അമ്മമാർ അറിയാൻ: ആശങ്ക വേണ്ട, അഭിമാനപൂർവ്വം മുന്നേറൂ

മാതൃത്വം എന്ന പുതിയ ലോകത്ത് ആദ്യമായി എത്തിച്ചേരുന്ന പല അമ്മമാരെയും സംബന്ധിച്ചിടത്തോളം, വിവിധ വികാരങ്ങൾ മനസ്സിൽ അലയടിക്കുന്ന അനുഭവമാകും ഉണ്ടാകുക. ജീവിതത്തിൻ്റെ ചിട്ടകൾ വ്യത്യാസപ്പെടുന്നു, ഉറങ്ങുന്നതും ഉണരുന്നതും വിശ്രമിക്കുന്നതുമെല്ലാം ജൻമം നൽകിയ കുഞ്ഞിൻ്റെ താളത്തിനനുസരിച്ചാകുന്നു. ഒപ്പം പ്രസവശേഷമുണ്ടാകുന്ന ശാരീരിക-മാനസിക വ്യതിയാനങ്ങൾ വേറെയും.
ഒരു രാത്രി മുഴുവനും സ്വസ്ഥമായി, മറ്റൊന്നുമോർക്കാതെ, ഉറങ്ങിയതെന്നാണെന്നു പോലും ചിലപ്പോൾ ഓർമ്മയുണ്ടാകില്ല. കുഞ്ഞിനെ താങ്ങിയെടുത്ത് കൈകൾ വേദനിക്കുന്നുണ്ടാവാം, എപ്പോഴും മുഖവും മുടിയും വസ്ത്രധാരണരീതിയും ശ്രദ്ധിച്ചിരുന്ന നിങ്ങൾ ഇപ്പോൾ കണ്ണാടി നോക്കുമ്പോൾ അത്ഭുതം തോന്നാം. സ്വയം സമയം ചെലവഴിച്ചിരുന്ന, അതീവ ശ്രദ്ധ നൽകിയിരുന്ന കാര്യങ്ങളെല്ലാം അപ്രസക്തമാകുന്ന തരത്തിൽ നിങ്ങളുടെ ശ്രദ്ധ ഒരു കുഞ്ഞുജീവനു ചുറ്റും നിലയുറപ്പിക്കുന്നു.
നിങ്ങൾക്ക് പലതരം ഉപദേശങ്ങൾ നൽകുന്നവരുണ്ടാകാം. ഇങ്ങനെ ഭക്ഷണം കൊടുക്കൂ, ഇങ്ങനെ ഉറക്കൂ, കുഞ്ഞിനെ ഇങ്ങനെ ശീലിപ്പിക്കരുത്, തുടങ്ങി നിരവധി ഉപദേശങ്ങൾ. ഇത്തരം ഉപദേശങ്ങളും സ്വയം തോന്നുന്ന സംശയങ്ങളുമെല്ലാം ചേർന്ന് നിങ്ങളെ ഒരു പുതിയ ചിന്തയിലെത്തിക്കും.
“കുഞ്ഞിനു വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയായ രീതിയിൽത്തന്നെയാണോ?”എന്ന തോന്നലിലേക്ക്.
സ്വയം കണക്കാക്കുന്നതിലും എത്രയോ നന്നായിത്തന്നെ നിങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
പൂർണ്ണത തേടി മനസ്സു മടുക്കണ്ട
അമ്മയാകുക എന്നത് ഒരു പരീക്ഷയല്ല. ഫുൾമാർക്കോ എ ഗ്രേഡോ ഗോൾഡ് സ്റ്റാറോ ഒന്നും അതിലുണ്ടാകില്ല. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും എല്ലാകാര്യങ്ങളും പരിപൂർണ്ണതയിലെത്തിക്കണമെന്ന മൽസരബുദ്ധിയുടേയും ആവശ്യമില്ല.
ഒന്നാലോചിച്ചു നോക്കൂ- നിങ്ങൾ ഭക്ഷണം കഴിക്കാൻ മറന്നുപോകുന്ന ദിവസങ്ങളുണ്ടാകും, കാരണമില്ലാതെ കരയുന്ന നിമിഷങ്ങളുണ്ടാകും, ഇതിനൊക്കെ നിങ്ങൾ തയ്യാറായിരുന്നുവോ എന്ന് അത്ഭുതപ്പെടുന്ന രാത്രികളുണ്ടാകും. ഇല്ലേ? പരീക്ഷയോ പരാജയമോ ഇല്ലാത്ത ജീവിതത്തിലെ മനോഹരമായ ഏടാണിത്. മനുഷ്യനായിരിക്കുന്നതിനാണ് അവിടെ പ്രസക്തി. കുഞ്ഞിനെയും ഒപ്പം ജീവിതമാറ്റങ്ങളെയും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നതിനാണ് അവിടെ സ്ഥാനം.
നിങ്ങളുടെ കുഞ്ഞിന് പൂർണ്ണതയുള്ള ഒരമ്മയെ അല്ല ആവശ്യം. അമ്മയുടെ വസ്ത്രം ഉലഞ്ഞിട്ടുണ്ടോ, തലമുടി ചീകിയൊതുക്കിയിട്ടുണ്ടോ, ഉറക്കക്കുറവ് കണ്ണിന് താഴെ കറുപ്പ് പടർത്തിയിട്ടുണ്ടോ എന്നതൊന്നും കുഞ്ഞിന് വിഷയമേയല്ല. എപ്പോഴും കൂടെയുള്ള, സ്നേഹവാൽസല്യങ്ങൾ ആവോളം നൽകുന്ന ഒരമ്മയെയാണ് കുഞ്ഞ് ആഗ്രഹിക്കുന്നത്.
മാതൃത്വം നൽകുന്ന മുദ്രകൾ
നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ ഒരുപക്ഷേ സ്വയം തിരിച്ചറിയുന്നുണ്ടാവില്ല. ശരീരഘടനയിലെ മാറ്റങ്ങൾ, പാടുകൾ, ഒരു ജീവനെ സൃഷ്ടിച്ച്, മാസങ്ങളോളം സംരക്ഷിച്ച് ഭൂമിയിൽ ജീവിക്കാൻ പ്രാപ്തമാക്കിയ ഉദരത്തിലെ ചുളിവുകൾ.
ശാരീരിക അഴകളവുകൾ ബാഹ്യരൂപത്തെ അടയാളപ്പെടുത്തുന്ന വെറും അക്കങ്ങളാണെന്ന യാഥാർത്ഥ്യമറിയുക. ഒരു മനുഷ്യജീവന്, ലോകത്തേക്കും വെച്ച് ഏറ്റവും സുരക്ഷിതമായ ഇടമാക്കി മാറ്റാൻ നിങ്ങളുടെ ശരീരത്തിന് കഴിഞ്ഞു എന്നത് എത്രയോ അമൂല്യമായ അനുഭവമാണെന്ന് സ്വയം മനസ്സിലാക്കുക.
മാതൃത്വം സമ്മാനിച്ച മായാമുദ്രകൾ സൃഷ്ടിയുടെ കയ്യൊപ്പാണെന്ന് തിരിച്ചറിയുമ്പോൾ, ശരീരത്തെ പരിപാലിക്കാനും കരുതലേകാനും കഴിയും.
കുഞ്ഞുകാര്യങ്ങൾ നൽകുന്ന വലിയ സന്ദേശം
അമ്മയുടെ സാമീപ്യം കുഞ്ഞ് തിരിച്ചറിയുമ്പോൾ, കുഞ്ഞുവിരലുകൾ അമ്മയുടെ വിരൽ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ, കണ്ണുകൾ തുറന്ന് അമ്മയെ തിരയുമ്പോൾ ഉറക്കത്തിനിടയിൽ പുഞ്ചിരിക്കുമ്പോൾ- ചെറിയ കാര്യങ്ങളാണെന്ന് മറ്റുള്ളവർക്ക് തോന്നാമെങ്കിലും അത് അമ്മയ്ക്ക് നൽകുന്നത് അവാച്യമായ ആനന്ദമാണ്.
ഒരു ജീവിതത്തിന് രൂപം നൽകുമ്പോൾ, നിങ്ങൾക്കും മാറ്റങ്ങൾ വരുന്നുണ്ട്. മുമ്പത്തേക്കാൾ കൂടുതൽ സൗമ്യമാകുന്നു, കരുത്തുള്ളവളാകുന്നു, ക്ഷമയുള്ളവളാകുന്നു.
സഹായം ചോദിക്കാൻ മടി വേണ്ട
എല്ലാക്കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് പുഞ്ചിരിക്കുന്ന അമാനുഷികരായ സൂപ്പർ അമ്മമാർ ഭാവന മാത്രമാണ്.
യഥാർത്ഥ അമ്മമാർ സഹായം തേടുന്നതിൽ മടി വിചാരിക്കില്ല.
പങ്കാളിയോ, സുഹൃത്തോ, മാതാപിതാക്കളോ നിങ്ങളെ സഹായിക്കാനും കുഞ്ഞിനെ എടുക്കാനും തയ്യാറായാൽ, അവരെ അതിനനുവദിക്കുക.
അൽപ്പനേരം സ്വസ്ഥമായി വിശ്രമിക്കണമെങ്കിൽ, ഒരൽപം ഉറങ്ങണമെങ്കിൽ, കണ്ണുകളടച്ച് വെറുതെയിരിക്കണമെങ്കിൽ – അതു ചെയ്യുക.
അമ്മയാകുക എന്നത് ഒരു ഒറ്റയാൾ പോരാട്ടമല്ല; അത് പരിചരണത്തിൻ്റെ, സ്നേഹത്തിൻ്റെ, പങ്കുവെയ്ക്കലിൻ്റെ താളമാണ്.
മൂല്യം തിരിച്ചറിയുക
എല്ലാം തികഞ്ഞ അമ്മ എന്നൊരു വ്യക്തിയില്ല. നിങ്ങളുടെ കുഞ്ഞിന് ഏറ്റവും അനുയോജ്യമായ അമ്മ, അതാണു നിങ്ങളെന്ന് സ്വയം ഓർമ്മിപ്പിക്കുക.
വിചാരിക്കുന്നതിലും എത്രയോ നന്നായി നിങ്ങൾ കാര്യങ്ങൾ ചെയ്യുന്നുണ്ട്.
ശക്തിയും ആർദ്രതയും അനന്തമായ സ്നേഹവും നിറഞ്ഞ ഒരമ്മയായിക്കഴിഞ്ഞെന്ന് സ്വയം തിരിച്ചറിയുക .
സ്നേഹത്തോടെ,
nellikka.life
മാതൃത്വത്തിന്റെ ഓരോ മിടിപ്പും ആഘോഷിക്കപ്പെടേണ്ടതാണ് — സൗമ്യമായി, സന്തോഷത്തോടെ, തരിമ്പും കുറ്റബോധമില്ലാതെ.




