വീട്ടിൽ വയസ്സായവരുണ്ടോ? അവരുടെ പുഞ്ചിരിക്കുപിന്നിൽ കണ്ണീർനനവുണ്ടോ? 

വീട്ടിൽ വയസ്സായവരുണ്ടോ? അവരുടെ പുഞ്ചിരിക്കുപിന്നിൽ കണ്ണീർനനവുണ്ടോ? 

നിശബ്ദതയിൽ ഒളിപ്പിച്ച സങ്കടങ്ങൾ തിരിച്ചറിയാം, ആശ്വാസമേകാം

വാർദ്ധക്യം സ്വച്ഛസുന്ദരമാണെന്നും സ്വസ്ഥമായി വിശ്രമജീവിതം ആസ്വദിക്കാൻ പറ്റിയ കാലമാണെന്നുമൊക്കെ പറഞ്ഞുകേൾക്കാറുണ്ട്. കുഞ്ഞുന്നാൾ മുതൽക്കുള്ള നിറമുള്ള ഓർമ്മകളും വ്യത്യസ്താനുഭവങ്ങളും അവയിൽ നിന്നുൾക്കൊണ്ട പാഠങ്ങളും അയവിറക്കാൻ കഴിയുന്ന കാലം. 

വാർദ്ധക്യത്തിലേക്കുള്ള പടികൾ കയറി, വീട്ടിലെ ഒരു മുറിയിൽ കഴിയുന്നവർ, ശരിക്കും ഇപ്പറയുന്ന സ്വച്ഛസുന്ദരജീവിതം തന്നയാണോ ജീവിക്കുന്നത്? മുഖത്തേക്ക് നോക്കുന്നവർക്കെല്ലാം പുഞ്ചിരി മറുപടിയായി നൽകുന്ന ഈ വൃദ്ധർ, ഉള്ളിൻ്റെയുള്ളിൽ  എന്തൊക്കെ സങ്കടങ്ങളാണ് ഒതുക്കിവെച്ചിരിക്കുന്നത്? തിരികെയൊരു പുഞ്ചിരി നൽകി മടങ്ങാതെ അവരുടെ സങ്കടങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.  

പ്രായമായ നിരവധി പേർ നിശബ്ദമായി മല്ലിടുന്ന ചില പ്രശ്നങ്ങളുണ്ട്. ഏകാന്തത, ശാരീരിക ദൗർബല്യങ്ങൾ,  സാമ്പത്തിക പരാധീനത, ഒപ്പം, ആർക്കും വേണ്ടാത്തവരായി മാറുന്നുണ്ടോ എന്ന ഭയവും.

വയോജനങ്ങൾക്ക് വൈദ്യസഹായം കൂടാതെ വൈകാരികമായും സാമൂഹികമായും ആവശ്യമുള്ള സഹായങ്ങളെക്കുറിച്ച്  എങ്ങനെ തിരിച്ചറിയാം എന്നതാണ് nellikka.life പരിശോധിക്കുന്നത്. നമ്മുടെ കരുതലും അവബോധവും വാർദ്ധക്യത്തിലെത്തിയവരുടെ ജീവിതത്തിൽ എങ്ങനെയെല്ലാം പിന്തുണയാകുമെന്നും നോക്കാം.

വാർദ്ധക്യത്തിന്റെ മാറുന്ന മുഖം 

ഇന്ത്യയിൽ, 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ജനസംഖ്യയുടെ 10% കവിഞ്ഞു കഴിഞ്ഞു, ഇത് 2050 ആകുമ്പോഴേക്കും ഇരട്ടിയാകാൻ സാധ്യതയുണ്ട്. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റത്തിൽ, ചുറ്റും ആളുകളുണ്ടെങ്കിലും പ്രായമായവർ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നു.

പ്രായമായവരിൽ, ശാരീരികമായ മാറ്റങ്ങൾക്കു പുറമെ മാനസികമായ നിരവധി പരിവർത്തനങ്ങളും വരുന്നു.  പലർക്കും ഈ മാറ്റം പ്രയാസങ്ങൾ നൽകുന്നു. പലപ്പോഴും നിശബ്ദതയിലാണ്  ശാരീരികമായും വൈകാരികമായും സാമൂഹികമായും  അവർ തളർന്നു തുടങ്ങുന്നത്. 

വൃദ്ധർക്ക് സഹായം ആവശ്യമുണ്ടെന്നതിനുള്ള സൂചനകൾ 

സാവധാനത്തിലാണ് മാറ്റങ്ങൾ പ്രകടമായിത്തുടങ്ങുക. മുൻപ് ഏറെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ അവർക്ക് താൽപ്പര്യമില്ലാതാകുന്നു.

സഹായം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ചില പ്രധാന ലക്ഷണങ്ങൾ ഇതാ:

1. ശുചിത്വത്തിലും ചിട്ടകളിലുമുള്ള അശ്രദ്ധ 

വസ്ത്രങ്ങൾ കഴുകാതെ കൂട്ടിയിടുക, മുറിയും പെരുമാറുന്ന ഇടങ്ങളും അലങ്കോലമായിക്കിടക്കുക, ആഹാരം കഴിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അത് ശാരീരിക ബലഹീനത, ഓർമ്മക്കുറവ്, വിഷാദം എന്നിവയുടെ ലക്ഷണങ്ങളാകാം.

2. മറവി പതിവാകുക 

പേരുകളോ, സ്ഥലങ്ങളോ, കൂടിക്കാഴ്ച്ചകളോ ആവർത്തിച്ച് മറക്കുന്നുണ്ടെങ്കിൽ, അത് വാർദ്ധക്യപ്രശ്നം മാത്രമാകാനിടയില്ല. ഡിമെൻഷ്യയുടെ ആദ്യ ലക്ഷണങ്ങളോ, മരുന്നുകളുടെ പാർശ്വഫലങ്ങളോ ആകാമത്.

3. ഒതുങ്ങിക്കൂടലും ഒറ്റപ്പെടലും 

സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കാതിരിക്കുക, സന്ദർശകരെ ഒഴിവാക്കുക, അല്ലെങ്കിൽ വർത്തമാനം പറയാൻ താൽപ്പര്യമില്ലാതാകുക എന്നിവ ഒറ്റപ്പെടലിനെയും വിഷാദത്തെയും സൂചിപ്പിക്കുന്നു.

4. ശരീരഭാരം കുറയുക, പോഷകാഹാരക്കുറവ് വരിക 

അകാരണമായി ഭാരം കുറയുന്നത് ഭക്ഷണം പാകം ചെയ്യാനുള്ള ബുദ്ധിമുട്ട്, ആഹാരം ഇറക്കാനുള്ള പ്രയാസം, അല്ലെങ്കിൽ രോഗം മൂലമുള്ള വിശപ്പില്ലായ്മ എന്നീ കാരണങ്ങൾ കൊണ്ടാകാം.

5. പതിവായുള്ള വീഴ്ചകളും പരിക്കുകളും 

പ്രായമായവരിൽ ചെറിയ വീഴ്ചകൾ പോലും ഗുരുതരമായേക്കാം. ബാലൻസ് കുറവ്, കാഴ്ചക്കുറവ്, അല്ലെങ്കിൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

6. സാമ്പത്തിക കാര്യങ്ങളിൽ ആശയക്കുഴപ്പം 

ബില്ലുകൾ അടയ്ക്കാതിരിക്കുക, പണം കാണാതാകുക, അല്ലെങ്കിൽ അസാധാരണമായ തരത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തുക എന്നിവ, മറ്റാരെങ്കിലും സാമ്പത്തികമായി ചൂഷണം ചെയ്യുന്നതു മൂലമാകാം. ഇത് ഓർമ്മക്കുറവിൻ്റെ ലക്ഷണമാകാനും സാദ്ധ്യതയുണ്ട്. 

7. വിശദീകരിക്കാൻ കഴിയാത്ത സങ്കടമോ ദേഷ്യമോ പ്രകടിപ്പിക്കുക

മുതിർന്നവരിൽ വിഷാദം പലപ്പോഴും ദേഷ്യം, മടുപ്പ്, അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്നീ രൂപങ്ങളിൽ പ്രതിഫലിച്ചേക്കാം. എത്ര സങ്കടം വന്നാലും അവർ കരയണമെന്നില്ല.

മാനസിക ബുദ്ധിമുട്ടുകൾ തിരിച്ചറിയുക 

60 വയസ്സിന് മുകളിലുള്ളവരിൽ 15% പേർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ വ്യക്തമാക്കുന്നത്. വിഷാദവും ഉത്കണ്ഠയുമാണ് പ്രധാനമായി കണ്ടുവരുന്നത്.

പക്ഷെ, മിക്കവർക്കും ചികിത്സ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സഹായം ലഭ്യമാണെങ്കിലും വാർദ്ധക്യത്തിലെത്തിയവർ സഹായം തേടുന്നതിൽ വിമുഖത കാണിക്കുന്നു.  മറ്റുള്ളവർക്ക് അവർ ഒരു ഭാരമാകുമോ എന്ന ഭീതിയാണ് ഇതിനുകാരണം.

കുടുംബാംഗങ്ങളെ എല്ലാവരെയും സംരക്ഷിക്കുകയും എല്ലാക്കാര്യങ്ങളും നോക്കിനടത്തുകയും ചെയ്തിരുന്ന അവസ്ഥയിൽ നിന്ന് സഹായം തേടേണ്ട അവസ്ഥയിലെത്തുന്നത് അവരെ സംബന്ധിച്ചിടത്തോളം പരാജയത്തിന് തുല്യമാണ്. മക്കളെ വിഷമിപ്പിക്കാതിരിക്കാൻ പലരും വേദനകൾ ഉള്ളിലൊതുക്കുന്നു, ലക്ഷണങ്ങൾ മറച്ചുവെയ്ക്കുന്നു, സുഖമായിരിക്കുന്നു എന്ന് വെറുതെ പറയുന്നു.

വീട്ടിലുള്ള വയസ്സായവർ പറയാതെ പോകുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഉണ്ടെന്നുപറയുന്നതും അതുകൊണ്ടുതന്നെയാണ്.

അവരെ എങ്ങനെ സഹായിക്കാം? 

അവർക്ക് എന്താണ് ആവശ്യമെന്ന് നമ്മളാണ് തിരിച്ചറിയേണ്ടത്. ചിലപ്പോൾ,പണമോ മരുന്നോ ഒന്നുമാവില്ല അത്. നമ്മുടെ സാന്നിദ്ധ്യം മാത്രമാകും അവരാഗ്രഹിക്കുന്നുണ്ടാകുക. ഓഫീസ് ജോലിയുടേയും വ്യക്തിപരമായ തിരക്കുകളുടേയും ഇടയിൽ അവരോടൊത്തു ചെലവഴിക്കാൻ കുറച്ചു മിനിറ്റുകളെങ്കിലും നീക്കിവെയ്ക്കണം. നമ്മുടെ ജീവിതത്തിൽ അവർക്ക് ഇപ്പോഴും മൂല്യമുണ്ടെന്ന് അറിയുന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമാണ്.

1. ശ്രദ്ധാപൂർവ്വം കേൾക്കാം, ഉപദേശം കുറയ്ക്കാം

തിരുത്തലുകളല്ല, അംഗീകാരമാണ് പ്രായമായവർക്ക് ആവശ്യം. അവരുടെ കഥകൾ ശ്രദ്ധിക്കുക, ആവർത്തിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുക — അത് അവരുടെ ഓർമ്മിക്കാനുള്ള ശേഷിക്ക് കരുത്തു നൽകാൻ സഹായിക്കും. 

2. കുടുംബ തീരുമാനങ്ങളിൽ ഉൾപ്പെടുത്തുക

ചെറിയ കാര്യങ്ങളിലാണെങ്കിൽ പോലും അവരുടെ അഭിപ്രായം ചോദിക്കുക. ഇത് അവരുടെ അസ്തിത്വബോധം ഉറപ്പിക്കുന്നു.

3. പതിവായ ആരോഗ്യ പരിശോധനകൾക്ക് പിന്തുണയേകാം

അടിയന്തിര സാഹചര്യങ്ങൾക്കായി കാത്തിരിക്കണ്ട. രക്തസമ്മർദ്ദം, പ്രമേഹം, അസ്ഥി സാന്ദ്രത, ഓർമ്മശക്തി തുടങ്ങിയ കാര്യങ്ങൾക്കുള്ള പതിവ് പരിശോധനകൾ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകമാകും.

4. വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധിക്കുക 

പ്രായമേറിയവർ പലപ്പോഴും ശാരീരികവും  വൈകാരികവും സാമ്പത്തികവുമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടാകാം.

 ഇത്തരത്തിൽ എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ ഉടൻ തന്നെ പ്രതികരിക്കുക, മുതിർന്നവരെ സുരക്ഷിതരാക്കുക.

5. സാമൂഹിക ബന്ധങ്ങൾ സുഗമമാക്കുക

സീനിയർ ക്ലബ്ബുകളിലോ, കമ്മ്യൂണിറ്റി പരിപാടികളിലോ, ആത്മീയ കൂട്ടായ്മകളിലോ ചേരാൻ അവരെ  പ്രോത്സാഹിപ്പിക്കുക. ഇത്തരം കൂട്ടായ്മകൾ  മരുന്നു പോലെതന്നെ ഫലപ്രദമാണ്.

6. സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുക

അവരുടെ ചുറ്റുപാടുകൾ ക്രമീകരിക്കുക. മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കണം. തറകൾ വഴുക്കലില്ലാതെ സൂക്ഷിക്കുക, എളുപ്പത്തിൽ നടക്കാൻ കഴിയുന്ന തരത്തിൽ മുറിയിലെ സാമഗ്രികൾ സജ്ജീകരിക്കുക.

ബാത്ത്റൂമുകളിൽ പിടിക്കാനുള്ള കമ്പികൾ ഉറപ്പിക്കുന്നത് അവർക്ക് ആത്മവിശ്വാസത്തോടെ നടക്കാൻ അവസരം നൽകും.

7. ഡിജിറ്റൽ ലോകവുമായി ബന്ധിപ്പിക്കുക

സ്മാർട്ട്ഫോണുകളോ വീഡിയോ കോളുകളോ ഉപയോഗിക്കാൻ പഠിപ്പിക്കുക. പ്രിയപ്പെട്ടവരെ കണ്ടും കേട്ടും വർത്തമാനം പറയുമ്പോൾ, ഒറ്റപ്പെടുന്നു എന്ന തോന്നൽ ഒഴിവാകും.

പ്രായമേറട്ടെ പ്രൗഢിയോടെ 

പ്രായമായവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക. എത്ര തവണ അവരെ കാണുന്നു എന്നതല്ല, കാണുമ്പോൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം. 

ഇന്ത്യയിൽ വയോജനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ, അവരെ ശരിയായ രീതിയിൽ പരിചരിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. 

ഒരു കാലത്ത് നമ്മെ താങ്ങി നിർത്തിയവർക്കാണ്  ഇന്ന് നമ്മൾ താങ്ങാകുന്നത് എന്ന തിരിച്ചറിവ്, മുതിർന്നവരെ കൂടുതൽ  സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കും.  

വാർദ്ധക്യം വാസ്തവത്തിൽ ഒരു പരിവർത്തനമാണ്. ആദരവും സ്നേഹവും കരുതലും ആവശ്യമുള്ള ഒരു യാത്ര. ആ യാത്രയിൽ അവർക്ക് നമ്മൾ എത്രത്തോളം സഹായകമായി എന്ന്, പിന്നീടോർക്കുമ്പോൾ അഭിമാനം തോന്നണമെങ്കിൽ, ഇന്ന് നമ്മൾ അവരെ കാണണം, സംസാരിക്കണം, ചേർത്തുനിർത്തണം, അവരുടെ സങ്കടങ്ങൾ മടികൂടാതെ കേൾക്കാനുള്ള മനസ്സുണ്ടാകണം. നാളെ വാർദ്ധക്യത്തിലേക്കുള്ള പടികൾ കയറിക്കയറി ഒരു മുറിയിലേക്ക് ജീവിതം ചുരുങ്ങുമ്പോൾ നമുക്ക് സന്തോഷത്തോടെ ഓർമ്മിക്കാനുള്ള നിമിഷങ്ങളായി മുതിർന്നവർക്ക് ഇന്നു നമ്മൾ നൽകുന്ന സ്നേഹവും കരുതലും നിറയണം. 

References

  1. World Health Organization. Mental health of older adults.
  2. National Institute on Aging (NIH). Elder care and cognitive decline: Early signs and support systems.
  3. HelpAge India. The State of Elderly in India
  4. Harvard Health Publishing. Recognizing when an older adult needs help at home.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe