ഈ വർഷവും കൊഴിഞ്ഞുവീഴുമ്പോൾ സ്വയമറിയുക

ഈ വർഷവും കൊഴിഞ്ഞുവീഴുമ്പോൾ സ്വയമറിയുക

തടസ്സങ്ങളിൽ തളരാതെ എത്രമാത്രം കരുത്തരായിരിക്കുന്നു നിങ്ങൾ!

പ്രിയമുള്ളവരേ,

ഈ വർഷത്തിൻ്റെ അവസാന ദിനത്തിലാണ് നിങ്ങൾ ഇത് വായിക്കുന്നതെങ്കിൽ, ഒരു നിമിഷം…

ഒന്നാലോചിച്ചുനോക്കൂ…

വർത്തമാനകാലത്തിൽ നിന്നടർന്നു വീണ്, ഓർമ്മകളിൽ അവശേഷിക്കാനൊരുങ്ങുന്ന ഈ വർഷത്തെ അനുഭവങ്ങൾ….

ഓർത്തെടുക്കുന്നത്, എല്ലാം മായ്ച്ചുകളഞ്ഞ് വീണ്ടും തുടങ്ങാനോ പശ്ചാത്തപിക്കാനോ വേണ്ടിയല്ല. അല്ലെങ്കിലും സ്വന്തം മനസ്സിനെ ഇങ്ങനെ നോക്കിക്കാണുമ്പോൾ, അവിടെ അലങ്കാരങ്ങളുടെയോ തേച്ചുമിനുക്കലിൻ്റെയോ ആവശ്യവുമില്ലല്ലോ. 

ആഗ്രഹങ്ങളിലേറെയും സാധിച്ച വർഷമായിരുന്നിരിക്കും ചിലർക്ക് 2025. അത് ചിലർക്ക്… മറ്റു ചിലർക്ക്, കടന്നുപോകുന്ന ഈ വർഷം അത്ര ദയയുള്ളതായിരുന്നിരിക്കില്ല. ക്ഷമയെയും കരുത്തിനെയും നിങ്ങളിൽ തന്നെയുള്ള വിശ്വാസത്തെയും അതൊരുപക്ഷേ പലതവണ പരീക്ഷിച്ചിട്ടുണ്ടാകാം.

ഉള്ളു തളരുന്നത് മറ്റാരും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ, ഓരോ ദിവസവും തള്ളിനീക്കുക എന്നത് തന്നെ വലിയൊരു പോരാട്ടമായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകാം.

എന്നിട്ടും — നിങ്ങൾ ഇവിടെത്തന്നെയുണ്ടല്ലോ, പ്രതിബന്ധങ്ങളിൽ തോറ്റു പിൻമാറാതെ. 

താങ്ങാൻ കഴിയില്ലെന്ന് കരുതിയതിനേക്കാൾ വലിയ ഭാരങ്ങൾ നിങ്ങൾ ഈ വർഷം ചുമലിലേറ്റി. തളർച്ച തോന്നുമ്പോഴും ഉള്ളിൽ ആകുലത നിറയുമ്പോഴും തോറ്റുകൊടുക്കാതെ മുന്നോട്ട് നടന്നു. ഉത്തരവാദിത്തങ്ങളും വികാരങ്ങളും മറ്റുള്ളവരുടെ പ്രതീക്ഷകളും ഒരേസമയം കൈകാര്യം ചെയ്തു. ഭയമുണ്ടായിട്ടും, മുന്നോട്ട് നടക്കാൻ തീരുമാനിച്ചതുകൊണ്ടുമാത്രം പിന്നിട്ടു തീർത്ത വഴികൾ… ആ തീരുമാനത്തിനുതന്നെയാണ് ഏറ്റവുമേറെ മൂല്യം. 

പ്രിയപ്പെട്ടവരുടെ വേർപാട് നൽകിയ വേദന, ചിരിച്ചുകൊണ്ട് വഞ്ചനയിൽപ്പെടുത്തിയവർ, കാരണമേതുമില്ലാതെ തെറ്റിദ്ധരിച്ചവർ,  സൗകര്യപൂർവ്വം അകറ്റിനിർത്തിയവർ, അപമാനിച്ച് ആനന്ദം കണ്ടെത്തിയവർ, ആകുന്നത്ര ശ്രമിച്ചിട്ടും വിജയം കാണാതെ പോയ സംഭവങ്ങൾ – ഇങ്ങനെയുള്ള അനുഭവങ്ങൾ ഉള്ളുപൊള്ളിച്ചിട്ടുണ്ടാകും പലപ്പോഴും. പക്ഷെ,ദയവായി ഇതൊന്ന് മനസ്സിലാക്കൂ:

നിങ്ങളെവിടെയും പരാജയമായിരുന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പരുവപ്പെടുത്തിയെടുത്ത മനസ്സാണ് നിങ്ങൾക്ക് കൈമുതലായുണ്ടായിരുന്നത്. 

സ്നേഹത്തിനും നന്മയ്ക്കും അവയർഹിക്കുന്ന വില കൽപ്പിച്ചു നൽകാത്തവർ ധാരാളമുള്ള  ഈ ലോകത്ത്, സ്വന്തം വികാരങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് നിങ്ങൾ ജീവിച്ചു.  

ആലയിലെ ഇരുമ്പുപോലെ, കനലിൽ ചുട്ടുപഴുപ്പിച്ച്, കാഠിന്യം കൂട്ടാൻ വെള്ളത്തിലിട്ട്, പിന്നെയും പൊള്ളിച്ച്, ചുറ്റിക കൊണ്ടടിച്ച് പതം വരുത്തി, അങ്ങനെ, ഒരാകൃതിയിലെത്തുന്നു, എന്തിനും പോന്ന മൂർച്ചയിലെത്തുന്നു. വാസ്തവത്തിൽ ഉള്ളുപൊള്ളിച്ച ജീവിതാനുഭവങ്ങൾ നിങ്ങളോട് ചെയ്തതും അതുതന്നെയാണ്. തീക്ഷ്ണ യാഥാർത്ഥ്യങ്ങളുടെ കനൽപ്പാതകൾ നിങ്ങളുടെ മനസ്സിന് തിളക്കം നൽകി, രാകിമിനുക്കി രൂപം നൽകി, തകർന്നുപോകാത്തത്ര മൂർച്ചയും ഉൾക്കരുത്തും നൽകി. പുറത്തുനിന്നു നോക്കിക്കാണുന്നവരുടെ നിർവ്വചനത്തിനൊത്ത് ചുരുങ്ങിപ്പോകാത്തത്ര ശക്തി നൽകി. ഇനി ഞാൻ തൊട്ടാവാടിയല്ലെന്ന് സ്വന്തം മനസ്സിനോടുറക്കെപ്പറയാൻ ആർജവം നൽകി.

ചില മാറ്റങ്ങൾ സംഭവിക്കുന്നത് ആരുമറിയാതെ, നിശബ്ദതയിലാണ്. തളർന്നു പോകുന്നതിന് മുൻപ് വിശ്രമിക്കാൻ തീരുമാനിക്കുമ്പോൾ, അനാവശ്യമായവ ഉപേക്ഷിക്കേണ്ടതെപ്പോഴെന്ന് തിരിച്ചറിയുമ്പോൾ, സ്വന്തം പരിമിതികൾ മനസ്സിലാക്കുമ്പോൾ, അപ്പോഴൊക്കെയും നിങ്ങൾ വളരുക തന്നെയാണ്.

ചില ദിവസങ്ങളെ അതിജീവിക്കുന്നതാകും ചിലപ്പോൾ നിങ്ങളുടെ വളർച്ച. പ്രയാസകരമായ സാഹചര്യങ്ങളിലും മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നതും മനസ്സിൻ്റെ കരുത്തുതന്നെയാണ്.

ഈ വർഷം അവസാനിക്കുമ്പോൾ,  ലക്ഷ്യങ്ങൾ പൂർത്തിയായിട്ടില്ലെന്നോ, കാര്യങ്ങൾ ഇപ്പോഴും അവ്യക്തമാണെന്നോ, മനസ്സിനേറ്റ മുറിവുകൾ ഉണങ്ങുന്നതേയുള്ളൂ എന്നോ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ — അതൊന്നും സാരമില്ല.

വെട്ടിത്തിരുത്തേണ്ട കാര്യങ്ങൾ നിറച്ചുവെച്ച പട്ടികയല്ല ജീവിതം. നാളെ പുലരുമ്പോഴേക്കും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണം എന്ന് ഒരു നിർബന്ധവുമില്ല.

വർഷം അവസാനിക്കുമ്പോൾ ഈയൊരു കാര്യം ഓർക്കുക:

മറ്റൊരാളാകാൻ വേണ്ടി നിങ്ങൾ എങ്ങോട്ടും ഓടേണ്ടതില്ല. കുറ്റബോധത്തിൽ നിന്നോ മറ്റുള്ളവരുമായുള്ള താരതമ്യത്തിൽ നിന്നോ പുതിയ തീരുമാനങ്ങളിലേക്ക് എത്തേണ്ടതുമില്ല. ഈ വർഷം എന്ത് നേടി എന്നതടിസ്ഥാനമാക്കി നിങ്ങളുടെ മൂല്യം അളന്നിടണ്ട.

ഇപ്പോൾ, ഈ നിമിഷം നിങ്ങളെന്താണോ, ആ അവസ്ഥയിൽത്തന്നെ പൂർണ്ണതയുണ്ട്. മൂല്യമുണ്ട്.

പുതിയ വർഷം വരുന്നത് ഒരുപാട് പുതിയ ചോദ്യങ്ങളുമായിട്ടാകാം. ആ ചോദ്യങ്ങൾക്കെല്ലാം ഇന്ന് തന്നെ ഉത്തരം കണ്ടെത്തണമെന്ന് ഒരു വാശിയും വേണ്ട.

വളരെ ലളിതമായ, സത്യസന്ധമായ ചുവടുവെയ്പ്പ് മാത്രമാണ് ഇപ്പോൾ ആവശ്യം. ആവേശത്തോടെ, ചുറ്റുമുള്ളവരുടെ കയ്യടി നേടാൻ കാണിക്കേണ്ടതല്ല നമ്മുടെ ഉൾക്കരുത്ത്. വീണ്ടും ശ്രമിക്കാൻ, തോൽവികളിൽ നിന്ന് പഠിക്കാൻ, വീണ്ടും മുന്നേറാനാകണം ആ കരുത്ത് വഴികാട്ടിയാകേണ്ടത്. 

അതുകൊണ്ട് ഈ വർഷം കൊഴിഞ്ഞുവീഴുമ്പോൾ, സ്വയം കരുണ കാണിക്കുക. ഇത്രയും ദൂരം താങ്ങിനിർത്തിയതിന് ശരീരത്തിനോട് നന്ദി പറയുക. തളരാതെ പിടിച്ചുനിന്നതിന് ഹൃദയത്തിനോട് നന്ദി പറയുക. കരുത്തുനേടിയതിന് മനസ്സിനോട് നന്ദി പറയുക.

മറ്റാരും സന്തോഷം കൊണ്ടുവന്നുതരുമെന്ന് കരുതി കാത്തിരിക്കേണ്ട.  ഈ നിമിഷം മുതൽ സ്വയം സ്നേഹിക്കാൻ, ആരോഗ്യത്തോടെ ജീവിക്കാൻ, മനസ്സിന് സന്തോഷം നൽകാൻ ശ്രമിക്കാം. 

ഒന്നുകൂടിപ്പറയട്ടേ, ഈ വർഷം തളർച്ച കരുത്താക്കി മാറ്റിയവരാണ് നിങ്ങൾ. ഇനി വരാനിരിക്കുന്ന വർഷവും കാലവും ഏറ്റവും മികച്ച രീതിയിൽ തന്നെ നിങ്ങൾ നേരിടണമെന്ന് നിർബന്ധമില്ല. സത്യസന്ധമായി, സ്വന്തം മനസ്സിനെ മുൻനിർത്തി, തികച്ചും സ്വാഭാവികമായി നേരിട്ടാൽ മാത്രം മതി. അതുനൽകുന്ന ആത്മവിശ്വാസവും മനോനിറവും- വരുംകാലത്തേക്ക് വഴി നടത്താൻ അതുതന്നെ ധാരാളം!

ആശംസകളോടെ,

 നെല്ലിക്ക.ലൈഫ്

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe