എക്സിമ: പ്രതിസന്ധിയിലാക്കുന്ന ചർമ്മരോഗം

എക്സിമ: പ്രതിസന്ധിയിലാക്കുന്ന ചർമ്മരോഗം

മനസ്സിലാക്കാം, നിയന്ത്രിക്കാം, അതിജീവിക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന,സർവ്വ സാധാരണമായ  വിട്ടുമാറാത്ത ചർമ്മരോഗങ്ങളിൽ ഒന്നാണ് 

എക്സിമ അഥവാ അറ്റോപിക് ഡെർമറ്റൈറ്റിസ്.

എക്സിമ (Eczema) ബാധിതരിൽ, ചർമ്മത്തിൽ, വരണ്ടതും ചൊറിച്ചിലുളവാക്കുന്നതും വീക്കവുമുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഇത് കേവലം സൗന്ദര്യസംബന്ധിയായ ഒരു പ്രശ്നമല്ല, വ്യക്തിയുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ജീവിതനിലവാരത്തെയും സാരമായി ബാധിച്ചേക്കാവുന്ന ചർമ്മരോഗമാണ്.

ശരീരത്തിലെ അസന്തുലിതാവസ്ഥയാണ് എക്സിമയുടെ അടിസ്ഥാന കാരണം. അതായത്, രോഗപ്രതിരോധ സംവിധാനത്തിൻ്റെ അമിത പ്രവർത്തനവും ദുർബലമായ ചർമ്മ പാളിയും തമ്മിലുള്ള പ്രതിപ്രവർത്തനം, എക്സിമയുടെ രൂപത്തിൽ തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. ശരീരവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക എന്നതാണ് ഈ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ആദ്യപടി.

എന്താണ് എക്സിമ?

ചർമ്മത്തിലുണ്ടാകുന്ന വീക്കമാണ് എക്സിമ.ഇത് പകരുന്ന രോഗമല്ല. പലപ്പോഴും കുട്ടിക്കാലത്താണ് ഈ രോഗം കാണപ്പെടുന്നത് എങ്കിലും ഏത് പ്രായത്തിലും എക്സിമ ഉണ്ടാകാം.

എക്സിമ ഉള്ളവരിൽ, ചർമ്മത്തിൻ്റെ സംരക്ഷണ പാളി ദുർബലമാവുന്നു. ഇതുമൂലം ഈർപ്പം പുറത്തേക്ക് പോകാനും അലർജിയുണ്ടാക്കുന്ന വസ്തുക്കൾ അകത്തേക്ക് പ്രവേശിക്കാനും എളുപ്പമാകും. ഇത് വീക്കം (Inflammation) ഉണ്ടാക്കുകയും ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ, അടർന്നുപോകൽ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

എക്സിമ പലതരത്തിലുണ്ടെങ്കിലും അറ്റോപിക് ഡെർമറ്റൈറ്റിസ് ആണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

സാധാരണ വകഭേദങ്ങൾ 

1.അറ്റോപിക് ഡെർമറ്റൈറ്റിസ്: വിട്ടുമാറാത്തതും പാരമ്പര്യമായി വരുന്നതുമായ രോഗം. പലപ്പോഴും അലർജികളുമായോ ആസ്ത്മയുമായോ ബന്ധപ്പെട്ടിരിക്കുന്നു.

2.കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്:

സോപ്പ്, പെർഫ്യൂം, ലോഹങ്ങൾ തുടങ്ങിയവയുമായി നേരിട്ടുള്ള സമ്പർക്കം ഉണ്ടാകുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ.

3.ഡിഷിഡ്രോട്ടിക് എക്സിമ: കൈകളിലും പാദങ്ങളിലും ചെറിയ, ചൊറിച്ചിലുള്ള കുമിളകൾ ഉണ്ടാകുന്നു. പലപ്പോഴും മാനസിക സമ്മർദ്ദമോ ഈർപ്പമോ കാരണമാകാം.

4.ന്യൂമുലാർ എക്സിമ: കൈകാലുകളിൽ ഉണ്ടാകുന്ന വൃത്താകൃതിയിലുള്ള, നാണയരൂപത്തിലുള്ള തിണർപ്പുകൾ.

5.സെബോറിക് ഡെർമറ്റൈറ്റിസ്:

തലയോട്ടി, മുഖം, നെഞ്ചിൻ്റെ മുകൾഭാഗം തുടങ്ങിയ എണ്ണമയമുള്ള ഭാഗങ്ങളെ ബാധിക്കുന്നു; പലപ്പോഴും യീസ്റ്റ് വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.

6.സ്റ്റാസിസ് ഡെർമറ്റൈറ്റിസ്: കാലുകളിലെ രക്തചംക്രമണം കുറഞ്ഞ ആളുകളിൽ കാണപ്പെടുന്നു.

എക്സിമ ഉണ്ടാകാൻ കാരണം?

ജനിതകപരമായതും പ്രതിരോധശേഷിയെ സംബന്ധിക്കുന്നതും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുമുള്ള ഘടകങ്ങൾ ചേരുമ്പോഴാണ് എക്സിമ ഉണ്ടാകുന്നത്.

  • ജനിതകപരം: മാതാപിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്കോ ​​രണ്ടുപേർക്കോ അലർജി, ആസ്ത്മ അല്ലെങ്കിൽ എക്സിമ ഉണ്ടെങ്കിൽ, കുട്ടികൾക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത വർദ്ധിക്കുന്നു.
  • ചർമ്മ സംരക്ഷണ പാളിയുടെ തകരാറ്: ഫിലഗ്രിൻ എന്ന പ്രധാന പ്രോട്ടീന്റെ ഉത്പാദനം കുറയുന്നത് ചർമ്മത്തെ വരണ്ടതാക്കുകയും ദുർബലമാക്കുകയും ചെയ്യുന്നു.
  • രോഗപ്രതിരോധ സംവിധാനത്തിൻ്റെ അമിതപ്രവർത്തനം: നിരുപദ്രവകരമായ കാര്യങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നത് വിട്ടുമാറാത്ത വീക്കത്തിന് (Chronic Inflammation) കാരണമാകുന്നു.
  • പാരിസ്ഥിതിക കാരണങ്ങൾ: മലിനീകരണ വസ്തുക്കൾ, കടുപ്പമേറിയ ഡിറ്റർജന്റുകൾ, സോപ്പുകൾ, അല്ലെങ്കിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കൾ (പൊടിയിലെ ചെറുപ്രാണികൾ, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം).
  • കാലാവസ്ഥാ മാറ്റങ്ങൾ: തണുപ്പുള്ള, വരണ്ട കാലാവസ്ഥയോ, ചൂടുള്ള, ഈർപ്പമുള്ള അന്തരീക്ഷമോ രോഗലക്ഷണങ്ങൾ വഷളാക്കിയേക്കാം.
  • മാനസിക സമ്മർദ്ദം: മാനസിക സമ്മർദ്ദം എക്സിമ ഉണ്ടാക്കുന്നില്ല, എന്നാൽ രോഗം പെട്ടെന്ന് വഷളാകാൻ അത് കാരണമാകും.
  • ഭക്ഷണവുമായി ബന്ധപ്പെട്ട കാരണങ്ങൾ: ചില ആളുകളിൽ പാൽ ഉൽപന്നങ്ങൾ, മുട്ട, അണ്ടിപ്പരിപ്പ്, ഗ്ലൂട്ടൻ എന്നിവ രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

ഓരോ വ്യക്തിയിലും എക്സിമയുടെ രൂപം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, സാധാരണയായി കാണുന്ന ലക്ഷണങ്ങൾ താഴെ നൽകുന്നു:

  • അസഹ്യമായ ചൊറിച്ചിൽ; രാത്രിയിൽ ഇത് കൂടാൻ സാധ്യതയുണ്ട്.
  • കൈകൾ, കഴുത്ത്, കൈമുട്ടുകൾ, കാൽമുട്ടുകൾ, മുഖം എന്നിവിടങ്ങളിൽ ചുവന്നതോ തവിട്ടുനിറമുള്ളതോ ആയ പാടുകൾ.
  • വരണ്ടതും ശൽക്കങ്ങൾ നിറഞ്ഞതും വിണ്ടുകീറിയതുമായ ചർമ്മം.
  • തുടർച്ചയായ ചൊറിച്ചിൽ കാരണം ചർമ്മം കട്ടിയാവുകയും തുകൽ പോലെയാവുകയും ചെയ്യുക.
  • രോഗം തീവ്രമാകുന്ന സമയങ്ങളിൽ നീരൊലിപ്പ് ഉണ്ടാകുകയോ ക്രസ്റ്റ് (Crust – കട്ടിയായ പാട) രൂപപ്പെടുകയോ ചെയ്യുക.

എക്സിമ ബാധിക്കുമ്പോൾ ചർമ്മത്തിൽ ചൊറിയുന്നത് താൽക്കാലികമായി ആശ്വാസം നൽകുമെങ്കിലും, അത് ചർമ്മത്തിന് കൂടുതൽ നാശമുണ്ടാക്കുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചികിത്സാ രീതികൾ

എക്സിമയ്ക്ക് സ്ഥിരമായ ഒരു ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും രോഗം വഷളാകുന്നത് തടയുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ മാർഗ്ഗങ്ങളുണ്ട്.

പുറമെ മരുന്നുപയോഗിക്കുന്ന രീതി 

  • മോയ്സ്ചറൈസറുകൾ: എക്സിമ ചികിത്സയുടെ അടിസ്ഥാനമാണിത്. ദിവസവും പലതവണ, പ്രത്യേകിച്ച് കുളിച്ചതിന് ശേഷം ഉപയോഗിക്കുക.
  • കോർട്ടികോസ്റ്റിറോയ്ഡ് ക്രീമുകൾ: രോഗം വഷളാകുമ്പോൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
  • കാൽസിനൂറിൻ ഇൻഹിബിറ്ററുകൾ (ടാക്രോലിമസ്, പിമെക്രോലിമസ്): മുഖം, കൺപോളകൾ പോലുള്ള സെൻസിറ്റീവായ ഭാഗങ്ങൾക്ക് ഉപയോഗപ്രദമാണ്.
  • ബാരിയർ റിപ്പയർ ക്രീമുകൾ: ചർമ്മത്തിൻ്റെ സ്വാഭാവിക സംരക്ഷണത്തെ ശക്തിപ്പെടുത്തുന്നു.

ഫോട്ടോതെറാപ്പി

നിയന്ത്രിത അളവിലുള്ള അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിക്കുന്ന ഈ രീതിയിലൂടെ, വിട്ടുമാറാത്ത എക്സിമയുള്ളവർക്ക് വീക്കവും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കും.

രോഗകാഠിന്യം കൂടുമ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ

തീവ്രമായ, ചികിത്സകളോട് പ്രതികരിക്കാത്തതോ ആയ എക്സിമയ്ക്ക്:

  • ആൻ്റിഹിസ്റ്റമിനുകൾ: ചൊറിച്ചിൽ നിയന്ത്രിക്കുന്നു.
  • കോർട്ടികോസ്റ്റിറോയ്ഡുകൾ (കഴിക്കുന്നതോ കുത്തിവയ്ക്കുന്നതോ): ഹ്രസ്വകാല ആശ്വാസത്തിനായി.
  • ബയോളജിക്കുകൾ (ഡ്യൂപ്പിലുമാബ്): എക്സിമയിൽ ഉൾപ്പെടുന്ന പ്രത്യേക രോഗപ്രതിരോധ മാർഗ്ഗങ്ങളെ ലക്ഷ്യമിടുന്നു.

അണുബാധകൾക്കുള്ള ചികിത്സ

ചൊറിഞ്ഞ് പൊട്ടി മുറിവേറ്റ അവസ്ഥയിൽ അണുബാധയ്ക്ക് സാദ്ധ്യതയുണ്ട്. ബാക്ടീരിയൽ അണുബാധ ഉണ്ടായാൽ ഡോക്ടർമാർ ആൻ്റിബയോട്ടിക്കുകൾ നിർദ്ദേശിച്ചേക്കാം.

ജീവിതശൈലിയും വീട്ടുവൈദ്യവും

രോഗം ഭേദമാകാൻ തികഞ്ഞ ശ്രദ്ധയും സൗമ്യമായ പരിചരണവും ആവശ്യമാണ്.

ചെയ്യാവുന്നത്:

  • മോയ്സ്ചറൈസർ നിർബന്ധമായും ഉപയോഗിക്കുക: ഓരോ തവണയും കുളി കഴിഞ്ഞ ഉടനെ കട്ടിയുള്ളതും സുഗന്ധമില്ലാത്തതുമായ ക്രീമുകളോ ഓയിൻ്റ്മെൻ്റുകളോ ഉപയോഗിക്കുക.
  • വീര്യം കുറഞ്ഞ, സോപ്പിൻ്റെ അംശം അടങ്ങിയിട്ടില്ലാത്ത ക്ലെൻസറുകൾ ഉപയോഗിക്കുക: കടുപ്പമുള്ള ഡിറ്റർജന്റുകളോ സുഗന്ധമുള്ള സോപ്പുകളോ ഒഴിവാക്കുക.
  • കുളിക്കുന്ന സമയം കുറയ്ക്കുക: കുളിയ്ക്കാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കുക;  നല്ല ചൂടുള്ള വെള്ളത്തിൽ ദീർഘനേരമെടുത്ത് കുളിക്കുന്നത് ഒഴിവാക്കുക.
  • കോട്ടൺ തുണിത്തരങ്ങൾ ധരിക്കുക: മൃദുവായതും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങൾ ചർമ്മത്തിലെ അസ്വസ്ഥത കുറയ്ക്കും.
  • ശരീരത്തിൽ ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിൻ്റെ സ്നിഗ്ധത നിലനിർത്താൻ സഹായിക്കും.
  • സമ്മർദ്ദം നിയന്ത്രിക്കുക: യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ രോഗം വീണ്ടും വരുന്നത് കുറയ്ക്കാൻ സഹായിക്കും.
  • നഖങ്ങൾ ചെറുതാക്കുക: ചൊറിയുന്നത് മൂലമുണ്ടാകുന്ന കേടുപാടുകൾ തടയാൻ ഇത് സഹായിക്കും.

ചെയ്യരുതാത്തവ:

  • അസുഖം ബാധിച്ച ഭാഗങ്ങളിൽ ചൊറിയുകയോ ഉരയ്ക്കുകയോ ചെയ്യരുത്.
  • പൊടി, പുക, രാസവസ്തുക്കൾ എന്നിവയുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക.
  • രോഗതീവ്രത വർദ്ധിച്ചിരിക്കുന്ന അവസ്ഥയിൽ സംസ്കരിച്ച ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കുക.
  • ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്റ്റിറോയ്ഡ് ക്രീമുകൾ അമിതമായി ഉപയോഗിക്കരുത്.

ഭക്ഷണക്രമവും പോഷണവും: ചർമ്മത്തെ ഉള്ളിൽ നിന്ന് സംരക്ഷിക്കാം

  • നീർക്കെട്ട് കുറയ്ക്കുന്ന ഭക്ഷണങ്ങൾ: മഞ്ഞൾ, ഒമേഗ-3 അടങ്ങിയ മീനുകൾ, ഫ്ളാക്സ് സീഡ്, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • പ്രോബയോട്ടിക്കുകൾ: തൈര് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും, കുടലിൻ്റെ ആരേഗ്യം മെച്ചപ്പെടുത്തുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.
  • അസ്വസ്ഥതയുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക: അലർജികൾ തിരിച്ചറിയാൻ ഒരു ഫുഡ് ഡയറി സൂക്ഷിക്കുക.

ആയുർവേദത്തിൽ, ത്രിദോഷങ്ങളിലെ പിത്ത-കഫ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമായാണ് എക്സിമയെ കണക്കാക്കുന്നത്. വേപ്പ്, മഞ്ഞൾ, മഞ്ചിഷ്ട, കറ്റാർവാഴ തുടങ്ങിയ ഔഷധങ്ങൾ വിദഗ്ദ്ധോപദേശ പ്രകാരം ഉപയോഗിക്കുന്നത് സഹായകമായേക്കാം.

മനസ്സും ചർമ്മവുമായുള്ള ബന്ധം 

എക്സിമയും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ എക്സിമയുടെ ലക്ഷണങ്ങളെ വർദ്ധിപ്പിക്കും.

മൈൻഡ്ഫുൾനെസ് ധ്യാനം, ഡയറി എഴുതൽ, തുറന്ന സ്ഥലങ്ങളിലെ നടത്തം തുടങ്ങിയ കാര്യങ്ങൾ സമ്മർദ്ദം കുറയ്ക്കുകയും എക്സിമ മൂലമുള്ള ബുദ്ധിമുട്ട് വലിയ തോതിൽ ഭേദമാക്കുകയും ചെയ്യും.

ആത്മവിശ്വാസത്തോടെ ജീവിക്കാം

ചിലരെ സംബന്ധിച്ചിടത്തോളം എക്സിമ ഒരു ആയുഷ്കാല രോഗമാകാമെങ്കിലും ശരിയായ പരിചരണത്തിലൂടെ മിക്കവർക്കും സാധാരണ പോലെ ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാൻ സാധിക്കും.

ശ്രദ്ധ, അവബോധം, പിന്തുണ, സ്വയം പരിപാലനം എന്നിവയെല്ലാം എക്സിമ ഭേദപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe