ആർത്തവചക്രത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കാം: അസ്വസ്ഥതകൾ ഒഴിവാക്കാം സൈക്കിൾ സിങ്കിംഗിലൂടെ

ഉൻമേഷവും ഊർജവും മനോനിലയുമൊക്കെ ഇടയ്ക്കിടക്ക് മാറി വരുന്നതായി തോന്നാറുണ്ടോ? കഴിക്കാനിഷ്ടപ്പെടുന്ന ആഹാരത്തിൻ്റെ കാര്യത്തിൽപ്പോലും ഈ മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ? ആഴ്ച്ച തോറും ഇങ്ങനെ വ്യത്യാസങ്ങൾ വരാൻ കാരണമെന്താണെന്നറിയാമോ?
ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ആർത്തവചക്രത്തിലെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഹോർമോണുകൾ ശരീരത്തെ നയിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ഹോർമോൺ താളത്തിനനുസരിച്ച് നിങ്ങളുടെ പോഷകാഹാരം, വ്യായാമം, ജീവിതശൈലി എന്നിവ ക്രമീകരിക്കുന്ന രീതിയെ ആണ് ‘സൈക്കിൾ സിങ്കിംഗ്’ എന്ന് പറയുന്നത്. ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ സ്ത്രീകൾക്ക് അവരുടെ ഈ സ്വാഭാവിക വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതും അതിനനുസൃതമായി ജീവിതം ക്രമീകരിക്കുന്നതും ആരോഗ്യത്തിനും ഉന്മേഷത്തിനും ഒരുപോലെ സഹായകമാകും.
സൈക്കിൾ സിങ്കിംഗിന് പിന്നിലെ ശാസ്ത്രം
ആർത്തവചക്രം ശരാശരി 28 ദിവസമാണ്, എങ്കിലും 24- 35 ദിവസങ്ങൾക്കിടയിലും ഇതുണ്ടാകാം. ഈ ചക്രത്തെ നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഘട്ടത്തെയും നിയന്ത്രിക്കുന്നത് ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്:
1. മെൻസ്ട്രൽ ഫേസ് (ദിവസം 1–5)
1.ഹോർമോണുകൾ: ഈസ്ട്രജനും പ്രൊജസ്റ്ററോണും കുറവായിരിക്കും.
2.ശാരീരികാവസ്ഥ: ഊർജ്ജം കുറവായിരിക്കും, വയറുവേദനയും ക്ഷീണവും ഉണ്ടാകാൻ സാധ്യതയുണ്ട്.
3.എന്തു ചെയ്യണം: വിശ്രമിക്കുക, ധ്യാനം, കഠിനമല്ലാത്ത തരം യോഗ എന്നിവ ചെയ്യുക. ആർത്തവരക്തം നഷ്ടമാകുന്നതിൻ്റെ കുറവ് നികത്താൻ ഇലക്കറികൾ, ഈന്തപ്പഴം, ബീറ്റ്റൂട്ട് തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
2. ഫോളിക്കുലാർ ഫേസ് (ദിവസം 6–13)
1.ഹോർമോണുകൾ: ഈസ്ട്രജൻ്റെ അളവ് കൂടുന്നു, ഇത് മനസ്സിൽ ഊർജ്ജവും ഉൻമേഷവും വർദ്ധിപ്പിക്കുന്നു.
2.ശാരീരികാവസ്ഥ: മസ്തിഷ്ക്കം കൂടുതൽ ഉണർവോടെ പ്രവർത്തിക്കുന്നു, ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കുന്നു.
3.എന്തു ചെയ്യണം: പുതിയ കാര്യങ്ങൾ ആലോചിക്കാനും തുടങ്ങാനും പറ്റിയ സമയമാണിത്. കാർഡിയോ അല്ലെങ്കിൽ ചെറിയ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളിൽ ഏർപ്പെടാം. ഊർജ്ജത്തിനായി പ്രോട്ടീൻ, ഒമേഗ-3, പഴങ്ങൾ എന്നിവ കഴിക്കുക.
3. ഓവുലേഷൻ ഫേസ് (ദിവസം 14–17)
1.ഹോർമോണുകൾ: ഈസ്ട്രജൻ ഏറ്റവും ഉയർന്ന തോതിലേക്കെത്തുന്നു, ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുന്നു.
2.ശാരീരികാവസ്ഥ: ഊർജ്ജം ഉയർന്ന നിലയിലായിരിക്കും, ആത്മവിശ്വാസം കൂടും, പ്രത്യുത്പാദന സാധ്യത ഏറ്റവും കൂടുതലായിരിക്കും.
3.എന്തു ചെയ്യണം: പൊതുപരിപാടികളിൽ സംസാരിക്കാനും ആളുകളുമായി ഇടപഴകാനും പറ്റിയ സമയമാണിത്. കഠിന വ്യായാമമുറകൾ തെരഞ്ഞെടുക്കാം. പ്രത്യുത്പാദനപരമായ ആരോഗ്യത്തിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ മത്തങ്ങ വിത്തുകൾ, പരിപ്പ് എന്നിവ കഴിക്കുക.
4. ലൂട്ടിയൽ ഫേസ് (ദിവസം 18–28)
1.ഹോർമോണുകൾ: പ്രൊജസ്റ്ററോൺ ഹോർമോൺ കൂടുതലായിരിക്കും, ഈസ്ട്രജൻ കുറയും.
2.ശാരീരികാവസ്ഥ: പി.എം.എസ് (PMS) ലക്ഷണങ്ങൾ, വയറുവീർക്കൽ, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവ ഉണ്ടാകാം.
3.എന്തു ചെയ്യണം: മനസ്സ് ശാന്തമാക്കാൻ ശ്രദ്ധിക്കുക. ഡയറി എഴുതുന്നത് ആശ്വാസം നൽകും. പൈലേറ്റ്സ് അല്ലെങ്കിൽ നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങൾ ചെയ്യുക. വയറുവേദനയും ഉറക്കക്കുറവും കുറയ്ക്കാൻ മഗ്നീഷ്യം കൂടുതലുള്ള ബദാം, നേന്ത്രപ്പഴം എന്നിവ കഴിക്കുക.
സൈക്കിൾ സിങ്കിംഗിന്റെ ഗുണങ്ങൾ
പി.എം.എസ് ലക്ഷണങ്ങൾ കുറയ്ക്കുന്നു.
ഊർജ്ജം മികച്ച രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്നു.
ജോലിസ്ഥലത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു.
മാനസികാരോഗ്യം സന്തുലിതമാക്കുന്നു.
ചില പ്രായോഗിക നുറുങ്ങുകൾ
- ലൂട്ടിയൽ ഫേസിൽ ഉത്കണ്ഠ കുറയ്ക്കുന്നതിന് കാപ്പിക്ക് പകരം ഹെർബൽ ചായകൾ ഉപയോഗിക്കുക.
- ആർത്തവ സമയത്ത് ഇരുമ്പിന്റെയും കാത്സ്യത്തിൻ്റെയും അളവ് കൂട്ടാൻ എള്ള്, ശർക്കര, കറിവേപ്പില എന്നിവ ചേർത്ത ഭക്ഷണങ്ങൾ കഴിക്കുക.
- ഊർജ്ജം ഏറ്റവും ഉയർന്ന തോതിലുള്ള ദിവസങ്ങൾ കണ്ടെത്താൻ സൈക്കിൾ ട്രാക്കിംഗ് ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുക.
- ജോലിസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് സ്ത്രീകളുടെ പ്രകടനവും ആരോഗ്യവും മെച്ചപ്പെടുത്തും.
ആർത്തവചക്രം ശരീരത്തിൻ്റെ സ്വാഭാവിക ജൈവതാളമാണ്. സൈക്കിൾ സിങ്കിംഗ് ചെയ്യുന്നതിലൂടെ ശാരീരിക – മാനസിക വ്യത്യാസങ്ങൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുന്നു.




