വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടത്? ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഈ സപ്ളിമെൻ്റുകൾ കഴിക്കുന്നത് ദോഷം ചെയ്യുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ നമ്മളിൽ പലർക്കുമുള്ളതാണ്. ഇത് സംബന്ധിച്ച ശാസ്ത്രീയവശങ്ങൾ, രാധമ്മയുടേയും അവരുടെ മരുമകൾ  മീരയുടേയും സംഭാഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. 

രംഗം: ഒരു വൈകുന്നേരം. അടുക്കളയിൽ മീര ചായയുണ്ടാക്കുന്നു.  രാധമ്മ മേശപ്പുറത്ത് കുറച്ച് മരുന്നുപെട്ടികൾ അടുക്കി വെക്കുകയാണ്.

മീര: (രാധമ്മയ്ക്ക് ചായ നിറച്ച കപ്പ് കൊടുക്കുന്നു) അമ്മയുടെ വിറ്റാമിൻ കുപ്പികളൊക്കെ വീണ്ടും നിരത്തിവെച്ചിരിക്കുകയാണല്ലോ. ഈ സപ്ലിമെൻ്റുകളൊക്കെ കഴിക്കേണ്ട കാര്യമുണ്ടോ? പോഷകം നിറഞ്ഞ ഭക്ഷണം നമ്മൾ കഴിക്കുന്നുണ്ടല്ലോ.

രാധമ്മ:  മീരേ, നല്ല ചോദ്യം! ഭക്ഷണം വളരെ പ്രധാനം തന്നെ. പക്ഷേ ചിലപ്പോഴൊക്കെ, നമ്മുടെ തിരക്കേറിയ ജീവിതവും ഇന്നത്തെ ഭക്ഷണത്തിൻ്റെ ഗുണനിലവാരവും വെച്ച് നോക്കുമ്പോൾ, ആഹാരത്തിൽ നിന്ന് മാത്രം എല്ലാ പോഷകങ്ങളും കിട്ടിക്കൊള്ളണമെന്നില്ല.

മീര: പക്ഷേ ഈ സപ്ലിമെൻ്റുകളൊക്കെ ഇപ്പോഴത്തെ ഒരു  ഫാഷനല്ലേ? ഇത് ഒരുപാട് കഴിക്കുന്നത് നല്ലതല്ലെന്നും ഞാൻ കേട്ടിട്ടുണ്ട്.

രാധമ്മ: നീ പറഞ്ഞത് ശരിയാ മോളേ. വിറ്റാമിൻ സപ്ലിമെൻ്റുകളിൽ മാജിക്കൊന്നുമില്ല.  നമ്മുടെ ശരീരത്തിന് അവയെല്ലാം ഒരു സഹായം മാത്രമാണ്. പ്രത്യേകിച്ചും ശരീരത്തിൽ പോഷകങ്ങളുടെ കുറവുണ്ടെന്ന് കണ്ടെത്തിയാലോ,അല്ലെങ്കിൽ ഗർഭിണിയായിരിക്കുമ്പോഴോ, സർജറിക്ക് ശേഷമുള്ള വിശ്രമകാലത്തോ, അതുമല്ലെങ്കിൽ ഞങ്ങളെപ്പോലുള്ള പ്രായമായവർക്കോ ഒക്കെയാണ് ഇത് വേണ്ടിവരുന്നത്.

മീര: ഓ, അതുശരി. പക്ഷേ,  ചെറുപ്പക്കാരുടെ കാര്യമോ? വിറ്റാമിൻ ഡി, ബി12, ഒമേഗ 3 എന്നൊക്കെ പറഞ്ഞ് എല്ലായിടത്തും പരസ്യങ്ങൾ കാണാറുണ്ടല്ലോ.

രാധമ്മ: അതെ, ഇപ്പോഴത്തെ ചെറുപ്പക്കാർക്കും ഇത്തരം കുറവുകൾ വരുന്നുണ്ട്. ഓഫീസിനകത്തിരുന്നുള്ള ജോലി, വെയിൽ കൊള്ളാത്തത്, തോന്നിയ സമയത്തുള്ള ഭക്ഷണം… ഇതൊക്കെയാണ് ഈ കുറവിന് കാരണം. ഉദാഹരണത്തിന് വിറ്റാമിൻ ഡിയുടെ കുറവ്. നല്ല വെയിലുള്ള നമ്മുടെ കേരളത്തിൽ പോലും ഇത് സർവ്വസാധാരണമാണിപ്പോൾ.  ഇത് നമ്മുടെ മാനസികാവസ്ഥയെയും എല്ലുകളെയും രോഗപ്രതിരോധ ശേഷിയെയുമൊക്കെ ബാധിക്കും.

മീര: ശരിക്കും? എനിക്ക് ഈയിടെയായി ഒരു ക്ഷീണം തോന്നുന്നുണ്ട്. ഒരുപക്ഷേ അതുമായി ബന്ധമുണ്ടാകുമോ?

രാധമ്മ: സാധ്യതയുണ്ട്. ക്ഷീണം, പേശിവലിവ്, രോഗപ്രതിരോധശേഷി കുറയുന്നത്… ഇതൊക്കെ ചില ലക്ഷണങ്ങളാണ്. പക്ഷേ ഒരുകാര്യം ശ്രദ്ധിക്കണം, ഏതെങ്കിലും സപ്ലിമെൻ്റ് കഴിക്കുന്നതിന് മുൻപ്,  ഒരു ഡോക്ടറെ കാണുകയോ ബ്ലഡ് ടെസ്റ്റ്‌ ചെയ്യുകയോ വേണം.

മീര:  അമ്മേ. അപ്പൊ, ദിവസവും ഒരു മൾട്ടിവിറ്റാമിൻ കഴിച്ചാൽ എല്ലാ പ്രശ്നവും തീരുമെന്ന് വിചാരിക്കാൻ പറ്റില്ല, അല്ലേ?

രാധമ്മ: ഒരിക്കലുമില്ല! ആവശ്യത്തിലധികം സപ്ലിമെൻ്റുകൾ കഴിക്കുന്നത് നമ്മുടെ കരളിനും വൃക്കകൾക്കും ദോഷം ചെയ്യും. അത് ശരീരത്തിൽ വിഷാംശം ഉണ്ടാകാൻ കാരണമാകും. പ്രത്യേകിച്ചും എ,ഡി,ഇ,കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ അധികമായാൽ കൂടുതൽ അപകടമാണ്.

മീര: ആണോ, എനിക്കത് അറിയില്ലായിരുന്നു! അപ്പൊ സപ്ലിമെൻ്റുകൾ തെരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

രാധമ്മ: ഒന്നാമതായി, ഗുണനിലവാരം പ്രധാനമാണ്. വിശ്വസനീയമായ ബ്രാൻഡു നോക്കി വാങ്ങുക. രണ്ടാമത്, ഡോസിൻ്റെ കാര്യം – നിർദ്ദേശിച്ചിരിക്കുന്ന അളവിൽ മാത്രം കഴിക്കുക. മൂന്നാമത്, സമയം – ചില വിറ്റാമിനുകൾ ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോഴാണ് ശരീരം നന്നായി ആഗിരണം ചെയ്യുന്നത്, മറ്റു ചിലത് വെറും വയറ്റിലും. ഇതെല്ലാം ശ്രദ്ധിക്കണം.

മീര: എന്നാലും, ഭക്ഷണത്തിലൂടെ സ്വാഭാവികമായി പോഷകങ്ങൾ കിട്ടുന്നതല്ലേ ഏറ്റവും നല്ലത്?

രാധമ്മ: തീർച്ചയായും! സപ്ലിമെൻ്റുകൾ പോഷകസമൃദ്ധമായ ആഹാരത്തിന് ഒരിക്കലും  പകരമാകില്ല, അതൊരു സഹായം മാത്രമാണ്. ഇലക്കറികൾ, നട്സ്, പഴങ്ങൾ, മത്സ്യം – ഇവയിൽ നിന്നൊക്കെ വിറ്റാമിനുകൾ സ്വാഭാവിക രൂപത്തിൽ ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ പറ്റുന്ന രീതിയിൽ ലഭിക്കും.

മീര: അമ്മ പറഞ്ഞത് ശരിയാ. എന്തായാലും ഞാൻ വൈകാതെ തന്നെ എൻ്റെ വിറ്റാമിൻ ലെവലുകൾ ഒന്നു പരിശോധിക്കാം. അതുവരെ, നല്ല സമീകൃതമായ ആഹാരം കഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാം.

രാധമ്മ: അതുതന്നെ! നല്ല ഭക്ഷണം, ശ്രദ്ധയോടെയുള്ള സപ്ലിമെൻ്റ് ഉപയോഗം, വ്യായാമം – ഇവയെല്ലാം ചേർന്നതാണ് ആരോഗ്യം. അത് ഏത് പ്രായത്തിലായാലും.

ഓർക്കുക:

വിറ്റാമിൻ സപ്ലിമെൻ്റുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏറെ പ്രയോജനകരമാണ്. എന്നാൽ, തോന്നിയ പോലെ ഉപയോഗിക്കുകയോ അത് അമിതമാകുകയോ ചെയ്താൽ, ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ട്, എപ്പോഴും ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടുക, നിങ്ങളുടെ ശരീരത്തിൻ്റെ ആവശ്യങ്ങൾ മനസ്സിലാക്കുക, ഒപ്പം,  നമ്മുടെ ആദ്യത്തെ മരുന്ന് ആഹാരം തന്നെയാണെന്ന കാര്യം മറക്കാതിരിക്കുക.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe