ലോക ഓസ്റ്റിയോപൊറോസിസ് ദിനം 2025: “ഇത് അംഗീകരിക്കാനാവില്ല”: അസ്ഥികൾ ദൃഢമാക്കാൻ ആഹ്വാനം ചെയ്യാം

ലോക ഓസ്റ്റിയോപൊറോസിസ് ദിനം 2025: “ഇത് അംഗീകരിക്കാനാവില്ല”: അസ്ഥികൾ ദൃഢമാക്കാൻ ആഹ്വാനം ചെയ്യാം

 വർഷം തോറും ഒക്‌ടോബർ 20ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആചരിക്കുന്നു. നിശബ്ദവും എന്നാൽ വ്യാപകവുമായ, അസ്ഥിക്ഷയം (Osteoporosis) എന്ന രോഗത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം. [1]

ഇത്തവണത്തെ പ്രമേയം,“ഇത് അംഗീകരിക്കാനാവില്ല! (It’s Unacceptable!)” എന്നതാണ്. പ്രതിരോധിക്കാൻ കഴിയുന്ന അപകടസാധ്യതകൾ, രോഗനിർണയ സംവിധാനങ്ങളുടെ കുറവ്, ആഗോളതലത്തിൽ തന്നെ ഓസ്റ്റിയോപൊറോസിസ് ചികിത്സ നൽകുന്നതിലെ അപര്യാപ്തത എന്നീ ഗൌരവമാർന്ന വസ്തുതകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്.

Nellikka.life വായനക്കാരെ സംബന്ധിച്ചിടത്തോളം, ഈ ദിനം, കലണ്ടറിലെ താളുകളിൽ മറഞ്ഞുപോകുന്ന ഒന്നല്ല. പോഷകാഹാരക്കുറവും ജീവിത സാഹചര്യങ്ങളും ആരോഗ്യപരിപാലനത്തെ ബാധിക്കുന്ന, പ്രായമായവർ കൂടിവരുന്ന നമ്മുടെ ചുറ്റുപാടിൽ, അസ്ഥി ദൃഢത, ജീവിതത്തിൻ്റെ സമസ്ത തലങ്ങളിലും അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന്  ഓർമ്മപ്പെടുത്താൻ കൂടിയുള്ളതാണ് ഈ ദിനം.

എന്താണ് ഓസ്റ്റിയോപൊറോസിസ്?

ഓസ്റ്റിയോപൊറോസിസിനെ പലപ്പോഴും “നിശബ്ദ രോഗം” എന്ന് പറയാറുണ്ട്. കാരണം, അസ്ഥിയിൽ ഒടിവ് സംഭവിക്കുന്നത് വരെ ഇത് യാതൊരു ലക്ഷണങ്ങളും പ്രകടമാക്കില്ല എന്നതുകൊണ്ടുതന്നെ. [2]

ചുരുക്കത്തിൽ:

  • അസ്ഥി ധാതു സാന്ദ്രതയും (Bone Mineral Density – BMD) അസ്ഥിയുടെ കനവും കുറയുന്നു. ഇത് അസ്ഥികളെ ദുർബലമാക്കുകയും ചെറുതായി തട്ടിയാലും വീണാലും  ഒടിവുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • ഇത് പ്രായമായവരുടെ മാത്രം പ്രശ്നമല്ല — അസ്ഥികളുടെ ആരോഗ്യം ജീവിതകാലം മുഴുവൻ ശ്രദ്ധിക്കേണ്ട കാര്യമാണ്. (2025ലെ പ്രചാരണ വിഷയങ്ങളിൽ ഒന്ന് ജീവിതകാലം മുഴുവനുള്ള അസ്ഥി ആരോഗ്യം എന്നതാണ്). [3]
  • കൂടുതലും നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ടകൾ എന്നിവിടങ്ങളിലാണ് അസ്ഥിക്ഷയം മൂലം ഒടിവ് സംഭവിക്കുന്നത്. ഈ ഒടിവുകളാകട്ടെ, രോഗാവസ്ഥയും മരണനിരക്കും വർദ്ധിപ്പിക്കാൻ സാധ്യതയുള്ളവയുമാണ്.  [4]

ഇന്ത്യയിൽ കൂടുതൽ പ്രധാനമാകാൻ കാരണം?

നമ്മുടെ രാജ്യത്ത് ആയുർദൈർഘ്യം വർദ്ധിക്കുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ (ഇരുന്ന് ജോലി ചെയ്യൽ, പുറത്ത് സമയം ചെലവഴിക്കാതിരിക്കുക, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ) വരികയും ചെയ്യുന്നതിനാൽ, രോഗസാധ്യത ഏറി വരുന്നു.

കൂടാതെ, അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധക്കുറവ് കാരണം ഈ “നിശബ്ദ മഹാമാരി”, ഒടിവുകൾ, സ്വയംപര്യാപ്തത നഷ്ടപ്പെടൽ, അംഗവൈകല്യം, ഉയർന്ന ചെലവുകൾ തുടങ്ങി, ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും സാദ്ധ്യതയുണ്ട്.

പ്രധാന അപകടസാദ്ധ്യതാ ഘടകങ്ങൾ: ആരെല്ലാം ശ്രദ്ധിക്കണം?

അസ്ഥിക്ഷയം ഉണ്ടാകാനുള്ള കാരണങ്ങളെ നമുക്ക് മാറ്റാൻ കഴിയുന്നവ എന്നും കഴിയാത്തവ എന്നും രണ്ടായി തിരിക്കാം:

മാറ്റാൻ കഴിയാത്ത ഘടകങ്ങൾ 

  • പ്രായം: ഏകദേശം 30-35 വയസ്സോടെ അസ്ഥികളുടെ സാന്ദ്രത അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു, അതിനുശേഷം അത് ക്രമേണ കുറഞ്ഞു തുടങ്ങുന്നു.  [5]
  • ലിംഗം: സ്ത്രീകൾ, പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷമുള്ളവരിൽ ഹോർമോൺ മാറ്റങ്ങൾ (ഈസ്ട്രജന്റെ കുറവ്) കാരണം ഉയർന്ന അപകടസാദ്ധ്യതയുണ്ട്.
  • കുടുംബ ചരിത്രം: കുടുംബത്തിൽ ആർക്കെങ്കിലും ഓസ്റ്റിയോപൊറോസിസ് വന്നിട്ടുണ്ടെങ്കിൽ. [6]
  • വംശം: ചില പഠനങ്ങൾ അനുസരിച്ച് ഏഷ്യൻ, കോക്കേഷ്യൻ പൈതൃകമുള്ളവർക്ക് ചില സാഹചര്യങ്ങളിൽ ഇതിന് കൂടുതൽ സാധ്യതയുണ്ട്.

മാറ്റാൻ കഴിയുന്ന ഘടകങ്ങൾ 

  • കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ്: മോശം ഭക്ഷണക്രമവും സൂര്യപ്രകാശം ഏൽക്കാത്തതും ഇതിന് കാരണമാകുന്നു. .[7]
  • ശാരീരിക നിഷ്‌ക്രിയത്വം / സ്ഥിരമായി ഇരിക്കുന്ന ജീവിതശൈലി: ശരീരഭാരം താങ്ങുന്ന വ്യായാമങ്ങൾ ഇല്ലാത്തത്, അസ്ഥിക്ഷയം വേഗത്തിലാക്കുന്നു.
  • പുകവലി: പുകയില അസ്ഥി നിർമ്മിക്കുന്ന കോശങ്ങളെ ദോഷകരമായി ബാധിക്കുകയും അസ്ഥികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
  • അമിതമായ മദ്യപാനം: തുടർച്ചയായ അമിത മദ്യപാനം ഒടിവിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
  • ചില മരുന്നുകളും രോഗങ്ങളും: ദീർഘകാല സ്റ്റിറോയ്ഡ് ഉപയോഗം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, എൻഡോക്രൈൻ തകരാറുകൾ എന്നിവ അസ്ഥികളുടെ നഷ്ടം വേഗത്തിലാക്കാം.

നിങ്ങൾ 50 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീ ആണെങ്കിൽ, മുമ്പ് ഒടിവ് സംഭവിച്ചിട്ടുണ്ടെങ്കിൽ, കാൽസ്യം കുറഞ്ഞ ഭക്ഷണം കഴിക്കുന്ന വ്യക്തിയാണെങ്കിൽ, പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന ശീലമുണ്ടെങ്കിൽ,  അസ്ഥികളുടെ ആരോഗ്യം സംബന്ധിച്ചുള്ള അവബോധം ഉടനടി വർദ്ധിപ്പിക്കേണ്ടതുണ്ട്.

പ്രതിരോധ മാർഗ്ഗങ്ങൾ

ഓസ്റ്റിയോപൊറോസിസ് നേരത്തെ കണ്ടെത്തിയാൽ, അത് വലിയ തോതിൽ നിയന്ത്രിക്കാനോ തടയാനോ കഴിയും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അസ്ഥികളുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങൾ ഇനിപ്പറയുന്നു:

1. പോഷകാഹാരം: അസ്ഥികൾക്ക് പോഷണം നൽകാം

  • ആവശ്യത്തിന് കാൽസ്യം കഴിക്കാൻ ശ്രദ്ധിക്കുക: സാധാര ഗതിയിൽ, മുതിർന്ന ഒരു വ്യക്തിക്ക് പ്രതിദിനം ഏകദേശം  1,000 mg മതിയാകും; പ്രായമായ സ്ത്രീകൾക്ക് ഏകദേശം 1,200 mg വരെ വേണ്ടി വന്നേക്കാം.
  • ആവശ്യത്തിന് വിറ്റാമിൻ ഡി വേണം (ഇത് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു): ഉദാഹരണത്തിന്, ദിവസവും ഏകദേശം 600-800 IU അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച്.
  • പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവയും മൊത്തത്തിലുള്ള സമീകൃതാഹാരവും അനിവവാര്യം: പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, പയർവർഗ്ഗങ്ങൾ എന്നിവയെല്ലാം പ്രധാനമാണ്.

2. വ്യായാമം:  ഉപയോഗത്തിലൂടെ ശക്തമാക്കാം

  • പതിവായുള്ള വ്യായാമങ്ങൾ (നടത്തം, ജോഗിംഗ്, നൃത്തം) കൂടാതെ റെസിസ്റ്റൻസ് പരിശീലനം (ഭാരം, ബാൻഡുകൾ) എന്നിവ അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുന്നു.  [8]
  • വീഴ്ചകൾ തടയാൻ സഹായിക്കുന്ന ബാലൻസിംഗും ശരീരനില മെച്ചപ്പെടുത്താനുള്ള പരിശീലനവും ഉൾപ്പെടുത്തുക.  [9]

3. ജീവിതശൈലി: അപകടസാധ്യതകൾ നിയന്ത്രിക്കുക

  • പുകവലി നിർത്തുക.
  • മദ്യപാനം പരിമിതപ്പെടുത്തുക.
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക — അമിതമായി മെലിഞ്ഞിരിക്കുന്നത് (ബി.എം.ഐ 19ൽ താഴെ) രോഗസാദ്ധ്യത വർദ്ധിപ്പിക്കുന്നു.

വീട്ടിൽ വീഴാനുള്ള സാദ്ധ്യതകൾ (പരവതാനികൾ, വെളിച്ചക്കുറവ്) ഒഴിവാക്കുക. കൂടാതെ, അസ്ഥിക്ക് ബലക്കുറവുണ്ടാക്കുകയോ ബാലൻസ് നഷ്ടമാക്കാൻ സാദ്ധ്യതയുള്ളതോ ആയ മരുന്നുകളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

4. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും

  • നിങ്ങൾക്ക് അപകടസാധ്യതയുണ്ടെങ്കിൽ, അസ്ഥി സാന്ദ്രതാ പരിശോധനയെക്കുറിച്ച് (DEXA scan) ഡോക്ടറോട് ചോദിക്കുക. നേരത്തെയുള്ള കണ്ടെത്തൽ വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.
  • ഓസ്റ്റിയോപൊറോസിസ് സ്ഥിരീകരിച്ചാൽ, ജീവിതശൈലി മാറ്റങ്ങൾക്കൊപ്പം ഡോക്ടർ മരുന്നുകളും നിർദ്ദേശിക്കാൻ സാദ്ധ്യതയുണ്ട്. എങ്കിലും ഭക്ഷണം, വ്യായാമം, വീഴ്ച തടയൽ എന്നിവ തന്നെയാണ് പരമപ്രധാനം. [10]

ഓസ്റ്റിയോപൊറോസിസ് അവബോധം 2025: വിഷയത്തിൻ്റെ പ്രാധാന്യം 

ഈ വർഷത്തെ വിഷയം “ഇത് അംഗീകരിക്കാനാവില്ല! (It’s Unacceptable!)” പ്രധാനപ്പെട്ടതാകാൻ മൂന്ന് കാരണങ്ങളുണ്ട്:

1.ചികിത്സാ വിടവ്: ഓസ്റ്റിയോപൊറോസിസ് കാരണം ഒടിവ് സംഭവിക്കുന്ന നിരവധി പേർക്ക്, അതിനുശേഷമുള്ള കൃത്യമായ രോഗനിർണയമോ തുടർചികിത്സയോ ലഭിക്കുന്നില്ല. ഈ വലിയ ചികിത്സാ വിടവ് ഇല്ലാതാക്കേണ്ടതുണ്ട്.

2.ജീവിതകാലം മുഴുവൻ അസ്ഥി ആരോഗ്യം: പ്രായമായവരിൽ മാത്രമല്ല, എല്ലാവർക്കും അവശ്യം വേണ്ട, ജീവിതകാലം മുഴുവനുമുള്ള അസ്ഥി ആരോഗ്യത്തിന് ഇത് ഊന്നൽ നൽകുന്നു. ചെറുപ്പക്കാരും മുതിർന്നവരും മധ്യവയസ്‌കരുമെല്ലാം അവരുടെ അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ടി  ഇപ്പോൾത്തന്നെ പ്രവർത്തിച്ചു തുടങ്ങണം. 

3.പൊതുജനാരോഗ്യ നടപടി: വ്യക്തിഗത അവബോധത്തിന് വേണ്ടി മാത്രമല്ല, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, നയപരമായ മാറ്റങ്ങൾ, മെച്ചപ്പെട്ട സ്ക്രീനിംഗ് പ്രോഗ്രാമുകൾ, ഒടിവ് ചികിത്സാ പദ്ധതികൾ എന്നിവയ്ക്കായി നിലകൊള്ളാൻ, ഈ വിഷയം  ആഹ്വാനം ചെയ്യുന്നു.

വായനക്കാരിൽ ഓരോരുത്തർക്കും എങ്ങനെയെല്ലാം പ്രവർത്തിക്കാൻ കഴിയും എന്നതിനൊപ്പം തന്നെ, രാജ്യത്തെ നഗര,ഗ്രാമ മേഖലകളിലെ സമൂഹങ്ങൾക്ക് അസ്ഥി ആരോഗ്യ സാക്ഷരത വർദ്ധിപ്പിക്കാൻ എന്തെല്ലാം പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കാൻ സാധിക്കും എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തിന്, ‘അസ്ഥിക്ഷയം സംബന്ധിച്ച അവഗണന അംഗീകരിക്കാനാകില്ല’ എന്ന ഈ പ്രമേയം ഊന്നൽ നൽകുന്നു എന്നും   nellikka.life ഉറച്ചു വിശ്വസിക്കുന്നു.

ഓരോ വ്യക്തിയും സ്വന്തം ആരോഗ്യത്തിന് വേണ്ടി ഇന്ന് കൈക്കൊള്ളുന്ന ചെറിയ തീരുമാനങ്ങൾ, വലിയ സാമൂഹിക മാറ്റത്തിന് വഴി തെളിക്കും. ആവശ്യത്തിന് കാൽസ്യം ഉറപ്പാക്കുക, വ്യായാമം ചെയ്യുക, വീഴ്ച ഒഴിവാക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ പോലും കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും അത് സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കാൻ നമുക്ക് സാധിക്കുകയും വേണം.

പ്രായോഗിക പ്രവർത്തനം: നിങ്ങൾക്ക് ഇന്ന് തന്നെ ചെയ്യാൻ കഴിയുന്നവ

ചെയ്യേണ്ടത്പ്രാധാന്യം
കാൽസ്യം, വിറ്റാമിൻ ഡി തോത് എന്നിവ പരിശോധിച്ച് ഡോക്ടറുടെ നിർദ്ദേശം തേടുക
അവശ്യ പോഷകങ്ങൾ  ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി
ആഴ്ചയിൽ 3–4 തവണ 30 മിനിറ്റിലധികം ഭാരം താങ്ങുന്നതോ റെസിസ്റ്റൻസ് ഉള്ളതോ ആയ വ്യായാമം ഉൾപ്പെടുത്തുക.അസ്ഥി വളർച്ചയെ ഉത്തേജിപ്പിക്കാൻ  സഹായിക്കുന്നു
വീട്ടിലും ജോലിസ്ഥലത്തും വീഴ്ചകൾക്കുള്ള സാദ്ധ്യത വിലയിരുത്തുകവീഴ്ചകൾ തടയുന്നത് ഒടിവുകൾ ഒഴിവാക്കാൻ സഹായിക്കും
DEXA സ്കാൻ അല്ലെങ്കിൽ അസ്ഥി ആരോഗ്യ പരിശോധന ആവശ്യമുണ്ടോ എന്ന് ഡോക്ടറോട് ചോദിക്കുകനേരത്തെയുള്ള കണ്ടെത്തുന്നതിലൂടെ മികച്ച ചികിത്സാ ഫലപ്രാപ്തി ഉറപ്പാക്കാം 
പുകവലിക്കുകയോ അമിതമായി മദ്യപിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, നിർത്താനോ കുറയ്ക്കാനോ തീരുമാനിക്കുകമാറ്റാനാകുന്ന അപകടസാധ്യതകൾ കുറയ്ക്കാൻ
കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും അസ്ഥി ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുകഅസ്ഥി ആരോഗ്യത്തെക്കുറിച്ചുള്ള നല്ല സംസ്കാരം ശക്തിപ്പെടുത്താൻ.

ഇന്ത്യയിലെ സാഹചര്യങ്ങളും സാംസ്കാരിക പ്രസക്തിയും

ഓസ്റ്റിയോപൊറോസിസിന്റെ കാര്യത്തിൽ രാജ്യം ശ്രദ്ധിക്കേണ്ട ചില പ്രധാന ഘടകങ്ങൾ :

  • ഇന്ത്യയിലെ ഭക്ഷണക്രമം, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലും സൂര്യപ്രകാശം കുറവായ നഗരപ്രദേശങ്ങളിലും, കാൽസ്യത്തിന്റെയും വിറ്റാമിൻ ഡി-യുടെയും കുറവുള്ളവയാകാൻ സാധ്യതയുണ്ട്.
  • രാജ്യത്തെ സ്ത്രീകളിൽ ആർത്തവവിരാമ ഘട്ടം പലപ്പോഴും ശരിയായ നിരീക്ഷണത്തിന് വിധേയമാകുന്നില്ല. ഈ സമയത്ത് അസ്ഥിക്ഷയം വർദ്ധിക്കുന്നുണ്ടെങ്കിലും, പരിശോധനകൾ കുറവാണ്.
  • ഗ്രാമീണ മേഖലകളിലും സമ്പന്നമല്ലാത്ത പ്രദേശങ്ങളിലും DEXA സ്കാനുകളോ വിദഗ്ദ്ധ സഹായമോ ലഭ്യമല്ലാതിരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ വ്യാപകമായ അവബോധവും കമ്മ്യൂണിറ്റി സ്ക്രീനിംഗ് ക്യാമ്പുകളും ആവശ്യമാണ്.
  • എല്ലാവരിലും എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാൻ യോഗ, വാക്കിംഗ് ക്ലബ്ബുകൾ, കമ്മ്യൂണിറ്റി കൂട്ടായ്മകൾ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്
  • ഒടിവിന് ചികിത്സാ ചെലവുകൾ കൂടുതലുള്ള, സാമൂഹിക പിന്തുണ പരിമിതമായ സാഹചര്യത്തിൽ, അസ്ഥിക്ഷയം പരോക്ഷമായാണ് സംഭവിക്കുന്നത് എന്ന അവബോധം നൽകുന്നത്, ജനങ്ങളെ കൂടുതൽ കരുതലോടെ ജീവിക്കാൻ സഹായിക്കും. 

അതീവ പ്രാധാന്യം എന്തുകൊണ്ട്?

  • ഉറപ്പുള്ള അസ്ഥികൾ = കരുത്തുറ്റ ജീവിതം: ചലനാത്മകത, സ്വാതന്ത്ര്യം, കുറഞ്ഞ ആശുപത്രി വാസം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ ഉറപ്പാക്കുന്നു.
  • ഓസ്റ്റിയോപൊറോസിസ് മൂലമുണ്ടാകുന്ന ഒടിവ് വെറുമൊരു അസ്ഥി പ്രശ്‌നം മാത്രമല്ല, അത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ഉൽ‌പാദനക്ഷമതയെയും ക്ഷേമത്തെയും ബാധിക്കുന്നു.
  • പ്രതിരോധമാണ് ഏറ്റവും ചെലവ് കുറഞ്ഞ വഴി: ജീവിതശൈലിയിലെ മാറ്റങ്ങളും നേരത്തെയുള്ള സ്ക്രീനിംഗും അസ്ഥികൾ ഒടിഞ്ഞ ശേഷം ചെയ്യുന്ന ചികിത്സയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ നടപ്പിലാക്കാനാകും.
  • ഇത് തലമുറകൾക്കു വേണ്ടി: നിങ്ങൾ ഇന്ന് സ്വീകരിക്കുന്ന ശീലങ്ങൾ വരും തലമുറകളുടെ അസ്ഥി ആരോഗ്യത്തെയും സ്വാധീനിക്കുന്നു.

ഈ ഒക്‌ടോബർ 20ന്, “ഇത് അംഗീകരിക്കാനാവില്ല!” എന്ന മുദ്രാവാക്യമുയർത്തി ലോക ഓസ്റ്റിയോപൊറോസിസ് ദിനം നമ്മൾ ആചരിക്കുമ്പോൾ, “പ്രായമാകുമ്പോൾ നോക്കാം” എന്നതിൽ നിന്ന് മാറി “ഇന്ന് മുതൽ അസ്ഥികളെ സംരക്ഷിക്കണം” എന്ന ചിന്തയിലേക്ക് നമുക്ക് മാറാം.

അസ്ഥികളുടെ ആരോഗ്യത്തെ അമൂല്യ സമ്പാദ്യമായി കണക്കാക്കാൻ nellikka.life പ്രോത്സാഹനം നൽകുന്നു. പരിപോഷിപ്പിക്കുകയും ശ്രദ്ധ നൽകുകയും ജീവിതത്തിലുടനീളം സംരക്ഷിക്കുകയും ചെയ്യേണ്ട ഒന്നാണത്.

അതുകൊണ്ട്, ഉറപ്പുള്ള അസ്ഥികൾക്കായി ഇന്നുമുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങാം. 

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe