പ്രായം വെറും നമ്പറല്ലേ

വയസ്സേറിയാലും ഓർമ്മയും ബുദ്ധിയും നിലനിർത്താം
ഇതാ ചില എളുപ്പവഴികൾ
ചില കാര്യങ്ങൾ അപ്പാടെ മറന്നുപോകുമ്പോഴും പെട്ടെന്ന് ഒന്നും ഓർത്തെടുക്കാൻ കഴിയാതെ വരുമ്പോഴും നമ്മൾ പ്രായത്തെ പഴി പറയാറുണ്ട്. ഇതെല്ലാം പ്രായമാകുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ഈ ധാരണയെ തിരുത്തിക്കുറിക്കുകയാണ് ആധുനിക ശാസ്ത്രം.
നമ്മുടെ മസ്തിഷ്ക്കം പ്രായമാകുമ്പോൾ നശിച്ചുപോകുന്ന ഒരവയവമല്ല. കൃത്യമായ പരിചരണം നൽകിയാൽ, എത്ര പ്രായമായാലും സ്വയം മാറാനും പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാനും തലച്ചോറിന് സാധിക്കും. ഈ സവിശേഷ സിദ്ധിയെയാണ് ശാസ്ത്രം ‘ന്യൂറോപ്ലാസ്റ്റിസിറ്റി’ എന്ന് വിശേഷിപ്പിക്കുന്നത്. നമ്മൾ ശരിയായ സിഗ്നലുകൾ നൽകി പരിപോഷിപ്പിച്ചാൽ, പ്രായമേറിയാലും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താൻ നമുക്കാകും.
ധിഷണാശേഷിയെ ഭീതിയോടെയല്ല കാണേണ്ടതെന്ന് നെല്ലിക്ക. ലൈഫ് വിശ്വസിക്കുന്നു. മസ്തിഷ്കവുമായി ജീവിതകാലം മുഴുവൻ നാം പുലർത്തുന്ന ആത്മബന്ധമായാണ് അതിനെ കണക്കാക്കേണ്ടത്. ദൈനംദിന തീരുമാനങ്ങൾ, സന്തോഷം, ജീവിതരീതികൾ, നമ്മുടെ തന്നെ ആന്തരിക തലത്തിലേക്ക് നോക്കിക്കാണാനുള്ള കഴിവ് എന്നിവയെല്ലാം ചേർന്നാണ് ഈ ബന്ധത്തെ കരുത്തുറ്റതാക്കുന്നത്.
എന്താണ് കോഗ്നിറ്റീവ് ഡിക്ലൈൻ അഥവാ ചിന്താശേഷി ക്ഷയം?
മസ്തിഷ്കത്തിന്റെ കാര്യക്ഷമതയിലോ ചിന്താശേഷിയിലോ ക്രമേണ ഉണ്ടാകുന്ന കുറവിനെയാണ് ‘കോഗ്നിറ്റീവ് ഡിക്ലൈൻ’ എന്ന് പറയുന്നത്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലാണ് ഈ മാറ്റം പ്രകടമാകുന്നത്:
- കാര്യങ്ങൾ ഓർത്തുവെയ്ക്കാനും പിന്നീട് ഓർത്തെടുക്കാനുമുള്ള ബുദ്ധിമുട്ട്.
- ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ.
- വിവരങ്ങൾ ഗ്രഹിക്കാനും പ്രതികരിക്കാനുമുള്ള വേഗത കുറയുക.
- പ്രശ്നങ്ങൾ പരിഹരിക്കാനും കാര്യങ്ങൾ പ്ലാൻ ചെയ്യാനുമുള്ള പ്രയാസം.
- സംസാരിക്കുമ്പോൾ കൃത്യമായ വാക്കുകൾ കിട്ടാതെ വരിക.
പ്രായമാകുമ്പോൾ ഇത്തരം ചെറിയ മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ ബുദ്ധിശക്തിയിലുണ്ടാകുന്ന വലിയ തകർച്ച നമുക്ക് തടയാൻ സാധിക്കും. ചിന്താശേഷി കുറയുന്നത് ‘ഡിമെൻഷ്യ’ അഥവാ മറവിരോഗം അല്ല എന്നതാണ് പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട കാര്യം. ഇത് പല തലങ്ങളിലായാണ് സംഭവിക്കുന്നത്. നേരത്തെ മുൻകരുതലുകൾ കൈക്കൊള്ളുന്നതു വഴി വലിയ മാറ്റങ്ങൾ വരുത്താൻ നമുക്ക് കഴിയും.
പ്രായമാകുമ്പോൾ തലച്ചോറിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്
പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങൾക്കെന്ന പോലെ തലച്ചോറിനും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്:
- നാഡീസംവേദനത്തിലെ വേഗതക്കുറവ്
- ന്യൂറോട്രാൻസ്മിറ്ററുകളുടെ കുറവ്
- തലച്ചോറിലെ ചില ഭാഗങ്ങൾ നേരിയ തോതിൽ ശുഷ്ക്കിച്ചുപോകാം.
എന്നാൽ ഈ മാറ്റങ്ങൾ, നമ്മളെ എത്ര തീവ്രതയിൽ ബാധിക്കുമെന്നത് പ്രധാനമായും ജീവിതശൈലി (Lifestyle), മാനസിക സമ്മർദ്ദം (Stress load), മെറ്റബോളിക് ആരോഗ്യം (പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ), പ്രതിസന്ധികളെ നേരിടാനുള്ള മാനസിക കരുത്ത് എന്നീ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.
മസ്തിഷ്ക്കത്തെ വേണ്ടവിധത്തിൽ ഉപയോഗിക്കുകയും വേണ്ടത്ര ഓക്സിജനും പോഷകാഹാരങ്ങളും ലഭ്യമാക്കുകയും വിശ്രമം നൽകുകയും ജീവിതത്തിന് നല്ലൊരു ലക്ഷ്യം നിശ്ചയിച്ച് മുന്നേറുകയും ചെയ്താൽ നമ്മുടെ തലച്ചോർ എപ്പോഴും ഊർജ്ജസ്വലമായിരിക്കും.
ചിന്താശേഷിയെ ബാധിക്കുന്ന പ്രധാന വെല്ലുവിളികൾ
നമ്മുടെ ബുദ്ധിശക്തിയെയും ഓർമ്മയെയും തളർത്തുന്ന രണ്ട് പ്രധാന ഘടകങ്ങൾ താഴെ പറയുന്നു:
1. നിരന്തര സമ്മർദ്ദവും വികാരങ്ങൾ അടിച്ചമർത്തുന്നതും
ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം നമ്മുടെ തലച്ചോറിൽ കോർട്ടിസോൾ (Cortisol) എന്ന ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് തലച്ചോറിൽ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകുന്നു:
- തലച്ചോറിലെ ഓർമ്മകളുടെ കേന്ദ്രത്തെ ബാധിക്കുന്നു
- പുതിയ കോശങ്ങൾ ഉണ്ടാകുന്നത് തടയുന്നു
- മസ്തിഷ്ക കോശങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുന്നു
കൂടാതെ, മനസ്സിലെ സങ്കടങ്ങൾ, ഭയം, വികാരങ്ങൾ എന്നിവ പുറത്തുപറയാതിരിക്കുന്നതും തലച്ചോറിന് ഭാരമായി മാറുന്നു.
2. ഉറക്ക പ്രശ്നങ്ങൾ
ഉറങ്ങുമ്പോഴാണ് നമ്മുടെ മസ്തിഷ്ക്കം അതിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് അന്നത്തെ ഓർമ്മകളെ ക്രമീകരിക്കുന്നത്. ഉറക്കം കുറയുകയോ ഇടയ്ക്കിടെ തടസ്സപ്പെടുകയോ ചെയ്യുന്നത് താഴെ പറയുന്ന രീതിയിൽ നമ്മളെ ബാധിക്കുന്നു:
- പഠിക്കാനുള്ള കഴിവ് കുറയ്ക്കുന്നു
- മസ്തിഷ്കത്തിന്റെ പ്രായം വേഗത്തിൽ വർദ്ധിപ്പിക്കുന്നു
- നാഡീസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുന്നു
ഉറക്കം എന്നത് വിശ്രമം മാത്രമല്ല; തലച്ചോർ സ്വയം അറ്റകുറ്റപ്പണികൾ (Service) നടത്തുന്ന സമയവും കൂടിയാണത്.
3. ചലനമില്ലാത്ത ജീവിതശൈലി (Sedentary Lifestyle)
ശാരീരിക ചലനങ്ങളും തലച്ചോറിന്റെ ആരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. അധികം ചലനമില്ലാതെ ഒരേയിടത്ത് ഇരിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളെ ബാധിക്കുന്നു:
- മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുന്നു
- തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നു.
- നാഡീകോശങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ ഉണ്ടാകുന്നത് തടസ്സപ്പെടുന്നു.
ശരീരത്തിന്റെ ചലനമാണ് തലച്ചോറിന്റെ ഊർജ്ജം. നടത്തം, യോഗ തുടങ്ങിയ ലളിതമായ വ്യായാമങ്ങൾ പോലും മസ്തിഷ്കത്തിന് വലിയ കരുത്ത് നൽകുന്നു.
4. മറ്റ് ആരോഗ്യപ്രശ്നങ്ങൾ
നമ്മുടെ ശരീരത്തിലെ മറ്റ് ആരോഗ്യപ്രശ്നങ്ങളും തലച്ചോറിനെ ദോഷകരമായി ബാധിക്കാം:
- പ്രമേഹം (Diabetes)
- ഉയർന്ന രക്തസമ്മർദ്ദം (Hypertension)
- ഇൻസുലിൻ പ്രതിരോധം (Insulin resistance)
- അമിത കൊളസ്ട്രോൾ
ഇത്തരം അവസ്ഥകൾ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് കാലക്രമേണ ചിന്താശേഷിയെയും ഓർമ്മയെയും സാരമായി ബാധിച്ചേക്കാം.
5. ഒറ്റപ്പെടലും ജീവിതലക്ഷ്യത്തിന്റെ അഭാവവും
നമ്മുടെ മസ്തിഷ്ക്കം സഹജീവികളുമായി ഇടപഴകാൻ സദാ ആഗ്രഹിക്കുന്നുണ്ട്. ഏകാന്തത, കാര്യമായ ജോലികളോ വിനോദങ്ങളോ ഇല്ലാത്ത അവസ്ഥ, മറ്റുള്ളവരിൽ നിന്ന് ഉൾവലിയുന്ന സ്വഭാവം എന്നിവ പ്രായത്തേക്കാൾ വേഗത്തിൽ നമ്മുടെ ബുദ്ധിശക്തിയെ തളർത്തും.
വെറും ഓർമ്മകേടിൽ മാത്രം ഒതുങ്ങില്ല ചിന്താശേഷിക്കുറവ്
മിക്കവരും കരുതുന്നത് ഓർമ്മക്കുറവ് മാത്രമാണ് ഇതിന്റെ ലക്ഷണമെന്നാണ്. എന്നാൽ അതല്ല സത്യം. മസ്തിഷ്കത്തിന്റെ ആരോഗ്യം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് മാനസികമായ വഴക്കമില്ലായ്മയാണ് (Reduced mental flexibility). അതായത്:
- പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്
- പുതിയ കാര്യങ്ങൾ പഠിക്കാനുള്ള പ്രയാസം
- കാര്യങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാൻ കഴിയാതെ വരുന്നത്
ചുരുക്കത്തിൽ, ബുദ്ധിശക്തിയെ സംരക്ഷിക്കുക എന്നാൽ ഏതൊരു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള തലച്ചോറിന്റെ കഴിവിനെ സംരക്ഷിക്കുക എന്നാണർത്ഥം.
ഓർമ്മയും ബുദ്ധിയും സ്വാഭാവികമായി എങ്ങനെ നിലനിർത്താം?
പ്രായം കൂടുന്തോറും നമ്മുടെ തലച്ചോറിനുണ്ടാകുന്ന തളർച്ച കുറയ്ക്കാനും ചിന്താശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ലളിതമായ വഴികൾ താഴെ നൽകുന്നു.
1. തലച്ചോറിന് നൽകാം പുതിയ വെല്ലുവിളികൾ
ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു ചെയ്യുന്നതിനേക്കാൾ, പുതിയ കാര്യങ്ങൾ പഠിക്കുന്നതാണ് തലച്ചോറിന് കൂടുതൽ ഊർജ്ജം നൽകുന്നത്. ഇതിനായി താഴെ പറയുന്നവ ശീലിക്കാം:
- ഒരു പുതിയ ഭാഷയോ അല്ലെങ്കിൽ താൽപ്പര്യമുള്ള മറ്റേതെങ്കിലും കാര്യമോ (ഉദാഹരണത്തിന് തുന്നൽ, പാചകം) പഠിക്കാൻ ശ്രമിക്കുക
- വൈവിധ്യമാർന്ന പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക
- ബുദ്ധി ഉപയോഗിക്കേണ്ട പസിലുകൾ (Puzzles), സുഡോക്കു, ചെസ്സ് തുടങ്ങിയ ഗെയിമുകൾ പരീക്ഷിക്കാം
- യാത്ര ചെയ്യുമ്പോഴോ നടക്കാൻ പോകുമ്പോഴോ സ്ഥിരം വഴികൾ ഒഴിവാക്കി പുതിയ പാതകൾ തെരഞ്ഞെടുക്കുക.
കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുന്നത് ആ കഴിവ് നിലനിർത്താൻ സഹായിക്കും. എന്നാൽ പുതിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ തലച്ചോറിനെ കൂടുതൽ കരുത്തുള്ളതാക്കാനാകും.
2. വ്യായാമത്തിലൂടെ തലച്ചോറിനെ ഉണർത്താം
പതിവായുള്ള ശാരീരിക വ്യായാമത്തിലൂടെ താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കുന്നു:
- തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു
- പുതിയ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു
- ശരീരത്തിലെ വീക്കവും നീർക്കെട്ടും കുറയ്ക്കുന്നു
- നല്ല ഉറക്കവും മാനസിക സന്തോഷവും ലഭിക്കുന്നു
ദിവസവും നടക്കുക, യോഗ ചെയ്യുക, നീന്തൽ അല്ലെങ്കിൽ ലളിതമായ വ്യായാമങ്ങൾ എന്നിവ ശീലിക്കുന്നത് ഓർമ്മശക്തി കുറയാതിരിക്കാൻ കാര്യമായിത്തന്നെ സഹായിക്കും.
3. ഗാഢനിദ്രയ്ക്ക് മുൻഗണന നൽകുക
തലച്ചോറിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നത് നാം ഉറങ്ങുമ്പോഴാണ്. നല്ല ഉറക്കം ലഭിക്കാൻ താഴെ പറയുന്ന ശീലങ്ങൾ സഹായിക്കും:
- ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം പാലിക്കുക
- രാത്രിയിൽ മൊബൈൽ, ടിവി എന്നിവയുടെ ഉപയോഗം കുറയ്ക്കുക
- ഉറങ്ങുന്നതിന് മുൻപ് മനസ്സിന് ആശ്വാസം നൽകുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുക
- പകൽ സമയത്ത് ആവശ്യത്തിന് വെയിൽ കൊള്ളുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും
4. മസ്തിഷ്ക്കത്തിൻ്റെ ആയുസ്സിനായി ആഹാരം കഴിക്കാം
ഭക്ഷണരീതി മസ്തിഷ്കത്തിന്റെ ആരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നു. തലച്ചോറിന് ഗുണകരമായ ഭക്ഷണങ്ങളിൽ ഇവ ഉൾപ്പെടുത്തുക:
- സംസ്കരിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുക. മുഴുധാന്യങ്ങൾ ഉൾപ്പെടുത്തുക
- പരിപ്പുവർഗ്ഗങ്ങൾ, വിത്തുകൾ, ശുദ്ധമായ എണ്ണകൾ എന്നിവ ഉൾപ്പെടുത്തുക
- ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കുക
- ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും വേണ്ടത്ര കഴിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുകയും ശരീരത്തിലെ നീർക്കെട്ടു കുറയ്ക്കുകയും ചെയ്താൽ, തലച്ചോറിലെ നാഡീവ്യൂഹങ്ങളെ സംരക്ഷിക്കാൻ കഴിയും.
5. നാഡീവ്യൂഹത്തെ സുരക്ഷിതമായി നിലനിർത്തുക
ധ്യാനം (Meditation), പ്രാണായാമം, ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിന് വലിയ ഗുണം ചെയ്യും. ഇത് വഴി:
- സമ്മർദ്ദം കുറയുന്നു
- ഏകാഗ്രത കൂടുന്നു
- ന്യൂറോപ്ലാസ്റ്റിസിറ്റിയെ സഹായിക്കുന്നു
നാഡീവ്യൂഹം ശാന്തമായിരിക്കുമ്പോൾ, തലച്ചോറിന് അതിന്റെ ഊർജ്ജം അതിജീവനത്തിന് (Survival) വേണ്ടി ചെലവാക്കാതെ, പുതിയ കാര്യങ്ങൾ പഠിക്കാനും കേടുപാടുകൾ തീർക്കാനും (Repair) ഉപയോഗിക്കാൻ സാധിക്കുന്നു.
6. സാമൂഹികവും വൈകാരികവുമായ ബന്ധങ്ങൾ നിലനിർത്തുക
നമ്മുടെ മസ്തിഷ്കം ഒരു സാമൂഹിക അവയവമാണ്. അർത്ഥവത്തായ ബന്ധങ്ങൾ ഒരേസമയം തലച്ചോറിന്റെ പല ഭാഗങ്ങളെയും ഉണർത്തുന്നു. മറ്റുള്ളവരുമായുള്ള സംഭാഷണങ്ങൾ, സന്തോഷവും സങ്കടവും പങ്കുവെയ്ക്കൽ, ചിരി, വൈകാരികമായ അടുപ്പം എന്നിവ വഴി:
- ഓർമ്മശക്തി വർദ്ധിക്കുന്നു
- ബുദ്ധിശക്തി മെച്ചപ്പെടുന്നു
- വിഷാദം അകറ്റുന്നു
ചുരുക്കത്തിൽ, മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങൾ നമ്മുടെ തലച്ചോറിന് ലഭിക്കുന്ന പോഷകാഹാരം പോലെയാണ്.
7. ജീവിതത്തിന് ലക്ഷ്യവും അർത്ഥവും കണ്ടെത്തുക
പ്രായം എത്രയായാലും, വ്യക്തമായ ജീവിതലക്ഷ്യമുള്ളവർക്ക് ചിന്താശേഷി കുറയാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജീവിതം അർത്ഥവത്താണെന്ന് തോന്നുമ്പോൾ നമ്മുടെ തലച്ചോറും കൂടുതൽ ഉണർവോടെ പ്രവർത്തിക്കും.
ഇത്തരം ലക്ഷ്യങ്ങൾ പല രൂപത്തിൽ നമുക്ക് കണ്ടെത്താം:
- ആത്മീയത
- അറിവും അനുഭവങ്ങളും പകർന്നു നൽകി വഴികാട്ടിയാവുക
- സർഗ്ഗാത്മകത
- സാമൂഹ്യ സേവനം
നമ്മൾ നൽകുന്ന പരിചരണത്തിനനുസരിച്ച് വളരുന്ന അവയവമാണ് മസ്തിഷ്ക്കം. ശരിയായ ഭക്ഷണം, ഉറക്കം, വ്യായാമം ഒപ്പം നല്ല ബന്ധങ്ങളും ജീവിതലക്ഷ്യവും ഉണ്ടെങ്കിൽ പ്രായമാകുമ്പോഴും നമ്മുടെ ബുദ്ധിശക്തിയെയും ഓർമ്മയെയും തിളക്കത്തോടെ നിലനിർത്താൻ സാധിക്കും.
ന്യൂറോപ്ലാസ്റ്റിസിറ്റി: തലച്ചോറിന്റെ വിസ്മയകരമായ കഴിവ്
ഏത് പ്രായത്തിലും സ്വയം മാറാനും പുതിയ ബന്ധങ്ങൾ രൂപപ്പെടുത്താനും നമ്മുടെ തലച്ചോറിന് കഴിയുമെന്ന അത്ഭുതസത്യത്തെയാണ് ‘ന്യൂറോപ്ലാസ്റ്റിസിറ്റി’ എന്ന പദം കൊണ്ട് ആധുനിക ശാസ്ത്രം വിശേഷിപ്പിക്കുന്നത്.
മസ്തിഷ്ക്കത്തിൻ്റെ ഈ കഴിവുകൊണ്ട് നമുക്കുള്ള നേട്ടങ്ങൾ ഇവയാണ്:
- ചിന്താശേഷി കുറയുന്നത് മന്ദഗതിയിലാക്കാനാകും
- പ്രവർത്തനക്ഷമമല്ലാത്ത പാതകൾക്ക് പകരം പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാൻ തലച്ചോറിന് കഴിയും
- പ്രായമേറിയാലും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ സാധിക്കും
തലച്ചോറിന്റെ പരിധി നിശ്ചയിക്കുന്നത് പ്രായമല്ല, മറിച്ച് നമ്മൾ അത് എത്രത്തോളം ഉപയോഗിക്കുന്നു എന്നതാണ്.
എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടത്?
സ്വയം സ്വീകരിക്കുന്ന മുൻകരുതലുകൾക്കൊപ്പം തന്നെ, ചില ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ദ്ധ ചികിത്സ തേടണം:
- ഓർമ്മക്കുറവ് വേഗത്തിലാകുക
- ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട്
- പെരുമാറ്റത്തിലോ സ്വഭാവത്തിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ
- സ്ഥലകാല ബോധം നഷ്ടപ്പെടുകയോ ആശയക്കുഴപ്പം ഉണ്ടാവുകയോ ചെയ്യുക
നേരത്തെയുള്ള രോഗനിർണ്ണയം കൃത്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കാൻ സഹായിക്കും.
നെല്ലിക്ക.ലൈഫിൻ്റെ കാഴ്ച്ചപ്പാട് തിരിച്ചറിഞ്ഞ് മുന്നേറാം
മസ്തിഷ്ക ആരോഗ്യം കേവലം ബാഹ്യ പരിചരണത്തിൽ നിന്നല്ല നേടിയെടുക്കേണ്ടത്. അത് നമ്മുടെ ഉള്ളിൽ നിന്ന് തുടങ്ങേണ്ട പ്രക്രിയയാണ്. ബുദ്ധിശക്തിയെ സംരക്ഷിക്കുക എന്നത് പ്രായത്തോടുള്ള പോരാട്ടമാകരുത്. ശരീരത്തിന്റെ ജൈവിക ആവശ്യങ്ങളെ അറിഞ്ഞ് പ്രവർത്തിക്കുമ്പോൾ ജീവിതം സുഗമമാകും.
വ്യായാമം, വിശ്രമം, സ്നേഹബന്ധങ്ങൾ, പുതിയ അറിവുകൾ, ശാന്തത എന്നിവയേകി നാം അതിനെ പരിപാലിക്കുമ്പോൾ, വിവരശേഖരണ കേന്ദ്രമായി മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതത്തിലെ തിരിച്ചറിവിന്റെയും വിജ്ഞാനത്തിൻ്റെയും ഉറവിടമായി അത് തുടരുക തന്നെ ചെയ്യും.




