ആസ്വദിക്കാൻ ഇനിയുമേറെയുണ്ട്: പ്രായത്തിന് തളർത്താനാകാത്ത ലൈംഗികതയെക്കുറിച്ച് 

ആസ്വദിക്കാൻ ഇനിയുമേറെയുണ്ട്: പ്രായത്തിന് തളർത്താനാകാത്ത ലൈംഗികതയെക്കുറിച്ച് 

ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ അറിവിന് വേണ്ടിയുള്ളതാണ്. ഇത് ഡോക്ടറുടെ ഉപദേശത്തിന് പകരമാവില്ല. വേദന, ഭയം, അല്ലെങ്കിൽ സുരക്ഷിതത്വക്കുറവ് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക.

ശാസ്ത്രം ഒരുപാട് മുന്നേറിയിട്ടും, നമ്മളറിയാതെ മനസ്സിൽ കൊണ്ടുനടക്കുന്ന ചില തെറ്റിദ്ധാരണകളുണ്ട്. അതിൽ ഏറ്റവും മുന്നിലുള്ളതാണ് ലൈംഗികതയെപ്പറ്റിയുള്ള മിഥ്യാധാരണകൾ. ഗവേഷണങ്ങൾ പരിശോധിക്കാതെ, വിദഗ്ധ ചികിൽസകരുടെ അഭിപ്രായം ആരായാതെ, നമ്മളിൽ പലരും സ്വയം എത്തിച്ചേരുന്ന ചില ധാരണകൾ. ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ സ്ത്രീക്കും പുരുഷനും ലൈംഗികത ആവശ്യമില്ലെന്നോ താൽപ്പര്യമില്ലാതാകുന്നുവെന്നോ അല്ലെങ്കിൽ അതാസ്വദിക്കാൻ കഴിയാതാകുമെന്നോ ഒക്കെയുള്ള ധാരണകൾ. വാസ്തവത്തിൽ വയസ്സാകുന്നത് ലൈംഗികതയെ മുരടിപ്പിക്കുമോ? പ്രത്യുൽപ്പാദനത്തിൽ സജീവതയുള്ള കാലം മാത്രമാണോ ലൈംഗികതയ്ക്ക് അനുയോജ്യം? മനുഷ്യൻ്റെ ജൈവിക ചോദനകളെ പ്രായം പറഞ്ഞ് അകറ്റി നിർത്തേണ്ടതുണ്ടോ? ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്. 

പ്രായം കൂടുമ്പോൾ ലൈംഗികബന്ധം ഇല്ലാതാവുന്നില്ല. പ്രായമായ പല വ്യക്തികളും അടുപ്പം ആഗ്രഹിക്കുകയും ലൈംഗികമായി സജീവമായി തുടരുകയും ചെയ്യുന്നു. 65-നും 80-നും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി നടത്തിയ ഒരു ദേശീയ സർവേയിൽ 40% പേരും ലൈംഗികമായി സജീവമാണെന്ന് വ്യക്തമായി. കൂടാതെ, ഭൂരിഭാഗം ആളുകളും ലൈംഗികബന്ധം ജീവിത നിലവാരത്തിന് പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. എങ്കിലും 17% പേർ മാത്രമാണ് ലൈംഗിക ആരോഗ്യത്തെക്കുറിച്ച് ഡോക്ടറുമായി സംസാരിച്ചത് എന്നും സർവ്വെ പറയുന്നു.

ലൈംഗികാരോഗ്യം എന്നത് പ്രത്യുൽപാദന കാലഘട്ടത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ജീവിതകാലം മുഴുവൻ മനുഷ്യരുടെ സന്തോഷത്തിനും അന്തസ്സിനും വേണ്ടിയുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വീക്ഷണം. അതുകൊണ്ട്, ലൈംഗികതയേക്കുറിച്ച് നമ്മൾ രഹസ്യമായി സൂക്ഷിക്കുന്ന മിഥ്യാധാരണകൾക്ക് പകരം വ്യക്തമായ, പ്രായോഗികമായ യാഥാർത്ഥ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാം.

പ്രായമേറുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്താണ്?

1) ഹോർമോണുകളും കോശങ്ങളും

  • ആർത്തവവിരാമവും ജി എസ് എമ്മും: ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് യോനീഭാഗത്തെ കോശങ്ങൾ നേർത്തതാക്കുകയും വരണ്ടതാക്കുകയും യോനിയുടെ പി.എച്ച് വ്യത്യാസപ്പെടുത്തുകയും ചെയ്യും. ഈ അവസ്ഥയെ ജെനിറ്റോയൂറിനറി സിൻഡ്രോം ഓഫ് മെനോപോസ് (GSM) എന്ന് പറയുന്നു. വരൾച്ച, പുകച്ചിൽ, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന, മൂത്രമൊഴിക്കാനുള്ള അമിതമായ തോന്നൽ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
  • എന്തുചെയ്യാം?: യോനിയിൽ പുരട്ടുന്ന മോയ്സ്ചറൈസറുകളും ലൂബ്രിക്കൻ്റുകളും പതിവായി ഉപയോഗിക്കുന്നത് സഹായകമാകും. ആവശ്യമെങ്കിൽ, കുറഞ്ഞ അളവിലുള്ള ഈസ്ട്രജൻ മരുന്നുകളും ഉപയോഗിക്കാം. പ്രാദേശികമായി ഉപയോഗിക്കുന്ന ഈസ്ട്രജൻ മരുന്നുകൾ ജി.എസ്.എം-ന് ഏറ്റവും ഫലപ്രദമായ ചികിത്സയാണ്, കൂടാതെ ഇത് സുരക്ഷിതമാമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
  • പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ: ചില പുരുഷന്മാരിൽ പ്രായം കൂടുമ്പോൾ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയാൻ സാധ്യതയുണ്ട്. എങ്കിലും ഹൈപ്പോഗൊണാഡിസം (ലക്ഷണങ്ങളോടൊപ്പം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വളരെ കുറഞ്ഞ അവസ്ഥ) സ്ഥിരീകരിച്ചാൽ മാത്രമേ സാധാരണ ഗതിയിൽ ചികിത്സ നിർദ്ദേശിക്കാറുള്ളൂ.

2) ഉത്തേജനം, ലിംഗോദ്ധാരണം, രതിമൂർച്ഛ

  • ലിംഗോദ്ധാരണ ശേഷി: പ്രായം കൂടുമ്പോഴും ആരോഗ്യപ്രശ്നങ്ങൾ കാരണവും ലിംഗോദ്ധാരണത്തിൽ മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. ഇതിന് ശരിയായ വൈദ്യപരിശോധനയും കൗൺസിലിംഗ്, ജീവിതശൈലി മാറ്റങ്ങൾ, ഗുളികകൾ, ഉപകരണങ്ങൾ, ഇഞ്ചക്ഷനുകൾ തുടങ്ങിയ ചികിത്സാരീതികളും ലഭ്യമാണ്.
  • സ്ത്രീകളിലെ ഉത്തേജനം: പല സ്ത്രീകളിലും പ്രായമാകുമ്പോൾ രക്തയോട്ടത്തിലെയും നാഡി സംവേദനക്ഷമതയിലെയും മാറ്റങ്ങൾ കാരണം ഉത്തേജനം ഉണ്ടാകാൻ കൂടുതൽ സമയമെടുക്കും. ഇത് തികച്ചും സാധാരണമാണ്, ഇതിനെ  ഒരു പ്രശ്നമായി കണക്കാക്കേണ്ടതില്ല.

3) മരുന്നുകളും രോഗാവസ്ഥകളും

ലൈംഗികാസക്തി കുറയുക, ഉദ്ധാരണക്കുറവ്, അല്ലെങ്കിൽ വേദനാജനകമായ ലൈംഗികബന്ധം എന്നിവയ്ക്ക് സാധാരണ കാരണമാകുന്ന ചില മരുന്നുകളും രോഗങ്ങളും താഴെ പറയുന്നവയാണ്:

  • ആൻ്റിഡിപ്രസൻ്റ് മരുന്നുകൾ (പ്രത്യേകിച്ച് SSRIs/SNRIs).
  • രക്തസമ്മർദ്ദത്തിനുള്ള ചില മരുന്നുകൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, സന്ധിവാതം, വിഷാദം, ഉത്കണ്ഠ.

ഉപയോഗിക്കുന്ന മരുന്നുകൾ നിർത്താൻ സ്വയം തീരുമാനിക്കരുത്. പകരം, ഡോക്ടറുമായി സംസാരിച്ച് മറ്റ് മരുന്നുകളെക്കുറിച്ചും ഡോസിനെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കുക.

4) പെൽവിക് ഫ്ലോർ

പെൽവിക് ഫ്ലോർ പേശികൾ മലമൂത്ര വിസർജ്ജനത്തിൻ്റെ നിയന്ത്രണത്തിനും, ലൈംഗികബന്ധത്തിലെ സുഖത്തിനും ഉത്തേജനത്തിനും സഹായകമാണ്. പരിശീലനം ലഭിച്ച തെറാപ്പിസ്റ്റിൻ്റെ സഹായത്തോടെയുള്ള പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പി പല സ്ത്രീകളിലും ബന്ധപ്പെടുമ്പോഴത്തെ വേദന കുറയ്ക്കാൻ സഹായിക്കും. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ചികിത്സകൾക്ക് ശേഷവും ഇത് സഹായകമാണ്.

സുരക്ഷിതത്വത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാത്ത യാഥാർത്ഥ്യം

പ്രായമായവരിലും ലൈംഗികരോഗങ്ങൾ (STIs) വർദ്ധിച്ചുവരുന്നുണ്ട്. ഇതിന് ഒരു കാരണം, വിവാഹബന്ധം വേർപെടുത്തിയവരും പങ്കാളി മരിച്ചവരും വീണ്ടും ലൈംഗിക ബന്ധങ്ങളിലേക്ക് വരുമ്പോൾ കോണ്ടം ഉപയോഗിക്കുന്നത് കുറവാണ് എന്നതാണ്. പുതിയ പങ്കാളികളുമായി ലൈംഗികമായി സജീവമാകുമ്പോൾ, പതിവായുള്ള STI പരിശോധന നടത്താൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്.

ഫലപ്രദമായ പരിഹാരങ്ങളും ഉപയോഗിക്കുന്ന രീതിയും

ലൂബ്രിക്കന്റുകളും മോയ്സ്ചറൈസറുകളും (വരൾച്ചയ്ക്കും വേദനയ്ക്കും ആദ്യ പ്രതിവിധി)

  • എപ്പോൾ ഉപയോഗിക്കണം: ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഓരോ തവണയും ലൂബ്രിക്കന്റ് ഉപയോഗിക്കാം; മോയ്സ്ചറൈസറുകൾ ആഴ്ചയിൽ പല തവണ ഉപയോഗിക്കാം.
  • ഏത് വാങ്ങണം: ശരീരത്തിൻ്റെ പി.എച്ചിന് സമാനമായ ഉത്പന്നങ്ങൾ വാങ്ങുക. ചർമ്മത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ജെല്ലുകൾ ഒഴിവാക്കുക. സിലിക്കൺ അടിസ്ഥാനമാക്കിയുള്ളതോ അല്ലെങ്കിൽ ജലാംശമുള്ളതോ ആയ ലൂബ്രിക്കന്റുകൾ നല്ലതാണ്.
  • ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ: കുറഞ്ഞ അളവിൽ യോനിയിലെ ഈസ്ട്രജൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക. ഇത് ലക്ഷണങ്ങളെ മാത്രമല്ല, കോശങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്കും ചികിത്സ നൽകുന്നു.

ഉദ്ധാരണക്കുറവ്

  • ഹൃദയത്തിൻ്റെയും രക്തക്കുഴലുകളുടെയും ആരോഗ്യപരമായ പ്രശ്നങ്ങളുമായി ഉദ്ധാരണക്കുറവിന് പലപ്പോഴും ബന്ധമുണ്ട്. അതിനാൽ, ഒരു കാർഡിയോളജിസ്റ്റിനെയും ഫിസിഷ്യനെയും കണ്ട് പരിശോധനകൾ നടത്തുക. ഈ പ്രശ്നത്തിന് വിവിധ ചികിത്സാരീതികളുണ്ട്:
  • പി.ഡി.ഇ.5 ഇൻഹിബിറ്ററുകൾ
  • വാക്വം ഉപകരണങ്ങൾ
  • ഇഞ്ചക്ഷനുകൾ
  • പ്രകടനത്തെക്കുറിച്ചുള്ള ഉത്കണ്ഠ മാറ്റാൻ കൗൺസിലിംഗ്
  • മറ്റ് രോഗാവസ്ഥകൾക്കുള്ള ചികിത്സ

ഈ ഓപ്ഷനുകളെക്കുറിച്ച് ഡോക്ടറുമായി തുറന്നു സംസാരിച്ച് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കാവുന്നതാണ്.

സ്ഖലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ (വളരെ പെട്ടെന്ന്/വളരെ പതുക്കെ)

  • ശീഘ്രസ്ഖലനത്തിന് (Premature Ejaculation) ബിഹേവിയറൽ ടെക്നിക്കുകളും മരുന്ന് ചികിത്സകളും ലഭ്യമാണ്. ഉദ്ധാരണക്കുറവുണ്ടോ എന്നും പരിശോധന നടത്തേണ്ടതുണ്ട്.

പെൽവിക് ഫ്ലോറും വേദനയും

  • വേദനാജനകമായ ലൈംഗികബന്ധത്തിന് (vaginismus/dyspareunia) പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പി വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഈ ചികിത്സ ജി.എസ്.എം ചികിത്സയോടൊപ്പം നൽകുന്നത് ഗുണം ചെയ്യും.

ആർത്തവ വിരാമ ലക്ഷണങ്ങൾ

  • ശരീരത്തിൽ പെട്ടെന്ന് ചൂടനുഭവപ്പെടുക, രാത്രിയിലെ അമിത വിയർപ്പ്, ജി.എസ്.എം. എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ആർത്തവവിരാമ ഹോർമോൺ തെറാപ്പി (MHT). ആർത്തവവിരാമം കഴിഞ്ഞ് 10 വർഷത്തിനകം അല്ലെങ്കിൽ 60 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ഇത് സാധാരണയായി നിർദ്ദേശിക്കാറുണ്ട്. ഗുണങ്ങളും ദോഷങ്ങളും പരിഗണിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ തരത്തിൽ ചികിത്സ തീരുമാനിക്കുന്നു.

ലൈംഗികബന്ധം: പൊരുത്തപ്പെടുകയും മെച്ചപ്പെടുകയും ചെയ്യുമ്പോൾ

  • ലൈംഗികതയുടെ നിർവചനം മാറ്റിയെഴുതാം: പല ദമ്പതികളും പതിവ് ലൈംഗികബന്ധരീതിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സ്പർശത്തിനും തലോടലിനും പ്രാധാന്യം നൽകുന്നു. സമയം, സൗകര്യം എന്നിവയും കണക്കിലെടുത്ത് കൂടുതൽ സംതൃപ്തി കണ്ടെത്തുന്നു.
  • വേദനയില്ലാത്ത നിലകളും വേഗതയും: സന്ധികളിൽ വേദനയുണ്ടെങ്കിൽ, ഇടുപ്പ്, കാൽമുട്ട് എന്നിവയ്ക്ക് ആയാസമില്ലാത്ത രീതിയിലുള്ള, കിടന്നുകൊണ്ടുള്ള പൊസിഷനുകൾ തെരഞ്ഞെടുക്കുക. സപ്പോർട്ട് നൽകാൻ തലയിണകളും മറ്റും ഉപയോഗിക്കുക, കൂടാതെ ലൈംഗികപൂർവ്വ ഉത്തേജനം നൽകുന്നതിന്  കൂടുതൽ സമയം എടുക്കുക.
  • ഒന്നായി ഇഴുകിച്ചേരാം: പങ്കാളികൾ, രണ്ടു വ്യക്തികളായി പ്രവർത്തിക്കാതെ ഒന്നായി ആസ്വദിക്കാൻ ശ്രമിക്കുക. താൽപ്പര്യവും സന്തോഷവും നൽകുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാൻ വ്യക്തമായ, നല്ല വാക്കുകൾ ഉപയോഗിക്കുക. ഇത് ബന്ധം ദൃഢമാക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
  • മനസ്സാണ് എല്ലാം: ഉറക്കം, വ്യായാമം, മദ്യം, മാനസിക സമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ, ഹോർമോണുകൾ, രക്തയോട്ടം, മാനസികാവസ്ഥ എന്നിവയെ സ്വാധീനിക്കുന്നു. ഇത് ലൈംഗിക ജീവിതത്തിലും പ്രതിഫലിക്കും.

പ്രായമായ ആളുകൾ പലതരത്തിലുണ്ട് – അവിവാഹിതർ, പങ്കാളിയുള്ളവർ, പുനർവിവാഹം ചെയ്തവർ, LGBTQIA+ വിഭാഗത്തിലുള്ളവർ അങ്ങനെ.  എല്ലാവരെയും അംഗീകരിക്കുന്ന തരത്തിലുള്ള, എന്നാൽ വ്യക്തിഗതമായ ആരോഗ്യ പരിരക്ഷയാകണം നൽകേണ്ടത്. ഡോക്ടർമാർ എല്ലാ വിഭാഗത്തിലുള്ളവരുമായി സംസാരിക്കുകയും, ലൈംഗിക, ലിംഗ ന്യൂനപക്ഷ വിഭാഗക്കാർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും വേണം.

ഡോക്ടറെ കാണേണ്ടതെപ്പോൾ? 

  • പുതുതായി വേദന വരിക, രക്തസ്രാവം, അല്ലെങ്കിൽ അസാധാരണമായ സ്രവങ്ങൾ.
  • വിട്ടുമാറാത്ത വരൾച്ച.
  • മൂത്രനാളിയിലെ ആവർത്തിച്ചുള്ള അണുബാധ
  • മാറ്റങ്ങൾ വരുത്തിയിട്ടും ഉദ്ധാരണക്കുറവ് തുടരുകയാണെങ്കിൽ (ഇത് ഹൃദ്രോഗത്തിൻ്റെയോ പ്രമേഹത്തിൻ്റെയോ സൂചനയാകാം).
  • മാനസിക വിഷമമുണ്ടാക്കുന്ന ലൈംഗികാസക്തി കുറവ്, മനോനിലയിലെ മാറ്റങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ.
  • ലൈംഗികരോഗങ്ങൾക്കുള്ള സാധ്യത (പുതിയ പങ്കാളി, കോണ്ടം ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം).
  • ലൈംഗിക പീഡനം അല്ലെങ്കിൽ അതിക്രമം.

നിങ്ങളുടെ കുടുംബ ഡോക്ടർ, ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ് അല്ലെങ്കിൽ പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്ക് സഹായിക്കാൻ കഴിയും. 

ഓർമ്മയിൽ സൂക്ഷിക്കാം: പ്രായമാകുമ്പോഴുള്ള ലൈംഗികബന്ധം സാധാരണവും ആരോഗ്യകരവും പലപ്പോഴും കൂടുതൽ സംതൃപ്തി നൽകുന്നതുമാണ്. ശരീരത്തിൽ മാറ്റങ്ങൾ വരുമ്പോൾ അതിനനുസരിച്ച് നമ്മുടെ ആരോഗ്യ പരിരക്ഷയിലും വ്യത്യാസം വരുത്തണം. വരൾച്ചയും വേദനയും തുടക്കത്തിൽത്തന്നെ പരിഹരിക്കുക, ഹൃദയത്തിനും പെൽവിക് ഫ്ലോറിനും കരുതൽ നൽകുക,  ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കുക, കൂടാതെ ഏതു പ്രായത്തിലും ലഭിക്കേണ്ട ബഹുമാനം ഉറപ്പാക്കുക.

ഇതിനെക്കുറിച്ച്  രഹസ്യമായി സംസാരിക്കേണ്ടതില്ല. ചോദിക്കുക. ചികിത്സിക്കുക. മനസ്സറിഞ്ഞ് ആസ്വദിക്കുക.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഉണർന്നെണീക്കാം, ഊർജസ്വലരാകാം, സ്വയം തിരിച്ചറിയാം: സ്ത്രീകൾ പ്രാവർത്തികമാക്കേണ്ട തീരുമാനങ്ങൾ

ഉണർന്നെണീക്കാം, ഊർജസ്വലരാകാം, സ്വയം തിരിച്ചറിയാം: സ്ത്രീകൾ പ്രാവർത്തികമാക്കേണ്ട തീരുമാനങ്ങൾ

ഓരോ ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ പട്ടിക ചുമന്നുകൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും ഉറക്കമുണരുക. കട്ടിലിൽ നിന്ന് കാലുകൾ തറയിലൂന്നുന്നതോടെ അവൾ യന്ത്രം കണക്കെ ജോലിചെയ്യാൻ ആരംഭിക്കുകയായി. വീട്ടിലെ എല്ലാ...

ഡിസംബർ 3, 2025 10:53 pm
അസംബന്ധ വാക്കുകളുടെ കാലം: ആധുനിക ലോകത്തെ സംസാരത്തിൽ നിറയുന്ന അർത്ഥശൂന്യത

അസംബന്ധ വാക്കുകളുടെ കാലം: ആധുനിക ലോകത്തെ സംസാരത്തിൽ നിറയുന്ന അർത്ഥശൂന്യത

വാക്കുകൾ നിരർത്ഥകമാകുമ്പോൾ ഉള്ളടക്കത്തിൽ ഉപദേശം നിറച്ച്, പ്രചോദനം തുളുമ്പുന്ന പ്രസംഗങ്ങൾ നടത്തി, ലോകത്തേക്കും മികച്ചതെന്ന വീമ്പുകൾ പരസ്യതന്ത്രങ്ങളുടെ തിളക്കമുള്ള പദപ്രയോഗങ്ങൾ കൊണ്ടുപൊതിഞ്ഞ്, പൊള്ളയായ വാഗ്ദാനങ്ങൾ വാരിവിതറി- അങ്ങനെ...

നവംബർ 28, 2025 11:39 pm
വായ്നാറ്റം വിഷമിപ്പിക്കുന്നുണ്ടോ? യഥാർത്ഥ കാരണങ്ങളും ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങളും മനസ്സിലാക്കാം

വായ്നാറ്റം വിഷമിപ്പിക്കുന്നുണ്ടോ? യഥാർത്ഥ കാരണങ്ങളും ശാസ്ത്രീയ പരിഹാര മാർഗ്ഗങ്ങളും മനസ്സിലാക്കാം

ആരുടെയെങ്കിലും അടുത്തുനിന്നു സംസാരിക്കേണ്ടി വരുമ്പോൾ, വായ്നാറ്റം വരുമോ എന്ന ആശങ്ക മൂലം പലർക്കും സങ്കോചം തോന്നാറുണ്ട്. ആത്മവിശ്വാസത്തെയും ശരീരഭാഷയേയും വരെ മോശമായി സ്വാധീനിക്കുന്ന ഒന്നാണ് വായ്നാറ്റത്തെക്കുറിച്ചുള്ള ആശങ്ക. ...

നവംബർ 24, 2025 11:15 pm
X
Top
Subscribe