ഡെങ്കിപ്പനി: പടരാനുള്ള കാരണങ്ങൾ എന്തൊക്കെ, സ്വയം എങ്ങനെ സംരക്ഷിക്കാം?

ഡെങ്കിപ്പനി: പടരാനുള്ള കാരണങ്ങൾ എന്തൊക്കെ, സ്വയം എങ്ങനെ സംരക്ഷിക്കാം?

മഴക്കാലമായാൽ നമ്മുടെ രാജ്യത്തെ ആശുപത്രികളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നത് പതിവാണ്. പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണെങ്കിൽ പോലും, കൊതുകു പരത്തുന്ന ഈ വൈറൽ അണുബാധ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ജീവഹാനിക്ക് വരെ കാരണമായേക്കാവുന്ന  സാഹചര്യവും ഡെങ്കിപ്പനി മൂലം ഉണ്ടാകാറുണ്ട്.

ഡെങ്കി വെറുമൊരു സാധാരണ പനിയല്ല, ഇത് സിസ്റ്റമിക് വൈറൽ രോഗം ആണ്. തീവ്രത കുറഞ്ഞ ഫ്ളൂ പോലുള്ള ലക്ഷണങ്ങൾ മുതൽ ജീവൻ അപകടത്തിലാക്കുന്ന ഡെങ്കി ഹെമറേജിക് ഫീവർ (DHF), ഡെങ്കി ഷോക്ക് സിൻഡ്രോം (DSS) എന്നിവ വരെ ഇതിന്റെ ലക്ഷണങ്ങളാകാം.

ഡെങ്കിപ്പനി എന്താണ്, ഇതെങ്ങനെ പടരുന്നു എന്നും അതിലുപരിയായി, സ്വയം സംരക്ഷണം നൽകാൻ നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്നും nellikka.life വിശദമാക്കുന്നു.

എന്താണ് ഡെങ്കിപ്പനി?

ഡെങ്കി വൈറസ് (DENV) മൂലമുണ്ടാകുന്ന വൈറൽ അണുബാധയാണ് ഡെങ്കി. ഈ വൈറസ് ഫ്ലേവിവൈറസ് കുടുംബത്തിൽപ്പെട്ടതാണ് — സിക്ക, യെല്ലോ ഫീവർ എന്നിവയ്ക്ക് കാരണമാകുന്ന അതേ കുടുംബത്തിൽ നിന്നാണ് ഡെങ്കിയുടേയും വരവ്.

ഡെങ്കി വൈറസിന് നാല് വ്യത്യസ്ത തരങ്ങൾ (സെറോടൈപ്പുകൾ) ഉണ്ട്: DENV-1, DENV-2, DENV-3, DENV-4 എന്നിവ.

ഇതിൽ ഒരു തരം വൈറസ് ബാധിച്ചാൽ ആ പ്രത്യേക സെറോടൈപ്പിനെതിരെ ആജീവനാന്ത പ്രതിരോധശേഷി ലഭിക്കുമെങ്കിലും, മറ്റു തരങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കില്ല. അതുകൊണ്ടാണ് ഒരാൾക്ക് അവരുടെ ജീവിതകാലത്ത് നാല് തവണ വരെ ഡെങ്കിപ്പനി വരാൻ സാധ്യതയുള്ളത്.

ഡെങ്കി എങ്ങനെ ബാധിക്കുന്നു?

ഈഡിസ് കൊതുക് കടിച്ചാൽ

ഡെങ്കിപ്പനി പകരുന്നത് അണുബാധയുള്ള ഈഡിസ് ഈജിപ്റ്റി കൊതുകിന്റെ (കുറഞ്ഞ തോതിൽ ഈഡിസ് ആൽബോപിക്റ്റസ് കൊതുകിന്റെയും) കടിയിലൂടെയാണ്.

ഡെങ്കി വൈറസ് ബാധിച്ച വ്യക്തിയെ ഈ കൊതുക് കടിക്കുമ്പോൾ, വൈറസ് കൊതുകിന്റെ ശരീരത്തിൽ പ്രവേശിക്കുന്നു.

ഏകദേശം 8–12 ദിവസത്തിനുശേഷം, കൊതുക് രോഗം പരത്താൻ കഴിവുള്ളതായി മാറുകയും തുടർന്നുള്ള കടികളിലൂടെ ആരോഗ്യമുള്ള വ്യക്തികളിലേക്ക് വൈറസ് പകർത്തുകയും ചെയ്യുന്നു.

കൊതുകിന്റെ സമയവും സ്വഭാവവും

  • മിക്കവാറും പകൽ സമയത്താണ് ഈ കൊതുകുകൾ കടിക്കുന്നത് (അതിരാവിലെയും വൈകുന്നേരവും).
  • ബക്കറ്റുകൾ, പൂച്ചട്ടികൾ, വാട്ടർ ടാങ്കുകൾ, എ സി ട്രേകൾ, ടയറുകൾ, ചിരട്ടകൾ തുടങ്ങിയ ഇടങ്ങളിലെ വൃത്തിയുള്ള, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്.
  • ഇവയ്ക്ക് വീടിനുള്ളിൽ ജീവിക്കാനും ഒരു തവണത്തെ ആഹാരചക്രത്തിൽ (അതായത്, ഒരു കൊതുക് ഒരു തവണ രക്തം ഊറ്റിക്കുടിച്ച്, മുട്ടകളിടുന്ന രീതി)  ഒന്നിലധികം ആളുകളെ കടിക്കാനും കഴിയും.

മനുഷ്യൻ-കൊതുക്-മനുഷ്യൻ പകർച്ചയുടെ ചക്രം

അണുബാധയുള്ള കൊതുകു കടിച്ചാൽ വൈറസ് രക്തത്തിൽ പ്രവേശിക്കുകയും പെരുകുകയും ചെയ്യുന്നു.

രോഗാണുവിന്റെ വളർച്ചാ കാലയളവ് (കൊതുകു കടിച്ച ശേഷം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ എടുക്കുന്ന സമയം) സാധാരണയായി 4 മുതൽ 10 ദിവസം വരെയാണ്.

ഡെങ്കിപ്പനി പകരുമോ?

ഇല്ല — ഡെങ്കിപ്പനി പകരുന്ന രോഗമല്ല.

സ്പർശിക്കുന്നതു വഴിയോ വായു, ഉമിനീർ, ഭക്ഷണം എന്നിവയിലൂടെയൊന്നും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല.

എങ്കിലും, അസുഖം തുടങ്ങി ആദ്യത്തെ 4–5 ദിവസങ്ങളിൽ രോഗബാധിതനായ വ്യക്തി കൊതുകുകൾക്ക് അണുബാധയുടെ ഉറവിടം ആകാം — രോഗം ബാധിക്കാത്ത ഒരു കൊതുക് ആ വ്യക്തിയെ കടിക്കുകയാണെങ്കിൽ, ആ കൊതുകിന് വൈറസ് വഹിക്കാനും കൂടുതൽ പേരിലേക്ക് പടർത്താനും സാധിക്കും.

അതുകൊണ്ട്, ഡെങ്കി “പകരുന്ന” രോഗമല്ലെങ്കിൽ പോലും, ചുറ്റുപാടുമുള്ള കൊതുകുകൾ വഴി ഇത് പരോക്ഷമായി പടരും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

കൊതുകു കടിച്ച് 4 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ സാധാരണയായി കണ്ടുതുടങ്ങുകയും ഇത്  2 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യാം.

സാധാരണ ലക്ഷണങ്ങൾ 

  • പെട്ടെന്നുള്ള കടുത്ത പനി (104°F / 40°C വരെ)
  • കഠിനമായ തലവേദന (പ്രത്യേകിച്ച് കണ്ണുകൾക്ക് പിന്നിൽ)
  • പേശികളിലും സന്ധികളിലും എല്ലുകളിലുമുണ്ടാകുന്ന വേദന 
  • ഓക്കാനം, ഛർദ്ദി
  • കുറച്ച് ദിവസങ്ങൾക്ക് ശേഷം കാണുന്ന ചർമ്മത്തിലെ തിണർപ്പുകൾ
  • ചെറിയ തോതിലുള്ള രക്തസ്രാവം (മോണയിൽ നിന്നോ മൂക്കിൽ നിന്നോ. അല്ലെങ്കിൽ ശരീരത്തിൽ എളുപ്പത്തിൽ ചതവുണ്ടാകുക)

ഗുരുതരമായ ഡെങ്കി (DHF / DSS)

അണുബാധ പ്ലാസ്മ ലീക്കേജ്, രക്തസ്രാവം, അല്ലെങ്കിൽ ആന്തരികാവയവങ്ങളുടെ തകരാറ് എന്നിവയിലേക്ക് നയിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.  ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • തുടർച്ചയായ ഛർദ്ദി
  • കഠിനമായ വയറുവേദന
  • വേഗത്തിലുള്ള ശ്വാസോച്ഛ്വാസം
  • ക്ഷീണം, അസ്വസ്ഥത
  • ഛർദ്ദിയിലോ മലത്തിലോ രക്തം കാണുക
  • തണുത്ത ചർമ്മം

ഈ അവസ്ഥയ്ക്ക് അടിയന്തര ആശുപത്രി ചികിത്സ ആവശ്യമാണ്.

കാരണങ്ങളും അപകടസാധ്യത ഘടകങ്ങളും

പാരിസ്ഥിതിക കാരണങ്ങൾ 

  • കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം (കൊതുകുകൾക്ക് പെരുകാൻ പറ്റിയ സ്ഥലം)
  • നഗരങ്ങളിലെ തിരക്ക്
  • അശാസ്ത്രീയ മാലിന്യ സംസ്കരണവും മൂടിവെക്കാത്ത ജലസംഭരണികളും

കാലാവസ്ഥാപരമായ സാഹചര്യങ്ങൾ 

  • മൺസൂൺ കാലത്തിനും അതിന് ശേഷമുള്ള മാസങ്ങളിലെയും ചൂടുള്ള, ഈർപ്പമുള്ള കാലാവസ്ഥ കൊതുകുകളുടെ പ്രജനനം ത്വരിതപ്പെടുത്തുന്നു.

വ്യക്തിഗത ഘടകങ്ങൾ 

  • നിർമ്മാണ സ്ഥലങ്ങൾക്കോ തുറന്ന ജലസ്രോതസ്സുകൾക്കോ സമീപം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത്
  • ചർമ്മം മൂടാത്ത തരം വസ്ത്രങ്ങൾ ധരിക്കുന്നത്
  • കൊതുക് നിവാരണ മാർഗ്ഗങ്ങൾ (ഉദാഹരണത്തിന്, റിപ്പെല്ലന്റുകൾ അല്ലെങ്കിൽ ജനൽ സ്ക്രീനുകൾ) ഉപയോഗിക്കാത്തത്.

ഡെങ്കിപ്പനിയുടെ സങ്കീർണ്ണതകൾ 

കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഡെങ്കിപ്പനി, താഴെ പറയുന്ന സങ്കീർണ്ണതകൾക്ക് കാരണമാവാം:

  • കഠിനമായ നിർജ്ജലീകരണം
  • കരളിന് വീക്കം 
  • രക്തസ്രാവവും കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ടും (ത്രോംബോസൈറ്റോപീനിയ)
  • ഷോക്ക്, ഒന്നിലേറെ അവയവങ്ങൾ തകരാറിലാകുക (ഗുരുതരമായ കേസുകളിൽ)

നേരത്തെയുള്ള രോഗനിർണയവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതും ജീവൻ രക്ഷിക്കാൻ നിർണായകമാകും.

പ്രതിരോധം: ഡെങ്കിപ്പനിയിൽ നിന്ന് സ്വയം സംരക്ഷിക്കാം

1. കൊതുകു വളരുന്നത് തടയുക

വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, പൂച്ചട്ടികൾ, പക്ഷികൾക്ക് വെള്ളം വെയ്ക്കുന്ന പാത്രങ്ങൾ എന്നിവ ഓരോ 2–3 ദിവസത്തിലും വൃത്തിയാക്കുകയും വെള്ളം കളയുകയും ചെയ്യുക.

  • വെള്ളം സംഭരിക്കുന്ന ടാങ്കുകൾ മുറുക്കി അടച്ചു വെക്കുക.
  • വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ടയറുകൾ, ചിരട്ടകൾ, കാനുകൾ എന്നിവ ഉപേക്ഷിക്കുക.
  • വലിയ ജലസ്രോതസ്സുകളിൽ കൊതുകിന്റെ ലാർവകളെ നശിപ്പിക്കാനുള്ള മരുന്നുകൾ (ലാർവിസൈഡുകൾ, വിദഗ്ദ്ധ മേൽനോട്ടത്തിൽ) ഉപയോഗിക്കുക.

2. കൊതുകുകടി ഒഴിവാക്കുക

  • നീളൻ കൈകളുള്ള ഷർട്ടുകളും ഫുൾ പാന്റ്‌സും ധരിക്കുക.
  • കൊതുകു നിവാരണ ലേപനങ്ങൾ (DEET, പികാരിഡിൻ, അല്ലെങ്കിൽ സിട്രോനെല്ല അടങ്ങിയവ) ഉപയോഗിക്കുക.
  • കൊതുകുവലകളും ജനൽ സ്ക്രീനുകളും ഉപയോഗിക്കുക.
  • കൊതുകുകളെ ആകർഷിക്കുന്ന തരം സുഗന്ധദ്രവ്യങ്ങൾ ഒഴിവാക്കുക.

3. പരിസര ശുചിത്വം

  • ചുറ്റുപാടുകൾ വൃത്തിയായി ഈർപ്പമില്ലാതാക്കി സൂക്ഷിക്കുക.
  • വെള്ളക്കെട്ടുകളിൽ കൊതുകിന്റെ ലാർവകളെ ഭക്ഷിക്കുന്ന ഗംബൂസിയ (Gambusia) പോലുള്ള മത്സ്യങ്ങളെ വളർത്തുക.
  • കൊതുകുകൾ കൂടുതലായി കാണപ്പെടുന്ന സമയങ്ങളിൽ വീടിനുള്ളിൽ കൊതുകുതിരികളോ അല്ലെങ്കിൽ വേപ്പറൈസർ മാറ്റുകളോ ഉപയോഗിക്കുക.

4. വാക്സിനേഷൻ

ഡെങ്കി വാക്സിൻ (ഡെങ്വാക്സിയ – Dengvaxia) നിലവിലുണ്ട്. ചില രാജ്യങ്ങളിൽ, ഒരിക്കൽ ഡെങ്കി ബാധിച്ച വ്യക്തികൾക്ക് മാത്രമേ ഈ വാക്സിൻ നൽകുന്നതിന് അംഗീകാരമുള്ളൂ.  ഇന്ത്യയിൽ ഇത് പൊതുവായി ലഭ്യമാവുകയോ ശുപാർശ ചെയ്യപ്പെടുകയോ ചെയ്യുന്നില്ല.

5. നേരത്തെയുള്ള രോഗനിർണയവും വൈദ്യസഹായവും

കൊതുകു സീസണിൽ പനിയോടൊപ്പം തിണർപ്പുകളോ സന്ധി വേദനകളോ ഉണ്ടെങ്കിൽ നേരത്തെ തന്നെ വൈദ്യസഹായം തേടുക.

സമയബന്ധിതമായ പരിശോധനയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നതിലൂടെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും.

ചികിത്സ

ഡെങ്കിപ്പനിക്ക് പ്രത്യേകമായി ആന്റിവൈറൽ ചികിത്സ നിലവിൽ ലഭ്യമല്ല.

രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിലും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിലുമാണ് ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  • പനിക്കും വേദനയ്ക്കും പാരസെറ്റമോൾ ഉപയോഗിക്കുക. (ആസ്പിരിൻ അല്ലെങ്കിൽ ഐബുപ്രോഫൻ ഒഴിവാക്കുക — ഇവ രക്തസ്രാവം വഷളാക്കിയേക്കാം).
  • മതിയായ ജലാംശം നൽകുന്നത് വളരെ പ്രധാനമാണ്.
  • ഗുരുതരമായ കേസുകൾക്ക് (പ്രത്യേകിച്ച് പ്ലേറ്റ്‌ലെറ്റ് നിലയും മറ്റ് പ്രധാന ലക്ഷണങ്ങളും സങ്കീർണ്ണമാണെങ്കിൽ ) ആശുപത്രിയിൽ നിരീക്ഷണം ആവശ്യമാണ്.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക:

  • 2–3 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന കടുത്ത പനി
  • കഠിനമായ വയറുവേദന അല്ലെങ്കിൽ ഛർദ്ദി
  • മോണയിൽ നിന്നോ മൂക്കിൽ നിന്നോ രക്തസ്രാവം
  • തുടർച്ചയായ ക്ഷീണം അല്ലെങ്കിൽ ആശയക്കുഴപ്പം
  • നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ (വായ വരളുക, മൂത്രമൊഴിക്കുന്നത് കുറയുക)

കൊതുകു കടിയേൽക്കാതെ സൂക്ഷിക്കുക

ചെറിയ ശുചിത്വ വീഴ്ചകൾ പോലും വലിയ പൊതുജനാരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുമെന്ന് ഡെങ്കിപ്പനി നമ്മെ ഓർമ്മിപ്പിക്കുന്നു.

കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കിയും  കൊതുകുകടിയിൽ നിന്ന് സ്വയം സംരക്ഷിച്ചും അവബോധം പ്രചരിപ്പിച്ചും ഡെങ്കിപ്പനി തുടങ്ങുന്നതിന് മുമ്പ് തന്നെ നമുക്ക് അതിനെ തടയാൻ കഴിയും.

References

  1. Dengue and severe dengue
  2. Dengue fact sheet
  3. Dengue

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe