സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

ഉൻമേഷത്തോടെ പഠിക്കാനും വിജയം നേടാനും നല്ലാഹാരം കഴിക്കാം
വീണ്ടും പരീക്ഷാക്കാലമെത്തിക്കഴിഞ്ഞു. വേനൽച്ചൂടും പരീക്ഷാച്ചൂടും ഒന്നിച്ചനുഭവിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. മുൻകാലങ്ങളിൽ നിന്ന് പരീക്ഷകളിലും പഠനരീതികളിലും ഇന്നേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.
പരീക്ഷകൾ കേവലം ഓർമ്മശക്തി അളക്കാനുള്ള പരീക്ഷണമല്ല. കുട്ടികളുടെ ഏകാഗ്രത, സർഗ്ഗാത്മകത, വൈകാരിക നിയന്ത്രണം, മനക്കരുത്ത് എന്നീ ഘടകങ്ങളും പരീക്ഷകളിലൂടെ നിർണ്ണയിക്കപ്പടുന്നു. വ്യത്യാസങ്ങൾ ഏറെ വന്നെങ്കിലും പരീക്ഷാക്കാലത്ത് പലപ്പോഴും നമ്മൾ അവഗണിക്കുന്ന, ഏറെ അനിവാര്യമായ ഒരു കാര്യമുണ്ട് – പോഷകാഹാരം.
അർദ്ധരാത്രി വരെയുള്ള പഠനവും പ്രഭാതഭക്ഷണം ഒഴിവാക്കലും അമിതമായി ചായയും കാപ്പിയും കുടിക്കലും പഞ്ചസാരയും കൊഴുപ്പും ഏറെയുള്ള സ്നാക്കുകളുമൊക്കെയായി കുട്ടികളുടെ ആഹാരകാര്യം പലപ്പോഴും അവതാളത്തലാണ്.
ശരിയായ പോഷണം ലഭിക്കുന്ന മസ്തിഷ്ക്കം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. പോഷകങ്ങൾ ലഭിക്കാത്ത, സമ്മർദ്ദം നിറഞ്ഞ മസ്തിഷ്ക്കം പഠിക്കാൻ പാടുപെടുന്നു. ന്യൂറോ സയൻസിൻ്റെ നിരീക്ഷണമാണിത്.
പഠനമികവിനെ സഹായിക്കുന്ന ഘടകങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം.
തലച്ചോറും ഊർജ്ജവും തമ്മിലുള്ള ബന്ധം
തലച്ചോറിന്റെ ഭാരം ശരീരഭാരത്തിന്റെ വെറും 2% മാത്രമാണെങ്കിലും, നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജത്തിന്റെ ഏകദേശം 20% മസ്തിഷ്ക്കം ഉപയോഗിക്കുന്നുണ്ട്.
തലച്ചോറിന്റെ പ്രധാന ഇന്ധനം:
തലച്ചോറിന് പ്രവർത്തിക്കാൻ ഗ്ലൂക്കോസ് ആവശ്യമാണ്. എന്നാൽ ഏറ്റക്കുറച്ചിലുകൾ വരുന്ന തരത്തിലുള്ളതല്ല, ശരീരത്തിന് സ്ഥായിയായി ലഭിക്കുന്ന ഗ്ലൂക്കോസാണ് തലച്ചോറിന് ഏറ്റവും അനുയോജ്യം.
പഞ്ചസാര ഒരുക്കുന്ന കെണി
വിദ്യാർത്ഥികൾ പരീക്ഷാസമയത്ത് ,വൈറ്റ് ബ്രെഡ്, മൈദ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ, പാക്കറ്റിൽ ലഭിക്കുന്ന സ്നാക്കുകൾ, കോളകൾ, സോഡ തുടങ്ങിയ മധുരപാനീയങ്ങൾ മുതലായവ കഴിക്കുമ്പോൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നു. എന്നാൽ ഈ ഊർജ്ജം പെട്ടെന്ന് തന്നെ താഴുകയും ചെയ്യുന്നു.
ഗ്ലൂക്കോസിൻ്റെ തോത് താഴുമ്പോൾ കുട്ടികൾക്ക് താഴെ പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം:
- ദേഷ്യവും അസ്വസ്ഥതയും
- ഏകാഗ്രതക്കുറവ്
- തലവേദന
- ചിന്തകളിൽ അവ്യക്തത
- ഉത്കണ്ഠ
പരീക്ഷാക്കാലത്ത് എന്തു കഴിക്കണം?
ശാസ്ത്രീയമായി തയ്യാറാക്കിയ ഭക്ഷണക്രമം എങ്ങനെയുള്ളതാകണം എന്ന് നോക്കാം.
1. സ്മാർട്ട് കാർബോഹൈഡ്രേറ്റുകൾ (ഏകാഗ്രത നിലനിർത്താൻ)
തലച്ചോറിന് ദീർഘനേരം പ്രവർത്തിക്കാനുള്ള ഇന്ധനം നൽകുന്നത് കാർബോഹൈഡ്രേറ്റുകളാണ്. എന്നാൽ രക്തത്തിലേക്ക് സാവധാനത്തിൽ മാത്രം ഗ്ളൂക്കോസ് വ്യാപിപ്പിക്കുന്ന ഭക്ഷണങ്ങളാണ് നാം തിരഞ്ഞെടുക്കേണ്ടത്.
കഴിക്കാവുന്നവ:
- ഓട്‌സ്
- തവിട് കളയാത്ത അരി
- ചെറുധാന്യങ്ങൾ
- സംസ്ക്കരിക്കാത്ത ഗോതമ്പ്
- മധുരക്കിഴങ്ങ്
- പലതരം പഴങ്ങൾ
ഒഴിവാക്കേണ്ടവ:
- പഞ്ചസാര അധികമുള്ള സീറിയലുകൾ
- മൈദ കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡ്
- എനർജി ഡ്രിങ്കുകൾ
2. പ്രോട്ടീൻ (ഓർമ്മശക്തിക്കും നാഡീപ്രവർത്തനങ്ങൾക്കും)
തലച്ചോറിലെ സന്ദേശവാഹകരായ ന്യൂറോട്രാൻസ്മിറ്ററുകളുടെ (Neurotransmitters) നിർമ്മാണത്തിന് ആവശ്യമായ അമിനോ ആസിഡുകൾ നൽകുന്നത് പ്രോട്ടീനുകളാണ്. പരീക്ഷാഹാളിൽ ഓരോ വികാരങ്ങളെയും മാനസികപ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു:
- ഡോപമിൻ (Dopamine): പഠിക്കാനുള്ള താല്പര്യവും ലക്ഷ്യബോധവും (Motivation) നിലനിർത്തുന്നു
- സെറോടോണിൻ (Serotonin): മനസ്സിനെ ശാന്തമാക്കാനും വൈകാരിക സ്ഥിരത നിലനിർത്താനും സഹായിക്കുന്നു
- അസറ്റൈൽകോളിൻ (Acetylcholine): ഓർമ്മശക്തിക്കും കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനും അത്യാവശ്യമാണ്
ഉൾപ്പെടുത്തേണ്ട നല്ല ഭക്ഷണങ്ങൾ:
- മുട്ട
- തൈര്, പനീർ
- പരിപ്പ് വർഗ്ഗങ്ങൾ, കടല
- നട്സ്
- വിത്തുകൾ
പ്രഭാതഭക്ഷണത്തോടൊപ്പം ഒരു പുഴുങ്ങിയ മുട്ട കൂടി ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും കൂടുതൽ സമയം ഏകാഗ്രതയോടെ ഇരിക്കാനും സഹായിക്കും.
3. ഒമേഗ-3 ഫാറ്റി ആസിഡുകൾ (തലച്ചോറിന്റെ ഘടനാപരമായ സംരക്ഷണം)
നമ്മുടെ തലച്ചോറിന്റെ ഏകദേശം 60 ശതമാനവും കൊഴുപ്പാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഇവ താഴെ പറയുന്ന ഘടകങ്ങൾക്ക് അനിവാര്യമാണ്:
- ചിന്താശേഷി
- പഠിച്ച കാര്യങ്ങൾ ഓർത്തുവെയ്ക്കാൻ
- മസ്തിഷ്ക കോശങ്ങളുടെ ആരോഗ്യത്തിന്
- വൈകാരിക നിയന്ത്രണം
പ്രധാന ഉറവിടങ്ങൾ:
- വാൽനട്ട്
- ഫ്ളാക്സ് സീഡ്
- ചിയ സീഡ്
- കൊഴുപ്പുള്ള മത്സ്യം
ശരീരത്തിൽ ഒമേഗ-3യുടെ അളവ് കുറയുന്നത് ശ്രദ്ധക്കുറവിനും ഇടയ്ക്കിടെയുള്ള മൂഡ് മാറ്റങ്ങൾക്കും കാരണമാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
4. അയേൺ, ബി വിറ്റാമിനുകൾ (ഓക്സിജനും ഊർജ്ജത്തിനും)
തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്നതിന് അയേൺ (Iron) അനിവാര്യമാണ്. ശരീരത്തിൽ അയേണിന്റെ അളവ് കുറയുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ താഴെ പറയുന്ന രീതിയിൽ ബാധിക്കാം:
- വിട്ടുമാറാത്ത ക്ഷീണം
- ശ്രദ്ധക്കുറവ്
- പഠനമികവ് കുറയുക
ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ:
- ഇലക്കറികൾ
- ഈന്തപ്പഴം
- പയർവർഗ്ഗങ്ങൾ
- ബീറ്റ്‌റൂട്ട്
- കൊഴുപ്പു നീക്കിയ ഇറച്ചി
ബി വൈറ്റമിനുകൾ, പ്രത്യേകിച്ച് വൈറ്റമിൻ B6, B12, ഫോളേറ്റ് എന്നിവ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പഠിച്ച കാര്യങ്ങൾ കൃത്യമായി ഓർത്തെടുക്കാനും തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും ഇവ സഹായിക്കുന്നു.
5. ഹൈഡ്രേഷൻ: ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള എളുപ്പവഴി
നമ്മുടെ തലച്ചോറിന്റെ ഭൂരിഭാഗവും ജലമാണ്. ശരീരത്തിൽ വളരെ ചെറിയ അളവിൽ (വെറും 1–2%) ജലാംശം കുറഞ്ഞാൽ പോലും അത് താഴെ പറയുന്ന രീതിയിൽ പഠനത്തെ ബാധിക്കും:
- ശ്രദ്ധാ കേന്ദ്രീകരിക്കാൻ പ്രയാസം
- ഹ്രസ്വകാല ഓർമ്മശക്തിയെ ബാധിക്കുന്നു
- പ്രതികരണ വേഗം കുറയുന്നു
ഉൾപ്പെടുത്തേണ്ട പാനീയങ്ങൾ:
- വെള്ളം
- ഇളനീർ
- സംഭാരം
ഒഴിവാക്കേണ്ടവ:
- അമിതമായ തോതിലുള്ള ചായയും കാപ്പിയും
- മധുരപാനീയങ്ങൾ
കഫീൻ (Caffeine) താൽക്കാലികമായി ഉണർവ് നൽകുമെങ്കിലും അത് അമിതമായാൽ ഉറക്കം നഷ്ടപ്പെടാനും പരീക്ഷാസമയത്തെ ഉത്കണ്ഠ വർദ്ധിപ്പിക്കാനും കാരണമാകും.
പരീക്ഷാ ദിനത്തിലെ പ്രഭാതഭക്ഷണം
സമ്പൂർണ്ണമായ പ്രഭാതഭക്ഷണത്തിൽ താഴെ പറയുന്ന മൂന്ന് ഘടകങ്ങൾ അടങ്ങിയിരിക്കണം:
- കോംപ്ളെക്സ് കാർബോഹൈഡ്രേറ്റ്
- പ്രോട്ടീൻ
- ആരോഗ്യകരമായ കൊഴുപ്പ്
ചില ഉദാഹരണങ്ങൾ:
- ഓട്‌സ് + അണ്ടിപ്പരിപ്പുകൾ + പഴങ്ങൾ
- ഇഡ്ഡലി + സാമ്പാർ
- മുട്ട + ഗോതമ്പ് ടോസ്റ്റ്
സമീകൃതമായ ഭക്ഷണം കഴിക്കുന്നത് പരീക്ഷാസമയത്തെ ഉത്കണ്ഠ കുറയ്ക്കാനും മസ്തിഷ്ക്കത്തെ ശാന്തമാക്കാനും സഹായിക്കും.
രാത്രിയിലെ പഠനവും ഉറക്കത്തിന്റെ പ്രാധാന്യവും
കുട്ടികൾ എത്രത്തോളം നന്നായി പഠിച്ചു എന്നതിനേക്കാൾ പ്രധാനമാണ് അവർക്ക് എത്രത്തോളം നന്നായി ഉറങ്ങാൻ കഴിഞ്ഞു എന്നത്. ഉറക്കം കുറയുന്നത് തലച്ചോറിനെ താഴെ പറയുന്ന രീതിയിൽ ബാധിക്കും:
- ഓർമ്മശക്തി കുറയുന്നു
- ചിന്താശേഷി കുറയുന്നു
- വൈകാരിക നിയന്ത്രണം നഷ്ടപ്പെടുന്നു
ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സമ്പൂർണ്ണ പോഷകാഹാരത്തിന് പോലും കഴിയില്ല.
രാത്രി വൈകി പഠിക്കുമ്പോൾ ശ്രദ്ധിക്കാൻ
ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ രാത്രി വൈകി പഠിക്കേണ്ടി വന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
- ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക: കശുവണ്ടി, ബദാം തുടങ്ങിയവ നല്ലതാണ്
- എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക
- മധുരം വേണ്ട
- അമിതമായി കാപ്പി കുടിക്കുന്നത് ഒഴിവാക്കുക
പരീക്ഷാപ്പേടി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ചില പ്രത്യേക പോഷകങ്ങൾക്ക് മനസ്സിനെ ശാന്തമാക്കാനും വൈകാരികമായ സ്ഥിരത നൽകാനും കഴിയും:
- മഗ്നീഷ്യം (Magnesium): അണ്ടിപ്പരിപ്പുകൾ (Nuts), വിത്തുകൾ (Seeds) എന്നിവയിൽ ഇത് ധാരാളമുണ്ട്. ഇത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ട്രിപ്റ്റോഫാൻ (Tryptophan): പാലും തൈരും പോലുള്ള ഭക്ഷണങ്ങളിൽ ഇതടങ്ങിയിരിക്കുന്നു. സന്തോഷം നൽകുന്ന ഹോർമോണായ ‘സെറോടോണിൻ’ ഉൽപ്പാദിപ്പിക്കാൻ ഇത് തലച്ചോറിനെ സഹായിക്കുന്നു
- ഡാർക്ക് ചോക്ലേറ്റ് (Dark Chocolate): ചെറിയ അളവിൽ കഴിക്കുന്നത് ഉന്മേഷം നൽകാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും
ഈ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. അമിതമായാൽ അത് ദഹനത്തെ ബാധിച്ചേക്കാം.
രക്ഷിതാക്കൾക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങൾ
രക്ഷിതാക്കൾ കുട്ടികളോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് പരീക്ഷാക്കാലത്ത് ചില തെറ്റുകൾ ചെയ്യാറുണ്ട്. അവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്:
- കൂടുതൽ ഭക്ഷണം നിർബന്ധിച്ച് കഴിപ്പിക്കുക
- ഊർജ്ജത്തിനായി മിഠായികൾ നൽകുക
- അമിതമായി ചായയോ കാപ്പിയോ നൽകുക
- വെള്ളം കുടിക്കുന്നതിന് പ്രാധാന്യം നൽകാതിരിക്കുക
- സമയം ലാഭിക്കാൻ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുക
കുടലും തലച്ചോറും തമ്മിലുള്ള ബന്ധം
നമ്മുടെ കുടലിലെ സൂക്ഷ്മാണുക്കൾ (Gut microbiome) സ്വഭാവം സംബന്ധിച്ച ചില ഘടകങ്ങളെ, അതായത് മനോഭാവം, ഉത്കണ്ഠ, ചിന്താശേഷി തുടങ്ങിയവയെ നേരിട്ട് സ്വാധീനിക്കുന്നു എന്നാണ് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
പുളിപ്പിച്ച ഭക്ഷണങ്ങൾ (Fermented foods) കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കുന്നു:
- തൈര്
- സംഭാരം
ഇവ മാനസിക കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വൈകാരിക പോഷണം
പരീക്ഷാസമയത്ത് കുട്ടികൾക്ക് ഭക്ഷണത്തേക്കാൾ ഉപരിയായി ചില ‘വൈകാരിക പോഷണങ്ങൾ’ കൂടി ആവശ്യമാണ്. ഇതിൽ രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ട്:
- ആശ്വാസവും ധൈര്യവും: “പരീക്ഷയെ പേടിക്കേണ്ട, ഞങ്ങൾ കൂടെയുണ്ട്” എന്ന വാചകം കുട്ടികൾക്ക് കരുത്തുനൽകും
- സമ്മർദ്ദം കുറയ്ക്കുക: മാർക്കിനെക്കുറിച്ചും റാങ്കിനെക്കുറിച്ചും ആവർത്തിച്ച് പറഞ്ഞ് അവരെ ഭയപ്പെടുത്താതിരിക്കുക
- ശാന്തമായ സാഹചര്യം: വീട്ടിലെ വഴക്കുകളും ബഹളങ്ങളും പഠനത്തെ ദോഷകരമായി ബാധിക്കും. തലച്ചോറിന് കാര്യങ്ങൾ ഓർത്തുവെയ്ക്കാൻ ശാന്തമായ അന്തരീക്ഷം അത്യാവശ്യമാണ്.
ശരീരത്തിൽ കോർട്ടിസോൾ (Cortisol) പോലുള്ള സ്ട്രെസ് ഹോർമോണുകൾ കൂടുമ്പോൾ, പഠിച്ച കാര്യങ്ങൾ കൃത്യസമയത്ത് ഓർത്തടുക്കാനുള്ള തലച്ചോറിന്റെ കഴിവിനെ അത് തടസ്സപ്പെടുത്തുന്നു. നേരെമറിച്ച്, സമാധാനപരമായ അന്തരീക്ഷം ഓർമ്മശക്തിയെ ഉത്തേജിപ്പിക്കുന്നു.
പരീക്ഷാക്കാലത്ത് തലച്ചോറിന് ആവശ്യമായ ഊർജ്ജവും ഏകാഗ്രതയും നൽകുന്ന ഭക്ഷണക്രമം താഴെ നൽകുന്നു. ഒരു ദിവസത്തെ മീൽ പ്ളാനാണിത്:
കാലത്ത്:
ഉണർന്നാലുടൻ: ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും നട്സും
ലഘുഭക്ഷണം: 4-5 കുതിർത്ത ബദാം അല്ലെങ്കിൽ 2 വാൽനട്ട്
പ്രഭാതഭക്ഷണം: 2 ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഒരു ബൗൾ ഓട്‌സ് പഴങ്ങൾക്കൊപ്പം.
ഇടനേരത്ത്: ഏകാഗ്രത നിലനിർത്താൻ (11:00 AM)
പഴങ്ങൾ: ഒരു ആപ്പിൾ അല്ലെങ്കിൽ ഒരു ഓറഞ്ച്.
പാനീയം: ധാരാളം വെള്ളം കുടിക്കുക.
ഉച്ചഭക്ഷണം:
കുറച്ച് ചോറ് അല്ലെങ്കിൽ 2 ചപ്പാത്തി. കൂടെ ധാരാളം പരിപ്പ് (Dal), പച്ചക്കറി തോരൻ, ഒരു കപ്പ് തൈര്.
വൈകുന്നേരം: (4:30 PM)
ലഘുഭക്ഷണം: വറുത്ത കടല, നിലക്കടല അല്ലെങ്കിൽ കുറച്ച് വിത്തുകൾ (Pumpkin/Sunflower seeds).
പാനീയം: ചായയോ കാപ്പിയോ വേണമെന്നുണ്ടെങ്കിൽ ഒരു ചെറിയ കപ്പ് മാത്രം. (പഞ്ചസാര കുറച്ച് ഉപയോഗിക്കുക).
രാത്രി:
ഭക്ഷണം: ലഘുവായ അത്താഴം കഴിക്കുക. ചപ്പാത്തിയും വെജിറ്റബിൾ കറിയും അല്ലെങ്കിൽ കഞ്ഞി.
ഉറങ്ങുന്നതിന് 2 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണം.
നേരത്തെ ഉറങ്ങാൻ കിടക്കുക (7-8 മണിക്കൂർ ഉറക്കം നിർബന്ധമാണ്).
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ:
പഠനത്തെക്കുറിച്ച് മാത്രം ചോദിക്കുന്നതിന് പകരം, കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഈ ചോദ്യങ്ങൾ ചോദിച്ചു നോക്കൂ:
“നീ നന്നായി ഭക്ഷണം കഴിച്ചോ?”
“ആവശ്യത്തിന് വെള്ളം കുടിച്ചോ?”
“നന്നായി ഉറങ്ങിയോ?”
സമ്മർദ്ദമല്ല, കരുതലാണ് വേണ്ടത്
ശാരീരികാവസ്ഥകൾ അനുകൂലമാകുമ്പോൾ സ്വാഭാവികമായും പഠനമികവ് വർദ്ധിക്കുന്നു. നാം മനസ്സിലാക്കേണ്ട ഒരു പ്രധാന സത്യമുണ്ട്:
സമ്മർദ്ദത്തിലായ, ആഹാരം കഴിക്കാത്ത ഒരു കുട്ടിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ, ശാന്തതയുള്ള, പോഷകാഹാരം ലഭിച്ച ഒരു കുട്ടിക്ക് സാധിക്കും.
ഈ പരീക്ഷാക്കാലം സന്തോഷവും ഉന്മേഷവും നിറഞ്ഞതാകട്ടെ!
ഓർക്കുക, ഏതു പരീക്ഷയേക്കാളും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ആത്മവിശ്വാസവും.




