ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ: ഈ രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം? ചികിൽസാരീതിയും മുൻകരുതലും

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു പ്രധാന പ്രശ്നമാണ് കൊതുകുജന്യ രോഗങ്ങൾ. നമ്മുടെ നാട്ടിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ അസുഖങ്ങൾ സൃഷ്ടിക്കുന്ന ഭീതിയിൽ നിന്ന് നമ്മൾ ഇപ്പോഴും മുക്തി നേടിയിട്ടില്ല എന്നത് വാസ്തവമാണ്. ഈ രോഗങ്ങൾ പലപ്പോഴും ഒരേ പ്രദേശത്തു തന്നെ ഒരുമിച്ച് കാണാറുണ്ട്. ഈ മൂന്ന് തരം രോഗങ്ങളുടേയും കാരണം, അവ പരത്തുന്ന കൊതുകുകൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയുടെ കാര്യത്തിലെല്ലാം വലിയ വ്യത്യാസങ്ങളുണ്ട്.
1. ഓരോ രോഗത്തിനും വ്യത്യസ്ത കാരണങ്ങൾ
- ഡെങ്കിപ്പനി (Dengue): ഇതൊരു വൈറസ് രോഗമാണ്. ‘ഫ്ലാവിവൈറസ്’ കുടുംബത്തിൽപ്പെട്ട ഡെങ്കി വൈറസാണ് രോഗകാരണം. പ്രധാനമായും ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ ഇനം കൊതുകുകളാണ് ഇത് വ്യാപിപ്പിക്കുന്നത്.
- ചിക്കുൻഗുനിയ (Chikungunya): ഡെങ്കിപ്പനിയെപ്പോലെ ഇതിനും വൈറസ് തന്നെയാണ് ആണ് രോഗകാരണമാകുന്നത്. ‘ടോഗാവിരിഡേ’ കുടുംബത്തിൽപ്പെട്ട ചിക്കുൻഗുനിയ വൈറസാണ് രോഗമുണ്ടാക്കുന്നത്. ഡെങ്കി പരത്തുന്ന അതേ ഈഡിസ് കൊതുകുകൾ തന്നെയാണ് ഈ രോഗവും പരത്തുന്നത്.
- മലേറിയ (Malaria): പരാദജീവി മൂലമുണ്ടാകുന്ന രോഗമാണിത്. പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട പരാദങ്ങളാണ് രോഗകാരണം. രാത്രികാലങ്ങളിൽ കടിക്കുന്ന അനോഫിലിസ് കൊതുകുകളാണ് ഇത് പരത്തുന്നത്.
2. കൊതുകുകളുടെ സ്വഭാവവും രോഗം പകരുന്ന രീതിയും
- ഈഡിസ് കൊതുകുകൾ (Aedes): ഈ ഇനം കൊതുകുകൾ പ്രധാനമായും പകൽ സമയത്താണ് കടിക്കുന്നത്. അതിനാൽ ഡെങ്കി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പകരാനുള്ള സാധ്യത പകൽസമയങ്ങളിൽ കൂടുതലാണ്.
- അനോഫിലിസ് കൊതുകുകൾ (Anopheles): ഇവ സാധാരണയായി സന്ധ്യയ്ക്കും രാത്രിയിലുമാണ് കടിക്കുന്നത്. ഇത് മലേറിയ പടരാൻ കാരണമാകുന്നു.
3.രോഗലക്ഷണങ്ങളിലും ചികിത്സയിലുമുള്ള പ്രധാന വ്യത്യാസങ്ങൾ
| ഘടകങ്ങൾ | ഡെങ്കിപ്പനി | ചിക്കുൻഗുനിയ | മലേറിയ |
| രോഗാരംഭം(കൊതുകുകടിച്ച് ലക്ഷണം പ്രകടമാകാൻ എടുക്കുന്ന സമയം) | 3 മുതൽ 14 ദിവസത്തിനുള്ളിൽ | 2 മുതൽ 14 ദിവസത്തിനുള്ളിൽ. | 10 മുതൽ 15 ദിവസത്തിനുള്ളിൽ. |
| പ്രധാന ലക്ഷണങ്ങൾ | ശക്തമായ പനി, ശരീരത്തിൽ പാടുകൾ, കഠിനമായ തലവേദന, സന്ധികളിലും പേശികളിലും വേദന. രോഗം ഗുരുതരമായാൽ രക്തസ്രാവവും ശരീരം പ്രവർത്തനരഹിതമാവുന്ന അവസ്ഥയും ഉണ്ടാകാം. | ശക്തമായ പനി, പെട്ടെന്നുണ്ടാകുന്ന സന്ധിവേദനയും നീർക്കെട്ടും, ശരീരത്തിൽ പാടുകൾ, തലവേദന. സന്ധിവേദന ചിലപ്പോൾ മാസങ്ങളോളം നീണ്ടുനിന്നേക്കാം. | വിറയലോടുകൂടി ഇടയ്ക്കിടെ വരുന്ന പനി, വിയർപ്പ്, തലവേദന, ഛർദ്ദി. രോഗം ഗുരുതരമായാൽ വിളർച്ച, അപസ്മാരം, ആന്തരികാവയവങ്ങളുടെ പ്രവർത്തനരഹിതമാകുക എന്നിവയുണ്ടാകാം |
| രോഗനിർണ്ണയം | രക്തപരിശോധനയിലൂടെ വൈറസിന്റെ ആർ.എൻ.എ, ആന്റിബോഡികൾ എന്നിവ കണ്ടെത്തുന്നു. | വൈറസിന്റെ ആർ.എൻ.എ അല്ലെങ്കിൽ ഇമ്മ്യൂണോഗ്ളോബുലിൻ എം ആന്റിബോഡി പരിശോധനയിലൂടെ. | ബ്ളഡ് സ്മിയർ, ആന്റിജൻ ടെസ്റ്റുകൾ എന്നിവയിലൂടെ. |
| ചികിത്സ | പ്രത്യേക മരുന്നുകളില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ നൽകുന്നു. ധാരാളം വെള്ളം കുടിക്കുക, വിശ്രമിക്കുക, ഡോക്ടറുടെ നിർദ്ദേശപ്രകാരം വേദനസംഹാരികൾ ഉപയോഗിക്കുക. | പ്രത്യേക മരുന്നില്ല. പൂർണ്ണ വിശ്രമം, വേദന കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയാണ് പ്രധാന ചികിത്സ. | മലേറിയയ്ക്കെതിരായ ആന്റിമലേറിയൽ മരുന്നുകൾ (ഉദാ: ആർട്ടിമിസിനിൻ അടങ്ങിയവ) ഉപയോഗിച്ച് ചികിത്സിക്കാം. |
ഗുരുതരമായ പ്രത്യാഘാതങ്ങൾ | ഡെങ്കി ഹെമറേജിക് ഫീവർ (രക്തസ്രാവത്തോട് കൂടിയ പനി), ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവ ഉണ്ടാകാം | ദീർഘകാലം നീണ്ടുനിൽക്കുന്ന സന്ധിവേദന. മരണം സംഭവിക്കുന്നത് വളരെ അപൂർവ്വം. | സെറിബ്രൽ മലേറിയ (തലച്ചോറിനെ ബാധിക്കുന്നത്), ഒന്നിലധികം ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമാവുക എന്നിവ സംഭവിക്കാം. ഇത് ജീവന് തന്നെ ഭീഷണിയാണ് |
4. രോഗബാധയും ആശയക്കുഴപ്പവും
ഈ രോഗങ്ങളുടെയെല്ലാം ചില ലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെയായതിനാൽ, രോഗനിർണ്ണയത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ഈ മൂന്ന് രോഗങ്ങളും ഒരാൾക്ക് ഒരേസമയം പിടിപെടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ രോഗനിർണ്ണയവും ചികിത്സയും കൂടുതൽ സങ്കീർണ്ണമാക്കുന്നു.
5. എങ്ങനെ പ്രതിരോധിക്കാം?
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ്. അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:
- കൊതുക് പെരുകുന്നത് തടയുക: വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. പഴയ ടയറുകൾ, പാത്രങ്ങൾ, ചിരട്ടകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ ഇടനൽകരുത്.
- വ്യക്തിഗത സുരക്ഷ: കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. രാത്രിയിൽ ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുന്നത് മലേറിയയെ തടയാൻ ഏറെ ഫലപ്രദമാണ്. ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
- സാമൂഹിക മുൻകരുതലുകൾ: കുടിവെള്ള ടാങ്കുകളും പാത്രങ്ങളും ശരിയായ രീതിയിൽ മൂടിവെക്കുക. മഴക്കാലത്ത് ആഴ്ചയിലൊരിക്കൽ ‘ഡ്രൈ ഡേ’ ആചരിക്കുക (വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കുക).
- പുതിയ പ്രതിരോധ മാർഗ്ഗങ്ങൾ: ഡെങ്കി, ചിക്കുൻഗുനിയ എന്നിവയുടെ വ്യാപനം കുറയ്ക്കാൻ ‘വോൾബാക്കിയ’ (Wolbachia) ബാക്ടീരിയ അടങ്ങിയ കൊതുകുകളെ ഉപയോഗിക്കുന്ന നൂതന രീതികൾ നിലവിലുണ്ട്. കൂടാതെ, ലോകാരോഗ്യ സംഘടന അംഗീകരിച്ച മലേറിയ വാക്സിനുകളും (ഉദാ: RTS,S, R21) ഇപ്പോൾ ലഭ്യമാണ്.
6. മഴക്കാലം ശ്രദ്ധയോടെ
മഴക്കാലത്ത് കേരളം ഉൾപ്പെടെ, രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരം പനി പടർന്നുപിടിക്കാറുണ്ട്. അസുഖങ്ങൾ പകർച്ചവ്യാധിയായി മാറാതിരിക്കാൻ, പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും മഴ പെയ്യാൻ കാത്തു നിൽക്കാതെ മുന്നൊരുക്കങ്ങൾ നടത്തുകയും വേണം.
പ്രധാനമായി ഓർക്കേണ്ട കാര്യങ്ങൾ
- ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും വൈറസ് ബാധ കാരണമാണ് ഉണ്ടാകുന്നത്; മലേറിയ പടർത്തുന്നത് പരാദജീവിയും.
- പകൽ കടിക്കുന്ന ഈഡിസ് കൊതുകുകൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്നു; രാത്രി കടിക്കുന്ന അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്.
- ലക്ഷണങ്ങളിൽ സാമ്യങ്ങളുണ്ടെങ്കിലും ഡെങ്കിപ്പനിയിൽ രക്തസ്രാവ സാധ്യതയും ചിക്കുൻഗുനിയയിൽ കഠിനമായ സന്ധിവേദനയും മലേറിയയിൽ വിറയലോടുകൂടിയ പനിയുമാണ് പ്രധാന വ്യത്യാസങ്ങളായി കാണുന്ന ഘടകങ്ങൾ. മലേറിയയ്ക്ക് ചികിത്സ വൈകുന്നത് അപകടകരമാണ്.
- ഓരോ രോഗത്തിൻ്റെയും നിർണ്ണയവും ചികിത്സയും വ്യത്യസ്തമാണ്. അതിനാൽ, കൃത്യമായ പരിശോധനയിലൂടെ രോഗം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
- കൊതുകു നിയന്ത്രണം, വ്യക്തിഗത സുരക്ഷ, നൂതന പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയാണ് രോഗം തടയാനുള്ള പ്രധാന വഴികൾ.
▶️ അറിവാണ് ഏറ്റവും വലിയ പ്രതിരോധം. ഈ വ്യത്യാസങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.




