ആശയവിനിമയത്തിൽ പുലർത്തേണ്ട മര്യാദകൾ: വാക്കുകളിൽ വിരിയുന്ന സൗമ്യകല

മെസ്സേജുകളും ഇമെയിലുകളും നിറഞ്ഞുകവിയുന്ന വർത്തമാനകാലത്തും മൂല്യമൊട്ടും ചോർന്നുപോകാതെ, തെല്ലും തിളക്കം മങ്ങാതെ നിലനിൽക്കുന്ന കലയാണ് വാക്കുകളിലെ മര്യാദ (Courtesy). സുഹൃത്തിന് അയയ്ക്കുന്ന വാട്സാപ്പ് സന്ദേശത്തിലായാലും ഓഫീസിലെ ഔപചാരിക ഇമെയിലിലായാലും സഹപ്രവർത്തകരോടുള്ള സംസാരത്തിലായാലും—നമ്മൾ എങ്ങനെ സംസാരിക്കുന്നു, വാക്കുകൾ എങ്ങനെ പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മൾ വിലയിരുത്തപ്പെടുന്നുത്.
മനുഷ്യന് കൈവന്ന മഹാസിദ്ധികളിൽ ഒന്നാണ് ആശയവിനിമയം. മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന വിസ്മയചാതുര്യം. ഒരാൾ എങ്ങനെയുള്ള വ്യക്തിയാണെന്ന ധാരണ നമ്മുടെ ബോധതലത്തിൽ പതിയുന്നതിനാധാരമാകുന്നത് ആ വ്യക്തി പ്രയോഗിച്ച വാക്കുകളാകും. ആ വ്യക്തി നിർവ്വചിക്കപ്പെടുന്നതും വാക്കുകളിലൂടെ തന്നെ. നമ്മളുപയോഗിക്കുന്ന വാക്കുകളിൽ മര്യാദയും മാന്യതയും വേണമെന്ന് കുഞ്ഞുന്നാൾ മുതൽക്കേ നമ്മൾ പഠിക്കുന്നുണ്ട്. അച്ഛനമ്മമാരോട് വാക്കുകൾ ചേർത്തു പറയുന്നതു മുതൽ വിദ്യാലയങ്ങളിൽ പറയുകയും എഴുതുകയും ചെയ്യുമ്പോൾ വരെ, വാക്കുകളുടെ പ്രയോഗം എങ്ങനെയാകണം, എങ്ങനെ പാടില്ല എന്നു നമ്മൾ അഭ്യസിക്കുന്നു.
മാന്യമായി, മര്യാദാപൂർവ്വം സംസാരിക്കുക എന്നതുകൊണ്ട്, വളരെ ഗൗരവമേറിയ, കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങൾ ചേർത്തുവെച്ച് ഉപയോഗിക്കണം എന്നല്ല. നമ്മൾ പങ്കുവെയ്ക്കുന്ന ഓരോ വാക്കിലും മറ്റൊരാളോടുള്ള ബഹുമാനവും കരുതലും സ്നേഹവും ഉണ്ടാവുക എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്.
ശരിയായ രീതിയിലുള്ള ആശയവിനിമയം നമ്മുടെ സമ്പൂർണ്ണമായ ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. നമ്മൾ നമ്മളെത്തന്നെ പ്രകടിപ്പിക്കുന്ന രീതി നമ്മുടെ ബന്ധങ്ങളെയും സമ്മർദ്ദത്തിന്റെ വ്യാപ്തിയേയും എന്തിന്, നമ്മുടെ വൈകാരിക ആരോഗ്യത്തെപ്പോലും നേരിട്ട് ബാധിക്കുന്നുണ്ട്.
അതുകൊണ്ട്, ഈ ‘മര്യാദയുടെ കല’ നമുക്കൊന്ന് പരിശോധിക്കാം. ഇത് നമ്മുടെ ദൈനംദിന ഇടപെടലുകളെ എത്രത്തോളം മനോഹരമായി മാറ്റുമെന്ന് നമുക്ക് മനസ്സിലാക്കാം.
മര്യാദയെന്നാൽ…
യഥാർത്ഥത്തിൽ മര്യാദ എന്നത് ‘ദയവായി’ (Please), ‘നന്ദി’ (Thank you) എന്ന് പറയുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് ആദരവിന്റെ ഭാഷയാണ്—മറ്റൊരാളുടെ സമയം, വികാരങ്ങൾ, അവരുടെ വ്യക്തിപരമായ അതിരുകൾ എന്നിവയ്ക്ക് നമ്മൾ നൽകുന്ന മൂല്യമാണത്. മാന്യമായ സംസാരശൈലി, ബന്ധങ്ങളിൽ ഊഷ്മളത നിറയ്ക്കുകയും തെറ്റിദ്ധാരണകൾ ഒഴിവാക്കുകയും വാക്കുകളെ ആഴത്തിലുള്ള ബന്ധങ്ങളായി മാറ്റുകയും ചെയ്യുന്നു.
അടിസ്ഥാനപരമായി, മാന്യത പുലർത്തിക്കൊണ്ടു നടത്തുന്ന ആശയവിനിമയം താഴെ പറയുന്ന അഞ്ച് തത്വങ്ങളിൽ അധിഷ്ഠിതമാണ്:
1. ബഹുമാനവും പരിഗണനയും
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അതുപോലെ തന്നെ അവരോടും പെരുമാറുക. അവരുടെ സമയത്തെയും വ്യക്തിപരമായ സാഹചര്യങ്ങളെയും ബഹുമാനിക്കുക. ഉദാഹരണത്തിന്, ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി തടസ്സപ്പെടുത്താതിരിക്കുക. അതുപോലെ, വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ രാത്രി വൈകി സന്ദേശങ്ങൾ അയയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
2. സഹാനുഭൂതി (Empathy)
മറുപടി നൽകുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കുക — “ഞാൻ പറയുന്ന ഈ വാക്കുകൾ കേൾക്കുമ്പോൾ അതുകേൾക്കുന്നയാൾക്ക് എന്ത് തോന്നും?” കടുപ്പമേറിയ സംഭാഷണങ്ങളെപ്പോലും സൗമ്യമാക്കാൻ സഹാനുഭൂതിക്ക് സാധിക്കും.
3. ശ്രദ്ധയോടെയുള്ള കേൾവി
നേരിട്ടുള്ള സംസാരമാണെങ്കിൽ കണ്ണിൽ നോക്കി സംസാരിക്കുന്നതും മെസ്സേജിലാണെങ്കിൽ “മനസ്സിലായി, നന്ദി!” എന്ന് മറുപടി നൽകുന്നതും നിങ്ങൾ അപ്പുറത്തുള്ള വ്യക്തിയെ പരിഗണിക്കുന്നു എന്നതിന്റെ അടയാളമാണ്. ശ്രദ്ധയോടെ കേൾക്കുന്നത് തന്നെ വലിയൊരു മര്യാദയാണ്.
4. വ്യക്തതയും മിതത്വവും
മറ്റൊരാളുടെ സമയത്തിന് വില നൽകുന്നതും മര്യാദയാണ്. പറയേണ്ട കാര്യം ചുരുങ്ങിയ വാക്കുകളിൽ വ്യക്തമായി അവതരിപ്പിക്കുക. വല്ലാതെ വലിച്ചുനീട്ടുന്നത് ഒഴിവാക്കാം.
5. കൃത്യത
തെറ്റുകളില്ലാതെ, വൃത്തിയായി എഴുതിയ ഒരു സന്ദേശം, നിങ്ങൾ ആ വ്യക്തിക്ക് നൽകുന്ന ബഹുമാനമാണ് കാണിക്കുന്നത്. “നിങ്ങളുടെ കാര്യത്തിൽ എനിക്ക് പ്രത്യേക ശ്രദ്ധയുണ്ട്” എന്ന് ആ ഒരു സന്ദേശത്തിലൂടെ നിങ്ങൾ പറയാതെ പറയുകയാണ്.
നിത്യജീവിതത്തിലെ സംഭാഷണങ്ങളിൽ വരുത്തുന്ന ചെറിയ വ്യത്യാസങ്ങൾ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ചിലപ്പോഴൊക്കെ നമ്മൾ എന്ത് പറയുന്നു എന്നതിനേക്കാൾ എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം. അത്തരത്തിൽ സംസാരശൈലിയിൽ വരുത്താവുന്ന ചില ലളിതമായ മാറ്റങ്ങൾ താഴെ നൽകുന്നു:
| സാഹചര്യം | ഒഴിവാക്കേണ്ടത് | പകരം ഉപയോഗിക്കാം |
| അഭിവാദ്യം ചെയ്യുമ്പോൾ | “ഹായ്” (ഔദ്യോഗിക സാഹചര്യങ്ങളിൽ) | “ഗുഡ് മോണിംഗ്” അല്ലെങ്കിൽ “ഹലോ”! |
| ഒരു ആവശ്യം ഉന്നയിക്കുമ്പോൾ | “ആ ഫയൽ അയയ്ക്കൂ.” | “സമയം കിട്ടുമ്പോൾ ആ ഫയൽ ഒന്ന് അയച്ചുതരാമോ? |
| ഒരുകാര്യം നിരസിക്കുമ്പോൾ | “പറ്റില്ല.” | “ഇപ്പോൾ എനിക്കിത് ചെയ്യാൻ കഴിയില്ല, നമുക്ക് പിന്നീട് നോക്കിയാലോ?” |
| അഭിപ്രായം പറയുമ്പോൾ | “ഇതൊരു മോശം ആശയമാണ്.” | “നമുക്ക് ഇതിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്തിയാലോ?” |
| സഹായം ചോദിക്കുമ്പോൾ | “എന്റെ ലോഗിൻ വർക്ക് ചെയ്യുന്നില്ല.” | “എനിക്ക് ലോഗിൻ ചെയ്യാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്, ഒന്ന് നോക്കാമോ?” |
| മറുപടി നൽകുമ്പോൾ | “ശരി” അല്ലെങ്കിൽ “കണ്ടു” | “വിവരത്തിന് നന്ദി!” അല്ലെങ്കിൽ “ശ്രദ്ധയിൽപ്പെട്ടു, ഉപകാരം.” |
നമ്മുടെ സംസാരത്തിൽ കൊണ്ടുവരുന്ന ഈ ചെറിയ മാറ്റങ്ങൾ മറ്റുള്ളവർക്ക് നമ്മളോടുള്ള മതിപ്പ് വർദ്ധിപ്പിക്കും.
ഡിജിറ്റൽ ലോകത്തെ മര്യാദകൾ: സന്ദേശങ്ങൾ അയയ്ക്കുമ്പോൾ ശ്രദ്ധിക്കാൻ
മെസ്സേജുകളിലൂടെയും ഇമെയിലുകളിലൂടെയും ഗ്രൂപ്പ് ചാറ്റുകളിലൂടെയും സംസാരിക്കുമ്പോൾ നമ്മൾ ഉദ്ദേശിച്ച അർത്ഥം മാറിപ്പോകാൻ എളുപ്പമാണ്. “ശരി” (Fine) എന്ന ഒറ്റ വാക്ക് പോലും ചിലപ്പോൾ ദേഷ്യമായി തോന്നാം. ഡിജിറ്റൽ ലോകത്തെ ആശയവിനിമയം കൂടുതൽ വ്യക്തവും സ്നേഹനിർഭരവുമാക്കാൻ ചില വഴികൾ ഇതാ:
തുടക്കവും ഒടുക്കവും നന്നാക്കാം: സന്ദേശത്തിന്റെ തുടക്കത്തിൽ ഒരു സുഹൃത്തിനെയെന്ന പോലെ അഭിവാദ്യം ചെയ്യുന്നതും അവസാനം നന്ദി പറയുന്നതും നല്ലൊരു തുടക്കമാണ്.
ബഹളം ഒഴിവാക്കാം: എല്ലാ അക്ഷരങ്ങളും വലിയ അക്ഷരത്തിൽ (ALL CAPS) ടൈപ്പ് ചെയ്യുന്നത് ദേഷ്യപ്പെടുന്നതിന് തുല്യമാണ്. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മാത്രം അതാകാം.
സമയത്തെ ബഹുമാനിക്കാം: അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ, അസമയങ്ങളിൽ സന്ദേശങ്ങൾ അയക്കുന്നത് ഒഴിവാക്കാം. മറ്റുള്ളവരുടെ ഒഴിവുസമയത്തിന് മൂല്യം നൽകാം.
ഇമോജികൾ ശ്രദ്ധയോടെ: സാധാരണ സംഭാഷണങ്ങളിൽ ഒരു പുഞ്ചിരി (😊) കൂടുതൽ അടുപ്പം നൽകും. എന്നാൽ ഔദ്യോഗികമായ കാര്യങ്ങൾക്കോ ഗൗരവകരമായ വിഷയങ്ങൾക്കോ ഇമോജികൾ ഒഴിവാക്കുന്നതാണ് നല്ലത്.
അയയ്ക്കുന്നതിന് മുൻപ് ആലോചിക്കാം: ദേഷ്യമോ സങ്കടമോ തോന്നുമ്പോൾ ഉടൻ മറുപടി നൽകാതിരിക്കുക. ഒരു നിമിഷം ചിന്തിക്കുന്നത് അനാവശ്യ വഴക്കുകൾ ഒഴിവാക്കാൻ സഹായിക്കും.
ക്ഷമ നല്ലതാണ്: മറുപടിയ്ക്കായി മറ്റുള്ളവർക്ക് സമയം നൽകുക. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം “ഒന്ന് ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്/മെസ്സേജ് അയച്ചതാണ്” എന്ന് മാന്യമായി ചോദിക്കാവുന്നതാണ്.
ഡിജിറ്റൽ യുഗത്തിലും സാമൂഹിക സമ്മർദ്ദങ്ങൾക്കിടയിലും മര്യാദയുള്ള സംസാരം മനസ്സിന് ആശ്വാസം നൽകുന്ന ഔഷധം പോലെയാണ്. തൊഴിലിടങ്ങളിലെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ (Harvard Business Review, 2022) സൂചിപ്പിക്കുന്നത്, മാന്യമായ ആശയവിനിമയം പരസ്പര സഹകരണം വർദ്ധിപ്പിക്കുകയും ജോലിഭാരം മൂലമുള്ള മടുപ്പ് (burnout) കുറയ്ക്കുകയും ടീമുകൾക്കിടയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.
ഇത്തരം പഠനങ്ങൾക്കുപരിയായി, നമുക്കെല്ലാം അറിയാവുന്ന ഒരു യാഥാർത്ഥ്യമുണ്ട്: സ്നേഹമുള്ള വാക്കുകൾ മനസ്സിൽ എന്നും നിലനിൽക്കും, പക്ഷെ കടുപ്പമേറിയ വാക്കുകൾ ആഴത്തിൽ മുറിവുണ്ടാക്കും. മാന്യതയോടെ പെരുമാറുന്നത് ബലഹീനതയല്ല. വാസ്തവത്തിൽ, സഹാനുഭൂതിയിൽ പൊതിഞ്ഞ കരുത്താണത്.
നമ്മൾ ഓരോ വാക്കും ചിന്തിച്ച് ഉപയോഗിക്കുമ്പോൾ, ആശയവിനിമയം മെച്ചപ്പെടുത്തുന്നതോടൊപ്പം നമ്മുടെ വൈകാരിക ബുദ്ധി (Emotional Intelligence) വികസിക്കുന്നു, ഒപ്പം, കൂടുതൽ ആരോഗ്യകരമായ ബന്ധങ്ങളും.
മറ്റേതൊരു കഴിവും പോലെ, മര്യാദയും പരിശീലനത്തിലൂടെ മാത്രമേ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകൂ. നമുക്ക് ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങാം:
- ഇന്നയയ്ക്കുന്ന ഒരു സന്ദേശമെങ്കിലും അല്പം കൂടി സൗമ്യമായ രീതിയിൽ മാറ്റിയെഴുതുക.
- അടുത്ത തവണ ഒരാളോട് സംസാരിക്കുമ്പോൾ കണ്ണുകളിൽ നോക്കി പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുക.
- ഇമെയിലുകൾ അയയ്ക്കുമ്പോൾ നന്ദി പറഞ്ഞുക്കൊണ്ട് അവസാനിപ്പിക്കുക.
എല്ലാം തികഞ്ഞ ഒരാളാവുക എന്നതല്ല നമ്മുടെ ലക്ഷ്യം, മറിച്ച് മറ്റുള്ളവരോടു സംസാരിക്കുമ്പോൾ പൂർണ്ണമായും അവിടെ ശ്രദ്ധ നൽകുകയും അവരെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്. ബഹുമാനവും സഹാനുഭൂതിയും ഒന്നിക്കുമ്പോൾ, ആശയവിനിമയം വെറും സംസാരത്തിലുപരിയായി മുറിവുകൾ ഉണക്കുന്ന ഔഷധമായി മാറും.
ആരോടെങ്കിലും സംസാരിക്കുമ്പോൾ, മെസേജ് അയയ്ക്കുമ്പോൾ, ഇക്കാര്യങ്ങൾ വെറുതെ ഒന്നോർത്തുനോക്കൂ. കേൾക്കുന്നയാളുടെ മറുപടിയിലും തിരികെ കിട്ടുന്ന സന്ദേശത്തിലും അതു പ്രതിഫലിക്കുന്നതു കാണാം. തീർച്ച!




