ഒരെണ്ണമാവാം എന്നത് തെറ്റിദ്ധാരണ, ഒറ്റ പെഗ്ഗടിച്ചാലും മൈറ്റോകോൺഡ്രിയക്ക് പണികിട്ടും -ശാസ്ത്രം പറയുന്നു

ഒരെണ്ണമാവാം എന്നത് തെറ്റിദ്ധാരണ, ഒറ്റ പെഗ്ഗടിച്ചാലും മൈറ്റോകോൺഡ്രിയക്ക് പണികിട്ടും -ശാസ്ത്രം പറയുന്നു

മദ്യപാനത്തെക്കുറിച്ച് അത് കഴിക്കുന്നവരും  അല്ലാത്തവരും പല അഭിപ്രായ പ്രകടനങ്ങളും നടത്താറുണ്ട്. ചെറിയ രീതിയിൽ, അതായത് ദിവസവും ഒരു പെഗ് ഒക്കെ കഴിച്ചാൽ അത് ശരീരത്തിന് ദോഷം ചെയ്യില്ല എന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരെ പ്രചാരണം കാണാറുണ്ട്. ഇക്കാര്യത്തിൽ സത്യാവസ്ഥ അറിയേണ്ടത് മദ്യപരുടെ താൽപ്പര്യം കണക്കാക്കിയല്ല, മറിച്ച് ശാസ്ത്രീയ ഗവേഷണങ്ങൾ എന്ത് പറയുന്നു എന്ന് അടിസ്ഥാനമാക്കിയാണ്.

മദ്യം ശരീരത്തിലും മനസ്സിലും പല മാറ്റങ്ങളും വരുത്തും. പ്രത്യേകിച്ച് തലച്ചോറിൻ്റെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന മൈറ്റോകോൺട്രിയയിൽ. മസ്തിഷ്ക്കത്തിന്  സംഭവിക്കുന്ന ദോഷകരമായ വ്യതിയാനങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.      

എന്താണ് മൈറ്റോകോൺട്രിയ ? അതിൻ്റെ പ്രാധാന്യം എന്താണ് ?
മസ്തിഷ്ക്കത്തിലെ കോശങ്ങൾക്ക് ഊർജം പകർന്ന് നൽകുന്ന അതിസൂക്ഷ്മ കണികകളാണ് മൈറ്റോകോൺട്രിയ. എ ടി പി അഥവാ അഡിനോസിൻ ട്രൈഫോസ്ഫേറ്റ് ഉൽപ്പാദിപ്പിക്കുന്നത് മൈറ്റോകോൺട്രിയയാണ്. ചിന്ത, ഓർമ്മ, വികാരങ്ങൾ തുടങ്ങിയ നിർണ്ണായക ജൈവപ്രക്രിയകൾക്ക് ശേഷി നൽകുക എന്നാതാണ് എ ടി പിയുടെ ധർമ്മം. മനുഷ്യ ശരീരത്തിൻ്റെ 2 % മാത്രം ഭാരമേ തലച്ചോറിനുള്ളൂ. എങ്കിലും, ശരീരത്തിനുവേണ്ട ആകെ ഊർജ്ജത്തിൻ്റെ 20 % മസ്തിഷ്ക്ക ത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമുണ്ട്. മൈറ്റോകോൺട്രിയ  വഴിയാണ് ഈ ഊർജം ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

മൈറ്റോകോൺട്രിയയുടെ പ്രവർത്തനം താളം തെറ്റുമ്പോൾ, ക്ഷീണം അനുഭവപ്പെടുന്നതു മാത്രമേ നമ്മൾ തിരിച്ചറിയുന്നുള്ളൂ എങ്കിലും മേധാശക്തി ക്ഷയിക്കുക, ഓർമ്മകൾക്ക് മങ്ങലേൽക്കുക,അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് തുടങ്ങി, നിരവധി നാഡീസംബന്ധ പ്രശ്നങ്ങളും വരാം എന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. 

ഒരു പെഗ് കഴിച്ചാലും മൈറ്റോകോൺട്രിയ അറിയും

ചെറിയ അളവിലുള്ള മദ്യപാനം പോലും മൈറ്റോകോൺട്രിയയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് 2023ൽ PLOS ബയോളജി നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. തലച്ചോറിലെ ഓർമ്മയേയും പഠനശേഷിയേയും പിന്താങ്ങുന്ന ന്യൂറോണുകളെയാണ് കൂടുതലായും ഇത് ബാധിക്കുക.

ഗവേഷകർ കണ്ടെത്തിയ യാഥാർത്ഥ്യങ്ങൾ

  • ആൽക്കഹോൾ ഉപയോഗം, മൈറ്റോകോൺട്രിയൽ ഡൈനാമിക്സിനെ തടസ്സപ്പെടുത്തുന്നു.( മൈറ്റോകോൺട്രിയയുടെ പ്രവർത്തനക്ഷമതയും ഘടനയും നിലനിർത്താൻ ആവശ്യമായ fusion അഥവാ സംയോജനം, fission അഥവാ വിഭജനം എന്നീ പ്രക്രിയകൾ ആണ് മൈറ്റോകോൺട്രിയൽ ഡൈനാമിക്സ്) .കോശങ്ങൾക്ക് ശക്തി പകരാനും പുതിയ കോശനിർമ്മാണത്തിനും സഹായിക്കുന്ന പ്രക്രിയയെ ആൽക്കഹോൾ തകിടം മറിക്കും.
  • ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുന്നതിലൂടെ മൈറ്റോകോൺട്രിയയുടെ ഡി എൻ എ നശിക്കുന്നു.
  • മസ്തിഷ്ക്കത്തിലെ ഓർമ്മകൾ സൂക്ഷിച്ചു വെക്കുന്ന ഹിപ്പോകാംപസിലെ മൈറ്റോകോൺട്രിയകളെ ആൽക്കഹോൾ അതിവേഗം ബാധിക്കുന്നു.

ഒറ്റ ഡ്രിങ്ക് കഴിച്ചാൽ തലച്ചോറിൽ സംഭവിക്കുന്നത്

( ആൽക്കഹോൾ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ)

  • ബ്ളഡ്-ബ്രെയിൻ ബാരിയർ തകർക്കുന്നു
  • റിയാക്ടീവ് ഓക്സിജൻ സ്പീഷീസ് അഥവാ ആർ ഒ എസ് എന്നറിയപ്പെടുന്ന ഓക്സിഡേറ്റീവ് അണുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു, നീർക്കെട്ട് രൂപപ്പെടുന്നു.
  • മൈറ്റോകോൺട്രിയകളുടെ സ്തരങ്ങളെ ആർ ഒ എസ് നശിപ്പിക്കാൻ തുടങ്ങുന്നു.
  •    നാശം സംഭവിച്ച മൈറ്റോകോൺട്രിയക്ക് ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരുന്നു.
  • തീരുമാനങ്ങൾ എടുക്കാനും ഓർമ്മകൾ സൂക്ഷിക്കാനും സമനില കൈക്കൊള്ളാനും സഹായിക്കുന്ന മസ്തിഷ്ക്ക ഭാഗങ്ങളെ കൂടുതൽ ബാധിക്കുന്നു. ന്യൂറോണുകളുടെ സംവേദനം ഇല്ലാതാകുന്നു.

മൈറ്റോകോൺട്രിയയുടെ നാശം വരുത്തുന്ന അപകടങ്ങൾ

ഇടവിട്ടുള്ള ആൽക്കഹോൾ ഉപയോഗം പോലും ഇനിപ്പറയുന്ന പ്രശ്നങ്ങൾക്ക് ഇടയാക്കും

  • മേധാശക്തി കുറയും, ഓർമ്മ കുറയും
  • കാര്യങ്ങളോട് പ്രതികരിക്കാൻ കൂടുതൽ സമയം വേണ്ടിവരും, ഏകോപനത്തിൽ  ബുദ്ധിമുട്ട് നേരിടും
  • കോശങ്ങൾ നശിക്കുന്നതിനാൽ ന്യൂറോഡീജെനറേറ്റീവ് രോഗങ്ങൾക്ക് സാദ്ധ്യതയേറും
  • ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപ്പാദത്തിലെ വ്യത്യാസങ്ങൾ മൂലം വിഷാദവും ഉത്ക്കണ്ഠയും അനുഭവപ്പെടും
  • മസ്തിഷ്ക്കം വേഗത്തിൽ വാർദ്ധക്യാവസ്ഥയിലെത്തിച്ചേരും

ആൽക്കഹോളിൻ്റെ തരം അനുസരിച്ച്  എന്തെങ്കിലും വ്യത്യാസം ?

ഇല്ല, ബിയർ, വൈൻ, വിസ്ക്കി-ഏതായാലും ഇവയിലെയൊക്കെ പ്രധാന ഘടകം എഥനോൾ ആണ്. മൈറ്റോകോൺട്രിയയെ നശിപ്പിക്കുന്നതും എഥനോൾ തന്നെ.

വൈനിൽ റെസ്വിറാട്രോൾ പോലുള്ള ആൻ്റിഓക്സിഡൻ്റുകൾ ഉണ്ടെന്നും അതുകൊണ്ട് വൈൻ പ്രശ്നക്കാരനല്ലെന്നും ചിലർ പറയാറുണ്ട്. പക്ഷെ, മൈറ്റോകോൺട്രിയയിലെ കോശങ്ങളെ വിഷലിപ്തമാക്കുന്ന എഥനോൾ, മറ്റെല്ലാ ഗുണങ്ങളേയും  നിഷ്പ്രഭമാക്കും.

ഇനി മുതൽ ശ്രദ്ധിച്ചാൽ, എല്ലാം ശരിയാക്കാൻ കഴിയുമോ ?

മൈറ്റോകോൺട്രിയയെ അവഗണിച്ച് മദ്യപിച്ചു തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ എങ്കിൽ , ആൽക്കഹോൾ ഉപയോഗം നിർത്തിയാൽ മൈറ്റോകോൺട്രിയയുടെ പ്രവർത്തനങ്ങൾ പഴയപടി ഊർജിതമാക്കാനാകും. പുതിയ സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസൃതമായി ശരീരത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മസ്തിഷ്ക്കത്തിൻ്റെ ന്യൂറോപ്ളാസ്റ്റിസിറ്റി എന്ന കഴിവുമൂലം മൈറ്റോകോൺട്രിയക്ക് നഷ്ടമായ കഴിവുകൾ തിരിച്ചുകിട്ടും. 

എന്തായാലും നാളെ മുതൽ , അല്ലെങ്കിൽ ഒന്നാംതിയതി മുതൽ മദ്യപാനം നിർത്താമെന്ന തീരുമാനം ഒട്ടും ഗുണം ചെയ്യില്ല. തുടർച്ചയായ ആൽക്കഹോൾ ഉപയോഗം, മൈറ്റോകോൺട്രിയ ഡിഎൻഎയിൽ ഒരിക്കലും ശരിയാക്കാൻ ആകാത്ത വിധം മ്യൂട്ടേഷൻ വരുത്തും. ഇത് വലിയ ദോഷം ചെയ്യും.     

മൈറ്റോകോൺട്രിയയെ എങ്ങനെ സംരക്ഷിക്കാം

നിങ്ങൾ മദ്യപിക്കുന്നുണ്ടെങ്കിൽ 

  • പരമാവധി കുറയ്ക്കുക. ചില ആഴ്ച്ചകളിൽ ആൽക്കഹോൾ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക. ക്രമേണ, അത്തരം ആഴ്ച്ചകളുടെ എണ്ണം കൂട്ടുക.

മൈറ്റോകോൺട്രിയയുടെ ആരോഗ്യത്തിനായി ഇനിപ്പറയുന്നത് ഉപയോഗിക്കാം

  • CoQ10 സപ്ളിമെൻറുകൾ 
  • മഗ്നീഷ്യം, ബി വിറ്റാമിനുകൾ
  • ആൻറി ഓക്സിഡൻറുകൾ : വിറ്റാമിൻ സി, ഇ, ആൽഫ ലിപോലിക് ആസിഡ്
  • എയറോബിക് വ്യായാമങ്ങൾ ചെയ്യാം
  • ശരീരത്തിലെ വിഷാംശങ്ങൾ നീക്കാൻ ധാരാളം വെള്ളം കുടിക്കാം
  • കോശങ്ങളുടെ സംരക്ഷണത്തിനും മൈറ്റോകോൺട്രിയയുടെ കേടുപാടുകൾ തീർക്കുന്നതിനും ആവശ്യത്തിന് ഉറക്കം വേണം

ഒരു പെഗ് കഴിച്ചാൽ ഒരു പ്രശ്നവുമില്ല എന്ന തെറ്റിദ്ധാരണയെ ന്യൂറോ സയൻസ് കണ്ടെത്തലുകൾ അപ്പാടെ തള്ളിക്കളയുന്നുണ്ട്. 

ജീവിതാവസാനം വരെ മസ്തിഷ്ക്കാരോഗ്യം ഉറപ്പാക്കാൻ,  ധാരണാശക്തി നിലനിർത്താൻ, ഇനി ആൽക്കഹോൾ വേണ്ടേ വേണ്ട എന്നു തീരുമാനിക്കാം, ദൂഷ്യഫലങ്ങൾ മനസ്സിലാക്കിക്കൊണ്ടുതന്നെ.  

Related News

ഈ വർഷവും കൊഴിഞ്ഞുവീഴുമ്പോൾ സ്വയമറിയുക

ഈ വർഷവും കൊഴിഞ്ഞുവീഴുമ്പോൾ സ്വയമറിയുക

തടസ്സങ്ങളിൽ തളരാതെ എത്രമാത്രം കരുത്തരായിരിക്കുന്നു നിങ്ങൾ! പ്രിയമുള്ളവരേ, ഈ വർഷത്തിൻ്റെ അവസാന ദിനത്തിലാണ് നിങ്ങൾ ഇത് വായിക്കുന്നതെങ്കിൽ, ഒരു നിമിഷം… ഒന്നാലോചിച്ചുനോക്കൂ… വർത്തമാനകാലത്തിൽ നിന്നടർന്നു വീണ്, ഓർമ്മകളിൽ...

ഡിസംബർ 31, 2025 6:59 pm
വ്യായാമം ചെയ്യാൻ  ഏറ്റവും മികച്ച സമയം ഏതാണ്? 

വ്യായാമം ചെയ്യാൻ  ഏറ്റവും മികച്ച സമയം ഏതാണ്? 

ശരീരത്തിന് അനുയോജ്യമായ സമയം കണ്ടെത്താം വ്യായാമം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് നമുക്കെല്ലാവർക്കുമറിയാം. അമിതവണ്ണം ഒഴിവാക്കാനും അവയവങ്ങൾക്ക് കരുത്തേകാനും മനസ്സിന് ഊർജം പകരാനുമെല്ലാം വ്യായാമം വേണം.  ഇന്നത്തെ കാലത്ത്,...

ഡിസംബർ 27, 2025 10:30 pm
നിത്യവും ഉപയോഗിക്കുന്ന ഈ വസ്തുക്കൾ സുരക്ഷിതമാണോ?

നിത്യവും ഉപയോഗിക്കുന്ന ഈ വസ്തുക്കൾ സുരക്ഷിതമാണോ?

വിഷാംശസാന്നിദ്ധ്യം അറിഞ്ഞിരിക്കാം ഒരു ദിവസം ആരംഭിക്കുന്നത് മുതൽ അന്ന് രാത്രി കിടന്നുറങ്ങുംവരെ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തെല്ലാമാണെന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എന്തൊക്കെയാണെന്നും അവയുടെ...

ഡിസംബർ 25, 2025 11:52 pm
നമ്മുടെ പരമ്പരാഗത ഭക്ഷണരീതി ശരിക്കും നല്ലതാണോ?

നമ്മുടെ പരമ്പരാഗത ഭക്ഷണരീതി ശരിക്കും നല്ലതാണോ?

പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹനത്തിനും പ്രതിരോധശേഷിക്കും ഗുണകരമാണോ? അതിപുരാതന കാലം മുതൽ തന്നെ ആഹാര പദാർത്ഥങ്ങൾ പുളിപ്പിച്ച് സംസ്ക്കരിച്ചുവെയ്ക്കുന്ന രീതി മനുഷ്യർ പിന്തുടർന്നു പോന്നിരുന്നു. വാസ്തവത്തിൽ, മനുഷ്യരാശിക്ക് അറിയാവുന്നതിൽ...

ഡിസംബർ 22, 2025 11:41 pm
Top
Subscribe