വാർദ്ധക്യത്തെ ചെറുക്കാൻ വാക്സിനെടുത്താൽ മതിയോ?

ഷിംഗിൾസ് കുത്തിവെയ്പ്പും മസ്തിഷ്ക്കാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കാം
വാർദ്ധക്യത്തെ അകറ്റി നിർത്താനും എന്നും ചെറുപ്പമായിരിക്കാനും ആഗ്രഹിക്കാത്തവർ വിരളമാണ്. ശരീരത്തെ ജരാനരകൾ ബാധിച്ചാലും ബുദ്ധിക്ക് മങ്ങലേൽക്കരുതെന്ന് മോഹിക്കുന്നവരുമുണ്ട്. ഒരു കുത്തിവെയ്പ്പു കൊണ്ട് മസ്തിഷ്ക്കത്തെ ഓർമ്മകേടിൽ നിന്നും മേധാക്ഷയത്തിൽ നിന്നും രക്ഷിക്കാമെന്നുണ്ടെങ്കിൽ അതു നമുക്കെത്ര പ്രയോജനകരമായിരിക്കും അല്ലേ?
ചെലവേറിയ ആൻ്റിഏജിംഗ് ചികിൽസയൊന്നും കൂടാതെ തന്നെ, 50 വയസ്സിനു ശേഷം എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒരു സാധാരണ വാക്സിൻ വാർദ്ധക്യത്തെ ചെറുക്കാനും സഹായകമാകുമെന്നാണ് പുതിയ കണ്ടെത്തൽ.
കുട്ടിക്കാലത്ത് ബാധിച്ച ഒരു പ്രത്യേക വൈറസ് ശരീരത്തിൽ തുടരുകയും വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന വേദനാജനകമായ ചർമ്മരോഗമാണ് ഷിംഗിൾസ് (Shingles). ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമായിട്ടാണ് ഈ വാക്സിൻ ഉപയോഗിച്ചു വരുന്നത്. തികച്ചും പ്രായോഗികവും അത്യന്താപേക്ഷിതവുമായ ഒരു പ്രതിരോധ മാർഗ്ഗമാണിത്.
ആരോഗ്യ ഗവേഷണകേന്ദ്രങ്ങളിൽ നിന്നും പൊതുജനാരോഗ്യ ഡാറ്റാബേസുകളിൽ നിന്നും തിരിച്ചറിഞ്ഞ മറ്റൊരു വസ്തുത, ശാസ്ത്രജ്ഞരിൽ അത്ഭുതം സൃഷ്ടിച്ചു. ഈ കുത്തിവെയ്പ്പെടുത്ത മുതിർന്നവരിൽ, അത് എടുക്കാത്തവരെ അപേക്ഷിച്ച് ‘ഡിമെൻഷ്യ’ (മറവിരോഗം) വരാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടു. ആദ്യം ഇത് യാദൃശ്ചികമായ ഒരു കണക്കായിട്ടാണ് തോന്നിയതെങ്കിലും വിവിധ രാജ്യങ്ങളിലും വ്യത്യസ്ത ആരോഗ്യ സാഹചര്യങ്ങളിലും ഇതേ ഫലം ആവർത്തിച്ചു വന്നതോടെ ശാസ്ത്രലോകം ഞെട്ടി.
ഇപ്പോൾ ഗവേഷകർ വലിയൊരു ചോദ്യത്തിന് ഉത്തരം തേടുകയാണ്: ശരീരത്തിൽ വൈറസുകൾ വീണ്ടും സജീവമാകുന്നത് തടയുന്നതിലൂടെ തലച്ചോറിന്റെ തളർച്ചയും നമുക്ക് തടയാൻ കഴിയുമോ? അതിലുപരിയായി, ഒരു ചെറിയ വാക്സിന് നമ്മുടെ വാർദ്ധക്യത്തിലേക്കുള്ള യാത്രാവേഗത്തെയും സ്വാധീനിക്കാൻ കഴിയുമോ?
ഉത്തരങ്ങൾ പൂർണ്ണമായി ലഭിക്കാനിരിക്കുന്നതേയുള്ളൂ. എങ്കിലും, ഈ കണ്ടെത്തലുകൾ ആരോഗ്യകരമായ വാർദ്ധക്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം.
എന്താണ് ഷിംഗിൾസ്? എന്തിനാണീ വാക്സിൻ?
കുട്ടിക്കാലത്ത് നമുക്കുണ്ടാകുന്ന ചിക്കൻപോക്സിന് കാരണമാകുന്ന ‘വാരിസെല്ല-സോസ്റ്റർ’ (Varicella-zoster) വൈറസ് തന്നെയാണ് ‘ഷിംഗിൾസ്’ (Herpes zoster) എന്ന രോഗത്തിനും കാരണം. ചിക്കൻപോക്സ് മാറിയാലും ഈ വൈറസ് നമ്മുടെ ശരീരത്തിൽ നിശബ്ദമായി തുടരും. പതിറ്റാണ്ടുകൾക്ക് ശേഷം, നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ഇത് വീണ്ടും സജീവമാവുകയും അസഹനീയ വേദനയോടു കൂടിയ ചർമ്മരോഗമായി പുറത്തുവരികയും ചെയ്യുന്നു. ഇത് പലപ്പോഴും വിട്ടുമാറാത്ത നാഡീവേദനയ്ക്കും കാരണമാകാറുണ്ട്. അതുകൊണ്ടാണ് 50 വയസ്സ് കഴിഞ്ഞവർ ഈ വാക്സിൻ എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.
ഷിംഗിൾസും അതുണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളും തടയുക എന്നതായിരുന്നു ഈ വാക്സിന്റെ ലക്ഷ്യം. എന്നാൽ, പുതിയ പഠനങ്ങൾ ഇതിനേറെ പ്രയോജനപ്രദമായ മറ്റൊരു വശം കൂടിയുണ്ടെന്ന് സൂചിപ്പിക്കുന്നു.
മറവിരോഗത്തിൽ നിന്നുള്ള സംരക്ഷണം: വെറും സങ്കല്പമല്ല
ഷിംഗിൾസ് വാക്സിൻ എടുത്തവരിൽ പിൽക്കാലത്ത് മറവിരോഗം (Dementia) വരാനുള്ള സാധ്യത വളരെ കുറവാണെന്ന് നിരവധി നവീന പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
💡 പഠനങ്ങൾ പറയുന്നത്:
- ഷിംഗിൾസ് കുത്തിവെയ്പ്പെടുത്ത മുതിർന്ന വ്യക്തികളിൽ,അത് എടുക്കാത്തവരെ അപേക്ഷിച്ച് മറവിരോഗം വരാനുള്ള സാധ്യത 20% കുറവാണെന്ന് കണ്ടെത്തി.
- വെയ്‌ൽസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളെല്ലാം ഒരേഫലം തന്നെയാണ് നൽകുന്നത്.
- നിലവിൽ മറവിരോഗമുള്ളവർ ഈ വാക്സിൻ എടുക്കുന്നത് രോഗ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്നും ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഈ വാക്സിൻ മാത്രമാണ് മറവിരോഗത്തെ തടയുന്നത് എന്ന് ഉറപ്പിച്ചു പറയാൻ ഇനിയും പഠനങ്ങൾ ആവശ്യമാണെങ്കിലും, ലോകമെമ്പാടുമുള്ള വിവിധ ജനവിഭാഗങ്ങളിൽ ഈ ഫലം ആവർത്തിച്ചു വരുന്നത് ഗവേഷകരെ ശരിക്കും അമ്പരപ്പിക്കുന്നുണ്ട്.
പ്രായമേറുന്നതിൻ്റെ വേഗത കുറയ്ക്കുമോ?
മറവിരോഗത്തെ തടയുന്നതിലുപരിയായി, ഷിംഗിൾസ് വാക്സിൻ നമ്മുടെ ശരീരത്തിന്റെ വാർദ്ധക്യ പ്രക്രിയയെത്തന്നെ സാവധാനത്തിലാക്കിയേക്കാം എന്ന സൂചനകളാണ് ലഭിക്കുന്നത്.
വാക്സിൻ എടുത്ത മുതിർന്നവരിൽ കണ്ടുവരുന്ന പ്രധാന മാറ്റങ്ങൾ:
- വിട്ടുമാറാത്ത വീക്കം കുറയുന്നു: പ്രായമാകുമ്പോൾ ഉണ്ടാകുന്ന പല രോഗങ്ങൾക്കും പ്രധാന കാരണം ശരീരത്തിലുണ്ടാകുന്ന ഇത്തരം വീക്കങ്ങളാണ്. വാക്സിൻ എടുത്തവരിൽ ഇത് കുറവാണെന്ന് വ്യക്തമായിട്ടുണ്ട്.
- കോശങ്ങളുടെ പ്രായം കുറയുന്നു: ഇവരുടെ കോശങ്ങൾ പരിശോധിച്ചപ്പോൾ, യഥാർത്ഥ പ്രായത്തേക്കാൾ ജൈവപരമായ പ്രായം (Biologically younger) കുറവാണെന്ന് കണ്ടെത്തി.
- ആരോഗ്യ സൂചകങ്ങൾ മെച്ചപ്പെടുന്നു: വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച് ഇവരുടെ ശരീരത്തിലെ മറ്റ് ആരോഗ്യ ഘടകങ്ങളും മികച്ച നിലവാരം പുലർത്തുന്നു.
വാർദ്ധക്യത്തിലേക്കും മാറാരോഗങ്ങളിലേക്കും നമ്മെ നയിക്കുന്ന പ്രധാന ഘടകമാണ് വീക്കം (Inflammation). നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ കൃത്യമായ രീതിയിൽ ക്രമീകരിക്കുന്ന ഒരു വാക്സിൻ, കോശതലത്തിൽ തന്നെ ശരീരത്തെ കൂടുതൽ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുന്നു. ‘ഏജിംഗ് സയൻസിലെ’ നവീനവും ശ്രദ്ധേയവുമായ ആശയമാണിത്.
ഇതെങ്ങനെ സംഭവിക്കുന്നു?
ഗവേഷകർ ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്:
✔️ വൈറസ് വീണ്ടും സജീവമാകുന്നത് തടയുന്നതിലൂടെ, തലച്ചോറിലെയും നാഡികളിലെയും വീക്കം കുറയ്ക്കാൻ ഈ വാക്സിൻ സഹായിക്കുന്നു. ഇത്തരം വീക്കങ്ങളാണ് പലപ്പോഴും ഓർമ്മശക്തി കുറയാൻ കാരണമാകുന്നത്.
✔️ചില വാക്സിനുകൾ ഒരു പ്രത്യേക രോഗത്തെ തടയുന്നതിലുപരി, നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഒന്നാകെ മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നു. ഒരുതരത്തിൽപ്പറഞ്ഞാൽ, ഇത്, ‘രോഗപ്രതിരോധ പുനരുജ്ജീവനം’ തന്നെയാണ്.
✔️ശരീരത്തിൽ വൈറസുകൾ അടിക്കടി സജീവമാകുന്നത് മറവിരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു. ഈ പ്രക്രിയയെ വാക്സിൻ പ്രതിരോധിക്കുന്നതിലൂടെ തലച്ചോറിനെ സംരക്ഷിക്കുന്ന കവചമായി അതുമാറുന്നു.
എങ്കിലും, ഷിംഗിൾസ് വാക്സിൻ മറവിരോഗ പ്രതിരോധ മരുന്നായോ അല്ലെങ്കിൽ വാർദ്ധക്യത്തെ തടയാനുള്ള മാർഗ്ഗമായോ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു.
പുതിയ വാക്സിനുകളുടെ പങ്ക്
മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഷിംഗിൾസ് വാക്സിനായ ‘സോസ്റ്റാവാക്സിന്’ (Zostavax) പകരം കൂടുതൽ ഫലപ്രദമായ ‘ഷിൻഗ്രിക്സ്’ (Shingrix) ആണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. തലച്ചോറിന് സംരക്ഷണം നൽകുന്നതിൽ പഴയ വാക്സിനേക്കാൾ മികവ് ഷിൻഗ്രിക്സിനുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് എന്നാണ് പ്രാഥമിക സൂചനകൾ. എങ്കിലും, ഇക്കാര്യം സ്ഥിരീകരിക്കാൻ ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
നിലവിൽ ലഭ്യമായ വിവരങ്ങളെല്ലാം തന്നെ നിരീക്ഷണങ്ങളിലൂടെയും സ്വാഭാവികമായ സാഹചര്യങ്ങളിൽ നടന്ന പഠനങ്ങളിലൂടെയും ആർജിച്ചവയാണ്. വാക്സിൻ എടുത്തവരിൽ ഈ ഗുണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിലും അത് ഈ വാക്സിൻ കൊണ്ട് മാത്രമാണ് എന്ന് പൂർണ്ണമായും ഉറപ്പിക്കാൻ ഇനിയും സമയമെടുക്കും.
ഈ കണ്ടെത്തൽ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്?
ഈ വിഷയത്തെ ഗൗരവമായി കാണേണ്ടതിന്റെ കാരണങ്ങൾ ഇവയാണ്:
- മറവിരോഗത്തിന്റെ വ്യാപനം: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗമാണ് ഡിമെൻഷ്യ. നിലവിൽ ഇത് പൂർണ്ണമായി തടയാൻ ഫലപ്രദമായ മറ്റ് മാർഗ്ഗങ്ങളില്ല.
- വലിയ മുന്നേറ്റം: സുരക്ഷിതവും എല്ലാവർക്കും ലഭ്യമായതുമായ ഒരു വാക്സിനിലൂടെ മറവിരോഗം വരാനുള്ള സാധ്യത കുറയ്ക്കാനോ അത് വൈകിപ്പിക്കാനോ സാധിച്ചാൽ, അത് ആരോഗ്യരംഗത്തെ വലിയൊരു വിപ്ലവമായിരിക്കും.
- ആരോഗ്യകരമായ വാർദ്ധക്യം: നല്ല ഭക്ഷണരീതി, വ്യായാമം, ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കൽ തുടങ്ങിയ ജീവിതശൈലികൾക്കൊപ്പം ഒരു ചെറിയ പ്രതിരോധ കുത്തിവെയ്പ്പിലൂടെ വാർദ്ധക്യത്തെ പൊരുതിത്തോൽപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ ആശ്വാസമാണ്.
വാർദ്ധക്യത്തിലും ഊർജ്ജസ്വലതയോടെ ഇരിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ആഗ്രഹമാണ്. അത്തരമൊരു സാഹചര്യത്തിൽ, ദൈനംദിന പ്രതിരോധ മാർഗ്ഗങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഈ ഗവേഷണം സഹായിക്കും.
ആർക്കെല്ലാം അനുയോജ്യം?
നിലവിലെ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് താഴെ പറയുന്ന വിഭാഗം ആളുകൾക്ക് ഷിംഗിൾസ് വാക്സിൻ ശുപാർശ ചെയ്യുന്നു:
- 50 വയസ്സ് പിന്നിട്ടവർ
- രോഗപ്രതിരോധ ശേഷി കുറഞ്ഞ 19 വയസ്സിന് മുകളിൽ പ്രായമുള്ളവർ
(ഓരോ രാജ്യത്തെയും നിയമങ്ങൾക്കനുസരിച്ച് ഇതിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം)
നിങ്ങൾ ഈ പ്രായപരിധിയിൽ വരുന്ന വ്യക്തിയാണെങ്കിൽ, ഈ വാക്സിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കാവുന്നതാണ്. ഷിംഗിൾസ് രോഗത്തെ തടയാൻ മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും വാർദ്ധക്യത്തെ ഊർജ്ജസ്വലമായി നേരിടാനും ഒരുപക്ഷേ ഇത് വലിയ പ്രയോജനം ചെയ്തേക്കാം.
ജീവിതശൈലിയും വാക്സിനുകളും: സമഗ്ര കാഴ്ചപ്പാട്
നമ്മുടെ ആരോഗ്യം നിലനിൽക്കുന്നത് ഏതെങ്കിലും ഒരൊറ്റ ഘടകത്തെ മാത്രം ആശ്രയിച്ചല്ല. ആരോഗ്യസംരക്ഷണത്തിനായുള്ള ബൃഹദ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഷിംഗിൾസ് വാക്സിൻ നൽകുന്ന സൂചനകളെ നമ്മൾ കാണേണ്ടത്.
ശരിയായ വൈദ്യശാസ്ത്ര മുൻകരുതലുകളും ആരോഗ്യകരമായ ജീവിതശൈലിയും ഒത്തുചേരുമ്പോഴാണ് ആരോഗ്യവും സ്വാസ്ഥ്യവും കൈവരുന്നതെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം
ചിട്ടയായ വ്യായാമം
സ്വസ്ഥമായ ഉറക്കം
മാനസികമായ ഉന്മേഷവും സാമൂഹിക ബന്ധങ്ങളും
ഇവയോടൊപ്പം കൃത്യസമയത്തുള്ള വാക്സിനുകൾ ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര നിർദ്ദേശങ്ങളും പാലിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്.
പലപ്പോഴും നമുക്കാവശ്യമായ പ്രതിരോധ മാർഗ്ഗങ്ങൾ നമ്മുടെ കൈയെത്തും ദൂരത്ത് തന്നെ ഉണ്ടാകാറുണ്ട്. യഥാർത്ഥത്തിൽ ഷിംഗിൾസ് എന്ന ചർമ്മരോഗത്തെ തടയാനാണ് ഈ വാക്സിൻ നിർമ്മിച്ചത്. എന്നാൽ ചർമ്മരോഗ പ്രതിരോധത്തിനപ്പുറം വലിയ ഗുണങ്ങൾ ഇതിനുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറവിരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നത് മുതൽ വാർദ്ധക്യത്തിന്റെ വേഗത കുറയ്ക്കുന്നത് വരെയുള്ള കാര്യങ്ങളിൽ ഈ വാക്സിൻ നൽകുന്ന പ്രതീക്ഷകൾ നിർണ്ണായകമാണ്.
ആരോഗ്യകരമായ ഭാവി നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വേണമെന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇതുവരെ ഗൗരവമായി ചിന്തിക്കാതിരുന്ന ഇത്തരം മുൻകരുതലുകളെക്കുറിച്ച് ഇനി ആലോചിച്ചു തുടങ്ങാം.
ആരോഗ്യത്തോടെ ജീവിക്കാം. വാർദ്ധക്യത്തെ വിവേകത്തോടെ നേരിടാം. പുതിയ അറിവുകൾ നേടുന്നതിൽ ജാഗരൂകരാകാം.
References :
1. Shingles Vaccine May Reduce Risk for Dementia and Slow Decline
2. Shingles vaccine may slow biological aging in older adults




