ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025

തിയതി: 2025 ഡിസംബർ 3

പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.”

സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം

എല്ലാ വർഷവും ഡിസംബർ 3 ന് ലോകം അന്താരാഷ്ട്ര ഭിന്നശേഷി ദിനം (IDPD) ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വരുന്ന ഭിന്നശേഷിക്കാരെ സമൂഹവുമായി ചേർത്ത് നിർത്തുകയും അവർക്ക് തുല്യസ്ഥാനവും ബഹുമാനവും നൽകേണ്ടതിൻ്റെ പ്രസക്തിയും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. അവരെ ഉൾച്ചേർക്കുന്ന, അവരെ കേൾക്കുന്ന, അവരെ മനസ്സിലാക്കുന്ന സമൂഹത്തിലാണ്  യഥാർത്ഥ പുരോഗതിയുടെ കാതൽ അടങ്ങിയിരിക്കുന്നതെന്ന് ലോകത്തോട് മുഴുവൻ വിളിച്ചു പറയുന്ന ദിനം കൂടിയാണിത്.  

1992ൽ ഐക്യരാഷ്ട്രസഭ തുടങ്ങിവെച്ച  ഈ ദിനാചരണം, ഭിന്നശേഷിയുള്ള വ്യക്തികളെ സമൂഹത്തിൽ പൂർണ്ണമായി ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നു — വിദ്യാഭ്യാസം, ജോലി, ആരോഗ്യം, സംസ്കാരം, സാമൂഹിക ജീവിതം എന്നിവയിലെല്ലാം ഇവരെ ഉൾച്ചേർക്കാനുള്ള ബാദ്ധ്യത നമുക്കോരോരുത്തർക്കുമുണ്ട് എന്ന് തിരിച്ചറിയാനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.

ഭിന്നശേഷി പ്രതിബന്ധമല്ല, അത് മാനവിക വൈവിദ്ധ്യത്തിൻ്റെ ഭാഗമാണ് എന്നു തിരിച്ചറിയുന്ന സമൂഹം കെട്ടിപ്പടുക്കുകയാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. ഓരോ വ്യക്തിക്കും സ്വപ്നം കാണാനും അത് നേടിയെടുക്കാനും സമൂഹത്തിൽ സ്വന്തമായി ഒരിടം കണ്ടെത്താനും അവകാശമുണ്ട്. എല്ലാവരെയും ഒപ്പം ചേർത്തുനിർത്തുക അഥവാ ഉൾക്കൊള്ളുക എന്നതാണ് സമൂഹത്തിലെ മനുഷ്യത്വത്തിൻ്റെ ഏറ്റവും വലിയ കർത്തവ്യം. 

ആഗോള ചിത്രം പറയുന്നത്

ലോകമെമ്പാടുമുള്ള ആറിൽ ഒരാൾ, അങ്ങനെ ഏകദേശം 130 കോടി മനുഷ്യർ ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിയോടെയാണ് ജീവിക്കുന്നത്. 

എന്നിട്ടും, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അപമാനവും വിവേചനവും നേരിടേണ്ടി വരുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, യാത്ര ചെയ്യാനുള്ള സൗകര്യം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന അവസരങ്ങളിൽ നിന്ന് അവർ മാറ്റി നിർത്തപ്പെടുന്നുണ്ട്.

സഹതാപമല്ല, നീതിയാണ് അവർക്കാവശ്യം. ഒപ്പം ചേർക്കുക എന്നത് കാരുണ്യ പ്രവൃത്തിയല്ല, അടിസ്ഥാനപരമായ മനുഷ്യാവകാശമാണ് എന്ന് ഭിന്നശേഷി ദിനത്തിൽ മാത്രമല്ല, എന്നും നമ്മൾ  ഓർക്കേണ്ടതാണ്.

ഉൾക്കൊള്ളുന്ന സമൂഹം എങ്ങനെയാകണം?

ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്ന സമൂഹം വ്യത്യാസങ്ങളെ വെറുതെ അംഗീകരിക്കുകയല്ല,  അവയെ ആഘോഷിക്കുകയാണ് വേണ്ടത്. അവരുടെ കഴിവുകളെ അംഗീകരിച്ച് നമ്മുടെ സമൂഹത്തിൽ നമ്മെപ്പോലൊരു വ്യക്തിയായി കാണാനാകണം. 

1. ദൈനംദിന ജീവിതത്തിൽ വേണ്ടവ

  • റാംപുകൾ, സ്പർശനത്തിലൂടെ വഴികാട്ടുന്ന പാതകൾ (Tactile Pathways), ഉപയോഗിക്കാൻ എളുപ്പമുള്ള ശുചിമുറികൾ എന്നിവയുള്ള പൊതു ഇടങ്ങൾ, ഓഫീസുകൾ, സ്കൂളുകൾ.
  • ഡിജിറ്റൽ രംഗത്ത് — സ്ക്രീൻ റീഡറുകൾ, അടിക്കുറിപ്പുകൾ (Captions), എളുപ്പമുള്ള നാവിഗേഷൻ എന്നിവയെ പിന്തുണയ്ക്കുന്ന വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, പൊതു പോർട്ടലുകൾ.
  • വീൽചെയറുകൾ, കേൾവിക്കുറവിനുള്ള ഉപകരണങ്ങൾ, കാഴ്ചാ സഹായങ്ങൾ എന്നിവയുൾപ്പെടുത്തിക്കൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്യുന്നതും എല്ലാവർക്കും പ്രാപ്യമായതുമായ പൊതുഗതാഗതം.

2. തുല്യ അവസരങ്ങൾ

  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ കൂട്ടുകാരുമായി ഒരേപോലെ പഠിക്കാൻ കഴിയുന്ന, അവരെക്കൂടി ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം.
  • കഴിവിനെ മാത്രം കേന്ദ്രീകരിച്ചുള്ളതും മുൻധാരണകൾക്ക് പ്രാധാന്യം നൽകാത്തതുമായ തൊഴിലവസരങ്ങൾ.
  • സൗകര്യപ്രദമായ സ്ഥലങ്ങൾ, സഹായക ഉപകരണങ്ങൾ, വ്യത്യസ്തതകളോട് ബഹുമാനം പുലർത്തുന്ന തൊഴിലിടങ്ങൾ.

3. ആരോഗ്യ സംരക്ഷണവും മാനസികാരോഗ്യവും

  • വ്യത്യസ്ത കഴിവുകളുള്ള ആളുകൾക്കായി രൂപകൽപ്പന ചെയ്ത സ്ഥിരം ആരോഗ്യ പരിശോധനകൾ, തെറാപ്പി, പുനരധിവാസ സേവനങ്ങൾ.
  • മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം. പ്രകടമാകാത്ത ഭിന്നശേഷിയും പ്രധാനമാണ്.
  • ഭിന്നശേഷിക്കാരുടെ പ്രവർത്തനങ്ങളിൽ  നിർണായക പങ്ക് വഹിക്കുന്ന കെയർഗിവർമാർക്ക് (പരിചരിക്കുന്നവർക്ക്) പിന്തുണ നൽകുക.

✅4. പ്രാതിനിധ്യവും നേതൃത്വവും

  • ഭിന്നശേഷിയുള്ള ആളുകൾ കേവലം പ്രതിനിധീകരിക്കപ്പെടുന്നതിന് പകരം സംഭാഷണങ്ങൾക്ക് നേതൃത്വം നൽകുക.
  • മാധ്യമങ്ങളും കലകളും ഭിന്നശേഷിയെ മാന്യമായും യാഥാർത്ഥ്യബോധത്തോടെയും ചിത്രീകരിക്കുക.
  • സമൂഹത്തിനു വേണ്ടി മാത്രമല്ല, അവരുമായി ചേർന്ന് നയപരമായ തീരുമാനങ്ങൾ എടുക്കുക.

ഉൾച്ചേർക്കൽ എല്ലാവർക്കും പ്രയോജനകരമാവുന്നതെങ്ങനെ?

സമൂഹത്തിൽ ഏവരേയും തുല്യമായി ഉൾക്കൊള്ളുന്നത് ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്നതിനൊപ്പം അവരെ ചുറ്റിപ്പറ്റിയുള്ള ലോകത്തെ സമ്പന്നമാക്കുകയും ചെയ്യുന്നു.

നമ്മൾ റാംപുകൾ നിർമ്മിക്കുമ്പോൾ, സ്ട്രോളറുകളുമായി വരുന്ന രക്ഷിതാക്കൾക്കും വടി ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർക്കും അത്  സഹായകമാകുന്നു. 

നമ്മൾ അടിക്കുറിപ്പുകളുള്ള വീഡിയോകൾ നിർമ്മിക്കുമ്പോൾ, കേൾവിക്കുറവുള്ളവരെ മാത്രമല്ല, പുതിയ ഭാഷ പഠിക്കുന്ന എല്ലാവർക്കും അത് പ്രയോജനപ്രദമാകുന്നു.

പ്രവേശനക്ഷമത എന്നത് ജീവിതത്തിനായുള്ള സാർവത്രിക രൂപകൽപ്പനയാണ്. അത് നമ്മുടെ സമൂഹങ്ങളെ കൂടുതൽ ശക്തവും ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ കഴിവുള്ളതുമാക്കി മാറ്റുന്നു.

മാറ്റം തുടങ്ങുന്നത് അവബോധത്തിൽ നിന്ന്

ഉൾക്കൊള്ളലിലൂടെയുള്ള സാമൂഹിക പുരോഗതിയിലാണ്

2025ലെ ഭിന്നശേഷി ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാറ്റം, നയങ്ങളിലോ അടിസ്ഥാന സൗകര്യങ്ങളിലോ ഒതുങ്ങിനിൽക്കുന്നില്ല. അതിനാരംഭമാകുന്നത്  മനോഭാവത്തിൽ നിന്നാണ്.

സഹതാപത്തിന് പകരം, സഹാനുഭൂതിയാകാം. 

ഒഴിവാക്കലിന് പകരം സ്വീകാര്യതയാകാം

പ്രതിബന്ധങ്ങൾക്ക് പകരം, ഉൾച്ചേർക്കലിൻ്റെ പാലങ്ങൾ സൃഷ്ടിക്കാം.

നിങ്ങൾക്ക് എങ്ങനെ മാറ്റം കൊണ്ടുവരാനാകും?

തികഞ്ഞ അവബോധത്തോടെയും  ലക്ഷ്യബോധത്തോടെയുമുള്ള ചെറിയ ചുവടുവയ്പ്പുകൾ പോലും പ്രധാനമാണ്:

  • നിങ്ങളുടെ സമൂഹത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിയുള്ള റിക്രൂട്ട്മെൻ്റ്, വിദ്യാഭ്യാസ നയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
  • ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്ന പ്രാദേശിക എൻ.ജി.ഒകളെയും സ്വയം സഹായ സംഘങ്ങളെയും പിന്തുണയ്ക്കുക.
  • ആംഗ്യഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കുക. ഒരു അഭിവാദ്യം പോലും ഒരാളുടെ ദിവസത്തിന് ഊർജം പകർന്നേക്കാം.
  • ഭിന്നശേഷിയുള്ളവരെ ഉൾക്കൊള്ളിച്ചുള്ള  ഓഡിറ്റുകൾക്കോ ഡിജിറ്റൽ ഇൻക്ളൂസിവ് കാമ്പെയ്‌നുകൾക്കോ വേണ്ടി സന്നദ്ധപ്രവർത്തനം നടത്താം.
  • ഭിന്നശേഷിയുള്ളവരുടെ നേട്ടങ്ങളെ തുല്യതയുള്ളവരുടെ മികവായിക്കണ്ട് ആഘോഷിക്കുക.

Nellikka.life നൽകുന്ന സന്ദേശം: ഒത്തൊരുമിച്ചുയരാം

ഉൾക്കൊള്ളിക്കുക എന്ന പ്രവൃത്തിയെ ഒഴിവാക്കിക്കൊണ്ടുള്ള ആരോഗ്യവും ക്ഷേമവും പൂർണ്ണമാകില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഓരോ വ്യക്തിക്കും അവരുടെ കഴിവുകൾ മാനദണ്ഡമാക്കാതെ തന്നെ ബഹുമാനം, ആത്മാഭിമാനം, എല്ലാ സംവിധാനങ്ങളുടേയും ഭാഗമാകാനുള്ള അവസരം എന്നിവയ്ക്കെല്ലാം അർഹതയുണ്ട്.

എല്ലാവർക്കും സ്വതന്ത്രമായി എല്ലാ കാര്യങ്ങളിലും പങ്കുകൊള്ളാനുള്ള അവകാശവും തുല്യതയും നീതിയും നൽകുന്ന ഒരു സമൂഹമാണ് യഥാർത്ഥത്തിൽ ആരോഗ്യകരമായ സമൂഹം എന്ന് ഭിന്നശേഷി ദിനം നമ്മോടു പറയുന്നു.

ഉൾക്കൊള്ളിക്കുക എന്നത് ഒരു പ്രത്യേക പരിഗണനയല്ല.

അത് മാനവികതയുടെ അടിസ്ഥാനമാണ്.

References

Related News

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
അമ്മമാർ അറിയാൻ: ആശങ്ക വേണ്ട, അഭിമാനപൂർവ്വം മുന്നേറൂ

അമ്മമാർ അറിയാൻ: ആശങ്ക വേണ്ട, അഭിമാനപൂർവ്വം മുന്നേറൂ

 മാതൃത്വം എന്ന പുതിയ ലോകത്ത് ആദ്യമായി എത്തിച്ചേരുന്ന പല അമ്മമാരെയും സംബന്ധിച്ചിടത്തോളം, വിവിധ വികാരങ്ങൾ മനസ്സിൽ അലയടിക്കുന്ന അനുഭവമാകും ഉണ്ടാകുക. ജീവിതത്തിൻ്റെ ചിട്ടകൾ വ്യത്യാസപ്പെടുന്നു, ഉറങ്ങുന്നതും ഉണരുന്നതും...

ഡിസംബർ 4, 2025 10:58 pm
X
Top
Subscribe