ഡിജിറ്റൽ ഡോപമിൻ ഡീറ്റോക്സ്: സോഷ്യൽ മീഡിയ ഉപയോഗം തലച്ചോറിനെ മാറ്റുന്നത് എങ്ങനെ? പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം?

ഒന്നാലോചിച്ചു നോക്കൂ, ഇന്ന് എത്ര തവണ നിങ്ങൾ മൊബൈൽ ഫോൺ എടുത്തു നോക്കി?
എന്തെങ്കിലും പ്രത്യേക കാര്യത്തിനായിരുന്നോ അത്? ജോലിയുടെ ഭാഗമായിട്ടായിരുന്നോ? അതോ അങ്ങനെ ശീലമായിക്കഴിഞ്ഞോ?
ഫോൺ കയ്യിലില്ലാത്തപ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുണ്ടോ?
പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയാണോ നിങ്ങൾ ഇൻസ്റ്റഗ്രാം (Instagram) തുറക്കുന്നത്?
വെറും 5 മിനിറ്റ് എന്ന് കരുതി തുടങ്ങുന്ന ‘സ്ക്രോളിംഗ്’ മണിക്കൂറുകളോളം നീണ്ടുപോകാറുണ്ടോ?
വാസ്തവത്തിൽ നിങ്ങളെപ്പോലെ ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്.
ഡിജിറ്റൽ ലോകത്തെ ആപ്പുകളെല്ലാം നിർമ്മിച്ചിരിക്കുന്നത് നമ്മുടെ ശ്രദ്ധ കവർന്നെടുക്കാനാണ്. എന്നാൽ, നോക്കി നോക്കി അതൊരു ശീലമാകുമ്പോൾ, അത്, നമ്മുടെ തലച്ചോറിന്റെ പ്രവർത്തനരീതിയെത്തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പലരും തിരിച്ചറിയുന്നില്ല.
നമ്മുടെ ഉള്ളിൽ ശരിക്കും എന്താണ് സംഭവിക്കുന്നതെന്നും ആരോഗ്യകരമായ രീതിയിൽ എങ്ങനെ ഇതു മറികടക്കാമെന്നും നമുക്ക് നോക്കാം.
നമ്മളെ സന്തോഷിപ്പിക്കുന്ന ഒന്നായതുകൊണ്ട് ഡോപമിനെ പലപ്പോഴും ‘ആനന്ദത്തിൻ്റെ ഹോർമോൺ’ (Pleasure Hormone) എന്ന് വിശേഷിപ്പിക്കാറുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ, ഒരു കാര്യം ചെയ്യാനുള്ള പ്രേരണയും (Motivation) അത് ചെയ്തുകഴിയുമ്പോൾ ലഭിക്കുന്ന കൃതാർത്ഥതയും (Reward) നമ്മുടെ തലച്ചോറിനെ അറിയിക്കുന്ന ഒരു രാസവസ്തുവാണിത്.
പ്രധാനമായും താഴെ പറയുന്ന സാഹചര്യങ്ങളിലാണ് നമ്മുടെ ഉള്ളിൽ ഡോപമിൻ ഉത്പാദിപ്പിക്കപ്പെടുന്നത്:
- ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ
- ഒരു ലക്ഷ്യം പൂർത്തിയാക്കുമ്പോൾ
- മറ്റുള്ളവരിൽ നിന്ന് അംഗീകാരമോ പ്രശംസയോ ലഭിക്കുമ്പോൾ
- ഒരു നല്ല കാര്യം നടക്കാൻ പോകുന്നു എന്ന് തോന്നുമ്പോൾ (പ്രതീക്ഷ)
നമ്മളെ പുതിയ കാര്യങ്ങൾ അന്വേഷിക്കാനും അതിനായി നിരന്തരം പരിശ്രമിക്കാനും ആ കാര്യങ്ങൾ ആവർത്തിക്കാനും പ്രേരിപ്പിക്കുന്നത് ഈ ഡോപമിൻ ആണ്.
എന്നാൽ, ഈ സന്തോഷങ്ങൾ ഉടനടി, നിരന്തരം ലഭിച്ചു തുടങ്ങുമ്പോഴാണ്
യഥാർത്ഥ പ്രശ്നം ആരംഭിക്കുന്നത്.
ഇതൊരു ചതിക്കുഴിയാണെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല.
അനന്തമായ സ്ക്രോളിംഗ് സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ
‘വേരിയബിൾ റിവാർഡ് സിസ്റ്റം’ (Variable Reward System) എന്ന തത്വത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്. ആളുകളെ അടിമകളാക്കാൻ ചൂതാട്ട കേന്ദ്രങ്ങളിലെ സ്ലോട്ട് മെഷീനുകൾ (Slot Machines) ഉപയോഗിക്കുന്ന അതേ തന്ത്രമാണിത്.
ഓരോ തവണ ഫോണിൽ വിരൽ ചലിപ്പിക്കുമ്പോഴും (Swipe) അടുത്തതായി എന്താണ് വരാൻ പോകുന്നതെന്ന് നമുക്കറിയില്ല. അത് പല തരത്തിലുള്ളതാകാം:
- പെട്ടെന്ന് ചിരിപ്പിക്കുന്ന ഒരു വീഡിയോ (Reel)
- നിങ്ങളുടെ പോസ്റ്റിന് വന്ന ഒരു ‘ലൈക്ക്’
- നമ്മളെ ഞെട്ടിക്കുന്ന ഒരു വാർത്ത
- അല്ലെങ്കിൽ ആരുടെയെങ്കിലും ഒരു മെസ്സേജ്
എന്താണ് വരാൻ പോകുന്നതെന്ന ഈ പ്രതീക്ഷയും ആകാംക്ഷയുമാണ് തലച്ചോറിൽ ഡോപമിൻ നിറയ്ക്കുന്നത്.
കാലക്രമേണ നമ്മുടെ മസ്തിഷ്ക്കം ഇതിനോട് പൊരുത്തപ്പെടുന്നു. പിന്നീട് മസ്തിഷ്ക്കം, താൽപ്പര്യമുള്ളതെല്ലാം ആവശ്യപ്പെടാൻ തുടങ്ങുന്നു:
- വേഗത്തിലുള്ള ഉത്തേജനം: ഒന്നിനുപുറകെ ഒന്നായി എന്തെങ്കിലും കിട്ടിക്കൊണ്ടിരിക്കണം
- പുതുമ: എപ്പോഴും പുതിയ കാര്യങ്ങൾ കണ്ടുകൊണ്ടിരിക്കണം
- ചെറിയ വീഡിയോകൾ: ദൈർഘ്യമുള്ള കാര്യങ്ങൾ കാണാൻ ക്ഷമയില്ലാതാകുന്നു
- കൂടുതൽ തീവ്രമായ വികാരം: വലിയ സന്തോഷമോ വലിയ സങ്കടമോ നൽകുന്ന കാര്യങ്ങൾ മാത്രം ശ്രദ്ധിക്കപ്പെടുന്നു
ഇങ്ങനെ സംഭവിക്കുമ്പോൾ, സാവധാനം നമ്മുടെ സാധാരണ ജീവിതം ഒന്നിനും ആവേശമില്ലാത്ത, ബോറടിപ്പിക്കുന്ന ഒന്നായി നമുക്ക് തോന്നിത്തുടങ്ങും.
താഴെ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചുനോക്കൂ:
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്: ഒരു പുസ്തകം വായിക്കാനോ ഗൗരവമുള്ള കാര്യങ്ങൾ ശ്രദ്ധിക്കാനോ കഴിയാതെ വരിക
- അസ്വസ്ഥത: മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും മനസ്സ് എവിടെയോ പോകുന്നതുപോലെ തോന്നുക
- ക്ഷമ കുറയുക: ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യമോ മടുപ്പോ വരിക
- നിശബ്ദത ഇഷ്ടപ്പെടാതിരിക്കുക: എപ്പോഴും പശ്ചാത്തലത്തിൽ എന്തെങ്കിലും ഒരു ശബ്ദം (പാട്ടോ വീഡിയോയോ) വേണമെന്ന് നിർബന്ധം തോന്നുക
- അറിയാതെ ഫോൺ എടുക്കുക: എന്തിനാണെന്ന് പോലും ചിന്തിക്കാതെ ഇടയ്ക്കിടെ ഫോൺ കൈയ്യിലെടുക്കുക
- ഉറക്കക്കുറവ്: രാത്രി വൈകി ഫോൺ ഉപയോഗിച്ചതിനുശേഷം ഉറങ്ങാൻ പ്രയാസം അനുഭവപ്പെടുക
ഇതാണ് ന്യൂറോ അഡാപ്റ്റേഷൻ (Neuroadaptation). കൂടുതൽ ആവേശം നൽകുന്ന കാര്യങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ തലച്ചോർ അതുമായി പൊരുത്തപ്പെടുന്നു. പിന്നീട് സാധാരണ ജീവിതത്തിലെ ശാന്തമായ നിമിഷങ്ങൾ ആസ്വദിക്കാൻ തലച്ചോറിന് പ്രയാസമായി വരുന്നു.
നമ്മുടെ തലച്ചോറിലുള്ള ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണാണ് മെലാടോണിൻ (Melatonin). ഫോണിൽ നിന്നുള്ള നീല വെളിച്ചം ഈ ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു.
വെളിച്ചം മാത്രമല്ല, ഫോൺ നോക്കുമ്പോൾ നമ്മുടെ മനസ്സിന് ലഭിക്കുന്ന അമിതമായ ആവേശവും (Mental stimulation) നമ്മുടെ ശാന്തത നഷ്ടപ്പെടുത്തുന്നു.
രാത്രി വൈകിയുള്ള സ്ക്രോളിംഗ് താഴെ പറയുന്ന പ്രശ്നങ്ങളുണ്ടാക്കുന്നു:
- തലച്ചോർ ഉറങ്ങാൻ തയ്യാറെടുക്കുന്നതിന് പകരം കൂടുതൽ ഉണർവോടെ ഇരിക്കുന്നു
- ശരീരത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഹോർമോണുകൾ കൂടുന്നു
- സോഷ്യൽ മീഡിയയിലെ കാര്യങ്ങൾ നമ്മുടെ വികാരങ്ങളെ അനാവശ്യമായി ഉത്തേജിപ്പിക്കുന്നു
- ഉറക്കത്തിന്റെ സ്വാഭാവിക ചക്രത്തെ അത് സാവധാനത്തിലാക്കുന്നു
ഇത് പിന്നീട് നമ്മളിൽ പല മാറ്റങ്ങളും വരുത്തും:
- രാവിലെയുള്ള തളർച്ച
- ചിന്തകളിലെ അവ്യക്തത (Brain fog)
- ഓർമ്മശക്തി കുറയുക
- മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുക
ഈ തളർച്ച മാറ്റാൻ വേണ്ടി അടുത്ത ദിവസവും കൂടുതൽ ആവേശം നൽകുന്ന കാര്യങ്ങൾക്കായി (ഉദാഹരണത്തിന് വീണ്ടും ഫോൺ നോക്കുക) മനസ്സാഗ്രഹിക്കുന്നു. അങ്ങനെ ഈ ചക്രം അവസാനമില്ലാതെ തുടരുന്നു.
ഡോപമിൻ ഡീറ്റോക്സ് ആണോ ഇതിനുള്ള പരിഹാരം?
ഈ വാക്ക് ഇന്ന് വളരെ പ്രചാരത്തിലുണ്ടെങ്കിലും പലരും ഇതിനെ തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നത്. നമുക്ക് ഒരിക്കലും ശരീരത്തിലെ ഡോപമിൻ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ല. സന്തോഷം നൽകുന്ന കാര്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുമില്ല. ഇവിടെ നമ്മുടെ ലക്ഷ്യം സന്തോഷങ്ങൾ ഇല്ലാതാക്കുക എന്നതല്ല, മറിച്ച് അവയെ വേണ്ട രീതിയിൽ ക്രമീകരിക്കുക എന്നതാണ്.
സ്വാഭാവികമായ തരത്തിൽ മാറ്റിയെടുക്കാനുള്ള വഴികൾ
കഠിനമായ നിയന്ത്രണങ്ങൾക്ക് പകരം, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ ലളിതമായ രീതികൾ മികച്ച ഫലം നൽകും:
ഡിജിറ്റൽ വിൻഡോസ് (Scheduled Digital Windows)
എപ്പോൾ തോന്നുന്നുവോ അപ്പോഴെല്ലാം ഫോൺ എടുക്കുന്നതിന് പകരം, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കൃത്യമായ സമയം നിശ്ചയിക്കുക.
ഉദാഹരണത്തിന്:
- ഉച്ചഭക്ഷണത്തിന് ശേഷം 20 മിനിറ്റ്
- വൈകുന്നേരം 20 മിനിറ്റ്
ഇങ്ങനെ ഒരു കൃത്യമായ സമയം (Structure) നിശ്ചയിക്കുന്നത് വഴി, ഇടയ്ക്കിടെ ഫോൺ എടുക്കാനുള്ള ആഗ്രഹം കുറയ്ക്കാൻ നമുക്ക് സാധിക്കും.
ഉണർന്നു കഴിഞ്ഞാലുള്ള ആദ്യ മണിക്കൂർ
ഉണർന്നുകഴിഞ്ഞാലുടൻ ആദ്യത്തെ 30 മുതൽ 60 മിനിറ്റ് വരെ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
ഇത് താഴെ പറയുന്ന ഗുണങ്ങൾ നൽകുന്നു:
- കോർട്ടിസോൾ ക്രമീകരണം: നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ശ്രദ്ധ കേന്ദ്രീകരിക്കാൻ: ദിവസം മുഴുവൻ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ഇത് നമ്മെ പ്രാപ്തരാക്കുന്നു
- മാനസികാവസ്ഥ: പെട്ടെന്നുള്ള ആവേശങ്ങളില്ലാതെ ശാന്തമായ ഒരു തുടക്കം ഉറപ്പാക്കുന്നു
ഫോണിന് പകരം അല്പം സൂര്യപ്രകാശം ഏൽക്കുകയോ സാവധാനത്തിൽ വെള്ളം കുടിക്കുകയോ ലളിതമായ വ്യായാമങ്ങൾ ചെയ്യുകയോ ആവാം. അല്ലെങ്കിൽ അന്നത്തെ കാര്യങ്ങൾ കുറിച്ചുവെയ്ക്കാം (Journaling).
ഇടയ്ക്കൊക്കെ ബോറടിയും നല്ലതാണ്!
നേരമ്പോക്കുകൾ ഇല്ലാതെ അൽപ്പസമയം കിട്ടുന്നതും നല്ലതുതന്നെയാണ്. അതൊരു പ്രശ്നമായി കാണേണ്ടതില്ല. യഥാർത്ഥത്തിൽ,നമ്മുടെ ഉള്ളിലെ സർഗ്ഗാത്മകത (Creativity) ഉണരാനുള്ള തയ്യാറെടുപ്പ് അപ്പോഴാണു നടക്കുന്നത്.
ഫോണെടുത്ത് സ്ക്രോൾ ചെയ്യാൻ വല്ലാത്ത ആഗ്രഹം തോന്നുമ്പോൾ ഇത് പരീക്ഷിച്ചു നോക്കൂ:
- 5 മിനിറ്റ് വെറുതെ ഇരിക്കുക
- ആ സമയത്ത് തോന്നുന്ന അസ്വസ്ഥതയെ വെറുതെ നിരീക്ഷിക്കുക
- തലച്ചോറിനെ പതുക്കെ ശാന്തമാകാൻ അനുവദിക്കുക
ഇത് നമ്മുടെ സ്വയം നിയന്ത്രണശക്തി (Self-control) വർദ്ധിപ്പിക്കാൻ സഹായിക്കും.
മസ്തിഷ്ക്കത്തിന് നൽകുന്ന ആവേശത്തിന്റെ രീതി മാറ്റുക
ഇതാണ് അടുത്ത മാർഗ്ഗം. വേഗത്തിൽ ഡോപമിൻ നൽകുന്ന കാര്യങ്ങൾക്ക് പകരം കൂടുതൽ തീവ്രമായി ഡോപമിൻ നൽകുന്ന ശീലങ്ങൾ വളർത്തിയെടുക്കാം.
വേഗത്തിലുള്ള ഡോപമിൻ :
ഇവ പെട്ടെന്ന് സന്തോഷം നൽകുമെങ്കിലും അത്രതന്നെ വേഗത്തിൽ നമ്മളെ തളർത്തുകയും ചെയ്യുന്നു.
- തുടർച്ചയായ റീലുകൾ (Reels) കാണുന്നത്
- നിർത്താതെയുള്ള ഗെയിമിംഗ് (Gaming binges)
- പെട്ടെന്ന് പെട്ടെന്ന് ഫോണിലെ ആപ്പുകൾ മാറിക്കൊണ്ടിരിക്കുന്നത്
തീവ്രതയുള്ള ഡോപമിൻ:
ഇവ സാവധാനത്തിലാണ് സന്തോഷം നൽകുന്നത്, എന്നാൽ ആ സംതൃപ്തി കൂടുതൽ നേരം നിലനിൽക്കും.
- പുസ്തകങ്ങൾ വായിക്കുന്നത് ശ്രദ്ധ വർദ്ധിപ്പിക്കും
- പ്രകൃതിഭംഗി ആസ്വദിച്ചുള്ള നടത്തം മനസ്സിന് ശാന്തി നൽകുന്നു
- പ്രിയപ്പെട്ടവരോട് മനസ്സ് തുറന്ന് സംസാരിക്കാം
- എന്തെങ്കിലും പുതിയ കാര്യം പഠിച്ചെടുക്കുന്നത് ആത്മവിശ്വാസം കൂട്ടും
- പ്രാർത്ഥന അല്ലെങ്കിൽ ധ്യാനം (Meditation)മനസ്സിനെ ഏകാഗ്രമാക്കാൻ സഹായിക്കും
ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഡോപമിൻ സാവധാനത്തിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ എങ്കിലും, അത് നമ്മുടെ മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ഡിജിറ്റൽ സൺസെറ്റ് നിയമം (Digital Sunset Rule) പാലിക്കാം
സൂര്യൻ അസ്തമിക്കുന്നത് പോലെ, നമ്മുടെ ഡിജിറ്റൽ ലോകത്തെയും ഉറങ്ങുന്നതിന് മുമ്പ് അസ്തമിപ്പിക്കുക എന്നതാണ് ഡിജിറ്റൽ സൺസെറ്റ് നിയമം (Digital Sunset Rule) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉറങ്ങുന്നതിന് ഒന്നൊന്നര മണിക്കൂർ മുമ്പ് ഫോണും മറ്റ് സ്ക്രീനുകളും ഒഴിവാക്കാൻ ശ്രമിക്കുക.
പകരം ഈ കാര്യങ്ങൾ പരീക്ഷിച്ചുനോക്കൂ:
- മനസ്സിനെ ശാന്തമാക്കുന്ന പാട്ടുകൾ കേൾക്കാം
- ഡിജിറ്റൽ സ്ക്രീനുകൾക്ക് പകരം ഒരു പുസ്തകം വായിക്കാം
- ലളിതമായ വ്യായാമം ചെയ്യാം
- അന്നത്തെ ദിവസത്തെക്കുറിച്ച് ശാന്തമായി ചിന്തിക്കുകയോ ഡയറി എഴുതുകയോ ചെയ്യാം
ഈ ഒരു ചെറിയ ശീലം മാത്രം മതി നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം (Sleep quality) വലിയ രീതിയിൽ മെച്ചപ്പെടുത്താൻ.
മാതാപിതാക്കളും കൗമാരപ്രായക്കാരും പ്രത്യേകം ശ്രദ്ധിക്കാൻ
കുട്ടികളുടെയും കൗമാരക്കാരുടെയും മസ്തിഷ്ക്കം വളർച്ചയുടെ ഘട്ടത്തിലായതുകൊണ്ട് തന്നെ, അവർ ഇത്തരം ഡിജിറ്റൽ ചതിക്കുഴികളിൽ പെട്ടുപോകാനുള്ള സാധ്യത കൂടുതലാണ്.
അമിതമായ ഡിജിറ്റൽ ഉപയോഗം കുട്ടികളിൽ താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം:
- ശ്രദ്ധക്കുറവ്
- വൈകാരിക തളർച്ച
- പഠനത്തിൽ ശ്രദ്ധക്കുറവ്
- ഉറക്കമില്ലായ്മ
ഇതിനു പരിഹാരം കാണാനായി കുട്ടികളെ ശിക്ഷിച്ചിട്ടു കാര്യമില്ല. മാതാപിതാക്കൾ സ്വന്തം ഫോൺ ഉപയോഗത്തിൽ നിയന്ത്രണം വരുത്തി അവർക്ക് മാതൃകയാവുകയാണ് വേണ്ടത്.
വീടിനുള്ളിൽ ഫോൺ ഉപയോഗത്തിന് കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് എല്ലാവരുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വെറുതെ ഇരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത കൊണ്ടാണ് പലരും ഫോൺ ഉപയോഗിക്കുന്നത്.
നമുക്ക് നിശബ്ദത ഒരു വെല്ലുവിളിയായി തോന്നുന്നു.
ഒന്നിനും ശ്രമിക്കാതെ വെറുതെ ഇരിക്കുന്നത് നമുക്ക് അപരിചിതമായി മാറുന്നു.
പക്ഷെ ഒരു കാര്യം ഓർക്കണം, നിശബ്ദതയിലാണ് നമ്മുടെ വളർച്ച സംഭവിക്കുന്നത്.
ബോറടിക്കുമ്പോഴാണ് നമ്മുടെ ചിന്തകൾക്ക് പുതുമയുണ്ടാകുന്നത്.
അല്പനേരം എല്ലാം നിർത്തി ഒന്ന് ശാന്തമാകുമ്പോഴാണ് മനസ്സിലെ മുറിവുകൾ ഉണങ്ങാൻ തുടങ്ങുന്നത്.
ഉപേക്ഷിക്കേണ്ട, ക്രമീകരിക്കാൻ പഠിക്കാം
സാങ്കേതികവിദ്യ ഒരിക്കലും നമ്മുടെ ശത്രുവല്ല; അമിതമായ ആവേശങ്ങളും വേഗതയുമാണ് പ്രശ്നം. സന്തുലിതമായ ഒരു രീതി കണ്ടെത്തുക എന്നതാണ് പ്രധാനം.
ഇക്കാര്യങ്ങൾ ഒന്നു സ്വയം ചോദിച്ചുനോക്കൂ:
- ഞാൻ എന്തെങ്കിലും ലക്ഷ്യത്തോടെയാണോ ഫോൺ ഉപയോഗിക്കുന്നത്?
- അതോ വെറുമൊരു ശീലത്തിന്റെ പുറത്തോ?
- ഞാൻ സ്ക്രീനിനെ നിയന്ത്രിക്കുകയാണോ, അതോ സ്ക്രീൻ എന്നെ നിയന്ത്രിക്കുകയാണോ?
ആപ്പുകൾ ഡിലീറ്റ് ചെയ്തതുകൊണ്ട് ഡോപമിൻ റീസെറ്റാകില്ല. നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും ശാന്തതയും തിരികെ നേടുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.
എത്ര തവണ സ്ക്രോൾ ചെയ്തു എന്നതും എത്ര റീലുകൾ കണ്ടു എന്നതുമൊന്നും ജീവിതം രൂപപ്പെടുത്തുന്നതിൽ ഒരുപങ്കും വഹിക്കില്ല. അവിടെ, ആത്യന്തികമായി നമ്മുടെ ശ്രദ്ധ തന്നെയാണ് പ്രധാനം.
അതു സംരക്ഷിക്കുക എന്നതാണ് സ്വന്തം ആരോഗ്യത്തിനായി നമുക്ക് കൈക്കൊള്ളാവുന്ന ഏറ്റവും കരുത്തുറ്റ തീരുമാനം.




