പുതിയ അമ്മമാർ അറിയാൻ – നിങ്ങൾ അതുല്യർ, താരതമ്യങ്ങളിൽ പെട്ടുപോകല്ലേ…

സ്നേഹധനനായ ഭർത്താവ്,കയ്യിൽ കുഞ്ഞുമായി സ്നേഹമയിയായ ഭാര്യ… പതിറ്റാണ്ടുകൾ മുമ്പത്തെ പരസ്യ ചിത്രങ്ങളുടെ കാലം മുതൽ ഈ ഡിജിറ്റൽ യുഗത്തിലും മാതൃഭാവം ഇങ്ങനെ ആയിരിക്കണം എന്ന് നിയമം ഉള്ളതുപോലെയാണ് നമ്മുടെ സമൂഹ മാധ്യമ പരിസരം വളർന്നു കൊണ്ടിരിക്കുന്നത്.
വിവാഹിതയാകുന്ന ഒരു പെൺകുട്ടി ഡിജിറ്റൽ ലോകത്തെ സൂപ്പർ മോമിനെ അനുകരിക്കേണ്ടത് ഒരു ആവശ്യമായി വരുന്നതോടുകൂടി മാതൃത്വം എന്നത് തനിക്കൊരിക്കലും പ്രാപ്യമല്ലാത്ത സങ്കീർണതയാണെന്ന തിരിച്ചറിവിലേക്ക് അവൾ കൂപ്പുകുത്തുകയാണ്. സ്വാഭാവികമായും മറ്റുള്ളവരുടെ കാഴ്ച്ചയ്ക്ക് മുമ്പിൽ ഒരു സൂപ്പർമോമായി അഭിനയിച്ചു തുടങ്ങുന്നതോടെ അവരുടെ ദുരന്തവും ആരംഭിക്കുകയായി.
പുതിയ അമ്മമാർ എപ്പോഴും ഓർത്തുവെക്കേണ്ട ഒരു യാഥാർത്ഥ്യം പറയട്ടെ – നിങ്ങളുടെ കുഞ്ഞിന് നിങ്ങൾ അതുല്യരാണ്, സൂപ്പർ വുമൺ പട്ടം ഇല്ലാതെതന്നെ.
ഡിജിറ്റൽ യുഗത്തിലെ അമ്മമാർ നേരിടുന്ന വെല്ലുവിളികൾ
പണ്ടുകാലത്തെ കൂട്ടുകുടുംബങ്ങളിൽ കുഞ്ഞുങ്ങളെ നോക്കാനും കളിപ്പിക്കാനുമൊക്കെ പല പ്രായങ്ങളിലുള്ള ധാരാളം ആളുകൾ ഉണ്ടായിരുന്നു. അമ്മയുടേയും കുഞ്ഞിൻ്റേയും ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകാൻ അന്നൊക്കെ താരതമ്യേന എളുപ്പവുമായിരുന്നു. പുതിയ കാലത്ത് ജോലിയുള്ള അമ്മമാർക്ക് ഓഫീസിലെ ഉത്തരവാദിത്തങ്ങൾ, കുഞ്ഞിൻ്റെ കാര്യങ്ങൾ, വീട്ടിലെ ജോലികൾ, എല്ലാത്തിനും പുറമെ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി നില നിൽക്കാൻ വേണ്ട കാര്യങ്ങളും കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നു.
സോഷ്യൽ മീഡിയയിൽ, സകല ജോലികളും ഞൊടിയിടയിൽ പുഞ്ചിരിയോടെ ചെയ്തുതീർക്കുന്ന, കുഞ്ഞിൻ്റെ എല്ലാക്കാര്യങ്ങളും വളരെ സന്തോഷത്തോടെ ചെയ്യുന്ന സൂപ്പർ മോം കിരീടമണിഞ്ഞു നിൽക്കുന്നവരെക്കാണുമ്പോൾ, യഥാർത്ഥ ജീവിതത്തിലെ അമ്മമാർ താരതമ്യം ചെയ്ത് സങ്കടപ്പെടുക സ്വാഭാവികം.
പഠനങ്ങൾ തെളിയിക്കുന്നത്
2021 ൽ മിഷിഗൺ സർവ്വകലാശാല നടത്തിയ പഠനത്തിൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന അമ്മമാരിൽ , മാനസിക സംഘർഷം കൂടുതലാകുന്നതായും ആത്മാഭിമാനം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഉറക്കപ്രശ്നങ്ങൾ, ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ, മാതൃത്വം എന്ന പുതിയ പദവി നൽകുന്ന സംശയങ്ങൾ – ഇതെല്ലാം അമ്മമാർക്ക് എല്ലാവർക്കും ഉണ്ടാകാറുണ്ട്. കൂടുതലായി ചർച്ച ചെയ്യപ്പെടേണ്ട ഇത്തരം വിഷയങ്ങൾ, പക്ഷെ, അപൂർവ്വമായി മാത്രമേ ഡിജിറ്റൽ ലോകം കാണുന്നുള്ളൂ എന്നതാണ് സത്യം.
യഥാർത്ഥത്തിൽ, കുഞ്ഞുങ്ങൾക്ക് വേണ്ടത് എന്താണ്
ജനിച്ചയുടനെ മുതൽ അവർക്ക് വേണ്ടത് അമ്മയുടെ സ്നേഹവും കരുതലും തന്നെയാണ്. അവരെ സംബന്ധിച്ച് സൂപ്പർ മോം എന്നോ കൂടുതൽ സൌന്ദര്യമുള്ളതെന്നോ ധാരാളം പണമുള്ളതെന്നോ ഉള്ള ചിന്തകളേയില്ല. സ്വന്തം അമ്മ എങ്ങനെയാണോ അതേ തരത്തിൽ ഉൾക്കൊള്ളുന്നവരാണ്, ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. തെറ്റുകുറ്റങ്ങളില്ലാത്ത അമ്മയെന്നത് അവരുടെ സ്വപ്നമേ അല്ല. അപ്പോൾ, കുഞ്ഞിന് വേണ്ടതെന്താണ്
- അമ്മ നൽകുന്ന വൈകാരിക പിന്തുണ
- സുരക്ഷിതത്വം
- ലാളന
കുഞ്ഞുങ്ങൾ വളരുന്ന കാലഘട്ടത്തിൽ അവർക്ക് അനിവാര്യമായത് എന്തൊക്കെയാണെന്ന്, ഇത് സംബന്ധിച്ച് ഹാവാർഡ് സെൻറർ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നുണ്ട്. കുട്ടികൾക്ക് വൈകാരിക പിന്തുണ നൽകി, അവരുമായി അടുത്തിടപഴകി പരിപാലിക്കുക എന്നതാണ് അവർക്ക് ഏറ്റവും ആവശ്യം എന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.
സ്വയം പരിചരണം അത്യാവശ്യം
പ്രസവാനന്തര ഹോർമോൺ മാറ്റങ്ങളെത്തുടർന്ന് വിഷാദം ഉൾപ്പെടെയുള്ള മാനസിക ബുദ്ധിമുട്ടുകൾ അമ്മമാരിൽ ഉണ്ടാകാറുണ്ട്. ശാരരികമായും മാനസികമായും ശ്രദ്ധയും വിശ്രമവും വേണ്ട സമയം കൂടിയാണിത്. സൂപ്പർ മോം ആകാനുള്ള ആയാസത്തിൽ, കുഞ്ഞിൻ്റെ കാര്യവും വീട്ടിലെ ജോലികളും കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും സാധിച്ചു കൊടുക്കുന്ന മെഷീൻ മാത്രമായി പല സ്ത്രീകളും ചുരുങ്ങിപ്പോകാറുണ്ട്.
ആരോഗ്യ സംരക്ഷണത്തിന് അമ്മമാർ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
- ദിവസവും 15 മിനിറ്റ് നടക്കാം
- കുടുംബാംഗങ്ങളുടെ സഹായം ആവശ്യപ്പെടാം
- താങ്ങാൻ പറ്റാത്ത ജോലികളോട് നോ പറയാം
- പുതിയ അമ്മമാരെ ഉൾപ്പെടുത്തിയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്ന് നല്ല നിർദ്ദേശങ്ങൾ കൈക്കൊള്ളാം
ഇങ്ങനെയുള്ള ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ, അമ്മയുടെ ജീവിതം കുറെക്കൂടി എളുപ്പമാകും. സ്വന്തം മനസ്സും ശരീരവും ആവശ്യപ്പെടുന്നതെന്താണെന്ന് ശ്രദ്ധിച്ച് അതിനുകൂടി പ്രാധാന്യം നൽകിയാൽ, കുഞ്ഞിനോട് നല്ല രീതിയിൽ ഇടപെടാൻ കഴിയും.
സൂപ്പർ മോമിനെ മറന്നേക്കൂ
എല്ലാവർക്കും വേണ്ടി എല്ലാം ചെയ്യുന്ന സൂപ്പർ മോം ആകണം എന്ന ചിന്ത മനസ്സിൽ നിന്ന് മാറ്റണം. സ്വന്തം ശരീരത്തിന് താങ്ങാനാകുന്ന ജോലികൾക്ക് പരിധി നിശ്ചയിക്കണം. കൂടുതൽ ജോലികൾ ചെയ്യുന്നതോ വീട് മിനുക്കിയെടുക്കുന്നതോ കുടുംബത്തിലെ മറ്റംഗങ്ങൾക്ക് വേണ്ടി സമയം മുഴുവൻ നീക്കിവെക്കുന്നതോ അല്ല നിങ്ങളിലെ പെർഫെക്ഷൻ നിർണ്ണയിക്കുന്നത്.
ഇനിപ്പറയുന്ന കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്.
- മതിയായ ഉറക്കവും വിശ്രമവും ഉറപ്പുവരുത്തുക
- പ്രശ്നങ്ങൾ ക്ഷമയോടെ നേരിടാൻ ശ്രമിക്കുക
- കുഞ്ഞുമായി മികച്ച വൈകാരിക ബന്ധം നിലനിർത്തുക
- സ്വയം പരിചരണത്തിന് സമയം കണ്ടെത്തുക
ഓർക്കുക, നിങ്ങൾ തനിച്ചല്ല
അമ്മയാകുന്നതിലൂടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലേക്കാണ് എത്തിച്ചേരുന്നത് എന്നതിൽ സംശയമില്ല. പക്ഷെ, വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുമ്പോൾ ശാരീരിക-മാനസിക പ്രയാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്ന് കൂടി തിരിച്ചറിയണം. നിങ്ങളേപ്പോലെ, പല അമ്മമാരും ഇതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. സ്വയം സമയം നൽകി, ശരീരത്തിൻ്റെയും മനസ്സിൻ്റെയും മാറ്റങ്ങളും പരിമിതികളും മനസ്സിലാക്കി, കുഞ്ഞിന് വേണ്ട സ്നേഹവും കരുതലും നൽകി മുന്നോട്ടു പോകുക.
അമാനുഷിക കഴിവുകളുള്ള സൂപ്പർ വുമൺ ആകാതെ തന്നെ കുഞ്ഞിൻ്റെ നല്ല അമ്മയാകാമെന്ന് മനസ്സിലാക്കിയാൽത്തന്നെ കുഞ്ഞിനും അമ്മയ്ക്കും അത് ധാരാളം.




