ഈറ്റിംഗ് ഡിസോർഡർ: ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കാം

ഭക്ഷണം ഒരു വൈകാരിക വിഷയമാകുമ്പോൾ
സൗന്ദര്യത്തെക്കുറിച്ചുള്ള അമിത ആശങ്കയോ ഇച്ഛാശക്തിയുടെ കുറവോ അല്ല ഈറ്റിംഗ് ഡിസോർഡറുകൾ (ഭക്ഷണത്തിലെ അസ്വാസ്ഥ്യങ്ങൾ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സ്വയം നിയന്ത്രണം, വികാരങ്ങൾ, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്.
ഇത് സ്ത്രീപുരുഷ ഭേദമെന്യെ ആരെയും ബാധിക്കാം. നേരത്തെ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാൻ സഹായകമാകുന്ന അവസ്ഥയാണിത്.
ശ്രദ്ധിക്കേണ്ട ഏറ്റവും സാധാരണമായ സൂചനകളും ലക്ഷണങ്ങളും:
ശാരീരിക ലക്ഷണങ്ങൾ
- മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ തന്നെ ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വലിയ കുറവോ ഏറ്റക്കുറച്ചിലുകളോ.
- പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം, തലകറക്കം, അല്ലെങ്കിൽ ബോധക്ഷയം.
- വരണ്ട ചർമ്മം, എളുപ്പത്തിൽ പൊട്ടിപ്പോകുന്ന നഖങ്ങൾ, അല്ലെങ്കിൽ മുടി കൊഴിച്ചിൽ.
- ക്രമരഹിതമായ ഹൃദയമിടിപ്പ്, അല്ലെങ്കിൽ എപ്പോഴും തണുപ്പ് അനുഭവപ്പെടുക.
- വയറുവേദന, വയറു വീർക്കൽ, അല്ലെങ്കിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ.
- ആർത്തവ ക്രമക്കേടുകൾ അല്ലെങ്കിൽ ആർത്തവം നിലയ്ക്കുന്നത് (അമെനോറിയ).
- കൈകളിലും കാലുകളിലും കവിളുകളിലും നീര് വരുന്നത് (പ്രത്യേകിച്ച് ബുളീമിയ എന്ന അവസ്ഥയിൽ).
വൈകാരികവും മാനസികവുമായ ലക്ഷണങ്ങൾ
- മെലിഞ്ഞിരുന്നിട്ടും തടി വെക്കുമെന്നോ “വണ്ണം കൂടുമെന്നോ” ഉള്ള അമിതമായ ഭയം.
- സ്വന്തം ശരീരത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാട് – എപ്പോഴും “ഞാൻ അത്ര പോര” എന്ന തോന്നൽ.
- ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും തികഞ്ഞതായിരിക്കണം എന്ന വാശിയും കടുത്ത സ്വയം വിമർശനവും.
- പെട്ടെന്നുള്ള ദേഷ്യം, സങ്കടം തുടങ്ങിയ സ്വഭാവമാറ്റങ്ങൾ (mood swings), ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം.
- ആത്മാഭിമാനക്കുറവ്, കാര്യങ്ങൾ സ്വന്തം നിയന്ത്രണത്തിലല്ല എന്ന തോന്നൽ.
- ഭക്ഷണം കഴിച്ചതിന് ശേഷം ഉണ്ടാകുന്ന കടുത്ത കുറ്റബോധം അല്ലെങ്കിൽ നാണക്കേട്.
പെരുമാറ്റത്തിലെ സൂചനകൾ
- ആഹാരം ഒഴിവാക്കുക, അല്ലെങ്കിൽ കഴിച്ചുവെന്ന് കള്ളം പറയുക.
- ഭക്ഷണം കഴിക്കുമ്പോൾ വിചിത്രമായ രീതികൾ കാണിക്കുക – ഉദാഹരണത്തിന്, ഭക്ഷണം വളരെ ചെറിയ കഷണങ്ങളാക്കുക, അല്ലെങ്കിൽ വളരെ പതുക്കെ കഴിക്കുക.
- അടിക്കടി ഡയറ്റിംഗ് ചെയ്യുക, അല്ലെങ്കിൽ ശരീരം “ശുദ്ധീകരിക്കാൻ” (cleansing) ശ്രമിക്കുക.
- പരിക്ക് പറ്റിയിരിക്കുമ്പോഴോ തളർന്നിരിക്കുമ്പോഴോ പോലും അമിതമായി വ്യായാമം ചെയ്യുക.
- ഭക്ഷണം കഴിച്ചതിന് ശേഷം ഉടൻ തന്നെ ബാത്ത്‌റൂമിൽ പോകുന്നത് (ഇത് ഛർദ്ദിക്കാനോ മറ്റോ ആകാം).
- ഭക്ഷണം ഒളിപ്പിച്ചു വെയ്ക്കുക.
- കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഒപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, അവരിൽ നിന്ന് അകന്നുനിൽക്കുക (സാമൂഹികമായി ഉൾവലിയുക).
ഓരോ തരം അസ്വാസ്ഥ്യങ്ങളുടെയും പ്രത്യേക സൂചനകൾ
- അനോറെക്സിയ നെർവോസ (Anorexia Nervosa): ആഹാരം കഠിനമായി നിയന്ത്രിക്കുക, ശരീരം വളരെ മെലിയുക, ഭക്ഷണത്തിലെ കലോറിയെക്കുറിച്ച് അമിതമായ ആശങ്ക.
- ബുളീമിയ നെർവോസ (Bulimia Nervosa): അമിതമായി ഭക്ഷണം കഴിച്ച ശേഷം ഛർദ്ദിക്കുക, ഉപവസിക്കുക, അല്ലെങ്കിൽ അമിതമായി വ്യായാമം ചെയ്യുക.
- ബിഞ്ച് ഈറ്റിംഗ് ഡിസോർഡർ (Binge Eating Disorder): വളരെ വേഗത്തിൽ ധാരാളം ഭക്ഷണം കഴിക്കുക, അതിനുശേഷം കടുത്ത കുറ്റബോധം തോന്നുക.
- ഓർത്തോറെക്സിയ (Orthorexia): “ശുദ്ധമായ” അല്ലെങ്കിൽ “ആരോഗ്യകരമായ” ഭക്ഷണത്തോട് മാത്രമുള്ള അമിതമായ അഭിനിവേശം (ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തലം വരെ എത്തും).
എപ്പോഴാണ് സഹായം തേടേണ്ടത്?
നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ഈ ലക്ഷണങ്ങൾ ഏതാനും ആഴ്ചകളിൽ കൂടുതൽ കാണുകയാണെങ്കിൽ – തീർച്ചയായും സഹായം തേടണം.
താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ ഈറ്റിംഗ് ഡിസോർഡറുകൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും:
- സൈക്കോതെറാപ്പി (സംസാരത്തിലൂടെയുള്ള ചികിത്സ – ഉദാഹരണത്തിന് CBT, അല്ലെങ്കിൽ കുടുംബത്തെ ഉൾപ്പെടുത്തിയുള്ള തെറാപ്പി).
- പോഷകാഹാരത്തെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശം (Nutritional counseling).
- മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിനുള്ള വൈദ്യസഹായം.
- സമാന പ്രശ്നങ്ങളുള്ളവരുടെ കൂട്ടായ്മകൾ (Support groups), മനസ്സിനെ ശാന്തമാക്കാനുള്ള പരിശീലനം (Mindfulness).
ഓർക്കുക: നേരത്തെയുള്ള സഹായം വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കും.
ഭക്ഷണം ഒരു ശത്രുവല്ല – അത് മനസ്സിനും ശരീരത്തിനും വേണ്ടിയുള്ള പോഷണമാണ്.
References
- National Eating Disorders Association (NEDA). (2023). Warning Signs and Symptoms.
- American Psychological Association (2022). Understanding Eating Disorders.
- World Health Organization (2023). Mental Health and Nutrition.
- Eating Disorders – Symptoms and Causes.
- Journal of Adolescent Health (2022). Early Identification and Intervention in Eating Disorders.




