‘മനസ്സ്’ എന്നൊന്ന് ശരിക്കുമുണ്ടോ? മാനസികാരോഗ്യത്തിൻ്റെ ശാസ്ത്രം മനസ്സിലാക്കാം

മനസ്സ് – ശാസ്ത്രത്തിൻ്റേയും തത്വചിന്തയുടേയും മുന്നിലെ നിഗൂഢമായ ചോദ്യചിഹ്നം. ‘’മനസ്സ് എന്നാലെന്താണ്? അത് മസ്തിഷ്ക്കത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ഒരു ഘടകമായി ശരിക്കും നിലനിൽക്കുന്നുണ്ടോ?” ഈ ചോദ്യം കാലങ്ങൾക്ക് മുമ്പേ ഉയർന്നു വന്നതാണ്.
മാനസികാരോഗ്യ അവബോധത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ഈ ലോകത്ത് നമ്മൾ മനഃസമാധാനം, മാനസിക പരിശീലനം, അല്ലെങ്കിൽ മനസ്സ് വേദനിക്കുക, മനസ്സ് നഷ്ടപ്പെടുക എന്നൊക്കെ പറയുന്നുണ്ട്. എങ്കിലും, ‘മനസ്സ്’ എന്നതിൻ്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് പലരും ചിന്തിക്കുന്നില്ല.
അത് തൊട്ടറിയാവുന്ന വസ്തുവാണോ? നാഡീ പ്രവർത്തനങ്ങളുടെ മാതൃകയാണോ? അതോ അതിലും ആഴത്തിലുള്ള എന്തെങ്കിലുമാണോ? ശരീരം, തലച്ചോറ്, ബോധം എന്നിവ തമ്മിലുള്ള അദൃശ്യമായ പാലമാണോ?
മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു, അതിൻ്റെ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രം എന്തു പറയുന്നു, മാനസികാരോഗ്യം പരിപോഷിപ്പിക്കുന്നത് ഒരേ സമയം ജൈവശാസ്ത്രപരവും ആത്മീയവുമായ പ്രവൃത്തിയാവുന്നത് എങ്ങനെ — കൗതുകകരമായ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം nellikka.life ലൂടെ നമുക്ക് പരിശോധിക്കാം.
മനസ്സും തലച്ചോറും തമ്മിലുള്ള വ്യത്യാസം — സൂക്ഷ്മവും സുപ്രധാനവും
മസ്തിഷ്ക്കം ഒരു ഭൗതിക അവയവമാണ് — 1.3 കിലോഗ്രാം ഭാരമുള്ള ന്യൂറോണുകളുടെയും രക്തക്കുഴലുകളുടെയും രാസവസ്തുക്കളുടെയും ഒരു ശൃംഖല.
എന്നാൽ മനസ്സ് ഒരു അവയവമല്ല. അത് തലച്ചോറിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന ഒരു പ്രക്രിയയാണ് — ചിന്തകൾ, വികാരങ്ങൾ, ധാരണകൾ, അവബോധം എന്നിവയുടെ ചലനാത്മകമായ ഒരൊഴുക്ക്.
- തലച്ചോറ് എന്നത് ദ്രവ്യമാണ് (Matter).
- മനസ്സ് എന്നത് അനുഭവമാണ് (Experience).
ഈ ബന്ധത്തെ ന്യൂറോസയൻസ് ‘ഉത്ഭവം’ (Emergence) എന്ന് വിളിക്കുന്നു: കോടിക്കണക്കിന് ന്യൂറോണുകൾ പരസ്പരം പ്രവർത്തിക്കുമ്പോൾ, ബോധം “ഉ ത്ഭവിക്കുന്നു”. ഇത്, ഒറ്റയ്ക്കൊറ്റയ്ക്കുള്ള ജലതന്മാത്രകൾ ചേർന്ന് ഒരു തിരമാലയുടെ ഒഴുക്ക് രൂപപ്പെടുന്നതിന് സമാനമാണ്.
അതുകൊണ്ട് തന്നെ, മസ്തിഷ്ക്കത്തെ സ്കാൻ ചെയ്യാനും അതിൻ്റെ ഭാഗങ്ങൾ അടയാളപ്പെടുത്താനും ന്യൂറോട്രാൻസ്മിറ്ററുകൾ കണ്ടെത്താനും കഴിയും; പക്ഷേ, മനസ്സിനെ ഒരു മൈക്രോസ്കോപ്പിലൂടെ കാണാൻ കഴിയില്ല. എങ്കിലും, സർഗ്ഗാത്മകത മുതൽ ഉത്കണ്ഠ വരെയുള്ള അതിൻ്റെ ഫലങ്ങൾ വളരെ യാഥാർത്ഥ്യബോധമുള്ളവയാണ് താനും.
പുരാതന ജ്ഞാനവും ആധുനിക ശാസ്ത്രവും കൈകോർക്കുമ്പോൾ
മനസ്സിനെ കേവലം ഒരു ജൈവശാസ്ത്രപരമായ ഉൽപ്പന്നമായിട്ടല്ല ഇന്ത്യൻ തത്ത്വചിന്ത എക്കാലവും കണ്ടിട്ടുള്ളത്. ഉപനിഷത്തുകളിൽ, മനസ്സിനെ (മാനസ്) “ആന്തരിക തലത്തിലെ ഉപകരണം” (The inner instrument) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് ഇന്ദ്രിയാനുഭവങ്ങളെ അതീന്ദ്രിയ ആത്മാവുമായി (ആത്മാവ് അഥവാ ആത്മൻ) ബന്ധിപ്പിക്കുന്നു.
അതുപോലെ, ബുദ്ധമത മനഃശാസ്ത്രം മനസ്സിനെ ക്ഷണികമായ അനുഭവങ്ങളുടെ ഒരു പ്രവാഹമായിട്ടാണ് കണക്കാക്കുന്നത് — അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു, ഒരിക്കലും സ്ഥിരമായി നിൽക്കുന്നില്ല.
അത്ഭുതമെന്നു പറയട്ടെ, ആധുനിക ശാസ്ത്രം ഇതിനോട് സാമ്യമുള്ള വസ്തുതകൾ പറയുന്നു. തലച്ചോറ് നിരന്തരം സ്വയം പുനഃക്രമീകരിക്കുന്നു — ഇതിനെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത്. ധ്യാനം, തെറാപ്പി, ശ്രദ്ധയോടെയുള്ള ജീവിതം എന്നിവ നാഡീബന്ധങ്ങളെ പുനഃക്രമീകരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. അതായത്, ചിന്തയ്ക്ക്, ജൈവശാസ്ത്രപരമായ പരിവർത്തനങ്ങൾ വരുത്താൻ കഴിയുമെന്നർത്ഥം.
ചുരുക്കത്തിൽ: പുരാതന തത്ത്വചിന്തകർ അനുഭവിച്ചറിഞ്ഞത് തന്നെയാണ് ഇപ്പോൾ ന്യൂറോസയൻസ് തെളിയിക്കുന്നത്.
മാനസിക തലങ്ങൾ — മനഃശാസ്ത്രത്തിൻ്റെ വീക്ഷണം
സമകാലിക മനഃശാസ്ത്രം മനസ്സിനെ മൂന്ന് വിശാലമായ തലങ്ങളായി തിരിക്കുന്നു:
1.ബോധ മനസ്സ് (Conscious Mind): നിങ്ങളുടെ സജീവമായ അവബോധം (ഇപ്പോൾ നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ).
2.ഉപബോധ മനസ്സ് (Subconscious Mind): നിങ്ങളുടെ പെരുമാറ്റത്തെ സൂക്ഷ്മമായി സ്വാധീനിക്കുന്ന ഓർമ്മകൾ, ശീലങ്ങൾ, വികാരങ്ങൾ എന്നിവ.
3.അബോധ മനസ്സ് (Unconscious Mind): അവബോധത്തിന് പുറത്തുള്ള ആഴത്തിലുള്ള പ്രേരണകളും സഹജാവബോധങ്ങളും.
ഈ തലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് മാനസികാരോഗ്യത്തിന് ഏറെ നിർണായകമാണ്.
ഉദാഹരണത്തിന്, സ്ഥിരമായ ഉത്കണ്ഠ ഉണ്ടാകുന്നത് ബോധമനസ്സിൽ നിന്നായിരിക്കില്ല, മറിച്ച് ഉപബോധ മനസ്സിലെ രീതികളിൽ നിന്നാവാം — അതായത് പഴയകാല ഭയങ്ങൾ, പലപ്പോഴായി കൈവന്ന സമ്മർദ്ദ പ്രതികരണങ്ങൾ, അല്ലെങ്കിൽ വൈകാരികമായ അടിച്ചമർത്തലുകൾ എന്നിവയിൽ നിന്ന്.
എന്താണ് യഥാർത്ഥത്തിൽ മാനസികാരോഗ്യം?
മാനസികാരോഗ്യം എന്നാൽ കേവലം മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല. അത് ആന്തരിക സന്തുലനത്തിൻ്റെ അവസ്ഥയാണ് — ഇവിടെ ചിന്തകൾ, വികാരങ്ങൾ, പ്രവൃത്തികൾ എന്നിവ ഒരു വ്യക്തിയുടെ മൂല്യങ്ങൾ, ലക്ഷ്യം, ചുറ്റുപാടുകൾ എന്നിവയുമായി ചേർന്ന് നിൽക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) നിർവചനമനുസരിച്ച്, മാനസികാരോഗ്യം എന്നാൽ: “ഒരു വ്യക്തി സ്വന്തം കഴിവുകൾ തിരിച്ചറിയുകയും ജീവിതത്തിലെ സാധാരണ സമ്മർദ്ദങ്ങളെ നേരിടുകയും ഉൽപ്പാദനക്ഷമമായി പ്രവർത്തിക്കുകയും സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരവസ്ഥയാണ്.”
ഈ നിർവചനം നമ്മെ ഓർമ്മിപ്പിക്കുന്നത്, “മാനസികമായി ആരോഗ്യവാന്മാരായിരിക്കുക” എന്നാൽ എപ്പോഴും സന്തോഷിച്ചിരിക്കുക എന്നല്ല — മറിച്ച്, പ്രതിരോധശേഷിയുള്ളവരും സ്വയം അവബോധമുള്ളവരും ലോകവുമായി ഇണങ്ങിച്ചേർന്നവരുമായിരിക്കുക എന്നതാണ്.
ആരോഗ്യമുള്ള മനസ്സിന്റെ ശാസ്ത്രം:
ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം മികച്ച മാനസികാരോഗ്യത്തിന് പിൻബലമേകുന്ന ഘടകങ്ങൾ ഇനി പറയുന്നു:
1. തലച്ചോറിലെ സന്തുലിതമായ രാസഘടന
സെറോടോണിൻ, ഡോപമിൻ, GABA തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകൾ മാനസികാവസ്ഥയും പ്രചോദനവും നിയന്ത്രിക്കുന്നു. ജനിതക കാരണങ്ങൾ, സമ്മർദ്ദം, ജീവിതശൈലിയിലെ പ്രശ്നങ്ങൾ എന്നിവ മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ വിഷാദത്തിലേക്കോ ഉത്കണ്ഠയിലേക്കോ നയിച്ചേക്കാം.
2. മനസ്സും ശരീരവുമായുള്ള ബന്ധം
കുടൽ (gut), പ്രതിരോധ സംവിധാനം, ഹോർമോണുകൾ എന്നിവ നിരന്തരം തലച്ചോറുമായി ആശയവിനിമയം നടത്തുന്നു.
- ഉറക്കമില്ലായ്മ മാനസികാവസ്ഥയുടെ നിയന്ത്രണത്തെ താളം തെറ്റിച്ചേക്കാം.
- പോഷകങ്ങളുടെ കുറവ് (ബി-വിറ്റാമിനുകളും ഒമേഗ-3 കളും പോലുള്ളവ) ധാരണാശേഷിയെ ദുർബലമാക്കും.
- നിരന്തരമായ സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് കൂട്ടുകയും ഓർമ്മയുമായും വികാരങ്ങളുമായും ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങളുടെ വ്യാപ്തി കുറയ്ക്കുകയും ചെയ്യുന്നു.
മാനസിക സന്തുലിതാവസ്ഥ ശരീരത്തിലാണ് തുടങ്ങുന്നത് എന്ന ആയുർവേദ ജ്ഞാനത്തെ ശാസ്ത്രം ഇപ്പോൾ സ്ഥിരീകരിക്കുകയാണ്.
3. ന്യൂറോപ്ലാസ്റ്റിസിറ്റിയും മാനസിക ശീലങ്ങളും
ഓരോ ചിന്തയും ഒരു നാഡീവ്യൂഹ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. നന്ദി, ശാന്തമായ ശ്വാസം, അല്ലെങ്കിൽ പോസിറ്റീവായ ചിന്തകൾ എന്നിവയിൽ വീണ്ടും വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, നിങ്ങളുടെ തലച്ചോറിനെ വൈകാരിക പ്രതിരോധശേഷിയിലേക്ക് അക്ഷരാർത്ഥത്തിൽ “പുനഃക്രമീകരിക്കുന്നു” — ഹാർവാർഡ്, സ്റ്റാൻഫോർഡ് മൈൻഡ്ഫുൾനെസ് പഠനങ്ങളിൽ തെളിയിക്കപ്പെട്ട ഒരു പ്രക്രിയയാണിത്.
മനസ്സിനെ പരിപോഷിപ്പിക്കുന്ന ശീലങ്ങൾ
നമുക്ക് മനസ്സിനെ കാണാൻ കഴിയില്ല — പക്ഷേ അതിന് രൂപം നൽകാൻ കഴിയും. മാനസികാരോഗ്യം പരിപോഷിപ്പിക്കാനുള്ള പ്രായോഗിക വഴികൾ ഇതാ:
1. ധ്യാനവും മൈൻഡ്ഫുൾനെസ്സും
ഇത് അമിഗ്ഡാലയുടെ (ഭയം കേന്ദ്രീകരിക്കുന്ന ഭാഗം) പ്രതികരണശേഷി കുറയ്ക്കുകയും സഹാനുഭൂതിയും സ്വയം അവബോധവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലെ ഗ്രേ മാറ്റർ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും 10 മിനിറ്റ് ധ്യാനിക്കുന്നത് പോലും ഉത്കണ്ഠ കുറയ്ക്കാനും ശ്രദ്ധ മെച്ചപ്പെടുത്താനും സഹായിക്കും.
2. ചലനവും ശ്വാസവും
വ്യായാമം എൻഡോർഫിനുകൾ പുറത്തുവിടുന്നു. അതേസമയം, പ്രാണായാമം പാരാസിംപതറ്റിക് പ്രവർത്തനത്തെ വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തെ “പോരാടുക-അല്ലെങ്കിൽ- രക്ഷപെടുക” (fight-or-flight) എന്ന അവസ്ഥയിൽ നിന്ന് “വിശ്രമിക്കുക-ശാന്തമാകുക” (rest-and-heal) എന്ന അവസ്ഥയിലേക്ക് മാറാൻ സഹായിക്കും.
3. ഡയറി എഴുത്ത്
ചിന്തകൾ എഴുതി രേഖപ്പെടുത്തുന്നത് വികാരങ്ങളെ പുറത്തേക്ക് കൊണ്ടുവരുകയും അമിതമായി ചിന്തിക്കുന്നത് (rumination) കുറയ്ക്കുകയും ചെയ്യുന്നു. വൈകാരികമായ വ്യക്തതയ്ക്ക് വേണ്ടി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ഒരു മാർഗ്ഗമാണിത്.
4. ബന്ധങ്ങളും അനുകമ്പയും
സാമൂഹികമായ ഒറ്റപ്പെടൽ മാനസികാരോഗ്യ പ്രശ്നങ്ങളെ വഷളാക്കും. സംഭാഷണം, അനുകമ്പ, കൂട്ടായ്മ എന്നിവയിലൂടെയുള്ള യഥാർത്ഥ മനുഷ്യ ബന്ധങ്ങൾ ഒരു മരുന്ന് പോലെ സ്വാസ്ഥ്യം നൽകുന്നവയാണ്.
5. വിശ്രമവും പ്രകൃതിയും
പകൽവെളിച്ചവുമായി സമ്പർക്കം വരുന്നത് സെറോടോണിൻ, മെലാടോണിൻ എന്നിവയെ നിയന്ത്രിക്കുകയും മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് തലച്ചോറിലെ “ഇന്നർ ചാറ്റർ” ശാന്തമാക്കുന്നു.
മനസ്സ്: ഒരു പാലം പോലെ — അത് യുദ്ധക്കളമല്ല
ഭൗതികമായതിനും അമാനുഷികമായതിനും ഇടയിലുള്ള ഒരു പാലമായാണ് മനസ്സ് വർത്തിക്കുന്നത്.
അത് അരാജകമാകുമ്പോൾ, നമുക്ക് സുഖകരമായ സാഹചര്യങ്ങളിൽ പോലും നഷ്ടപ്പെട്ടതായി തോന്നുന്നു. അത് വ്യക്തമാകുമ്പോൾ, വേദനയിലും നമുക്ക് സമാധാനം കണ്ടെത്താൻ സാധിക്കുന്നു.
തത്ത്വചിന്തകനായ അലൻ വാട്ട്സ് ഒരിക്കൽ പറഞ്ഞു:
“നിങ്ങൾക്ക് ആത്മാവില്ല. നിങ്ങൾ തന്നെയാണ് ആത്മാവ്. നിങ്ങൾക്ക് മനസ്സെന്നതുണ്ടുതാനും.”
ഒരുപക്ഷേ, നമ്മൾ തേടുന്ന സത്യം ഇതായിരിക്കാം — മനസ്സ് ഒരു വസ്തുവായിട്ടല്ല, മറിച്ച് അനുഭവമായിട്ടാണ് നിലനിൽക്കുന്നത് — യാഥാർത്ഥ്യത്തെ തിരിച്ചറിയുന്ന ദർപ്പണമാണത്. അതിനെ പരിപാലിക്കുന്നത് നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
അവബോധം ഉള്ളിടത്ത് മനസ്സ് നിലനിൽക്കുന്നു
മനസ്സ് എന്നതിനെ ന്യൂറോണുകളുടെ ഒരു ശൃംഖലയായി കാണുന്നുണ്ടോ, അതോ ബോധാവസ്ഥയായി കാണുന്നുണ്ടോ എന്നതിലുപരി, മനസ്സ് അതിൻ്റെ ഫലങ്ങളിലാണ് നിലനിൽക്കുന്നത്. അത് അനുഭവിക്കുന്നു, സങ്കൽപ്പിക്കുന്നു, ആലോചിക്കുന്നു, സുഖപ്പെടുത്തുന്നു.
മനസ്സ് ശരീരത്തിൽ നിന്ന് വേറിട്ടതല്ല — ലോകത്തിൽ നിന്നും വേറിട്ട ഒന്നല്ല അത്.
ആരോഗ്യകരമായ ഭക്ഷണവും ആഴത്തിലുള്ള ശ്വാസവും അനുകമ്പയുള്ള പ്രവൃത്തിയും ശാന്തമായ നിമിഷങ്ങളും അതിനെ പരിപോഷിപ്പിക്കുന്നു.
മനസ്സിനെ പരിപോഷിപ്പിക്കുക എന്നത് ശാസ്ത്രപരവും ആത്മീയവുമായ ഒരു പ്രവൃത്തിയാണെന്ന് nellikka.life വിശ്വസിക്കുന്നു. ചിന്തിക്കുന്ന രീതിയെ മാത്രമല്ല, നമ്മൾ ജീവിക്കുന്ന രീതിയെത്തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ഒന്നാണത്.
References
- World Health Organization. Promoting Mental Health: Concepts, Emerging Evidence, Practice. WHO (2022).
- Davidson RJ, et al. Alterations in Brain and Immune Function Produced by Mindfulness Meditation. Psychosomatic Medicine (2003).
- Harvard Health Publishing. Neuroplasticity: How the Mind Rewires the Brain. (2023).
- Siegel D. The Mindful Brain: Reflection and Attunement in the Cultivation of Well-Being. (Norton, 2010).
- National Institute of Mental Health (NIMH). Understanding the Brain–Mind Connection in Mental Wellness.




