ടോൺസിൽ സ്റ്റോൺ: വായ്നാറ്റത്തിനും തൊണ്ടയിലെ അസ്വസ്ഥതയ്ക്കുമുള്ള പരോക്ഷ കാരണം

തൊണ്ടയിൽ എപ്പോഴും അനുഭവപ്പെടുന്ന ഒരുതരം അസ്വസ്ഥത, വിട്ടുമാറാത്ത വായ്നാറ്റം, അല്ലെങ്കിൽ എന്തോ ഒന്ന് തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു എന്ന തോന്നൽ—പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണിത്. എന്നാൽ യഥാർത്ഥകാരണം അറിയാൻ മെനക്കെടാതെ, പലപ്പോഴും നമ്മൾ ഈ പ്രശ്നത്തിന് വേണ്ടത്ര ശ്രദ്ധ നൽകാറില്ല എന്നതാണ് സത്യം. ബ്രഷ് ചെയ്തത് ശരിയാകാത്തത് കൊണ്ടോ വെള്ളം കുടിക്കാത്തതുകൊണ്ടോ ആവും ഈ പ്രയാസമെന്നു കരുതി നമ്മൾ ഇതിനെ തള്ളിക്കളയുന്നു.
ഈ അസ്വസ്ഥതകളുടെ യഥാർത്ഥ കാരണം ‘ടോൺസിൽ സ്റ്റോണുകൾ’ (Tonsil Stones) ആകാം. ശാരീരികമായി ഇവ വലിയ അപകടകാരികളല്ലെങ്കിലും വ്യക്തികളുടെ ദൈനംദിന ജീവിതത്തെയും ആത്മവിശ്വാസത്തെയും സാമൂഹിക ഇടപെടലുകളെയും ഇത് വലിയ തോതിൽ ബാധിക്കാറുണ്ട്. മറ്റുള്ളവരോട് സംസാരിക്കാൻ പോലും മടി തോന്നുന്ന രീതിയിലുള്ള വായ്നാറ്റം പലരെയും മാനസികമായി തളർത്താറുമുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നതാണ് ഇതിൽ നിന്നു മോചനം നേടാനുള്ള ആദ്യ പടി.
എന്താണ് ടോൺസിൽ സ്റ്റോണുകൾ?
വൈദ്യശാസ്ത്രത്തിൽ ടോൺസിലോലിത്ത് (Tonsilloliths) എന്നറിയപ്പെടുന്ന ഈ സ്റ്റോണുകൾ, ടോൺസിലുകളിലെ ചെറിയ സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന കട്ടിയുള്ള അവശിഷ്ടങ്ങളാണ്.
നമ്മുടെ ടോൺസിലുകളിൽ ധാരാളം ചെറിയ മടക്കുകളും കുഴികളുമുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങൾ, ശരീരത്തിലെ മൃതകോശങ്ങൾ, കഫം, ബാക്ടീരിയകൾ എന്നിവ ഈ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ട്. കാലക്രമേണ ഇവ കട്ടപിടിക്കുകയും കല്ലുപോലെ കട്ടിയാവുകയും ചെയ്യുന്നു. ഇവയ്ക്ക് സാധാരണയായി വെളുപ്പോ നേരിയ മഞ്ഞനിറമോ ആയിരിക്കും. മണൽത്തരിയുടെ വലിപ്പം മുതൽ വ്യക്തമായി കാണാൻ കഴിയുന്നത്ര വലിയ കല്ലുകൾ വരെ കാണപ്പെടാറുണ്ട്.
ടോൺസിൽ സ്റ്റോണുകൾ വരാനുള്ള കാരണങ്ങൾ
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ടോൺസിലുകൾ. പ്രത്യേകിച്ച് കുട്ടിക്കാലത്ത്. ഇവയുടെ ഉപരിതലം നിരപ്പല്ലാത്തതും ധാരാളം മടക്കുകൾ ഉള്ളതുമായതിനാൽ, അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ എളുപ്പമാണ്.
താഴെ പറയുന്ന കാരണങ്ങൾ ടോൺസിൽ സ്റ്റോണുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു:
- വിട്ടുമാറാത്ത സൈനസ് പ്രശ്നങ്ങൾ:
മൂക്കിൽ നിന്നുള്ള ദ്രവം (Post-nasal drip) നിരന്തരമായി തൊണ്ടയിലേക്ക് ഇറങ്ങുന്നത് ബാക്ടീരിയകൾ വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.
- വായുടെ ശുചിത്വമില്ലായ്മ:
ശരിയായ രീതിയിൽ പല്ല് തേക്കാതിരിക്കുന്നതും നാവു വൃത്തിയാക്കാത്തതും ബാക്ടീരിയകൾ പെരുകാൻ കാരണമാകും.
- നിർജലീകരണം:
വായ എപ്പോഴും ഉണങ്ങിയിരിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും സ്വാഭാവികമായ ശുചീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
- ടോൺസിലുകളുടെ ഘടന:
ചിലരുടെ ടോൺസിലുകൾ സ്വാഭാവികമായിത്തന്നെ വലുതോ അല്ലെങ്കിൽ ആഴത്തിലുള്ള കുഴികൾ ഉള്ളതോ ആയിരിക്കും. ഇത്തരം ടോൺസിൽ ഘടനയുള്ളവർക്ക് സ്റ്റോണുകൾ വരാൻ സാധ്യത കൂടുതലാണ്.
- തൊണ്ടയിലെ അണുബാധ:
ഇടയ്ക്കിടെ ടോൺസിലുകളിൽ വീക്കം (Tonsillitis) വരുന്നത് അവയിലെ കുഴികളുടെ ആഴം വർദ്ധിപ്പിക്കാൻ കാരണമാകും.
ശ്രദ്ധിക്കാതെ പോകുന്ന സാധാരണ ലക്ഷണങ്ങൾ
ടോൺസിൽ സ്റ്റോണുകൾ എല്ലായ്പ്പോഴും വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല. പലരും വർഷങ്ങളോളം ഈ ലക്ഷണങ്ങൾ തിരിച്ചറിയാറില്ല.
പ്രധാന ലക്ഷണങ്ങൾ :
- പല്ല് തേച്ചാലും വായ കഴുകിയാലും മാറാത്ത കടുത്ത ദുർഗന്ധം.
- വായിൽ എപ്പോഴും ഒരു പ്രത്യേക തരം ലോഹച്ചുവ (Metallic taste) അനുഭവപ്പെടുക.
- തൊണ്ടയിൽ ചെറിയ വേദനയോ ചൊറിച്ചിലോ അനുഭവപ്പെടുക.
- തൊണ്ടയിൽ തടസ്സം ഉള്ളതുപോലെയുള്ള തോന്നൽ.
- അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെ തന്നെ ചെവിയിൽ അസ്വസ്ഥത അനുഭവപ്പെടുക.
- ഇടയ്ക്കിടെയുണ്ടാകുന്ന ചുമ അല്ലെങ്കിൽ തൊണ്ടയിൽ എന്തോ തടയുന്നത് കാരണമുള്ള അസ്വസ്ഥത (Gagging sensation).
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ, അരിമണി പോളുള്ള ഈ ചെറിയ കല്ലുകൾ തനിയെ പുറത്തേക്ക് വരുമ്പോഴാണ്, പലരും തങ്ങൾക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് തിരിച്ചറിയുക.
ആത്മവിശ്വാസത്തെ ബാധിക്കുന്നത് എന്തുകൊണ്ട്?
വായ്നാറ്റം വ്യക്തികളുടെ സാമൂഹിക ജീവിതത്തെയും ആത്മവിശ്വാസത്തെയും തളർത്തിക്കളയാറുണ്ട്. മറ്റുള്ളവരുടെ അടുത്ത് നിന്നു സംസാരിക്കാനോ, മനസ്സ് തുറന്ന് ചിരിക്കാനോ, പ്രിയപ്പെട്ടവരോട് ഇടപഴകാനോ ഇവർക്ക് സങ്കോചം തോന്നാം. ഇത് സൃഷ്ടിക്കുന്ന മാനസികാഘാതം പലപ്പോഴും നമ്മൾ വിചാരിക്കുന്നതിലും സങ്കീർണ്ണമാണ്.
ശുചിത്വമില്ലായ്മ മൂലമല്ല ടോൺസിൽ സ്റ്റോണുകൾ ഉണ്ടാകുന്നത് എന്ന കാര്യം പ്രത്യേകം ഓർമ്മ വേണം. ശാരീരികമായ പ്രത്യേകത മാത്രമാണിത്. വ്യക്തിപരമായ പിഴവായി ഈ പ്രശ്നത്തെ കണക്കാക്കരുത്.
ടോൺസിൽ സ്റ്റോണുകൾ അപകടകാരികളാണോ?
സാധാരണ ഗതിയിൽ ടോൺസിൽ സ്റ്റോണുകൾ ദോഷകരമല്ല. എങ്കിലും ഇവ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം:
- വിട്ടുമാറാത്ത തൊണ്ടവേദന
- ടോൺസിലുകളിൽ നീർക്കെട്ട്
- അപൂർവ്വം സന്ദർഭങ്ങളിൽ ഇത് മറ്റണുബാധകൾക്ക് (Secondary infections) കാരണമായിത്തീരാം.
ദീർഘകാലം അവഗണിക്കുന്ന പക്ഷം, ആവർത്തിച്ചുണ്ടാകുന്ന നീർക്കെട്ട് തൊണ്ടയിൽ സ്ഥിരമായ അസ്വസ്ഥതയായി മാറാൻ സാധ്യതയുണ്ട്.
സ്വാഭാവികമായി എങ്ങനെ പ്രതിരോധിക്കാം?
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും ഈ പ്രശ്നത്തെ നിയന്ത്രിക്കാൻ സാധിക്കും:
1.വദന ശുചിത്വം:
ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതിനൊപ്പം നാവു കൂടി വൃത്തിയാക്കുക. നാവും വായുടെ ഉൾഭാഗവും വൃത്തിയാക്കുമ്പോൾ അമിതമായി ബലം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക; ഇത് തൊണ്ടയിലെ കോശങ്ങളിൽ വേദനയുണ്ടാകാൻ ഇടയാക്കും.
2.ഉപ്പുവെള്ളം കവിൾകൊള്ളുക:
ഇളം ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ദിവസവും കുലുക്കുഴിയുന്നത് (Gargling) ബാക്ടീരിയകളെ നശിപ്പിക്കാനും തൊണ്ടയിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
3.ധാരാളം വെള്ളം കുടിക്കുക:
ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് വായ എപ്പോഴും ഈർപ്പമുള്ളതായി ഇരിക്കാനും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.
4.സൈനസ് പ്രശ്നങ്ങൾക്ക് പരിഹാരം തേടുക:
അലർജിയോ സൈനസ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവയ്ക്ക് തുടക്കത്തിലേ ചികിത്സ തേടുക. ഇത് മൂക്കിൽ നിന്നുള്ള ദ്രവം (Post-nasal drip) തൊണ്ടയിലേക്ക് ഇറങ്ങുന്നത് കുറയ്ക്കും.
5.വായയിലൂടെയുള്ള ശ്വസനം ഒഴിവാക്കുക:
വായ തുറന്ന് ശ്വസിക്കുന്നത് തൊണ്ട ഉണങ്ങുന്നതിനും ബാക്ടീരിയകൾ വേഗത്തിൽ വളരുന്നതിനും കാരണമാകും. എല്ലായ്പ്പോഴും മൂക്കിലൂടെ ശ്വസിക്കാൻ ശ്രമിക്കുക.
6.ഹ്യുമിഡിഫയർ ഉപയോഗിക്കാം:
എയർകണ്ടീഷൻ ചെയ്ത മുറികളിലോ വായുവിൽ ഈർപ്പം കുറഞ്ഞ സാഹചര്യങ്ങളിലോ ഉറങ്ങുമ്പോൾ ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് തൊണ്ട ഉണങ്ങിപ്പോകാതിരിക്കാൻ സഹായിക്കും.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒരു ഡോക്ടറുടെ (ENT സ്പെഷ്യലിസ്റ്റ്) ഉപദേശം തേടണം:
- കല്ലുകൾ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിൽ
- തൊണ്ടയിൽ വേദനയോ വീക്കമോ അനുഭവപ്പെട്ടാൽ
- ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
- തൊണ്ടവേദനയോടൊപ്പം പനി അല്ലെങ്കിൽ മറ്റ് അണുബാധകൾ
- ശുചിത്വം കൃത്യമായി പാലിച്ചിട്ടും വിട്ടുമാറാത്ത വായ്നാറ്റം
ഇത്തരം ബുദ്ധിമുട്ടുകൾ ശാശ്വതമായി പരിഹരിക്കാൻ ലളിതമായ ചികിത്സാരീതികളും വളരെ അപൂർവ്വമായി ടോൺസിൽ നീക്കം ചെയ്യാനും (Tonsillectomy) ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.
ശരീരം പറയുന്നത് ശ്രദ്ധിക്കാം
തൊണ്ട നമ്മുടെ ആവിഷ്കാരത്തിന്റെയും ആശയവിനിമയത്തിന്റെയും കേന്ദ്രമാണ്. വികാരങ്ങൾ ഉള്ളിലൊതുക്കുന്നതോ, അമിതമായ സമ്മർദ്ദമോ, പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തുറന്നു പറയാൻ കഴിയാത്തതോ ഒക്കെ ശരീരത്തിൽ സൂക്ഷ്മമായ മാറ്റങ്ങൾ ഉണ്ടാക്കാം. അങ്ങനെ അത് തൊണ്ടയെ ബാധിക്കാം.
മാനസികോന്മേഷം ശാരീരികമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. തൊണ്ടയിലെ വലിഞ്ഞുമുറുകൽ കുറയ്ക്കാൻ, ശ്വാസഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വ്യായാമങ്ങൾ, ഡയറി എഴുത്ത് (Journaling), ലളിതമായ ശബ്ദ വ്യായാമങ്ങൾ എന്നിവ ശീലമാക്കാം.
മനസ്സിന് സ്ഥസ്ഥത നൽകുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകി, ശരീരത്തിനാവശ്യമായത്ര വെള്ളം കുടിച്ച്, നല്ല ആഹാരം കഴിച്ച്, ശ്വസനവ്യായാമങ്ങൾ പരിശീലിച്ച് സ്വന്തം ശരീരത്തോട് അനുകമ്പ പുലർത്തിയാൽ പല പ്രയാസങ്ങളും ഒഴിവാക്കാനാകും.
ആരോഗ്യം, അവബോധത്തിൽ നിന്നാണ് തുടങ്ങുന്നതെന്നും സൗഖ്യം അനുകമ്പയിൽ നിന്നാണ് ആരംഭിക്കുന്നതെന്നും നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.
ഇന്നു കാട്ടുന്ന ചെറിയ ജാഗ്രതയ്ക്ക് വരുംകാലത്തെ വലിയ അസ്വസ്ഥതകളെ തടയാനാകുമെന്നതിൽ സംശയമില്ല.




