പുക പുതച്ച് രാജ്യതലസ്ഥാനം: ജീവശ്വാസത്തിലെ മാലിന്യം  ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ 

പുക പുതച്ച് രാജ്യതലസ്ഥാനം: ജീവശ്വാസത്തിലെ മാലിന്യം  ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങൾ 

ഡൽഹിയിലെ വായു ഗുണനിലവാരം അനുനിമിഷം വഷളാകുന്നതു സംബന്ധിച്ച വാർത്തകൾ വന്നുകൊണ്ടേയിരിക്കുകയാണ്. തലസ്ഥാന നഗരത്തിന് ശ്വാസം മുട്ടാൻ തുടങ്ങിയിട്ട് കുറച്ചേറെക്കാലമായി. 

വായുമലിനീകരണം രൂക്ഷമായതോടെ സർക്കാർ, നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ടെങ്കിലും വായുഗുണനിലവാര സൂചിക വളരെ മോശം നിലയിൽത്തന്നെയാണ്.

പി.എം 2.5 (PM2.5) കണികകളുടെ അളവ് 15 µg/m³ ൽ താഴെ നിർത്താനാണ് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്നത്. എന്നാൽ ഡൽഹിയിൽ ഈ പരിധിയേക്കാൾ എത്രയോ ഇരട്ടി ഉയർന്ന അളവാണെന്നതാണ് യാഥാർത്ഥ്യം. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചും സ്കൂളുകൾ അടച്ചും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചുമൊക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും അന്തരീക്ഷത്തെയൊന്നാകെ മൂടുന്ന ഈ വിഷപ്പുകയുടെ പുതപ്പ് ഭീതിയുളവാക്കുന്നൊരു സത്യത്തെ പൊതിഞ്ഞുവെയ്ക്കുന്നുണ്ട്: ഇപ്പോൾ ശ്വസിക്കുന്ന ഈ വായുവിലെ മാലിന്യം, നമ്മുടെ ആയുസ്സ് കുറയ്ക്കുമെന്ന യാഥാർത്ഥ്യത്തെ.   

വിഷപ്പുകയ്ക്ക് പിന്നിലെ കാരണമെന്താണ്?

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് ഒറ്റക്കാരണം മാത്രമല്ല ഹേതുവാകുന്നത്; പലതരം പുകകൾ ചേർന്ന ഒരു വിഷമിശ്രിതമാണ് ഈ ജീവവായു:

  • വാഹനങ്ങളിൽ നിന്നുള്ള പുക: ഒരു കോടിയിലേറെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നൈട്രജൻ ഓക്സൈഡുകളും മറ്റ് കണികകളും പുറന്തള്ളുന്നു.
  • അവശിഷ്ടങ്ങൾ കത്തിക്കൽ: പഞ്ചാബിലെയും ഹരിയാനയിലെയും വയലുകളിൽ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുമ്പോൾ രൂപംകൊള്ളുന്ന പുക ഡൽഹിയിലേക്ക് ഒഴുകിയെത്തുന്നു.
  • നിർമ്മാണമേഖലകളിൽ നിന്നുണ്ടാകുന്ന പൊടിപടലങ്ങൾ: വലിയതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വായുവിൽ തങ്ങിനിൽക്കുന്ന നേർത്ത പൊടിയുടെ കണങ്ങൾ പുറത്തുവിടുന്നു.
  • വ്യവസായമേഖല പുറന്തള്ളുന്ന വിഷപ്പുക: എൻ.സി.ആറിന് (NCR) ചുറ്റുമുള്ള ഫാക്ടറികൾ സൾഫർ ഡൈ ഓക്സൈഡും കാർബൺ മോണോക്സൈഡും പുറന്തള്ളുന്നു.
  • കാലാവസ്ഥ തീർക്കുന്ന കെണി: തണുത്ത വായുവും മന്ദഗതിയിലുള്ള കാറ്റും ചേർന്ന് ഒരു ‘ഇൻവേർഷൻ ലെയർ’ (Inversion Layer) സൃഷ്ടിക്കുന്നു ഇത് ഒരു കട്ടിപ്പുതപ്പു പോലെ പ്രവർത്തിച്ച് വിഷവസ്തുക്കളെ ഭൂമിയോട് ചേർത്ത് കുടുക്കിയിടുന്നു.

ഡൽഹി ശ്വസിക്കുകയല്ല, അതിജീവിക്കുകയാണെന്നാണ് ജീവശ്വാസത്തിൽ കലരുന്ന വിഷപ്പുക സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പരാമർശിച്ചുകൊണ്ട് ഡോക്ടർമാർ പറയുന്നത്: 

1. ശ്വാസകോശങ്ങൾ അപകടത്തിൽ

“വായുമലിനീകരണം അതിരൂക്ഷമാകുന്ന ദിവസങ്ങളിൽ, ഡൽഹിയിൽ ശ്വാസമെടുക്കുന്നത് ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. ഈ നഗരം ശ്വസിക്കുകയല്ല, അതിജീവിക്കുകയാണ്.”

ആർ.എം.എൽ. ഹോസ്പിറ്റലിലെ പൾമനോളജിസ്റ്റ് ഡോ. ഒബൈദൂർ റഹ്മാൻ, മലിനീകരണം സൃഷ്ടിക്കുന്ന ഭീകരത വ്യക്തമാക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ 20% വർദ്ധനവാണ് ആശുപത്രികൾ റിപ്പോർട്ട് ചെയ്യുന്നത്, പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും. ആസ്ത്മ, ശ്വാസംമുട്ട്, ബ്രോങ്കൈറ്റിസ് എന്നിവ വർദ്ധിച്ചു വരുന്നു. കൂടാതെ, ആരോഗ്യമുള്ള ചെറുപ്പക്കാർ പോലും തൊണ്ടവേദനയും നെഞ്ചിരിച്ചിലും മൂലം ചികിൽസ തേടിയെത്തുന്നുണ്ട്. 

2. ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കുട്ടികൾ 

ഇന്ത്യാ ടുഡേ പങ്കുവെച്ച ഒരു പഠനമനുസരിച്ച്, എ.ക്യു.ഐ. 400 കടക്കുമ്പോൾ ശിശുരോഗ വിഭാഗത്തിലെ അടിയന്തര ചികിത്സകൾക്കായി പ്രവേശനം നേടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു.

ശിശുരോഗ വിദഗ്ധയായ ഡോ. ശിൽപ ഭട്ട് മുന്നറിയിപ്പ് നൽകുന്നു:

“മലിനമായ വായു ശ്വാസകോശത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. ഡൽഹിയിൽ വളരുന്ന കുട്ടികൾക്ക് മറ്റിടങ്ങളിലെ കുട്ടികളേക്കാൾ, ശ്വാസകോശ ശേഷി 10–12% കുറവാകാനാണ് സാധ്യത.”

3. ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുന്നു

“നേർത്ത കണികകൾ രക്തത്തിലൂടെ സഞ്ചരിച്ച് ധമനികളിൽ നീർവീക്കമുണ്ടാക്കുകയും ഇത് ഹൃദയാഘാതം, പക്ഷാഘാതം, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു”  എന്ന് പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. നരേഷ് ട്രെഹാൻ പറയുന്നു

തുടർച്ചയായുള്ള പി.എം. 2.5 മലിനീകരണം, മുതിർന്നവരിൽ മറവി രോഗത്തിന് സമാനമായ ലക്ഷണങ്ങളും (ഡിമെൻഷ്യ), ചിന്തിക്കാനുള്ള ശേഷിക്കുറവും സൃഷ്ടിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതായത്, ശ്വസിക്കുന്ന വായു ശ്വാസകോശത്തെ മാത്രമല്ല, മനസ്സിനെയും മൂടിയിടാൻ സാധ്യതയുണ്ട്.

ശ്വാസകോശത്തിനു പുറമെ: ശരീരം മുഴുവൻ പ്രതിസന്ധി

മലിനീകരണം ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കുന്നു:

  • ചർമ്മം: ഓക്സിഡേറ്റീവ് സ്ട്രെസ്, ചർമ്മത്തിന് മങ്ങൽ, അകാല വാർദ്ധക്യം, മുഖക്കുരു എന്നിവയ്ക്ക് കാരണമാകുന്നു.
  • കണ്ണുകൾ: കണ്ണെരിച്ചിൽ, ചുവപ്പ്, കണ്ണിൽ തരുതരുപ്പ് പോലെ തോന്നുക എന്നിവയെല്ലാം മോശം അന്തരീക്ഷത്തിൽ യാത്ര ചെയ്യുന്നവരിൽ സാധാരണമാണ്.
  • എല്ലുകൾ: വായു മലിനീകരണം എല്ലുകളുടെ ബലക്ഷയം വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
  • പ്രത്യുത്പാദനം: നേർത്ത കണികകളുമായുള്ള സമ്പർക്കം പുരുഷന്മാരിൽ ബീജത്തിന്റെ ഗുണമേന്മ കുറയ്ക്കാനും സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

പൊതുജനാരോഗ്യ അടിയന്തരാവസ്ഥ: വിദഗ്ദ്ധ നിർദ്ദേശങ്ങൾ

ഹ്രസ്വകാല പ്രതിവിധികൾ (വ്യക്തിഗത സംരക്ഷണത്തിന്)

1.പുറത്തിറങ്ങുന്നതിന് മുമ്പ് എ.ക്യു.ഐ. പരിശോധിക്കുക. 200ൽ കൂടുതലാണെങ്കിൽ പുറത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.

2.സർട്ടിഫൈഡ് മാസ്കുകൾ (N95/N99) ധരിക്കുക. സാധാരണ തുണി മാസ്കുകൾക്ക് പി.എം. 2.5 കണികകളെ തടയാൻ കഴിയില്ല.

3.ഇൻഡോർ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക, തിരക്കേറിയ സമയങ്ങളിൽ ജനലുകൾ അടച്ചിടുക.

4.ആവി പിടിക്കുന്നതും ഉപ്പുവെള്ളം ഉപയോഗിച്ച് നാസാരന്ധ്രങ്ങൾ കഴുകുന്നതും കണികകൾ നീക്കം ചെയ്യാൻ സഹായിക്കും.

5.നീർവീക്കം തടയാൻ ധാരാളം വെള്ളം കുടിക്കുക, നെല്ലിക്ക, തുളസി, മഞ്ഞൾ, സിട്രസ് പഴങ്ങൾ പോലുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ആഹാരം കഴിക്കുക.

കുട്ടികൾക്കും പ്രായമായവർക്കും

  • കുട്ടികൾ വീടിന് പുറത്തു കളിക്കുന്നത്, പകൽ സമയത്ത് മലിനീകരണം കുറയുമ്പോൾ മാത്രമാക്കി പരിമിതപ്പെടുത്തുക.
  • രാവിലെയുള്ള നടത്തം ഒഴിവാക്കുക (ഈ സമയത്താണ് വായുവിൽ ഏറ്റവും കൂടുതൽ വിഷാംശം ഉണ്ടാകുക).
  • ചുമ, കിതപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും നേരത്തെ തന്നെ വൈദ്യസഹായം തേടുകയും ചെയ്യുക.

ദീർഘകാല പരിഹാരങ്ങൾ 

(ഡോക്ടർമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും ആവശ്യപ്പെടുന്നവ)

  • വാഹന മലിനീകരണ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുക, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക.
  • വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഒഴിവാക്കാൻ കർഷകർക്ക് ബദൽ വിള പരിപാലന സംവിധാനങ്ങൾ നൽകുക.
  • നഗരങ്ങളിൽ ‘ഹരിത ശ്വാസകോശങ്ങൾ’ (ട്രീ ബെൽറ്റുകൾ, മട്ടുപ്പാവ് തോട്ടങ്ങൾ, ഇക്കോ-ഇടനാഴികൾ) സൃഷ്ടിക്കുക.
  • സീസണുകൾ അനുസരിച്ചുള്ള മലിനീകരണം കൈകാര്യം ചെയ്യാൻ സ്ഥിരം പൊതുജനാരോഗ്യ കർമ്മസേന രൂപീകരിക്കുക.

മാനസികാഘാതം

മലിനീകരണത്തെക്കുറിച്ചുള്ള ഉത്കണ്ഠ (Pollution Anxiety) മനസ്സിനെയാകെ തളർത്തും. പുകമഞ്ഞും ‘വിഷവായു’വിനെക്കുറിച്ചുള്ള വാർത്തകളും സ്ഥിരമായി കാണുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകും.

നിസ്സഹായാവസ്ഥയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിന് പകരം, വിഷാദത്തിന് വഴിവെയ്ക്കുന്ന വാർത്തകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും സ്വയംപരിപാലനത്തിന് ഊന്നൽ നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ ഉപദേശിക്കുന്നു ഫിൽട്ടർ ചെയ്ത വായു ലഭിക്കുന്ന മുറിയിൽ ഇരുന്ന് ചെയ്യുന്ന ശ്വസന വ്യായാമങ്ങൾ (Breathing exercises) ഉത്കണ്ഠ കുറയ്ക്കാനും ശ്വാസകോശ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

ഒന്നും ചെയ്യാതിരുന്നാൽ…

അടുത്തിടെ ലെ മോൺഡ് (Le Monde) നടത്തിയ ഒരു പഠനത്തിൽ, ഡൽഹിയിൽ ഓരോ വർഷവും പതിനേഴായിരത്തിലേറെപ്പേർക്ക് വായു മലിനീകരണം മൂലമുള്ള അസുഖങ്ങൾ കാരണം ജീവൻ നഷ്ടമാകുന്നു എന്ന് കണ്ടെത്തി.

ശുദ്ധവായുവാണ് നല്ല ആരോഗ്യത്തിൻ്റെ അടിത്തറയെന്ന് nellikka.life വിശ്വസിക്കുന്നു. പോഷകാഹാരം പോലെ, വ്യായാമം പോലെ, മികച്ച ആരോഗ്യത്തിന് ശുദ്ധവായുവും അത്യന്താപേക്ഷിതമാണ് എന്നും. 

ശ്വാസകോശങ്ങളെ സംരക്ഷിക്കാം, കൂടുതൽ ശുചിത്വം പ്രദാനം ചെയ്യുന്ന സംവിധാനങ്ങളെ  പിന്തുണയ്ക്കാം. ആരോഗ്യം എന്നത് വ്യക്തിപരം മാത്രമല്ല, അത് പരിസ്ഥിതിയിൽ അലിഞ്ഞു ചേർന്നതാണെന്ന് നമുക്ക് സ്വയം ഓർമ്മിപ്പിക്കാം.

References

  1. “Delhi AQI Turns Severe for First Time This Year.”
  2. NDTV — “Experts Warn of Long-Term Health Consequences as Delhi’s Air Quality Worsens.”
  3. Economic Times — Dr Obaidur Rahman Interview, RML Hospital.
  4. India Today — “Air Pollution and Children’s Health in Delhi.”
  5. Hindustan Times — “The Hidden Health Impact Beyond the Lungs.”
  6. Le Monde (2025) — “Deadly Pollution in Indian Capital Claims More Than 17,000 Lives Each Year.”

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe