അസ്തിത്വ പ്രതിസന്ധി: ജീവിതത്തിലെ ചോദ്യങ്ങൾ ശ്വാസം മുട്ടിക്കുമ്പോൾ

ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഈ ലോകത്തിന്, സമൂഹത്തിന്, കുടുംബത്തിന് എൻ്റെ ജീവിതം കൊണ്ട് എന്താണ് പ്രയോജനമെന്ന് ചിന്തിച്ച് നിരാശയിൽ പെട്ടുപോയിട്ടുണ്ടോ?
പ്രത്യേകിച്ച് ഒന്നിനോടും താൽപ്പര്യം തോന്നാത്ത അവസ്ഥ. അദ്ധ്വാനിച്ച് നേടിയെടുത്തതിനുപോലും മൂല്യം തോന്നാത്ത അവസ്ഥ. ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നുവന്നു ശ്വാസം മുട്ടിക്കുന്ന അവസ്ഥ- ഇതാണ് അസ്തിത്വ പ്രതിസന്ധി (Existential Crisis).
ദിനചര്യകളിലും ബന്ധങ്ങളിലും ജോലിയിലുമൊന്നും അർത്ഥം കണ്ടത്താനാകാതെ ബുദ്ധിമുട്ടുന്ന, പെട്ടെന്നെല്ലാം ശൂന്യമായി തോന്നുന്ന, അസ്വസ്ഥതയുടെ നിമിഷം — അതിൽ നിന്നാണ് ഈ ചിന്തയുടെ ആരംഭമാകുന്നത്.
മാനസികനില തെറ്റുന്നതിൻ്റെയോ സ്വയം തിരിച്ചറിയുന്നതിൻ്റെയോ ഭാഗമായുണ്ടാകുന്ന ബുദ്ധിമുട്ടല്ല ഇത്. ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചും നിലനിൽപ്പിൻ്റെ കാതലിനെക്കുറിച്ചും മനസ്സിൽ മുള പൊട്ടുന്ന ചോദ്യങ്ങൾ ആഴത്തിൽ വേരോടുമ്പോഴാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്.
എന്താണ് അസ്തിത്വ പ്രതിസന്ധി?
വ്യക്തിജീവിതത്തിന്റെ അടിസ്ഥാനപരമായ അർത്ഥത്തെ, ലക്ഷ്യങ്ങളെയും വ്യക്തിത്വത്തെയും ലോകത്തിലെ സ്ഥാനത്തെയുമെല്ലാം ചോദ്യം ചെയ്യാൻ തുടങ്ങുമ്പോഴാണ് അസ്തിത്വ പ്രതിസന്ധി ഉണ്ടാകുന്നത്. ഈസമയത്ത് ,ദൈനംദിന കാര്യങ്ങൾക്ക് പോലും പ്രസക്തിയില്ലാത്ത ഒരു മാനസിക പുകമറയ്ക്കുള്ളിൽ അകപ്പെട്ടതായി തോന്നാം.
മനഃശാസ്ത്രജ്ഞർ ഈ അവസ്ഥയെ അസ്തിത്വവാദ തത്വചിന്തയുമായി ബന്ധിപ്പിക്കുന്നു. സോറൻ കീർക്കെഗാർഡ്, ഫ്രീഡ്രിക്ക് നീത്‌ഷെ, ഴാങ്-പോൾ സാർത്ര്, വിക്ടർ ഫ്രാങ്കിൾ തുടങ്ങിയ ചിന്തകരാണ് അസ്തിത്വവാദ തത്വചിന്തയ്ക്ക് നിർവ്വചനം കണ്ടെത്തിയത്. ജീവിതത്തിലെ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നത് മനുഷ്യന്റെ വളർച്ചയുടെ അനിവാര്യമായ ഭാഗമാണെന്നാണ് ഈ തത്വചിന്തകർ വിശ്വസിച്ചിരുന്നത്.
ഹോളോകോസ്റ്റിനെ അതിജീവിച്ച ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ഫ്രാങ്കിൾ, അസ്തിത്വവാദ പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞ വാക്യം ഏറെ പ്രസിദ്ധി നേടി.
“ഒരു സാഹചര്യത്തെ മാറ്റാൻ നമുക്ക് കഴിയാതെ വരുമ്പോൾ, നമ്മളെത്തന്നെ മാറ്റാൻ നമ്മൾ വെല്ലുവിളിക്കപ്പെടുന്നു.” എന്നാണ് ഫ്രാങ്കിൾ പറഞ്ഞത്.
ചുരുക്കത്തിൽ, അസ്തിത്വ പ്രതിസന്ധി തകർച്ചയല്ല, അതൊരു പരിവർത്തന ഘട്ടമാണ് (Turning Point).
സാധാരണ കാരണങ്ങൾ
ജീവിതത്തിന്റെ ഏത് ഘട്ടത്തിലും അസ്തിത്വ പ്രതിസന്ധി ഉണ്ടാകാം, ഇത് പലപ്പോഴും മാറ്റം, നഷ്ടം, അനിശ്ചിതത്വം എന്നീ സാഹചര്യങ്ങളിലാണ് ആരംഭിക്കുന്നത്.
- ജീവിതത്തിലെ പ്രധാന വഴിത്തിരിവുകൾ: പഠനം പൂർത്തിയാക്കൽ, ജോലിയിലെ മാറ്റങ്ങൾ, വിവാഹം, രക്ഷിതാവാകുന്ന അവസ്ഥ, ജോലിയിൽ നിന്നു വിരമിക്കൽ .
- നഷ്ടങ്ങൾ: പ്രിയപ്പെട്ടവരുടെ മരണം, ബന്ധം വേർപെടുത്തൽ, അല്ലെങ്കിൽ ആരോഗ്യ പ്രശ്നം തിരിച്ചറിയുന്നത്.
- ജോലിഭാരം: തുടർച്ചയായ ജോലി കാരണം അനുഭവപ്പെടുന്ന വൈകാരിക തളർച്ച.
- ആഗോളതലത്തിലെ സംഭവവികാസങ്ങൾ: മഹാമാരികൾ, യുദ്ധങ്ങൾ, പാരിസ്ഥിതിക ആശങ്കകൾ, തുടങ്ങി സുരക്ഷിതത്വബോധത്തെ തകിടം മറിക്കുന്ന വസ്തുതകൾ.
- ആത്മീയ ശൂന്യത: ആചാരങ്ങൾ വെറും ചടങ്ങുകൾ മാത്രമായി അനുഭവപ്പെടുമ്പോൾ, കൂടുതൽ ആഴത്തിലുള്ള അർത്ഥങ്ങൾ തേടാൻ ആഗ്രഹിക്കുമ്പോൾ.
ഉള്ളിലെ അനുഭവം
നാടകീയമായി പ്രകടിപ്പിക്കപ്പെടുന്ന കാര്യമായി ഈ ചിന്തയെ കാണാനാകില്ല. മനസ്സിൽ നിറയുന്ന ചോദ്യങ്ങൾക്ക് സാർത്ഥകമായ ഉത്തരങ്ങൾ ലഭിക്കാതെ വരുമ്പോഴും ആ പ്രതിസന്ധി പുറത്തുകാണില്ല.
പ്രകടമായേക്കാവുന്ന ലക്ഷണങ്ങൾ:
- ശൂന്യതാബോധം അല്ലെങ്കിൽ ബാഹ്യലോകത്തുനിന്ന് വിച്ഛേദിക്കപ്പെട്ടെന്ന തോന്നൽ.
- മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിലെ പ്രചോദനമോ സന്തോഷമോ നഷ്ടപ്പെടുക.
- മനസ്സിലുയരുന്ന തുടർച്ചയായ ചോദ്യങ്ങൾ — “ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്?” എന്ന തരത്തിൽ
- ഉറക്കക്കുറവ്, ഉത്കണ്ഠ, അല്ലെങ്കിൽ പെട്ടെന്നുള്ള ദേഷ്യം.
- വൈകാരിക മരവിപ്പ് അല്ലെങ്കിൽ അമിതമായ സംവേദനക്ഷമത.
- യഥാർത്ഥമായ ഒന്നിനുവേണ്ടിയുള്ള ആഗ്രഹം — ജീവിതം വീണ്ടും ‘അർത്ഥവത്തായി’ തോന്നാനുള്ള ആഗ്രഹം.
ഈ പോരാട്ടത്തിന് പിന്നിലെ ശാസ്ത്രം
മനഃശാസ്ത്രപരമായ കാഴ്ചപ്പാടിൽ, ഇത്, അർത്ഥവും വ്യക്തിത്വവും സംയോജിപ്പിക്കാനുള്ള മനസ്സിന്റെ ശ്രമമാണ്.
തലച്ചോറ് സ്കാൻ ചെയ്‌തുള്ള പഠനങ്ങൾ കാണിക്കുന്നത്, തീവ്രമായ ആത്മപരിശോധന ‘ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്കിനെ’ സജീവമാക്കുന്നു എന്നാണ്. ഇത് സ്വയം അവബോധവുമായി ബന്ധപ്പെട്ട മേഖലയാണ്.
ഈ നെറ്റ്‌വർക്കിലെ നിരന്തര സമ്മർദ്ദം, കോർട്ടിസോൾ എന്ന ഹോർമോൺ വർദ്ധിപ്പിക്കുകയും ക്ഷീണത്തിനും വിഷാദത്തിനും സമാനമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാനിടയുണ്ട്. അതുകൊണ്ടാണ് അസ്തിത്വപരമായ ഉത്കണ്ഠ വിഷാദരോഗം പോലെ തോന്നുന്നത്.
എങ്കിലും, ഇർവിൻ യാലോം പോലുള്ള മനഃശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നത്, അസ്തിത്വപരമായ ഈ ദുരിതം ഒരു രോഗമല്ല, മറിച്ച് മനസ്സ് ഉണരുന്നതിൻ്റെ ലക്ഷണമാണ് എന്നാണ്. ഒരു വ്യക്തി ജീവിക്കുന്ന രീതിയും ആ വ്യക്തി യഥാർത്ഥത്തിൽ വിലമതിക്കുന്ന കാര്യങ്ങളും തമ്മിലുള്ള യോജിപ്പിനായി ആന്തരിക വ്യക്തിത്വം ആവശ്യപ്പെടുന്നതാണിത്.
അസ്തിത്വ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ
1. പരിഹരിക്കാൻ തിടുക്കം കൂട്ടേണ്ട : അസ്തിത്വ ചിന്തകളെ ഉടൻ തന്നെ പിഴുതെറിയാൻ ശ്രമിക്കേണ്ടതില്ല. അസ്വസ്ഥതയിൽ നിന്ന് രക്ഷപ്പെടാനുള്ള അമിത താൽപ്പര്യം ചെറുക്കുക. ക്ഷമയോടെ, സമയമെടുത്തുമാത്രമാണ്
പലപ്പോഴും ജീവിതത്തിന്റെ അർത്ഥം തെളിഞ്ഞ് വരിക.
മനസ്സിനെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ ഒരു ഡയറിയിൽ എഴുതുക. അവയിൽ നിന്ന് പതിയെ ആശയങ്ങൾ വളരാൻ അനുവദിക്കുക, അങ്ങനെ മനസ്സിനെ സാവധാനം തിരിച്ചറിയുക.
2. വർത്തമാന നിമിഷവുമായി വീണ്ടും ബന്ധപ്പെടുക
മനസ്സിൽ കനം തൂങ്ങുന്ന ചോദ്യങ്ങൾ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ, വർത്തമാന നിമിഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം. ചെറിയ യാഥാർത്ഥ്യങ്ങളിൽ സ്വയം ഉറച്ചുനിൽക്കാൻ ശ്രമിക്കാം:
ശ്വാസതാളം, ചർമ്മത്തിൽ പതിക്കുന്ന സൂര്യകിരണങ്ങൾ, ചായയുടെ രുചി അങ്ങനെയങ്ങനെ.
നഷ്ടപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കാതെ, നിലവിലുള്ളതിൽ ശ്രദ്ധ ഉറപ്പിക്കാൻ മൈൻഡ്ഫുൾനസ് സഹായിക്കും.
3. സൃഷ്ടിയിലൂടെയോ സേവനത്തിലൂടെയോ അർത്ഥം കണ്ടെത്തുക
ലക്ഷ്യം കണ്ടെത്തുന്നത് എപ്പോഴും ഉത്തരങ്ങളിലൂടെയാകണമെന്നില്ല. പ്രവർത്തനങ്ങളിലൂടെയും സേവനങ്ങളിലൂടെയും ജീവിതത്തിന് അർത്ഥം കൈവരുത്താനാകും.
ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ആരെയെങ്കിലും സഹായിക്കുക. സന്നദ്ധപ്രവർത്തനത്തിൽ പങ്കാളിയാകുക.
മനസ്സിൽ പതിഞ്ഞ ചിന്തകൾക്ക് രൂപം നൽകാൻ പ്രവർത്തനങ്ങൾക്ക് കഴിയും.
4. ആത്മീയ/താത്വിക ചിന്തയിൽ ഏർപ്പെടുക
ധ്യാനത്തിലൂടെയോ വായനയിലൂടെയോ പ്രാർത്ഥനയിലൂടെയോ നമ്മളേക്കാൾ ഉയർന്ന തലത്തിലുള്ള ഘടകങ്ങളുമായി വീണ്ടും ബന്ധം സ്ഥാപിക്കുക. വായനയിലൂടെ അറിവുകളുടെ വ്യാപ്തി വർദ്ധിപ്പിക്കാം.
ജീവിതത്തിന്റെ വിശാലതയിൽ ഉൾപ്പെടുന്നു എന്ന അവബോധം പുനഃസ്ഥാപിക്കാൻ ആത്മീയചിന്തകൾ വഴിയൊരുക്കും.
5. സഹായം തേടുക
അസ്തിത്വപരമായ തെറാപ്പിയെക്കുറിച്ച് അറിവുള്ള ഒരു കൗൺസിലറുമായോ തെറാപ്പിസ്റ്റുമായോ മെന്ററുമായോ സംസാരിക്കുക.
പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നത്, മാനസികമായ ഈ വഴിത്തിരിവിനെ വ്യക്തതയോടെ മറികടക്കാൻ സഹായിക്കും.
6. സ്വയം തിരുത്തിയെഴുതുക
“സമൂഹത്തിൻ്റെ പ്രതീക്ഷകളെല്ലാം ഞാൻ ഒഴിവാക്കിയാൽ, എൻ്റെ ജീവിതത്തിന് എന്ത് ചെയ്യുമ്പോഴാണ് അർത്ഥമുണ്ടാകുക?” എന്ന് സ്വയം ചോദിക്കുക.
നിരർത്ഥകതയെക്കുറിച്ചല്ല, മറ്റുള്ളവരുടെ ചിന്താഗതിയിൽ നിന്ന് കടംകൊണ്ട
അർത്ഥങ്ങളുടെ നിർവ്വചനം മാറ്റുമ്പോഴാകും ചിലപ്പോൾ ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ കൈവരുന്നത്.
നിങ്ങളെ കാത്തിരിക്കുന്നത്
മനസ്സിൽ ഉയർന്നു വരുന്ന സകല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുക എന്നതല്ല ഈ പ്രതിസന്ധിയിൽ നിന്നു പുറത്തുകടക്കാനുള്ള മാർഗ്ഗം. മനസ്സിൽ രൂപപ്പെട്ട ചോദ്യങ്ങളോടൊപ്പം ജീവിക്കാൻ പഠിക്കുക എന്നതാണത്. അപ്പോൾ തികച്ചും സൗമ്യമായ ഉൾക്കരുത്ത് അനുഭവിക്കാൻ കഴിയും.
- വർത്തമാനകാലത്തെ സാധാരണ നിമിഷങ്ങളിൽ സംതൃപ്തി.
- നശ്വരമായതിനെ വിലമതിക്കാനുള്ള കഴിവ്.
- എത്ര അനിശ്ചിതത്വമുണ്ടെങ്കിലും സ്വന്തം പാതയിലുള്ള ആത്മവിശ്വാസം.
ഇവയെല്ലാം ആർജിക്കാനാവും.
റെയ്‌നർ മരിയ റിൽക്കെ എഴുതിയതുപോലെ:
“നിങ്ങളുടെ ഹൃദയത്തിൽ പരിഹരിക്കപ്പെടാത്ത എല്ലാ കാര്യങ്ങളോടും ക്ഷമയുള്ളവരായിരിക്കുക, ഒപ്പം ചോദ്യങ്ങളെത്തന്നെ സ്നേഹിക്കാൻ ശ്രമിക്കുക.”
മാനസിക സ്വാസ്ഥ്യവും അസ്തിത്വപരമായ ക്ഷേമവും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് nellikka.life വിശ്വസിക്കുന്നു.
മനസ്സും ശരീരവും ലക്ഷ്യവും എല്ലാം ഒരൊറ്റ സംവിധാനമാണ്. ഒന്നിന് താളം പിഴയ്ക്കുമ്പോൾ മറ്റെല്ലാത്തിലും അത് പ്രതിധ്വനിക്കും.
അതുകൊണ്ട്, അസ്തിത്വപരമായ ചോദ്യങ്ങളെ ഭയപ്പെടുന്നതിനു പകരം അവയെ ആദരിക്കുക. യാഥാർത്ഥ്യത്തിലേക്ക് നിങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള ജീവിതത്തിന്റെ രീതിയാണത്.




