സൈബർകോൺഡ്രിയ: ഇന്റർനെറ്റിലെ രോഗവിവരങ്ങളും വർദ്ധിക്കുന്ന മാനസിക സമ്മർദ്ദവും

സൈബർകോൺഡ്രിയ: ഇന്റർനെറ്റിലെ രോഗവിവരങ്ങളും വർദ്ധിക്കുന്ന മാനസിക സമ്മർദ്ദവും

രോഗലക്ഷണങ്ങൾ ഗൂഗിളിൽ തിരയുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതെങ്ങനെ?

ഒരു തുമ്മിയാൽപ്പോലും അതിന്റെ കാരണങ്ങളും രോഗസാദ്ധ്യതകളും  ഉടൻ തന്നെ ഇന്റർനെറ്റിൽ പരതുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ചെറിയൊരു തലവേദനയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞു തുടങ്ങുന്ന ഒരാൾക്ക്, കുറച്ചുനേരം സ്ക്രോൾ ചെയ്തു പോകുമ്പോൾ തനിക്ക് മാരകമായ “ബ്രെയിൻ ട്യൂമർ” ആണെന്ന് തോന്നിത്തുടങ്ങും.

യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടുണ്ടാകില്ല, പക്ഷേ അൽപ്പനേരത്തെ സെർച്ചിംഗ് കൊണ്ട് വലിയൊരു അസുഖം ഉണ്ടെന്ന ഭയം മനസ്സിൽ വേരുറപ്പിച്ചിട്ടുണ്ടാകും. ആരോഗ്യവിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായതുകൊണ്ട് ഉണ്ടായ ഈ പുതിയ കാലത്തെ ഉത്കണ്ഠയെ മനഃശാസ്ത്രജ്ഞർ ‘സൈബർകോൺഡ്രിയ’ (Cyberchondria) എന്നാണ് വിശേഷിപ്പിക്കുന്നത്. അസുഖം പ്രശ്നമുള്ളതല്ലെന്നുറപ്പാക്കാൻ വേണ്ടിയാകും നമ്മൾ ഇൻ്റർനെറ്റിൽ തിരയാൻ തുടങ്ങുക. പക്ഷേ ഒന്നിനുപുറകെ ഒന്നായി പല സൈറ്റുകളിലും വിശദീകരിച്ചിട്ടുള്ള വിവരങ്ങളിലൂടെ കണ്ണോടിച്ചു കഴിയുമ്പോൾ, മനസ്സിന് കൂടുതൽ ഭീതി തോന്നുമെന്നതാണ് സത്യം.

എന്താണ് സൈബർകോൺഡ്രിയ?

‘സൈബർ’ (ഇന്റർനെറ്റ്), ‘ഹൈപ്പോകോൺഡ്രിയ’ (ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ  ഉത്കണ്ഠ) എന്നീ രണ്ട് വാക്കുകൾ ചേർന്നാണ് ഈ പദം രൂപം കൊണ്ടത്.

ഒരു വ്യക്തിക്ക് ഒരു ചെറിയ ആരോഗ്യപ്രശ്നം തോന്നുന്നു → ഉടൻ ഇന്റർനെറ്റിൽ തിരയുന്നു → അവിടെ കാണുന്ന പേടിപ്പെടുത്തുന്ന വിവരങ്ങൾ വായിക്കുന്നു → അതോടെ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ടെൻഷനും മാനസിക സമ്മർദ്ദവും ഉണ്ടാകുന്നു. ഈ ഒരു ചാക്രികക്രമത്തിൽ പെട്ടുപോകുന്ന അവസ്ഥയാണ് സൈബർകോൺട്രിയ.

ജേണൽ ഓഫ് ആങ്സൈറ്റി ഡിസോർഡേഴ്സ് 2014 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സൈബർകോൺഡ്രിയയുടെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

1.നിരന്തരമായ തെരച്ചിൽ: ചെറിയ മാറ്റങ്ങൾ കാണുമ്പോൾ പോലും വീണ്ടും വീണ്ടും ലക്ഷണങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുക.

2.ഡോക്ടറെ അവിശ്വസിക്കുക: ഡോക്ടർ പരിശോധിച്ച് കുഴപ്പമില്ല എന്നുറപ്പ് നൽകിയാലും അത് വിശ്വസിക്കാതെ വീണ്ടും ഇന്റർനെറ്റിൽ പരിഹാരം തേടുക.

3.വർദ്ധിച്ചുവരുന്ന ഉത്കണ്ഠ: ഓരോ തവണ സെർച്ച് ചെയ്യുമ്പോഴും പേടി കുറയുന്നതിന് പകരം കൂടിക്കൊണ്ടിരിക്കുക.

4.നിർബന്ധിത സ്വഭാവം: സ്വയം നിയന്ത്രിക്കാനാകാത്ത വിധം ലക്ഷണങ്ങൾ പരിശോധിച്ചുകൊണ്ടേയിരിക്കുക.

അറിവു നേടാനുള്ള സാധാരണ താൽപ്പര്യമല്ല ഇത്. ആശ്വാസം തേടിയുള്ള നെട്ടോട്ടമാണ്. പക്ഷേ, അതവസാനിക്കുന്നത് വലിയൊരു മാനസിക സമ്മർദ്ദത്തിലായിരിക്കുമെന്ന് മാത്രം.

സൈബർകോൺട്രിയ വർദ്ധിച്ചുവരുന്നത് എന്തുകൊണ്ട്?

ആരോഗ്യസംബന്ധിയായ വിവരങ്ങൾ ഒരുകാലത്തും നമുക്ക്  ഇത്രത്തോളം പ്രാപ്യമായിരുന്നില്ല. 

ഇൻറർനെറ്റിൽ പരതുന്നതിനനുസരിച്ച്, ആയിരക്കണക്കിന് ലേഖനങ്ങളും വീഡിയോകളും ചർച്ചകളും കാണാം. ചെറിയ അസുഖങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ മുതൽ ജനിതക വൈകല്യങ്ങൾ അടിസ്ഥാനമാക്കിയ ദൃശ്യങ്ങൾ വരെ. പക്ഷെ, വിവരങ്ങളുടെ ഈ അതിപ്രസരം കാതലായ അംശം നഷ്ടമാക്കുകയും അമിതമായ ധാരണകൾ മനസ്സിൽ കുമിഞ്ഞുകൂടാൻ ഇടവരുത്തുകയും ചെയ്യുന്നു. 

നമ്മുടെ ഉത്കണ്ഠ വർദ്ധിപ്പിക്കുന്ന നാല് പ്രധാന കാരണങ്ങൾ ഇവയാണ്:

1. വേർതിരിച്ചറിയാൻ കഴിയാത്ത വിവരങ്ങൾ 

ഓൺലൈനിലെ വിവരങ്ങൾക്ക് ഒരു പ്രശ്നത്തിന്റെ ഗൗരവം വേർതിരിച്ചു കാണിക്കാൻ കഴിയില്ല. “തലവേദന” എന്ന് ടൈപ്പ് ചെയ്താൽ, വെള്ളം കുടിക്കാത്തതുകൊണ്ടാണെന്ന ലളിതമായ കാരണവും ബ്രെയിൻ ട്യൂമർ എന്ന ഗുരുതരമായ കാരണവും ഒരേ പ്രാധാന്യത്തോടെയാകും ഇന്റർനെറ്റ് നമുക്കു മുമ്പിൽ എത്തിക്കുക. ഏതാണ് നിങ്ങൾക്ക് ബാധകമെന്ന് പറഞ്ഞുതരാൻ ഇന്റർനെറ്റിന് കഴിയില്ല.

2. അൽഗോരിതങ്ങൾ സൃഷ്ടിക്കുന്ന ഭീതി 

സെർച്ച് എഞ്ചിനുകളും സോഷ്യൽ മീഡിയയും നമ്മൾ എന്തിലാണ് ക്ലിക്ക് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്. പേടിപ്പെടുത്തുന്ന ആരോഗ്യവാർത്തകളിൽ ഒരിക്കൽ ക്ലിക്ക് ചെയ്താൽ, അത്തരം വാർത്തകൾ വീണ്ടും വീണ്ടും നമ്മുടെ മുന്നിലെത്തും. ഇത് ഭയം ഇരട്ടിപ്പിക്കാൻ കാരണമാകുന്നു.

3. മഹാമാരിക്ക് ശേഷമുള്ള അമിത ജാഗ്രത

കൊവിഡ് കാലത്തിന് ശേഷം ആരോഗ്യ കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധാലുക്കളായിട്ടുണ്ട്. എന്നാൽ ഈ ജാഗ്രത പലപ്പോഴും അമിതഭയമായി മാറുന്നു. ചെറിയൊരു ജലദോഷം വന്നാൽ പോലും അത് ഗുരുതരമായ എന്തെങ്കിലും രോഗമാണോ എന്ന് ഗൂഗിളിൽ തിരയുന്നത് ഇന്ന് പലരുടെയും ശീലമായി മാറിക്കഴിഞ്ഞു.

4. ഡോക്ടറെ കാണാനുള്ള മടി

ഡോക്ടറെ കാണാനുള്ള സമയക്കുറവോ പണച്ചെലവോ ആലോചിച്ച് പലരും വിരൽത്തുമ്പിലെ ഡോക്ടറായ ഇന്റർനെറ്റിനെ ആശ്രയിക്കുന്നു. എന്നാൽ ഒരു ഡോക്ടറെപ്പോലെ നമ്മുടെ സാഹചര്യമോ, മാനസികാവസ്ഥയോ, ശാരീരിക പശ്ചാത്തലമോ മനസ്സിലാക്കാൻ ഇന്റർനെറ്റിന് കഴിയില്ല.

സൈബർകോൺഡ്രിയ എന്ന ചക്രവ്യൂഹം: പേടി സ്വയം വളരുന്നതെങ്ങനെ?

സൈബർകോൺഡ്രിയ എന്നത് പേടിയും താൽക്കാലിക ആശ്വാസവും മാറിമാറി വരുന്ന ഒരു ‘ലൂപ്പ്’ പോലെയാണെന്നാണ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഒന്നാംഘട്ടം: മാറ്റം ശ്രദ്ധിക്കുന്നു

ശരീരത്തിൽ ഒരു ചെറിയ തടിപ്പോ, നെഞ്ചിടിപ്പോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാറ്റമോ  ശ്രദ്ധയിൽപ്പെടുന്നു. ഇത് മനസ്സിൽ ചെറിയൊരു ആശങ്ക ഉണ്ടാക്കുന്നു.

രണ്ടാംഘട്ടം: ഓൺലൈൻ സെർച്ച് 

ആശ്വാസം ലഭിക്കാനായി ഉടൻ തന്നെ ഗൂഗിളിൽ ആ ലക്ഷണത്തെക്കുറിച്ച് തിരയുന്നു.

മൂന്നാംഘട്ടം: ഭയാനക നിഗമനങ്ങൾ

ഇന്റർനെറ്റ് എപ്പോഴും ഏറ്റവും മോശമായ സാധ്യതകളെയാകും (Worst-case scenarios) ആദ്യം കാണിക്കുക. ഇത് വായിക്കുന്നതോടെ നിങ്ങളുടെ പേടി കുതിച്ചുയരുന്നു.

നാലാംഘട്ടം: വീണ്ടും തിരഞ്ഞ് താൽക്കാലികാശ്വാസത്തിലേക്ക്

പേടി മാറ്റാനായി നിങ്ങൾ വീണ്ടും സെർച്ച് ചെയ്യുന്നു, കൂടുതൽ വെബ്സൈറ്റുകൾ നോക്കുന്നു. പ്രശ്നസാദ്ധ്യതയില്ല എന്ന് എവിടെയെങ്കിലും വായിക്കുമ്പോൾ ഒരു നിമിഷത്തേക്ക് ആശ്വാസം കിട്ടും.

അഞ്ചാംഘട്ടം: ഭയം മനസ്സിൽ ഉറയ്ക്കുന്നു 

പക്ഷേ ആ ആശ്വാസം അധികം നീണ്ടുനിൽക്കില്ല. ഓരോ തവണ തിരയുമ്പോഴും നിങ്ങളുടെ സംശയം വർദ്ധിക്കുകയും “എന്തോ വലിയ കുഴപ്പമുണ്ട്” എന്ന ഭയം മനസ്സിൽ ഉറയ്ക്കുകയും ചെയ്യുന്നു. ഇത് ചാക്രികക്രമത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.

പേടിയുടെ പിന്നിലെ ശാസ്ത്രം

1.തലച്ചോറിലെ ഭയത്തിന്റെ കേന്ദ്രം (The Amygdala): പേടിപ്പെടുത്തുന്ന വിവരങ്ങൾ വായിക്കുമ്പോൾ തലച്ചോറിലെ ‘അമിഗ്ഡാല’ എന്ന ഭാഗം ഉണരുകയും ശരീരം അപകടത്തിലാണെന്ന സന്ദേശം നൽകുകയും ചെയ്യുന്നു. കാലക്രമേണ, ഇന്റർനെറ്റിൽ തിരയുന്നത് തന്നെ ഒരു അപകടമാണെന്ന് മസ്തിഷ്ക്കം തെറ്റിദ്ധരിക്കും.

2.ഡോപമിൻ എന്ന ചതിക്കുഴി: സെർച്ച് ചെയ്യുമ്പോൾ ഇടയ്ക്ക് കിട്ടുന്ന ചെറിയ ആശ്വാസം തലച്ചോറിൽ ‘ഡോപമിൻ’ ഉത്പാദിപ്പിക്കുന്നു. ഇത് വീണ്ടും വീണ്ടും സെർച്ച് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു. 

3.ചിന്തകളിലെ വൈകല്യം (Cognitive Distortion): ലോകത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ്വമായ അസുഖമാണ് തനിക്കുള്ളതെന്ന് നമ്മൾ വിശ്വസിച്ചു തുടങ്ങുന്നു. ഈ മാനസിക സമ്മർദ്ദം കാരണം ശരിക്കും ശരീരവേദനയോ ക്ഷീണമോ അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഉത്കണ്ഠയ്ക്കപ്പുറം; ജീവിതത്തെ ബാധിക്കുന്ന സങ്കീർണ്ണാവസ്ഥ

അമിതചിന്ത മാത്രമല്ല സൈബർകോൺഡ്രിയ എന്ന അവസ്ഥ സൃഷ്ടിക്കുന്നത്. ഇത് നമ്മുടെ ജീവിതത്തെയും ബന്ധങ്ങളെയും പലവിധത്തിൽ ദോഷകരമായി ബാധിക്കാം:

  • ഉറക്കമില്ലായ്മ: രാത്രി വൈകി ഇന്റർനെറ്റിൽ രോഗലക്ഷണങ്ങൾ തിരയുന്നത് ഉറക്കം നഷ്ടപ്പെടുത്താൻ കാരണമാകുന്നു.
  • അമിതമായ പരിശോധനകൾ: ആശ്വാസം തേടി അനാവശ്യമായ ലാബ് ടെസ്റ്റുകളും സ്കാനിംഗുകളും ആവർത്തിച്ചു ചെയ്യുന്നു.
  • ഡോക്ടർമാരെ മാറ്റിക്കൊണ്ടിരിക്കുക: ഒരു ഡോക്ടറുടെ വാക്ക് വിശ്വസിക്കാതെ വീണ്ടും വീണ്ടും ഡോക്ടർമാരെ മാറിക്കൊണ്ടിരിക്കുന്ന പ്രവണത (Doctor Shopping).
  • ബന്ധങ്ങളിലെ വിള്ളലുകൾ: എപ്പോഴും അസുഖത്തെക്കുറിച്ച് ആകുലപ്പെടുന്നതും ദേഷ്യപ്പെടുന്നതും കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നു.
  • സാമ്പത്തിക ബാധ്യത: അനാവശ്യ ടെസ്റ്റുകൾക്കും ആശുപത്രി സന്ദർശനങ്ങൾക്കുമായി അമിതമായ പണച്ചെലവുണ്ടാകുന്നു.  
  • ജീവിത നിലവാരം കുറയുന്നു: മനസ്സ് എപ്പോഴും ഭീതിയിലായതുകൊണ്ട് ജീവിതം ആസ്വദിക്കാൻ കഴിയാതെ വരുന്നു.

സൈബർകോൺഡ്രിയ ഉള്ളവരിൽ സാധാരണ ഉത്കണ്ഠാ രോഗമുള്ളവരെപ്പോലെ തന്നെ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ (Cortisol) വർദ്ധിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതായത്, നിങ്ങളുടെ മനസ്സ് മാത്രമല്ല, ശരീരവും യഥാർത്ഥത്തിൽ ഒരു ഭീഷണി നേരിടുന്നതുപോലെ പ്രതികരിക്കുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.

കൂടുതൽ സാദ്ധ്യത ആർക്ക്?

ഗവേഷണങ്ങൾ പ്രകാരം താഴെ പറയുന്നവർക്ക് ഈ അവസ്ഥ വരാൻ സാധ്യത കൂടുതലാണ്:

  • നേരത്തെ തന്നെ അമിതമായ ഉത്കണ്ഠയോ അമിതമായ ശുചിത്വ ചിന്തകളോ (OCD) ഉള്ളവർ.
  • ആരോഗ്യകാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലാത്തവർ 
  • കഠിനമായ സമ്മർദ്ദമുള്ള ജോലികൾ ചെയ്യുന്നവർ.
  • തനിക്കോ കുടുംബാംഗങ്ങൾക്കോ അടുത്തകാലത്ത് എന്തെങ്കിലും അസുഖം വന്നവർ.
  • എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിൽ ആയിരിക്കണം എന്ന് നിർബന്ധമുള്ളവർ.

യുവതലമുറയിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത് എന്നതാണ് കൗതുകകരം. എന്തിനും ഏതിനും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന രീതി പുതുതലമുറയിൽപ്പെട്ടവരിൽ  കൂടുതലായതുകൊണ്ടാകാം ഇത്.

സൈബർകോൺഡ്രിയയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ

1. ഇന്റർനെറ്റ് ഉപയോഗത്തിന് പരിധി നിശ്ചയിക്കുക

ആരോഗ്യകാര്യങ്ങൾ ഓൺലൈനിൽ തിരയുന്നതിന് ഒരു സമയപരിധി നിശ്ചയിക്കുക. ഒരു ദിവസം 5 മിനിറ്റിൽ കൂടുതൽ ഇതിനായി ചെലവാക്കില്ല എന്ന് തീരുമാനിക്കുക. തിരയുന്നതിനിടയിൽ പേടി കൂടുന്നതായി തോന്നിയാൽ ഉടൻ ഫോൺ മാറ്റിവെച്ച് മൂന്ന് തവണ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക.

2. വിശ്വസനീയമായ ഉറവിടങ്ങൾ മാത്രം നോക്കുക

ഏതെങ്കിലും ഒരു ബ്ലോഗിലോ സോഷ്യൽ മീഡിയ വീഡിയോയിലോ കാണുന്ന കാര്യങ്ങൾ വിശ്വസിക്കരുത്. വിവരങ്ങൾക്കായി താഴെ പറയുന്ന ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക:

  • WHO (ലോകാരോഗ്യ സംഘടന)
  • സി ഡി സി (സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവെൻഷൻ) (C D C)
  • എൻ എച്ച് എസ് യു കെ( N H S UK) അല്ലെങ്കിൽ മായോ ക്ളിനിക്( Mayo Clinic)

3. ‘സിംപ്റ്റം ചെക്കർ’ ആപ്പുകൾ ഒഴിവാക്കുക

 ലക്ഷണങ്ങൾ നോക്കി രോഗം പറഞ്ഞുതരുന്ന ആപ്പുകൾ പലപ്പോഴും ചെറിയ പ്രശ്നങ്ങളെപ്പോലും വലുതാക്കി കാണിക്കാറുണ്ട്. പകരം, നിങ്ങൾക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ ഒരു ഡയറിയിൽ കുറിച്ചുവെക്കുക (Symptom Diary). പിന്നീട് ഒരു ഡോക്ടറെ കാണുമ്പോൾ ഇത് കാണിക്കുന്നത് ശരിയായ രോഗനിർണ്ണയത്തിന് സഹായിക്കും.

4. ചിന്തകളെ ചോദ്യം ചെയ്യുക

 ഭയം തോന്നുമ്പോൾ സ്വയം ഈ ചോദ്യങ്ങൾ ചോദിച്ചു നോക്കൂ:

  • “ഈ പേടിക്ക് പിന്നിൽ വല്ല തെളിവുമുണ്ടോ അതോ ഇത് വെറുമൊരു തോന്നലാണോ?”
  • “മുമ്പും എനിക്ക് ഇങ്ങനെ തോന്നിയിട്ടുണ്ടോ? അന്ന് ഞാൻ സുഖം പ്രാപിച്ചതല്ലേ?”
  • “എന്റെ സുഹൃത്തിനാണ് ഈ ലക്ഷണമെങ്കിൽ ഞാൻ ഇത്രയധികം പേടിക്കുമോ?”

ഇത്തരം ചിന്തകൾ കാര്യങ്ങളെ യുക്തിപരമായി കാണാൻ നിങ്ങളെ സഹായിക്കും.

5. വിദഗ്ദ്ധ സഹായം തേടുക

ഭയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു കൗൺസിലറുടെയോ സൈക്കോളജിസ്റ്റിന്റെയോ സഹായം തേടാൻ മടിക്കരുത്. ‘കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി’ (CBT) പോലുള്ള രീതികൾ ഇത്തരം ഉത്കണ്ഠകൾ മാറ്റാൻ വളരെ ഫലപ്രദമാണ്. വീണ്ടും വീണ്ടും സെർച്ച് ചെയ്യാനുള്ള നിങ്ങളുടെ പ്രേരണയെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.

6. പ്രതിരോധത്തിന് മുൻഗണന നൽകുക

ഭയത്തിന് പിന്നാലെ പോകാതെ, ആരോഗ്യകരമായ ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

കൃത്യസമയത്ത് ഉറങ്ങുക, സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക.

വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ട് ബോഡി ചെക്കപ്പ് നടത്തുക. ഇത്തരം ക്രിയാത്മകമായ നടപടികൾ അനാവശ്യമായ ആകുലതകൾ ഇല്ലാതാക്കാൻ സഹായിക്കും.

“നിങ്ങളുടെ ശരീരത്തേക്കാൾ കൂടുതൽ നിങ്ങളുടെ ഭയത്തിന് സ്ഥാനം നൽകുമ്പോൾ,, ആരോഗ്യമെന്നത് സന്തുലിതാവസ്ഥയ്ക്ക് പകരം വലിയ ഒച്ചപ്പാടായി മാറും.”

അറിവിനായുള്ള താൽപ്പര്യമല്ല, മറിച്ച് ആ താൽപ്പര്യത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ് സൈബർകോൺഡ്രിയ . വർത്തമാനകാലത്തെ ഡിജിറ്റൽ യുഗത്തിൽ അറിവ് ഒരനുഗ്രഹമാണ്, എന്നാൽ അതിനോടുള്ള അമിതമായ ഭ്രമമാകട്ടെ, വലിയൊരു കെണിയും.

Scientific References

  1. Starcevic, V., et al. (2014). Cyberchondria: Conceptual framework, assessment, and relationship with anxiety and health anxiety. Journal of Anxiety Disorders.
  2. Muse, K., et al. (2021). Health anxiety and internet symptom searching: A systematic review. Clinical Psychology Review.
  3. The psychology of internet-induced health anxiety. British Journal of Health Psychology.
  4. NIMH – National Institute of Mental Health: “Understanding Health Anxiety and Cyberchondria.”

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe