പുരുഷന്മാരിലെ വിഷാദം: പ്രകടമാകാത്ത ആരോഗ്യ പ്രതിസന്ധി

ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദം. പക്ഷെ പുരുഷൻമാരുടെ കാര്യത്തിൽ, വിഷാദം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. വിഷാദം സ്ഥിരീകരിക്കപ്പെടുന്നത് പുരുഷൻമാരേക്കാൾ കൂടുതലായി സ്ത്രീകളിലാണെങ്കിലും, പ്രകടമാകാത്തതു മൂലമോ തുറന്നുപറയാത്തതുകൊണ്ടോ, പുരുഷവിഷാദം കണക്കിൽ കുറവാണെങ്കിലും വ്യാപ്തിയിൽ കൂടുതലാണ്.
പുരുഷന്മാർക്ക് വിഷാദം ആഴത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും അതിൻ്റെ ലക്ഷണങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു, രോഗലക്ഷണങ്ങൾ പലപ്പോഴും മറച്ചുവെക്കപ്പെടുന്നു. മാത്രമല്ല, വൈകാരിക വേദന അംഗീകരിക്കുന്നത് ബലഹീനതയാണെന്ന് വിശ്വസിക്കാൻ പുരുഷ കേന്ദ്രീകൃത സമൂഹം പുരുഷന്മാരെ പഠിപ്പിക്കുകയും ചെയ്യുന്നു.
പുരുഷന്മാരിലെ വിഷാദത്തിൻ്റെ ജൈവശാസ്ത്രപരമായ, മാനസികപരമായ, സാമൂഹികപരമായ തലങ്ങളിലേക്ക് നമുക്ക് കടന്നുചെല്ലാം. എന്തുകൊണ്ടാണ് നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കുമെന്ന് പറയുന്നതെന്നും നമുക്ക് വിശകലനം ചെയ്യാം.
1. ‘ക്ലാസിക്’ ലക്ഷണങ്ങൾ പുരുഷന്മാരിൽ അപൂർവ്വം
വിഷാദം എന്ന വാക്ക്, പൊതുവെ കരച്ചിൽ, സങ്കടം, വൈകാരിക പ്രകടനങ്ങൾ തുടങ്ങിയ ഘടകങ്ങളുമായി ചേർന്നിരിക്കുന്നു. കരയുന്നതോ സങ്കടപ്പെടുന്നതോ ആണത്തം നഷ്ടപ്പെടുത്തുന്നതിൻ്റെ ദുരന്തമായി കണക്കാക്കിവരുന്ന സമൂഹത്തിൽ, അതുകൊണ്ടുതന്നെ കണ്ണുനീർ പൊഴിക്കുന്ന ആണുങ്ങളോ സങ്കടം പങ്കുവെയ്ക്കുന്ന പുരുഷൻമാരോ അപൂർവ്വമാണ്. സമൂഹം കളിയാക്കുന്ന ഈ വികാരങ്ങൾ, പക്ഷെ പൊള്ളുന്ന മനസ്സിനെ കുറച്ചെങ്കിലും ശാന്തമാക്കുമെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. എല്ലാം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കാൻ സമൂഹം അവനോട് പറയാതെ പറയുന്നു.
പുരുഷന്മാരിൽ വിഷാദം പലപ്പോഴും പ്രകടമാകുന്നത് ഇങ്ങനെയാണ്:
- ദേഷ്യവും ക്ഷോഭവും
- അപകടകരമായ പെരുമാറ്റം — അമിത വേഗതയിൽ വാഹനമോടിക്കൽ, ചൂതാട്ടം, അപകടകരമായ കായികപ്രകടനങ്ങൾ
- അമിതമായി ജോലിചെയ്യുക (Workaholism) — വികാരങ്ങൾ ഒഴിവാക്കാൻ തിരക്കിൽ ഏർപ്പെട്ടുകൊണ്ടിരിക്കുക
- മദ്യപാനം അല്ലെങ്കിൽ പുകവലി വർദ്ധിക്കുന്നു
- ശാരീരിക ബുദ്ധിമുട്ടുകൾ — തലവേദന, വയറ്റിലെ പ്രശ്നങ്ങൾ, പേശിവേദന
- ബന്ധങ്ങളിലോ ഹോബികളിലോ താൽപര്യക്കുറവ്
- വൈകാരികമായ മരവിപ്പ് അല്ലെങ്കിൽ മനസ്സ് ശൂന്യമായ അവസ്ഥ
ഈ വ്യത്യാസം ശ്രദ്ധേയമായതിനാൽ, മനഃശാസ്ത്രജ്ഞർ ഇതിനെ “മെയ്ൽ-ടൈപ്പ് ഡിപ്രഷൻ” എന്ന് വിശേഷിപ്പിക്കുന്നു. വൈകാരിക ലക്ഷണങ്ങൾക്ക് പകരം പെരുമാറ്റപരമായ പ്രശ്നങ്ങൾ കാണിക്കുന്ന രീതിയാണിത്.
ഈ അവസ്ഥ, കുടുംബാംഗങ്ങൾക്ക് മാത്രമല്ല, പുരുഷന്മാർക്ക് തന്നെയും രോഗം കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. ഒരു പുരുഷൻ ക്ലിനിക്കൽ വിഷാദത്തിലൂടെ കടന്നുപോകുമ്പോഴും തനിക്ക് സമ്മർദ്ദം കൂടിയിട്ടുണ്ട് എന്നുമാത്രമേ കരുതുകയുള്ളൂ.
2. പുരുഷന്മാരിലെ വിഷാദത്തിൽ ജീവശാസ്ത്രത്തിൻ്റെ പങ്ക്
വിഷാദം എന്നത് ജീനുകൾ, ഹോർമോണുകൾ, അനുഭവങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ ബന്ധമാണെങ്കിലും ജൈവപരമായ ചില പാതകൾ പുരുഷന്മാരെ വ്യത്യസ്തമായി ബാധിക്കുന്നു.
a. ടെസ്റ്റോസ്റ്റിറോൺ നിലയും മാനസികാവസ്ഥയും
മാനസികാവസ്ഥ, പ്രചോദനം, ലൈംഗികാസക്തി, ഊർജ്ജം എന്നിവയെ ടെസ്റ്റോസ്റ്റിറോൺ (Testosterone) സ്വാധീനിക്കുന്നു.
ടെസ്റ്റോസ്റ്റിറോൺ തോത് കുറയുന്നത് (40 വയസ്സിന് ശേഷം സാധാരണമായി അനുഭവപ്പെടുന്നതോ, അല്ലെങ്കിൽ സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ മൂലമുണ്ടാകുന്നതോ) വിഷാദ രോഗലക്ഷണങ്ങളെ അനുകരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു:
- ഊർജ്ജക്കുറവ്
- താൽപര്യക്കുറവ്
- ക്ഷോഭം
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
- വൈകാരിക അകൽച്ച
b. സമ്മർദ്ദ പ്രതികരണ രീതി
ബയോളജിക്കൽ സൈക്യാട്രിയിൽ (Biological Psychiatry) പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ പറയുന്നത്, പുരുഷന്മാർക്ക് കൂടുതൽ പ്രതികരിക്കുന്ന ഹൈപ്പോതലാമിക്-പിറ്റ്യൂട്ടറി-അഡ്രീനൽ (HPA) ആക്സിസ് ഉണ്ടെന്നാണ്. അതായത്, സമ്മർദ്ദമുള്ളപ്പോൾ അവരുടെ ശരീരത്തിൽ കൂടുതൽ കോർട്ടിസോൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്നർത്ഥം.
ജോലി സമ്മർദ്ദം, സാമ്പത്തിക പ്രശ്നങ്ങൾ, വൈകാരിക അടിച്ചമർത്തൽ എന്നിവ മൂലം നിരന്തരമായി കോർട്ടിസോൾ വർദ്ധിക്കുകയും അത് തലച്ചോറിലെ രാസഘടനയെ മാറ്റുകയും വിഷാദ സാധ്യത കൂട്ടുകയുംചെയ്യുന്നു.
c. വിഷാദവും നീർക്കെട്ടും
വിഷാദമുള്ള പുരുഷന്മാരിൽ പലപ്പോഴും സി ആർ പി (CRP), ഐ.എൽ-6 (IL-6) പോലുള്ള വീക്കം ഉണ്ടാക്കുന്ന ഘടകങ്ങൾ ഉയർന്ന അളവിൽ കാണപ്പെടുന്നു.
അവരുടെ വിഷാദം പ്രകടമാകുന്നത് താഴെ പറയുന്ന രൂപങ്ങളിലായിരിക്കാം :
- ശരീരവേദന
- സന്ധി വേദന
- കടുത്ത ക്ഷീണം
- ദുർബലമായ പ്രതിരോധശേഷി
വിഷാദത്തിൻ്റെ അടിസ്ഥാന കാരണം വൈകാരികമാണെങ്കിലും, അത്, പലപ്പോഴും ശാരീരിക അസുഖമായി തെറ്റിദ്ധരിക്കപ്പെടുന്നു.
3. സമൂഹം അടിച്ചേൽപ്പിക്കുന്ന ഇമേജുകൾ
ചെറുപ്പം മുതൽക്കേ ആൺകുട്ടികളെ ദുർബലത പ്രകടിപ്പിക്കാതിരിക്കാൻ പഠിപ്പിക്കുന്നു:
- “കരയരുത്.”
- “ശക്തനായിരിക്കുക.”
- ” കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യുക.”
- “യഥാർത്ഥ പുരുഷന്മാർ തളർന്നുപോകില്ല.”
ഈ ചിട്ടപ്പെടുത്തൽ കാരണം, മുതിർന്ന പുരുഷന്മാർ:
- തങ്ങളുടെ വികാരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു.
- വൈകാരിക സംഭാഷണങ്ങൾ ഒഴിവാക്കുന്നു.
- സഹായം തേടുന്നതിൽ നാണക്കേട് തോന്നുന്നു.
- ദുർബലത എന്നത് പരാജയമാണെന്ന് വിശ്വസിക്കുന്നു.
ഇത്തരം മിഥ്യാധാരണകളുടെ ഫലമായി പുരുഷന്മാർ തങ്ങളുടെ വൈകാരിക വേദന കുഴിച്ചുമൂടാൻ പഠിക്കുന്നു, ഇത് ക്രമേണ ദേഷ്യം, ലഹരി അടിമത്തം, പൂർണ്ണമായ വൈകാരിക പിന്മാറ്റം എന്നിങ്ങനെയുള്ള രീതികളിലേക്ക് മാറുന്നു.
ബന്ധം തകരുമ്പോഴോ, കരിയർ തകരുമ്പോഴോ, വലിയ പ്രതിസന്ധി ഘട്ടങ്ങളിലോ മാത്രം ശ്രദ്ധിക്കപ്പെടുന്ന കാര്യമായി പുരുഷൻമാരിലെ വിഷാദം അവഗണിക്കപ്പെടുന്നു.
4. അനാരോഗ്യകരമായ പ്രതിവിധികൾ
വൈകാരിക വേദന പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ, പുരുഷന്മാർ സഹായത്തിനായി അഭ്യർത്ഥിക്കുന്നതിനു പകരം പലപ്പോഴും അത് വഴിതിരിച്ചുവിട്ട് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു.
സാധാരണയായി അവർ കണ്ടെത്തുന്ന പ്രതിവിധികൾ ഇവയാണ്:
- കൂടുതൽ മദ്യപിക്കുക
- വീട്ടിൽ പോകുന്നത് ഒഴിവാക്കാൻ അമിതമായി ജോലി ചെയ്യുക
- അതികഠിനമായി വ്യായാമങ്ങൾ ചെയ്യുക
- മണിക്കൂറുകളോളം ഗെയിമിംഗിലോ സോഷ്യൽ മീഡിയയിലോ സമയം ചെലവഴിക്കുക
- അപകടകരമായ ലൈംഗിക പെരുമാറ്റങ്ങൾ
- വഴക്കുണ്ടാക്കുക അല്ലെങ്കിൽ ഒറ്റപ്പെട്ടിരിക്കുക
ഈ പെരുമാറ്റങ്ങൾ താൽക്കാലികമായി അസ്വസ്ഥതകളെ മരവിപ്പിക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, അവ ഇനിപ്പറയുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം:
- ഉറക്കം തടസ്സപ്പെടുത്തുന്നു
- തലച്ചോറിലെ രാസഘടനയെ വഷളാക്കുന്നു
- കോർട്ടിസോൾ വർദ്ധിപ്പിക്കുന്നു
- വൈകാരിക ബന്ധങ്ങൾ കുറയ്ക്കുന്നു
- ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു
ഈ ചക്രം വിഷാദത്തെ കൂടുതൽ ആഴത്തിലാക്കുകയും അതിൽ നിന്നുള്ള തിരിച്ചുവരവ് ദുഷ്ക്കരമാകുകയും ചെയ്യുന്നു.
5. സമ്മർദ്ദത്തിൻ്റെ രൂപത്തിൽ തുടങ്ങുന്ന വിഷാദം
വിഷാദത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ സാധാരണ സമ്മർദ്ദത്തിന് സമാനമായതിനാൽ പല പുരുഷന്മാരും അത് തിരിച്ചറിയുന്നില്ല.
തുടക്കത്തിലുള്ള മുന്നറിയിപ്പ് ലക്ഷണങ്ങൾ ഇവയാണ്:
- എപ്പോഴും ക്ഷീണം തോന്നുക
- ജീവിതത്തിലുള്ള പ്രചോദനം നഷ്ടമാകുക
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
- ശൂന്യതാബോധം
- ചെറിയ കാര്യങ്ങളിൽപ്പോലും ക്ഷമയില്ലായ്മ അനുഭവപ്പെടുക
- ഉറക്ക തടസ്സങ്ങൾ
- ലൈംഗിക താൽപര്യം കുറയുക
- ജീവിതത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതായി തോന്നുക
താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ അവർ ഈ ലക്ഷണങ്ങളെ പലപ്പോഴും തള്ളിക്കളയുന്നു:
- ജോലി സമ്മർദ്ദം
- ഉത്തരവാദിത്തങ്ങൾ
- “വെറുതെ ക്ഷീണിച്ചതാണ്” എന്നു തോന്നുക
എന്നാൽ ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ, അവ ക്ലിനിക്കൽ വിഷാദത്തിനുള്ള സാദ്ധ്യതയാകാം.
6.പുരുഷൻ തിരിച്ചറിയുന്നതിന് മുമ്പ് മറ്റുള്ളവർ മനസ്സിലാക്കുന്നു
വിഷാദം പലപ്പോഴും തലച്ചോറിൻ്റെ വൈകാരിക കേന്ദ്രത്തെയാണ് ബാധിക്കുന്നത്, ഇത് വാത്സല്യം അനുഭവിക്കാനും പ്രകടിപ്പിക്കാനുമുള്ള പുരുഷൻ്റെ കഴിവിനെ കുറയ്ക്കുന്നു. പങ്കാളികൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ ഇവയാകാം:
- വൈകാരികമായ അകലം
- പെട്ടെന്നുള്ള ദേഷ്യം
- അടുപ്പത്തിലുള്ള താൽപര്യക്കുറവ്
- വികാരമില്ലായ്മ അല്ലെങ്കിൽ ഒഴിഞ്ഞുമാറൽ
- ചെറിയ കാര്യങ്ങളോടുള്ള അമിത പ്രതികരണം
ഇതിന് കാരണം, വിഷാദം തലച്ചോറിലെ റിവാർഡ് പാതകളിലെ (Reward Pathways) പ്രവർത്തനം കുറയ്ക്കുന്നു എന്നതാണ്. ഇത് സന്തോഷം, സ്നേഹം, അല്ലെങ്കിൽ ബന്ധങ്ങളിലെ ഊഷ്മളത എന്നിവ അനുഭവിക്കാൻ പ്രയാസം സൃഷ്ടിക്കുന്നു, പുരുഷൻ അത് ആഗ്രഹിക്കുമ്പോൾ പോലും. ഇത് ദാമ്പത്യബന്ധങ്ങളെയും കുഞ്ഞുങ്ങളോടുള്ള ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുന്നു.
7. പുരുഷന്മാർ വേഗത്തിൽ പ്രതിസന്ധിയിലെത്താൻ കാരണം?
പുരുഷന്മാർ സഹായം തേടാൻ വൈകുന്നതിനാൽ, വിഷാദം പെട്ടെന്നുതന്നെ താഴെ പറയുന്ന അവസ്ഥകളിലേക്കെത്താൻ സാധ്യതയുണ്ട്:
- മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം
- ജോലി നഷ്ടമാകുക
- ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ (നീണ്ടുനിൽക്കുന്ന സമ്മർദ്ദം കാരണം)
- അക്രമവാസന
- വൈകാരികമായി തീരുമാനങ്ങൾ കൈക്കൊള്ളുക
പുരുഷന്മാരിൽ ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് കൂടുതലാണ്, കാരണം അവർ:
- കൂടുതൽ മാരകമായ രീതികൾ തെരഞ്ഞെടുക്കുന്നു.
- സഹായം തേടുന്നത് വൈകിപ്പിക്കുന്നു.
- പ്രതിസന്ധി ഘട്ടം വരെ ലക്ഷണങ്ങൾ മറച്ചുവെക്കുന്നു.
എത്രയും നേരത്തെ പ്രശ്നം തിരിച്ചറിയേണ്ടത് നിർണ്ണായകമാകുന്നത് ഇക്കാരണങ്ങളാലാണ്.
8. പൂർണ്ണമായും ചികിത്സിച്ചു മാറ്റാം
നേരത്തെ തിരിച്ചറിഞ്ഞാൽ, ചികിത്സകൾ ഫലപ്രദമാകും. വേഗത്തിൽ തന്നെ സ്വാസ്ഥ്യം നേടാനും സാധിക്കും
ചികിത്സകളിൽ ഉൾപ്പെടുന്നവ:
- കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT)
- വിഷാദം കുറയ്ക്കാനുള്ള മരുന്നുകൾ (ആവശ്യമെങ്കിൽ)
- ഹോർമോൺ പരിശോധന (പ്രത്യേകിച്ച് ടെസ്റ്റോസ്റ്റിറോൺ)
- ഉറക്കം ക്രമീകരിക്കാനുള്ള ചികിത്സ
- നീർവീക്കം കുറയ്ക്കുന്ന ആഹാരരീതി
- വ്യായാമം
- സംസാര ചികിത്സ അല്ലെങ്കിൽ പുരുഷന്മാരുടെ സപ്പോർട്ട് ഗ്രൂപ്പുകൾ
പതിവായുള്ള ശാരീരിക പ്രവർത്തനങ്ങൾ വിഷാദ ലക്ഷണങ്ങളെ 40% വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു.
20 മിനിറ്റ് നടക്കുന്നത് പോലും ന്യൂറോ ട്രാൻസ്മിറ്ററുകൾക്ക് സ്ഥിരത നൽകുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
9. സഹായം തേടേണ്ടത് എപ്പോൾ?
പുരുഷൻമാർ താഴെ പറയുന്ന ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം:
- ജീവിതത്തിൽ താൽപര്യമില്ലായ്മ
- മുൻപ് ഇല്ലാതിരുന്ന ക്ഷോഭമോ ദേഷ്യമോ
- പ്രതീക്ഷ നഷ്ടമാകുക
- വിട്ടുമാറാത്ത സങ്കടം അല്ലെങ്കിൽ മരവിപ്പ്
- ഉറക്കമില്ലായ്മ
- താൻ ഒരു ഭാരമാണെന്ന് തോന്നുക
- സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ ഒളിച്ചോടുന്നതിനെക്കുറിച്ചോ ഉള്ള ചിന്തകൾ
- ജോലിസ്ഥലത്തോ വീട്ടിലോ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട്
ഓരോ പുരുഷനും ശ്രദ്ധിക്കേണ്ട സന്ദേശം
“കരുത്ത് എന്നത് കഷ്ടപ്പാടുകൾ ഇല്ലാത്ത അവസ്ഥയല്ല. പിന്തുണ ആവശ്യമുള്ളപ്പോൾ അത് തുറന്നു പറയുന്നതാണ് യഥാർത്ഥ ശക്തി.”
പുരുഷന്മാർ സ്നേഹവും സുരക്ഷിതമായ വൈകാരിക ഇടങ്ങളും അർഹിക്കുന്നുണ്ട്.
അവർക്ക് സംസാരിക്കാനും സുഖം പ്രാപിക്കാനും അർഹതയുണ്ട്.
നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ വിഷാദത്തിൻ്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ, ഉടൻ തന്നെ ആരോഗ്യകരമായ പോംവഴികൾ തേടുക.
Scientific References
- National Institute of Mental Health (NIMH) – Men & Depression
- American Psychological Association (APA) – Gender Patterns in Depression
- Biological Psychiatry – Sex Differences in Stress Response
- World Health Organization (WHO) Suicide Data
- Harvard Health – Hormones and Mood Regulation
- Journal of Affective Disorders – Inflammatory Markers in Male Depression




