതൊക്കെ ബന്ധങ്ങളിൽ സാധാരണമാണ്” എന്ന് പറഞ്ഞ് ന്യായീകരിക്കുകയോ ചെയ്തു കാണാറുണ്ട്. എന്നാൽ ഇതിനെല്ലാം പിന്നിൽ ആഴത്തിലുള്ള ചില മാനസിക കാരണങ്ങളുണ്ട്. അത് നിഷേധിക്കുകയല്ല, മറിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്.
എന്താണ് പങ്കാളിയുടെ അതിക്രമം?
ഒരു പ്രണയബന്ധത്തിലോ ദാമ്പത്യത്തിലോ, പങ്കാളിക്ക് ശാരീരികമോ, വൈകാരികമോ, മാനസികമോ ആയ ദോഷം വരുത്തുന്ന ഏതൊരു പെരുമാറ്റത്തെയും ‘പങ്കാളിയുടെ അതിക്രമം’ എന്ന് വിളിക്കാം. അതിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
- ശാരീരിക ഉപദ്രവം: അടിക്കുക, തള്ളുക, മുറിവേൽപ്പിക്കുക, അല്ലെങ്കിൽ ശാരീരികമായി ഭീഷണിപ്പെടുത്തുക.
- വൈകാരിക പീഡനം: അധിക്ഷേപിക്കുക, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കുക, ഭീഷണിപ്പെടുത്തുക, മിണ്ടാതെയിരുന്ന് ശിക്ഷിക്കുക .
- ലൈംഗികമായ നിർബന്ധം: സമ്മതമില്ലാതെ ലൈംഗികമായി പെരുമാറാൻ നിർബന്ധിക്കുകയോ അതിനായി തന്ത്രങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക.
- മാനസികമായ നിയന്ത്രണം: പങ്കാളിയെ സുഹൃത്തുക്കളിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒറ്റപ്പെടുത്തുക, എപ്പോഴും നിരീക്ഷിക്കുക, അല്ലെങ്കിൽ കുറ്റബോധം ഉണ്ടാക്കി കാര്യങ്ങൾ സാധിക്കുക.
- സാമ്പത്തികമായ ചൂഷണം: പണം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുക, അല്ലെങ്കിൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കാതിരിക്കുക.
ശാരീരികമായ അതിക്രമം പുറമേ കാണുന്ന മുറിവുകൾ അവശേഷിപ്പിക്കുമ്പോൾ, വൈകാരികവും മാനസികവുമായ പീഡനങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്നു. എന്നാൽ കാലക്രമേണ, ഒരു വ്യക്തിയുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും പൂർണ്ണമായും തകർക്കാൻ അതിന് കഴിയും.
അതിക്രമത്തിൻ്റെ ആധുനിക മുഖം: സൂക്ഷ്മമെങ്കിലും അപകടകരം
ഇന്നത്തെ കാലത്ത്, ബന്ധങ്ങളിലെ അതിക്രമം എപ്പോഴും പ്രകടമായ ഒന്നായിരിക്കണമെന്നില്ല. ഇത് പലപ്പോഴും ‘പാസിവ്-അഗ്രസീവ്’ (നേരിട്ടല്ലാതെ ദേഷ്യം പ്രകടിപ്പിക്കുന്നത്), വൈകാരികം, അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിലായിരിക്കാം.
ഉദാഹരണത്തിന്:
- പങ്കാളിയുടെ ഫോണോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ നിരന്തരം പരിശോധിക്കുക.
- അവരെ ഇകഴ്ത്തിക്കാട്ടാനായി പരിഹാസരൂപേണ സംസാരിക്കുക .
- ശിക്ഷ എന്ന നിലയിൽ സ്നേഹം നൽകാതിരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുക.
- അവരുടെ കുറവുകളെയും പോരായ്മകളെയും കുറിച്ച് മറ്റുള്ളവരുടെ മുന്നിൽ വെച്ച് കളിയാക്കി സംസാരിക്കുക.
- ഗ്യാസ്‌ലൈറ്റിംഗ് (Gaslighting): പങ്കാളി പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങൾ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കുകയും അവരുടെ സ്വന്തം ഓർമ്മകളെക്കുറിച്ചോ വികാരങ്ങളെക്കുറിച്ചോ അവരെക്കൊണ്ട് തന്നെ സംശയിപ്പിക്കുകയും ചെയ്യുന്ന രീതി.
‘ജേണൽ ഓഫ് ഇൻ്റർപേഴ്സണൽ വയലൻസ്’ 2022ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ശാരീരിക അതിക്രമത്തേക്കാൾ ഇരട്ടിയോളം അധികം മാനസികമായ അതിക്രമം നടക്കുന്നുണ്ട് എന്നാണ്. മാത്രമല്ല, ഇത് വൈകാരിക ആരോഗ്യത്തിന് ശാരീരിക ഉപദ്രവം പോലെ തന്നെ ദോഷകരവുമാണ്.
എന്തുകൊണ്ടാണ് പങ്കാളികൾ അക്രമാസക്തരാകുന്നത്?
ബന്ധങ്ങളിലെ അതിക്രമം ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല. സാധാരണയായി, പരിഹരിക്കപ്പെടാതെ കിടക്കുന്ന മാനസിക മുറിവുകൾ, പ്രതിസന്ധികളെ നേരിടാനുള്ള കഴിവില്ലായ്മ, അല്ലെങ്കിൽ കണ്ടുപഠിച്ച ശീലങ്ങൾ എന്നിവയാണ് പലപ്പോഴും ഇതിന് പിന്നിൽ.
പ്രധാന കാരണങ്ങൾ ഇവയാണ്:
1. ഉണങ്ങാത്ത മാനസിക മുറിവുകൾ (Trauma)
കുട്ടിക്കാലത്ത് അക്രമങ്ങൾ കണ്ടോ, വൈകാരികമായ അവഗണന അനുഭവിച്ചോ വളർന്നവർ, മുതിരുമ്പോൾ തങ്ങളുടെ നിരാശയും ദേഷ്യവും പ്രകടിപ്പിക്കാനും കാര്യങ്ങൾ നിയന്ത്രിക്കാനുമുള്ള ഒരു മാർഗ്ഗമായി അക്രമത്തെ സ്വയം ശീലമാക്കി മാറ്റിയേക്കാം.
2. അധികാരവും നിയന്ത്രണവും
അരക്ഷിതാവസ്ഥയാണ് പല അതിക്രമങ്ങളുടെയും പിന്നിലെ പ്രധാന കാരണം . വൈകാരികമായി തങ്ങൾ ഭീഷണി നേരിടുന്നു എന്ന് തോന്നുമ്പോൾ, പങ്കാളിയുടെ മേൽ ആധിപത്യം സ്ഥാപിക്കാനും തങ്ങളാണ് മികച്ചവർ എന്ന് കാണിക്കാനുമുള്ള ശ്രമത്തിൽ നിന്നാണ് ഇതുണ്ടാകുന്നത്.
3. മാനസിക പിരിമുറുക്കവും വികാരങ്ങളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും
അമിതമായ മാനസിക പിരിമുറുക്കം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ ലഹരി ഉപയോഗം എന്നിവ ഒരു വ്യക്തിക്ക് സ്വന്തം വികാരങ്ങളെയും എടുത്തുചാട്ടത്തെയും നിയന്ത്രിക്കാനുള്ള കഴിവ് കുറയ്ക്കും. ഇത് പെട്ടെന്നുള്ള ദേഷ്യത്തിനും പൊട്ടിത്തെറികൾക്കും കാരണമാകുന്നു.
4. ബന്ധങ്ങളിലെ അരക്ഷിതാവസ്ഥ
പങ്കാളി ഉപേക്ഷിച്ചു പോകുമോ അല്ലെങ്കിൽ തന്നെ വേണ്ടെന്നു വെക്കുമോ എന്ന ഭയം പലപ്പോഴും അസൂയയായും അമിതമായ ഉടമസ്ഥതാബോധമായും അല്ലെങ്കിൽ പങ്കാളിയെ നിയന്ത്രിക്കുന്ന സ്വഭാവമായും പുറത്തുവരാം.
5. ലിംഗഭേദവും സാംസ്കാരിക സാഹചര്യങ്ങളും
പുരുഷാധിപത്യ സമൂഹങ്ങളിൽ, പുരുഷൻ്റെ അക്രമ സ്വഭാവത്തെ ‘ആണധികാരം’ അല്ലെങ്കിൽ ‘കരുത്ത്’ ആയി പലപ്പോഴും സാധാരണവൽക്കരിക്കാറുണ്ട്. അതേസമയം, അതിന് ഇരയാകുന്നവരോട് (പലപ്പോഴും സ്ത്രീകൾ) ‘അഡ്ജസ്റ്റ് ചെയ്യാനും’ ‘ക്ഷമയോടെ സഹിക്കാനും’ സമൂഹം ആവശ്യപ്പെടുകയും ചെയ്യുന്നു.
പീഡനത്തിൻ്റെ ചാക്രിക ഘട്ടം : എന്തുകൊണ്ടാണ് ഇരകൾ ബന്ധത്തിൽ തുടരുന്നത്?
പങ്കാളിയുടെ അതിക്രമത്തെക്കുറിച്ച് ആളുകൾ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കുന്ന ഒരു കാര്യമുണ്ട്: എന്തുകൊണ്ടാണ് ഇരകൾ ആ ബന്ധം ഉപേക്ഷിച്ചു പോകാത്തത്? അതിൻ്റെ ഉത്തരം മനഃശാസ്ത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ‘പീഡനത്തിൻ്റെ ചാക്രിക ഘട്ടം’ (Cycle of Abuse) എന്ന പ്രതിഭാസത്തിലുണ്ട്:
1.മാനസിക പിരിമുറുക്കം കൂടുന്നു (Tension Building): ചെറിയ വഴക്കുകൾ, ദേഷ്യം, വൈകാരികമായി അകലം പാലിക്കൽ.
2.അതിക്രമം നടക്കുന്നു (Incident): വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ, മാനസികമായോ ഉള്ള അതിക്രമം / പൊട്ടിത്തെറി സംഭവിക്കുന്നു.
3.അനുരഞ്ജനം (Reconciliation): ഉപദ്രവിച്ചയാൾ ക്ഷമ പറയുന്നു, ഇനി ഇത് ആവർത്തിക്കില്ലെന്ന് വാക്ക് നൽകുന്നു, അല്ലെങ്കിൽ ‘സ്ട്രെസ്സ്’ കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ന്യായീകരിക്കുന്നു.
4.ശാന്തമായ ഘട്ടം (Calm / Honeymoon Phase): താൽക്കാലികമായ സമാധാനം, സ്നേഹപ്രകടനങ്ങൾ, അല്ലെങ്കിൽ വീണ്ടും പഴയ അടുപ്പം കാണിക്കൽ.
കാലക്രമേണ, ഈ ചാക്രിക ഘട്ടം ഇരയെ വൈകാരികമായ ആശയക്കുഴപ്പത്തിലും പ്രത്യാശയിലുമായി തളച്ചിടുന്നു. സ്നേഹവും ഭയവും പരസ്പരം കൂടിക്കുഴയുന്നു. പല ഇരകളും ഈ അതിക്രമത്തിന് കാരണം തങ്ങളാണ് എന്ന് ചിന്തിച്ച് സ്വയം കുറ്റബോധം പേറുന്നു.
പ്രകടമാകാത്ത മുറിപ്പാടുകൾ
ശാരീരികമായ ഉപദ്രവം ഉണ്ടായില്ലെങ്കിൽ പോലും വൈകാരിക അതിക്രമം ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കും:
ഉത്കണ്ഠയും അമിതമായ ജാഗ്രതയും (Hypervigilance): അടുത്ത വഴക്ക് എപ്പോഴാണെന്ന് ഓർത്ത് സദാ ഭയന്നിരിക്കുക.
ആത്മാഭിമാനക്കുറവും കുറ്റബോധവും: താൻ ‘പോരാ’ എന്ന തോന്നൽ.
ഉറക്കക്കുറവും ക്ഷീണവും: വിട്ടുമാറാത്ത മാനസിക പിരിമുറുക്കം മൂലമുണ്ടാകുന്നത്.
സാമൂഹികമായി ഉൾവലിയൽ: അപമാനം കൊണ്ടോ ഒറ്റപ്പെടൽ കൊണ്ടോ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകലുക.
കോംപ്ലെക്സ് PTSD (C-PTSD): ദീർഘകാലം നീണ്ടുനിൽക്കുന്ന പീഡനം മൂലമുണ്ടാകുന്ന മാനസിക ആഘാതം.
ശരീരത്തിനെന്നപോലെ മനസ്സിനും മുറിവേൽക്കും. എന്നാൽ ആ മുറിവുകൾ പ്രകടമാകാത്തതുകൊണ്ട്, അവ ഉണങ്ങാൻ കൂടുതൽ സമയമെടുക്കും.
അപകടസൂചനകൾ തിരിച്ചറിയാം
- പങ്കാളി ദേഷ്യപ്പെടുമ്പോൾ നിങ്ങൾക്ക് ഉത്കണ്ഠയോ ഭയമോ തോന്നുന്നു.
- നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പോലും, നിങ്ങൾ കൂടെക്കൂടെ ക്ഷമ ചോദിക്കുന്നു.
- പങ്കാളിക്ക് ദേഷ്യം വരാതിരിക്കാൻ നിങ്ങൾ മുൾമുനയിൽ നിൽക്കുന്നതുപോലെ പെരുമാറുന്നു.
- നിങ്ങളുടെ അഭിപ്രായങ്ങളെ, സൗഹൃദങ്ങളെ, അല്ലെങ്കിൽ തിരഞ്ഞെടുപ്പുകളെ പങ്കാളി നിരന്തരം വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നു.
- ഈ ബന്ധത്തിൽ നിങ്ങൾക്ക് മാനസികമായി തളർച്ചയോ, വിലയില്ലാത്തതുപോലെയോ, അല്ലെങ്കിൽ ആരും ഗൗനിക്കാനില്ലാത്തതുപോലെയോ തോന്നുന്നു.
ഇതൊക്കെ നിങ്ങൾക്ക് പരിചിതമായി തോന്നുന്നുവെങ്കിൽ, അത് ‘സാധാരണമല്ല’. അത് ‘ചെറിയ കുഴപ്പങ്ങളുള്ള സ്നേഹവുമല്ല’. ഇത് നിയന്ത്രണത്തിൻ്റെ ഒരു രീതിയാണ്. അത് തിരിച്ചറിയുക എന്നതാണ് ആദ്യപടി.
ഈ ദുഷിച്ച വലയത്തിൽ നിന്ന് പുറത്തുകടക്കാം:
1. യാഥാർത്ഥ്യം അംഗീകരിക്കുക
താൻ അനുഭവിക്കുന്നത് അതിക്രമമാണെന്ന് തിരിച്ചറിയുന്നതും അത് സ്വയം സമ്മതിക്കുന്നതുമാണ് നിഷേധത്തിൽ നിന്നുള്ള മോചനത്തിലേക്കുള്ള ആദ്യപടി.
2. സഹായം തേടുക
വിശ്വസ്തനായ ഒരു സുഹൃത്തിനോടോ, കൗൺസിലറോടോ, അല്ലെങ്കിൽ ഹെൽപ്പ് ലൈനുകളിലോ സംസാരിക്കുക. ഇന്ത്യയിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ:
1.നാഷണൽ ഡൊമസ്റ്റിക് വയലൻസ് ഹെൽപ്പ് ലൈൻ: 181
2.വനിതാ ഹെൽപ്പ് ലൈൻ (ഓൾ ഇന്ത്യ): 1091
3.മാനസികാരോഗ്യ കൗൺസിലിംഗ് (NIMHANS ഹെൽപ്പ് ലൈൻ): 080 46110007
3. അതിരുകൾ നിശ്ചയിക്കുക
നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പറയുക. അതിരുകൾ നിശ്ചയിക്കുന്നത് അന്ത്യശാസനമല്ല, മറിച്ച് അത് ആത്മാഭിമാനം വീണ്ടെടുക്കാനുള്ള മാർഗമാണ്.
4. തെറാപ്പി തേടുക
ഇരകൾക്കും അതിക്രമം കാണിക്കുന്നവർക്കും അവരവരുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കാനും തെറാപ്പി സഹായിക്കും.
5. സ്വയം വീണ്ടെടുക്കുക
എഴുത്തിലൂടെ, വ്യായാമത്തിലൂടെ, അല്ലെങ്കിൽ ധ്യാനത്തിലൂടെ സ്വന്തം വ്യക്തിത്വം വീണ്ടെടുക്കുക. നിങ്ങൾക്ക് ഏൽക്കേണ്ടി വന്ന വേദനയിൽ നിന്ന് സ്വയം വേറിട്ട് കാണാൻ തുടങ്ങുമ്പോൾത്തന്നെ മുറിവുണങ്ങൽ ആരംഭിക്കുന്നു.
ജീവൻ രക്ഷിക്കാനായി സ്നേഹം അവസാനിപ്പിക്കേണ്ടി വരുമ്പോൾ
ചില സമയങ്ങളിൽ, ആ ബന്ധത്തിൽ നിന്ന് ഇറങ്ങി നടക്കുന്നത് മാത്രമായിരിക്കും ഏറ്റവും ആരോഗ്യകരമായ തീരുമാനം. അതിനർത്ഥം ആ സ്നേഹം സത്യമായിരുന്നില്ല എന്നല്ല, മറിച്ച് സ്വന്തം ആത്മാഭിമാനത്തിനാണ് അതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് എന്നാണ്.
അക്രമാസക്തനായ ഒരു പങ്കാളിയെ ഉപേക്ഷിക്കുന്നത് പരാജയമല്ല; അത് അതിജീവനമാണ് . മുറിവുണക്കൽ സാധ്യമാണ്, പക്ഷെ അത് സുരക്ഷയിൽ നിന്നാണ് ആരംഭിക്കുന്നത്.
പരസ്പരബഹുമാനമില്ലാത്ത സ്നേഹം സ്നേഹമല്ല – അത് വേദനയോടുള്ള ഒരുതരം അടിമത്തമാണ്.
അതിക്രമത്തിൽ നിന്ന് മോചനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് തിരിച്ചറിവിലൂടെയാണ്, അത് തുടരുന്നത് ധൈര്യത്തിലൂടെയാണ്, അവസാനിക്കുന്നത് സമാധാനം തിരിച്ചുപിടിക്കുന്നതിലൂടെയും.
തങ്ങൾ അനുഭവിക്കുന്നത് ‘സാധാരണമല്ല’ എന്ന് തിരിച്ചറിയാൻ ഈ ലേഖനം ഒരാളെയെങ്കിലും സഹായിക്കുന്നുവെങ്കിൽ, യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് സ്വാഭിമാനം തിരികെ നേടാൻ ഒരാൾക്കെങ്കിലും കഴിഞ്ഞെങ്കിൽ, ഈ ലേഖനം സാർത്ഥകമായി.




