കോക്രൻ: വൈദ്യശാസ്ത്ര തെളിവുകളുടെ സുവർണ്ണ സൂചിക

ആരോഗ്യത്തേയും സ്വാസ്ഥ്യത്തേയും അടിസ്ഥാനമാക്കി, മികച്ച തീരുമാനങ്ങൾ എടുക്കേണ്ടത് എപ്പോഴും അനിവാര്യമാണ്. എന്നാൽ ഏതൊക്കെ ചികിത്സകൾ ഫലപ്രദമാണെന്നും ശാസ്ത്രീയമായ ഭക്ഷണക്രമങ്ങളേതെന്നും ആരോഗ്യകാര്യങ്ങളിൽ ഏത് ഉപദേശമാണ് വിശ്വസനീയമെന്നും നമുക്ക് എങ്ങനെ തിരിച്ചറിയാം? അവിടെയാണ് കോക്രൻ പ്രസക്തമാകുന്നത്.
എന്താണ് കോക്രൻ?
ഗവേഷകർ, പ്രൊഫഷണലുകൾ, രോഗികൾ, വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർ, തുടങ്ങി ആരോഗ്യകാര്യങ്ങളിൽ താൽപ്പര്യമുള്ളവരുടെ കൂട്ടായ്മയായി വർത്തിക്കുന്ന ആഗോള തലത്തിലുള്ള ഒരു സ്വതന്ത്ര ശൃംഖലയാണ് കോക്രൻ. വ്യക്തികളെയും ആരോഗ്യ സംരക്ഷണ വിദഗ്ധരെയും കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രാപ്തരാക്കുന്നതിനായി, ലോകത്തുടനീളം ഗവേഷണ നിരീക്ഷണങ്ങളിലൂടെ കൈവരിച്ച അറിവുകളും തെളിവുകളും സമാഹരിച്ച് അവരിൽ എത്തിക്കുക എന്നതാണ് കോക്രൻ്റെ ദൗത്യം.
ബ്രിട്ടീഷ് എപ്പിഡെർമോളജിസ്റ്റ് ആർച്ചി കോക്രൻ്റെ പേരിൽ 1993 ൽ സ്ഥാപിതമായ ഈ സംഘടന, ഇപ്പോൾ വൈദ്യശാസ്ത്രരംഗത്തെ വ്യവസ്ഥാപിത അവലോകനങ്ങളെക്കുറിച്ചുള്ള ആഗോള അതോറിറ്റിയാണ് – ഒരു പ്രത്യേക വിഷയത്തിൽ നിലവിലുള്ള എല്ലാ തെളിവുകളും ശേഖരിച്ച് വിശകലനം ചെയ്ത് പ്രവർത്തനക്ഷമമായതേത്, അല്ലാത്തതേത് എന്ന് കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള അന്താരാഷ്ട്ര തലത്തിലുള്ള എറ്റവും മികച്ച ഒരു രീതിയാണിത്.
എന്താണ് കോക്രൻ വിശകലനം?
ഒരു പ്രത്യേക ആരോഗ്യ പ്രശ്നത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ സമഗ്രവും മികച്ച നിലവാരം പുലർത്തുന്നതും വിവേചനരഹിതവുമായ സംഗ്രഹമാണ് കോക്രൻ അവലോകനം.
ഉദാഹരണത്തിന്:
- അമിതവണ്ണമുള്ള മുതിർന്നവരിൽ ശരീരഭാരം കുറയ്ക്കാൻ ഇൻറർമിറ്റൻ്റ് ഫാസ്റ്റിങ് സഹായിക്കുമോ?
- മൈഗ്രെയ്ൻ വേദന നിയന്ത്രിക്കുന്നതിന് പാരസെറ്റമോൾ ഫലപ്രദമാണോ?
- ആൻറിബയോട്ടിക്ക് ഉപയോഗിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന വയറിളക്കം കുറയ്ക്കാൻ പ്രോബയോട്ടിക്കുകൾ സഹായകമാണോ?
ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ, കോക്രൻ ഈ വിഷയങ്ങൾ സംബന്ധിച്ചുള്ള എല്ലാ പരീക്ഷണ നിരീക്ഷണങ്ങളും സമഗ്രമായി പരിശോധിക്കുന്നു. തുടർന്ന് നടക്കുന്ന അവലോകനങ്ങളിൽ ഗുണനിലവാരം കുറഞ്ഞ പഠനങ്ങൾ ഒഴിവാക്കി, ഏറ്റവും മികച്ചവ മാത്രം തെരഞ്ഞെടുക്കുന്നു.
ഇവയെല്ലാം ക്രോഡീകരിച്ച് സന്തുലിതവും സുതാര്യവുമായ ഒരു സംക്ഷിപ്തരൂപം അവതരിപ്പിക്കുന്നു. പുതിയ പഠനങ്ങൾ നടക്കുന്നതിനനുസരിച്ച് കോക്രനും വിവരങ്ങൾ പുതുക്കിക്കൊണ്ടിരിക്കും.
റഫറൻസ്:
Cochrane Database of Systematic Reviews
പൊതുജനാരോഗ്യത്തിൽ കോക്രൻ വഹിക്കുന്ന പങ്ക്
1.പക്ഷപാതമില്ലാത്ത തെളിവുകൾ :
കോക്രന് വാണിജ്യ- രാഷ്ട്രീയ താൽപ്പര്യങ്ങളില്ല. തെളിവുകൾ സ്വതന്ത്രമാണെന്നും ഫാർമസ്യൂട്ടിക്കൽ കമ്പനികളോ വ്യവസായ സ്പോൺസർമാരോ അവരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കുന്നു.
2.ആഗോള സഹകരണം:
130 ൽ ലധികം രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയേഴായിരത്തിലധികം ആരോഗ്യ പ്രവർത്തകരുടെ സേവനം കോക്രനുണ്ട്.
3. സർക്കാരുകളും സ്ഥാപനങ്ങളും ആശ്രയിക്കുന്നു
ആഗോള ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തുന്നതിൽ വിശാലമായ കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നതുകൊണ്ട് തന്നെ
സർക്കാരുകളും സ്ഥാപനങ്ങളും ഇവരുടെ വിശകലനങ്ങൾ വിശ്വസനീയമായി കരുതുന്നു. ലോകാരോഗ്യ സംഘടന (WHO) , NHS (UK) , CDC (USA) , ലോകമെമ്പാടുമുള്ള ആരോഗ്യ മന്ത്രാലയങ്ങൾ എന്നിവ മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന്
കോക്രൻ നൽകുന്ന തെളിവുകൾ ഉപയോഗിക്കുന്നു .
4.രോഗികളെ ശാക്തീകരിക്കുന്നു
രോഗികൾക്ക് അവരുടെ ചികിത്സാവിധികൾ തെരഞ്ഞെടുക്കുന്നതിനും, ഡോക്ടർമാരോട് ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതിനും, സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്നതിനും കോക്രൻ ശൃംഖല ഏറെ പ്രയോജനകരമാണ്.
💡 നിത്യ ജീവിതത്തിൽ കോക്രൻ എങ്ങനെ ഉപയോഗിക്കാം ?
സപ്ലിമെന്റ് എടുക്കുന്നതിന് മുമ്പ്:
കോക്രൻ അതിന്റെ ഫലപ്രാപ്തിയും സുരക്ഷയും അവലോകനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ചികിത്സ തെരഞ്ഞെടുക്കുമ്പോൾ: പ്രസ്തുത ചികിൽസയെ പിന്താങ്ങുന്ന ശാസ്ത്രീയമായ തെളിവുകൾ ഉണ്ടോ എന്ന് പരിശോധിക്കാം.
ഓൺലൈനിലെ ഉപദേശങ്ങളുടെ നിജസ്ഥിതി അറിയാൻ: അത് യഥാർത്ഥ തെളിവുകളുടെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കാൻ കോക്രൻ സഹായിക്കും.
ഉദാഹരണത്തിന്:
മഞ്ഞൾ സന്ധിവാതം ഭേദമാക്കാൻ സഹായിക്കുമെന്ന് നിങ്ങൾ കേട്ടെന്നിരിക്കട്ടെ, മഞ്ഞളും സന്ധി വേദനയും എന്നതിനെക്കുറിച്ചുള്ള അവലോകനം നിങ്ങൾക്ക് കോക്രൻ സൈറ്റിൽ കണ്ടെത്താൻ കഴിയും. അക്കാര്യം യഥാർത്ഥത്തിൽ ഫലപ്രദമാണോ അതോ വെറും കെട്ടുകഥ മാത്രമാണോ എന്നെല്ലാം മനസ്സിലാക്കാൻ കോക്രൻ സഹായകമാകും.
കോക്രൻ അവലോകനങ്ങൾ എവിടെ കണ്ടെത്താം?
കോക്രൻ ലൈബ്രറിയിൽ ( Cochrane Library) – സൗജന്യ സംഗ്രഹങ്ങളും പൂർണ്ണ അവലോകനങ്ങളും ലഭിക്കും.
കോക്രൻ സ്വാധീനം പ്രകടമായ മേഖലകൾ
കൊവിഡ്-19 ചികിത്സകൾ : മഹാമാരിയുടെ സമയത്ത്, ഹൈഡ്രോക്സിക്ലോറോക്വിൻ, ഐവർമെക്റ്റിൻ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും യാഥാർത്ഥ്യവും തിരിച്ചറിയാൻ കോക്രൻ അവലോകനങ്ങൾ സഹായിച്ചു.
വാക്സിനേഷൻ : കോക്രൻ അവലോകനങ്ങൾ മിഥ്യാധാരണകളെ പൊളിച്ചെഴുതാനും കുഞ്ഞുങ്ങൾക്ക് നൽകുന്ന വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിക്കാനും സഹായിച്ചു, ഇത് ആഗോള രോഗപ്രതിരോധ പദ്ധതികളെ സ്വാധീനിച്ചു.
മാനസികാരോഗ്യം : വിഷാദം, ഉത്കണ്ഠ, ഉറക്ക തകരാറുകൾ എന്നിവയ്ക്കുള്ള വിവിധ ചികിത്സകളുടെ മൂല്യം വിലയിരുത്താൻ അവലോകനങ്ങൾ സഹായിച്ചിട്ടുണ്ട്.
സംക്ഷിപ്തം :
അറിവുകളുടെ അതിപ്രസരം അരങ്ങു വാഴുന്ന വർത്തമാനകാലത്ത്, യാഥാർത്ഥ്യം തിരിച്ചറിയുന്നതിനുള്ള മികച്ച മാർഗ്ഗമാണ് കോക്രൻ. ഡോക്ടറായാലും ഗവേഷണ വിദ്യാർത്ഥി ആയാലും സത്യാവസ്ഥ അറിയാൻ ആഗ്രഹിക്കുന്ന സാധാരണ പൌരനായാലും – ആർക്കും വിശ്വസനീയ തെളിവുകൾ കോക്രൻ നൽകുന്നു .
ഇനി ആരോഗ്യസംബന്ധിയായ എന്തിനെയെങ്കിലും കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ടെങ്കിൽ , ഒരു തീരുമാനമെടുക്കാൻ കോക്രെയ്ൻ സഹായിക്കും. തീർച്ച..




