വയോജനങ്ങളോടുള്ള അതിക്രമം: വാർദ്ധക്യകാലം ദുരിതപൂർണ്ണമാകുമ്പോൾ

തീരുമാനങ്ങൾ കൈക്കൊള്ളാനും അദ്ധ്വാനിച്ച് പണം സമ്പാദിക്കാനും കുടുംബാംഗങ്ങളെ സംരക്ഷിക്കാനുമുള്ള കരുത്ത്, പരാശ്രയത്വത്തിലേക്കും ദൗർബല്യത്തിലേക്കും വഴിമാറുന്ന കാലമാണ് വാർദ്ധക്യം. കടന്നുവന്ന വഴികളിൽ അറിവും ആഹാരവും സ്നേഹവും നൽകിയവരെ മറക്കുന്ന പിൻതലമുറ, വാർദ്ധക്യത്തിലെത്തിയവർക്ക് ദുരിതങ്ങളാണ് പകരം നൽകുക.
പ്രായമായവരോടുള്ള അതിക്രമം എന്നത് അകലെയെവിടെയോ അരങ്ങേറുന്ന ക്രൂരതയല്ല.
വീടുകളിലും ആശുപത്രികളിലും സമൂഹത്തിലും- അങ്ങനെ ലോകത്ത് പലയിടത്തും ഇത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പല അതിക്രമങ്ങളും നമ്മൾ ഇന്നറിയുന്നുണ്ട്. കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന വൃദ്ധരുടെ ദൃശ്യങ്ങൾ നമുക്കു കാണേണ്ടിവരുന്നുണ്ട്.
മുതിർന്നവരെ ആദരിക്കുന്ന സംസ്ക്കാരം ജനിതകങ്ങളിൽ സൂക്ഷിക്കുന്ന നമ്മുടെ രാജ്യത്തും ഇത്തരം ക്രൂരതകൾ സംഭവിക്കുന്നു എന്നത് കൂടുതൽ
വേദനാജനകമാണ്.
അദൃശ്യമായ ഈ അതിക്രമങ്ങളുടെ വിവിധ വശങ്ങളെപ്പറ്റിയും ഇത് ഉൻമൂലനം ചെയ്യാൻ നമുക്ക് എങ്ങനെയെല്ലാംപ്രവർത്തിക്കാൻ കഴിയുമെന്നും nellikka.life ലൂടെ നമുക്ക് മനസ്സിലാക്കാം.
എന്താണ് പ്രായമായവരോടുള്ള അതിക്രമം?
മുതിർന്ന പൗരന്മാർക്ക് ദോഷമോ വിഷമമോ ഉണ്ടാക്കുന്ന, വിശ്വാസം ആധാരമാക്കിയുള്ള ഏതൊരു ബന്ധത്തിലും സംഭവിക്കുന്ന, ഒറ്റത്തവണയോ ആവർത്തിച്ചോ ഉണ്ടാകുന്ന പ്രവൃത്തിയെയോ, അല്ലെങ്കിൽ അനുയോജ്യമായ പ്രവൃത്തിയുടെ അഭാവത്തെയോ ആണ് ലോകാരോഗ്യ സംഘടന (WHO) പ്രായമായവരോടുള്ള അതിക്രമം എന്ന് നിർവചിക്കുന്നത്.
ഇത് പല തരത്തിൽ സംഭവിക്കാം:
- ശാരീരിക പീഡനം: അടിക്കുക, തടഞ്ഞുവെയ്ക്കുക,അല്ലെങ്കിൽ പരുഷമായി പെരുമാറുക.
- വൈകാരിക പീഡനം: അപമാനിക്കുക, ഒറ്റപ്പെടുത്തുക, അല്ലെങ്കിൽ ഭീഷണിപ്പെടുത്തുക.
- അവഗണന: ഭക്ഷണവും മരുന്നും നൽകാതിരിക്കുക, ശുചിത്വമില്ലാത്ത ചുറ്റുപാടിൽ താമസിപ്പിക്കുക, വൈകാരിക പിന്തുണ നൽകാതിരിക്കുക
- സാമ്പത്തിക ചൂഷണം: പെൻഷൻ, സ്വത്ത് അല്ലെങ്കിൽ മറ്റ് ആസ്തികൾ എന്നിവയുടെ നിയന്ത്രണം കൈക്കലാക്കുക.
- ലൈംഗിക പീഡനം: സമ്മതമില്ലാതെയുള്ള ഏത് ലൈംഗിക സമ്പർക്കവും.
- ഉപേക്ഷിക്കുക: പരിചരണം നൽകാതെ പ്രായമായ വ്യക്തിയെ ഒറ്റപ്പെടുത്തുക, അല്ലെങ്കിൽ ഉപേക്ഷിക്കുക
ഹെൽപ്ഏജ് ഇന്ത്യയുടെ 2024ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ, വാർദ്ധക്യത്തിലെത്തിയവരിൽ അഞ്ചിൽ ഒരാൾ എന്ന കണക്കിൽ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് ഇരയാക്കപ്പെടുന്നുണ്ട്. എന്നാൽ ഇവരിൽ ഭൂരിഭാഗവും ഇത് പുറത്തു പറയുന്നില്ല.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു: അധികാരത്തിന്റെയും ആശ്രിതത്വത്തിന്റെയും മനഃശാസ്ത്രം
സ്നേഹവും കടമയും, അസ്വസ്ഥതയിലേക്കും നിയന്ത്രണത്തിലേക്കും വഴിമാറുമ്പോഴാണ് പലപ്പോഴും പ്രായമായവരോടുള്ള അതിക്രമം ആരംഭിക്കുന്നത്.
ജോലിയുടെയും പരിചരണത്തിന്റെയും വ്യക്തിപരമായ സമ്മർദ്ദങ്ങളുടെയും ഇടയിൽ കുടുങ്ങിക്കിടക്കുന്ന ആധുനിക കുടുംബങ്ങളിലെ അംഗങ്ങൾക്ക്, വൈകാരിക ക്ഷീണം എങ്ങനെ അവഗണനയായും വെറുപ്പായും മാറുന്നുവെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നേക്കാം.
പൊതുവായ കാരണങ്ങൾ ഇവയാണ്:
- വയോധികരുടെ ദീർഘകാല രോഗങ്ങളോ ആശ്രിതത്വമോ മൂലം പരിചരിക്കുന്നവർക്കുണ്ടാകുന്ന സമ്മർദ്ദം
- സാമ്പത്തിക ആശ്രിതത്വം — മുതിർന്ന കുട്ടികൾ മാതാപിതാക്കളുടെ ആസ്തിയെ ആശ്രയിക്കുന്നത്.
- വാർദ്ധക്യവുമായി ബന്ധപ്പെട്ട ബൗദ്ധികവും വൈകാരികവുമായ മാറ്റങ്ങളെക്കുറിച്ച് അവബോധമില്ലായ്മ.
- പ്രായമായവർ ഒറ്റപ്പെടുന്നതോടെ അവരെ നോക്കേണ്ടവരിൽ ഉത്തരവാദിത്തബോധം കുറയുന്നത്.
- സാംസ്കാരിക നിഷേധം — “നമ്മുടെ കുടുംബം ഒരിക്കലും ഇങ്ങനെ ചെയ്യില്ല” എന്ന വിശ്വാസം.
ഉപദ്രവിക്കണമെന്ന് കരുതിക്കൂട്ടിയല്ലാതെയും പീഡനങ്ങൾ നടക്കാറുണ്ട്.
ബഹുമാനം, ക്ഷമ, സഹാനുഭൂതി തുടങ്ങിയ വികാരങ്ങൾ പതിയെപ്പതിയെ ഇല്ലാതാകുന്നതിൻ്റെ ഫലമായാണ് ഇങ്ങനെ അതിക്രമങ്ങളുണ്ടാകുന്നത്.
ഒരിക്കലും അവഗണിക്കരുതാത്ത ലക്ഷണങ്ങൾ
വീണ്ടും ഉപദ്രവിക്കുമോ എന്ന പേടി കൊണ്ടാണ് പലപ്പോഴും വയോജനങ്ങൾ പീഡനവിവരങ്ങൾ പുറത്തുപറയാത്തത്. ആരെങ്കിലും ഇക്കാര്യങ്ങൾ ചോദിച്ചാൽപ്പോലും, കൂടുതൽ പ്രശ്‌നങ്ങളുണ്ടാകരുത് എന്ന് ചിന്തിച്ച്, അവർ ഒഴിഞ്ഞുമാറുകയോ, നിഷേധിക്കുകയോ ചെയ്തേക്കാം.
എങ്കിലും അവരുടെ ശരീരഭാഷയും പെരുമാറ്റവും കാര്യങ്ങൾ വെളിപ്പെടുത്തും:
- ചതവുകൾ, പൊള്ളലുകൾ, അല്ലെങ്കിൽ ഒടിവുകൾ.
- ശുചിത്വമില്ലായ്മ, നിർജ്ജലീകരണം, പോഷകാഹാരക്കുറവ്.
- ഉത്കണ്ഠ, വിഷാദം, സാമൂഹിക ബന്ധങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റം.
- പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ അവരുടെ വിലപ്പിടിപ്പുള്ള വസ്തുക്കൾ കാണാതാകുകയോ ചെയ്യുക.
- അമിതമായ മയക്കം അല്ലെങ്കിൽ ചികിൽസ ലഭ്യമാകാതിരിക്കുക
- കുടുംബാംഗങ്ങളോടോ പരിചരിക്കുന്നവരോടോ ഭീതിയോടെയുളള പെരുമാറ്റം.
ഇവ ശ്രദ്ധയിൽപ്പെട്ടാൽ, പതുക്കെ കാര്യങ്ങൾ ചോദിച്ചറിയുക.
“സുഖമാണോ?”എന്ന ചോദ്യം പോലും അവർ വർഷങ്ങളായി മനസ്സിലൊതുക്കിയ സങ്കടങ്ങൾ തുറന്നുപറയാൻ സഹായിച്ചേക്കാം.
ആരോഗ്യത്തിലുണ്ടാകുന്ന പ്രത്യാഘാതം:
പ്രായമായവരോടുള്ള അതിക്രമം സാമൂഹിക ലംഘനം എന്നതിലുപരിയായി, പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്.
പീഡനത്തിനിരയായ വയോധികർക്ക് താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു:
- നേരത്തെയുള്ള മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്.
- വിഷാദവും ഉത്കണ്ഠയും ഉയർന്ന തോതിൽ കാണപ്പെടുന്നു
- അസുഖമോ പരിക്കോ ഭേദമാകാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു
- വിട്ടുമാറാത്ത സമ്മർദ്ദം കാരണം ധിഷണാപരമായ തളർച്ച
- ചികിത്സാ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുക.
നമ്മുടെ രാജ്യത്ത്, മുതിർന്നവർ പലപ്പോഴും അവരെ ഉപദ്രവിക്കുന്നവരുടെ കൂടെ, ഒരേവീട്ടിൽ താമസിക്കുന്ന സാഹചര്യമാണുള്ളത്. പ്രിയപ്പെട്ടവർ ശത്രുക്കളേപ്പോലെ പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിലെ മാനസികാഘാതം മറ്റാരോടും പറയാനാകാതെ ഇരകളാക്കപ്പെടുന്നവർ ബുദ്ധിമുട്ടുന്നു. ഇവർക്ക്, സ്വന്തം വീട്ടിൽ എല്ലാം സഹിച്ച് മൗനത്തിന്റെ തടവറയിൽക്കഴിയേണ്ട അവസ്ഥയുണ്ടാകുന്നു.
നവീനകാല യാഥാർത്ഥ്യം: പാരമ്പര്യവും പരിവർത്തനവും
സാംസ്കാരികമായി, നമ്മൾ “മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ” എന്ന സങ്കൽപ്പത്തിൽ ജീവിക്കുന്നവരാണ്. പക്ഷെ, നഗരവൽക്കരണവും മാറിക്കൊണ്ടിരിക്കുന്ന കുടുംബ ഘടനകളും ആ മൂല്യത്തെ ദുർബലപ്പെടുത്തിയിരിക്കുന്നു.
അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും കുടിയേറ്റവും കാരണം, പ്രായമായ പലരും ഒറ്റപ്പെട്ടുപോകുകയോ അല്ലെങ്കിൽ അവർക്ക് വീട്ടിലെ സഹായികളെയോ ദൂരെയുള്ള ബന്ധുക്കളെയോ ആശ്രയിക്കേണ്ടി വരികയോ ചെയ്യുന്നു.
ചെറിയ പ്രവൃത്തികളിലൂടെ വലിയ മാറ്റം വരുത്താം
1. അവബോധത്തിൽ നിന്ന് തുടങ്ങാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽ മാത്രമല്ല, നഗരങ്ങളിലെ വിദ്യാസമ്പന്നരുള്ള വീടുകളിലും പ്രായമായവരോടുള്ള അതിക്രമം നിലനിൽക്കുന്നുണ്ടെന്ന് തിരിച്ചറിയുക.
2. പതിവായി ശ്രദ്ധിക്കുക വയോജനങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും കാണാൻ പോകാം. ഒരു ഫോൺ കോളോ, ഒരു സന്ദേശമോ പോലും ഒറ്റപ്പെട്ടുപോയവർക്ക്, തങ്ങൾ ശ്രദ്ധിക്കപ്പെടുന്നു എന്ന തോന്നൽ നൽകും. അവരോട് കാര്യങ്ങൾ ചോദിച്ചറിയുക: “നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ?” “മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടോ?” ” സുഖമല്ലേ?” തുടങ്ങിയ ചോദ്യങ്ങൾ അവർക്ക് പ്രശ്നങ്ങൾ തുറന്നുപറയാനുള്ള ധൈര്യം നൽകും.
3. നിയമപരമായ അവബോധം ശക്തമാക്കുക ഇന്ത്യയിലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം (2007) അനുസരിച്ച്, കുട്ടികളും അനന്തരാവകാശികളും മുതിർന്നവരുടെ താമസസ്ഥലം, ഭക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണമെന്നത് നിർബന്ധമാക്കുന്നു. അതിക്രമം, അവഗണന, ഉപേക്ഷിക്കൽ എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളാണ്.
4. പിന്തുണയ്ക്കുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക
- എൽഡർ ഹെൽപ്പ് ലൈൻ 14567 (ദേശീയ ഹെൽപ് ലൈൻ)
- ഹെൽപ്ഏജ് ഇന്ത്യ ഹെൽപ് ലൈൻ 1800-180-1253 / 011-41688955
- പ്രാദേശിക എൻ.ജി.ഒ.കൾ, സീനിയർ സിറ്റിസൺ അസോസിയേഷനുകൾ, പഞ്ചായത്ത് ക്ഷേമ ഓഫീസർമാർ എന്നിവരുമായി ബന്ധപ്പെടുക.
5.കൂട്ടായ്മയ്ക്കായി സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കുക ആത്മീയ കേന്ദ്രങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയിൽ മുതിർന്നവർക്ക് ആഴ്ച്ചയിലൊരിക്കൽ ഒത്തുചേരുന്നതിനുള്ള സൗകര്യമൊരുക്കാം.
6. പരിചരിക്കുന്നവർക്ക് വിദ്യാഭ്യാസം നൽകുക പരിചരിക്കുന്നവർക്ക് വൈകാരിക പിന്തുണ നൽകണം. അവർക്കുണ്ടാകുന്ന മടുപ്പ് (Burnout) ഒഴിവാക്കാൻ സഹായം നൽകണം. വയോജനങ്ങളെ പരിപാലിക്കുന്നവർക്ക് വാർദ്ധക്യകാല പരിചരണത്തിലുള്ള ശാസ്ത്രീയ പരിശീലനം നൽകുന്നതോടൊപ്പം സമ്മർദ്ദ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകിയാൽ, അസ്വസ്ഥതയിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ സഹായകമാകും.
പ്രായമായവരോടുള്ള അതിക്രമം വ്യക്തിപരമായ പരാജയത്തേക്കാൾ ഉപരിയായി സമൂഹ മനസ്സാക്ഷിയുടെ പ്രതിഫലനമാണ്.
സ്വാർത്ഥതയ്ക്കും ഉൽപ്പാദനക്ഷമതയ്ക്കും പ്രാധാന്യം നൽകുന്ന ഈ കാലത്ത്, ഇടയ്ക്കെങ്കിലും, നമ്മുടെ കുട്ടിക്കാലത്ത് രക്ഷിതാക്കൾ പറഞ്ഞുതന്ന പാഠങ്ങൾ ഓർത്തെടുക്കാം. മുതിർന്നവരെ ബഹുമാനിക്കുകയും നിരുപാധികമായി സ്നേഹിക്കുകയും കടമകൾ നിറവേറ്റുകയും ചെയ്യണമെന്ന പാഠം.
References
- World Health Organization. Elder abuse: Key facts.
- The State of Elder Abuse in India.
- National Institute on Aging. Elder Mistreatment and Neglect.
- Ministry of Social Justice & Empowerment, Government of India. Maintenance and Welfare of Parents and Senior Citizens Act .
- The Lancet Public Health. Elder abuse and its global health burden.




