ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു.

ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ മുടിവളർച്ചയെ സഹായിക്കുന്ന എണ്ണകളും ക്രീമുകളും സപ്ളിമെൻ്റുകളും മുൻനിരയിലുണ്ട്. ഇവയിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് ബയോട്ടിൻ (Biotin).

മുടി വളരാൻ ബയോട്ടിൻ മികച്ചതാണെന്നുള്ള അവകാശവാദങ്ങളുണ്ട്. ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് നമുക്ക് പരിശോധിക്കാം. ഒപ്പം ബയോട്ടിനെക്കുറിച്ചുള്ള ശാസ്ത്രീയ സത്യങ്ങളും നമുക്ക് മനസ്സിലാക്കാം.

എന്താണ് ബയോട്ടിൻ?

വിറ്റാമിൻ B7, വിറ്റാമിൻ H എന്നീ പേരുകളിലും  അറിയപ്പെടുന്ന ബയോട്ടിൻ, വെള്ളത്തിൽ ലയിക്കുന്ന ഒരു ബി-വിറ്റാമിൻ ആണ്. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ബയോട്ടിന് വലിയ പങ്കുണ്ട്:

  • ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു
  • ശരീരത്തിലെ കോശവളർച്ചയെ പിന്തുണയ്ക്കുന്നു
  • മുടി, ചർമ്മം, നഖം എന്നിവയുടെ ഘടന നിർണ്ണയിക്കുന്ന കെരാറ്റിൻ (Keratin) എന്ന പ്രോട്ടീൻ നിർമ്മിക്കാൻ സഹായകമാകുന്നു

കെരാറ്റിൻ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നതിനാലാണ് മുടിവളർച്ച ത്വരിതപ്പെടുത്തുന്ന സപ്ലിമെന്റായി ബയോട്ടിൻ വിപണിയിൽ അറിയപ്പെടുന്നത്.

ബയോട്ടിനും മുടി വളർച്ചയും:പഠനങ്ങൾ പറയുന്നത് 

ആരോഗ്യമുള്ളവരിൽ നടത്തിയ പഠനത്തിൽ നിന്നു ലഭിച്ച തെളിവുകൾ 

കട്ടിയും നീളവം തിളക്കവുമുള്ള ഇടതൂർന്ന മുടി വാഗ്ദാനം ചെയ്തുകൊണ്ടാണ് പല ബയോട്ടിൻ സപ്ലിമെന്റുകളും വിപണിയിലെത്തുന്നത്. എന്നാൽ, ശരീരത്തിൽ ബയോട്ടിൻ അപര്യാപ്തതയില്ലാത്ത (Biotin deficiency) ആളുകളിൽ ഇവ മുടി വളർച്ച വർദ്ധിപ്പിക്കുമെന്ന് നിർണ്ണയിക്കാൻ മതിയായ ശാസ്ത്രീയ തെളിവുകൾ നിലവിലില്ല.

പ്രശസ്തമായ ബയോമെഡ് സെൻട്രൽ (BioMed Central) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടുകൾ പറയുന്നത്, “ബയോട്ടിൻ ഏറെ ജനപ്രിയമാണെങ്കിലും, ശരീരത്തിൽ ഇതിന്റെ കുറവില്ലാത്തവരിൽ മുടി വളർച്ച മെച്ചപ്പെടുത്താൻ ഇത് സഹായകമാകുമെന്ന് ക്ലിനിക്കൽ ഗവേഷണങ്ങളിലൂടെ ഉറപ്പിച്ചു പറയാൻ കഴിഞ്ഞിട്ടില്ല” എന്നാണ്.

ചുരുക്കത്തിൽ, ബയോട്ടിൻ കഴിച്ചത് കൊണ്ട് തങ്ങൾക്ക് ഗുണം ലഭിച്ചു എന്ന് ചില വ്യക്തികൾ പറയാറുണ്ടെങ്കിലും (Anecdotal evidence), ബയോട്ടിൻ സപ്ലിമെന്റുകൾ മാത്രം കഴിക്കുന്നത് കൊണ്ട് എല്ലാവരിലും മുടി വളരുമെന്ന് തെളിയിക്കാൻ പോന്നത്ര ശക്തമായ ക്ലിനിക്കൽ തെളിവുകൾ ശാസ്ത്രലോകത്തിന് ലഭ്യമല്ല.

ബയോട്ടിന്റെ കുറവ് മുടിയെ ബാധിക്കാം

ആരോഗ്യമുള്ള വ്യക്തികളിൽ ബയോട്ടിന്റെ കുറവ് ഉണ്ടാകുന്നത് വളരെ അപൂർവ്വമാണ്. എങ്കിലും ഒരു വ്യക്തിയുടെ ശരീരത്തിൽ ബയോട്ടിൻ കുറയുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:

  • മുടി കൊഴിച്ചിലും കട്ടി കുറയലും
  • നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നു
  • ചർമ്മത്തിൽ പാടുകൾ ഉണ്ടാകാം
  • അകാരണമായ ക്ഷീണം അനുഭവപ്പെടുക
  • കുറവ് ഗുരുതരമാണെങ്കിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകും

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് മുടി സാധാരണ നിലയിൽ വളരാൻ സഹായിക്കും.

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇതിന്റെ കുറവ് സാധാരണയായി ഉണ്ടാകാറില്ല. താഴെ പറയുന്നവ ബയോട്ടിന്റെ മികച്ച ഉറവിടങ്ങളാണ്:

  • മുട്ട: പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു
  • അണ്ടിപ്പരിപ്പും വിത്തുകളും 
  • മുഴുധാന്യങ്ങൾ
  • പയർവർഗ്ഗങ്ങൾ
  • നേന്ത്രപ്പഴം
  • കോളിഫ്ലവർ 

ശാസ്ത്രീയ പഠനങ്ങൾ എന്ത് പറയുന്നു?

മെഡിക്കൽ ന്യൂസ് ടുഡേ (Medical News Today) ഉൾപ്പെടെയുള്ള മുൻനിര ആരോഗ്യ പ്രസിദ്ധീകരണങ്ങൾ നടത്തിയ പഠനങ്ങളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട്  പ്രധാനമായും രണ്ട് കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്:

1. ബയോട്ടിന്റെ കുറവുണ്ടെങ്കിൽ മാത്രം സപ്ളിമെൻ്റുകൾ ഗുണകരം

ശരീരത്തിൽ ആവശ്യത്തിന് ബയോട്ടിൻ ഉണ്ടെങ്കിൽ, വീണ്ടും സപ്ലിമെന്റുകൾ കഴിക്കുന്നത് മുടി വേഗത്തിൽ വളരാനോ മുടിയുടെ കട്ടി കൂട്ടാനോ സഹായിക്കില്ല. ബയോട്ടിൻ ഒരു നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിലെത്തിയാൽ അത് മുടി വളർച്ചയെ സ്വാധീനിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുമില്ല.

മുടി കൊഴിച്ചിൽ ഉണ്ടാകുന്നത് ബയോട്ടിന്റെ കുറവ് കൊണ്ട് മാത്രമാകണമെന്നില്ല. മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം:

  • ഹോർമോൺ വ്യതിയാനങ്ങൾ: ഉദാഹരണത്തിന് തൈറോയ്ഡ് പ്രശ്നങ്ങൾ
  • മറ്റ് പോഷകങ്ങളുടെ അപര്യാപ്തത: അയേൺ, സിങ്ക് തുടങ്ങിയവയുടെ കുറവ് 
  • പാരമ്പര്യം
  • മാനസിക സമ്മർദ്ദം
  • പ്രായമാകൽ

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. യഥാർത്ഥ കാരണം കണ്ടെത്തി അതിനുള്ള ചികിത്സ തേടുകയാണ് വേണ്ടത്.

2. അവകാശവാദങ്ങൾ പലതും അതിശയോക്തി

വളരെ ചെറിയൊരു വിഭാഗം ആളുകളിൽ മാത്രമാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തിയിട്ടുള്ളത്. പലതും കൃത്യമായി നിരീക്ഷിക്കപ്പെട്ടിട്ടുമില്ല.

പഠനവിധേയമാക്കുമ്പോൾ, ബയോട്ടിനോടൊപ്പം മറ്റ് വിറ്റാമിനുകളും നൽകിയിട്ടുള്ളതിനാൽത്തന്നെ, മുടി വളർച്ചയ്ക്ക് പിന്നിൽ ബയോട്ടിനാണോ അതോ മറ്റ് വിറ്റാമിനുകളാണോ എന്ന് കൃത്യമായി പറയാൻ കഴിയില്ല.

ബയോട്ടിൻ: ഷാംപൂകളിലും ലേപനങ്ങളിലും 

ഇന്ന് വിപണിയിൽ ലഭിക്കുന്ന പല ഷാംപൂകളിലും ഹെയർ ഓയിലുകളിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ടെന്ന പരസ്യങ്ങൾ കാണാറുണ്ട്. എന്നാൽ ചർമ്മത്തിന് മുകളിൽ പുരട്ടുന്ന ബയോട്ടിൻ മുടിയുടെ വേരുകളിലേക്ക് (follicles) ആഴത്തിൽ ഇറങ്ങിച്ചെല്ലുമെന്ന് വ്യക്തമാക്കാൻ മതിയായ തെളിവുകൾ ലഭ്യമല്ല.

ഇത്തരം ഉൽപ്പന്നങ്ങൾ മുടിയിഴകൾക്ക് മിനുസം നൽകാനോ മുടിക്ക് താൽക്കാലികമായി അഴകു നൽകാനോ സഹായിച്ചേക്കാം. അതിനപ്പുറം, മുടിവളർച്ചയിലോ മുടിയുടെ ഘടനയിലോ മാറ്റം വരുത്താൻ ചർമ്മത്തിന് പുറത്ത് പുരട്ടുന്ന ബയോട്ടിന് കഴിയില്ല.

എത്ര ബയോട്ടിൻ വേണം? ഇത് സുരക്ഷിതമാണോ?

  • ആവശ്യമായതിൽ കൂടുതൽ ബയോട്ടിൻ ഉള്ളിലെത്തിയാൽ ശരീരം അത് സംഭരിച്ചു വെയ്ക്കാതെ മൂത്രത്തിലൂടെ പുറന്തള്ളുന്നു
  • സാധാരണഗതിയിൽ ശരീരത്തിന് വളരെ കുറഞ്ഞ അളവിൽ മാത്രമേ ബയോട്ടിൻ ആവശ്യമുള്ളൂ. സന്തുലിത ആഹാരം കഴിക്കുന്ന ഒരാൾക്ക് ഭക്ഷണത്തിലൂടെ തന്നെ വേണ്ടത്ര ബയോട്ടിൻ ലഭിക്കും
  • അമിതമായ അളവിൽ ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് രക്തപരിശോധനകളെ ബാധിച്ചേക്കാം. പ്രത്യേകിച്ച് തൈറോയ്ഡ് (Thyroid), ഹോർമോൺ പരിശോധനകളുടെ ഫലത്തെ തെറ്റായി സ്വാധീനിക്കാൻ ഇത് കാരണമാകും. ഇത് രോഗനിർണ്ണയത്തിൽ വലിയ പിഴവുകൾക്ക് വഴിവെച്ചേക്കാം.

അപ്പോൾ പിന്നെ മുടി വളരാൻ ബയോട്ടിൻ കഴിക്കണോ?

ശാസ്ത്രീയമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ലളിതമായ ഉത്തരം ഇങ്ങനെയാണ്:

നിങ്ങൾക്ക് ശരീരത്തിൽ ബയോട്ടിന്റെ കുറവുണ്ടെന്ന് (Biotin deficiency) ഉറപ്പാണെങ്കിൽ മാത്രം കഴിക്കാം. അങ്ങനെയുള്ള സാഹചര്യത്തിൽ സപ്ലിമെന്റുകൾ കഴിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

ശരീരത്തിൽ ആവശ്യത്തിന് ബയോട്ടിൻ ഉണ്ടെങ്കിൽ അധികമായി സപ്ലിമെന്റുകൾ കഴിക്കുന്നത് മുടി വളർച്ചയെ സ്വാധീനിക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

മുടി കൊഴിച്ചിലിന് കാരണം മറ്റ് പോഷകങ്ങളുടെ കുറവോ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ആണെങ്കിൽ, സമഗ്ര ചികിത്സയുടെ ഭാഗമായി ഡോക്ടർ ഇത് നിർദ്ദേശിച്ചേക്കാം.

ശാസ്ത്രീയ വസ്തുതകൾ ചുരുക്കത്തിൽ:

ആരോഗ്യമുള്ള മുടിക്ക് ബയോട്ടിൻ അത്യാവശ്യമാണ്. പക്ഷേ അത് ശരീരത്തിൽ അപര്യാപ്തതയുണ്ടെങ്കിൽ മാത്രം.

പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നവരിൽ ബയോട്ടിന്റെ കുറവ് വളരെ അപൂർവ്വമാണ്.

മുടിയുടെ വളർച്ചയ്ക്ക് ബയോട്ടിൻ സപ്ലിമെന്റുകൾ സഹായിക്കും എന്നതിന് ശാസ്ത്രീയമായ തെളിവുകൾ പരിമിതമാണ്.

ബയോട്ടിനെ മാത്രം ആശ്രയിക്കുന്നതിന് മുൻപ് മുടികൊഴിച്ചിലിന്റെ മറ്റ് കാരണങ്ങൾ കൂടി പരിശോധിക്കുന്നതാവും ഉത്തമം.

References

  1. A Review of the Use of Biotin for Hair Loss
  2. Biotin Deficiency

Related News

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

മനഃശാസ്ത്രജ്ഞർ നൽകുന്ന നിർവ്വചനമെന്തെന്ന് മനസ്സിലാക്കാം പലപ്പോഴും സ്വഭാവദൂഷ്യമെന്നോ വൈകൃതമെന്നോ വ്യാഖ്യാനിക്കപ്പെടുന്ന വിഷയമാണ് അമിത ലൈംഗികാസക്തി. അമിതാസക്തിയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളും സമൂഹവും ഇത്തരത്തിൽ നിർവ്വചനങ്ങൾ നൽകുമ്പോഴും, യാഥാർത്ഥ്യം ഇതിൽ...

ജനുവരി 2, 2026 11:15 pm
Top
Subscribe