പക്ഷാഘാതത്തിന് ശേഷം  ലൈംഗിക ബന്ധം സാദ്ധ്യമാണോ?

പക്ഷാഘാതത്തിന് ശേഷം  ലൈംഗിക ബന്ധം സാദ്ധ്യമാണോ?

ശാസ്ത്ര നിർവ്വചനം, വൈകാരിക തലങ്ങൾ, വീണ്ടും അടുത്തിടപഴകാൻ പാലിക്കേണ്ട മാർഗ്ഗങ്ങൾ

സ്‌ട്രോക്ക് അഥവാ പക്ഷാഘാതം, അതു നേരിട്ട വ്യക്തിയുടെ ജീവിതം മാറ്റിമറിക്കും. ശാരീരികമായും വൈകാരികമായും മാനസികമായുമെല്ലാം. രോഗമുക്തിക്കും പുനരധിവാസത്തിനും ശേഷം, രോഗികൾക്കും പങ്കാളികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും തുറന്നു സംസാരിക്കാൻ മടിക്കുന്നതുമായ ഒരു വിഷയമാണ് ലൈംഗികതയും അടുപ്പവും.

പക്ഷാഘാതം വന്ന ഒരാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുമോ?

സാധിക്കും എന്നുതന്നെയാണ് ഉത്തരം. മിക്ക കേസുകളിലും സാധിക്കും. എന്നാൽ ഈ സാഹചര്യത്തിൽ ശ്രദ്ധയോടെ, തികഞ്ഞ അവബോധത്തോടെ, തുറന്ന ആശയവിനിമയത്തോടെ വേണം അതിലേർപ്പെടാൻ.

പക്ഷാഘാതത്തിന് ശേഷമുള്ള ലൈംഗിക ബന്ധം സംബന്ധിച്ച വൈദ്യശാസ്ത്രപരവും വൈകാരികവും പ്രായോഗികവുമായ വശങ്ങൾ നമുക്ക് പരിശോധിക്കാം. വർത്തമാനകാല നാഡീശാസ്ത്ര- പുനരധിവാസ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ഇവിടെ നൽകുന്നത്.

പക്ഷാഘാതം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ 

തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോളാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ഇത് തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് പക്ഷാഘാതം ബാധിക്കുന്നത് എന്നതിനെ ആശ്രയിച്ച്, താഴെ പറയുന്ന മാറ്റങ്ങൾക്ക് കാരണമാകാം:

  • പേശീ ബലക്കുറവോ പക്ഷാഘാതമോ (പലപ്പോഴും ശരീരത്തിന്റെ ഒരു വശത്ത്)
  • സംസാരത്തിലോ ആശയവിനിമയത്തിലോ ഉള്ള ബുദ്ധിമുട്ടുകൾ
  • സ്പർശനശേഷി, ശരീര സംതുലനം, ചലന ഏകോപനം എന്നിവയിലെ മാറ്റങ്ങൾ
  • വൈകാരികവും ചിന്താപരവുമായ മാറ്റങ്ങൾ
  • ക്ഷീണം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം

ശാരീരികവും മാനസികവുമായ ഈ അവസ്ഥകൾ ലൈംഗികാഭിലാഷം, ആത്മവിശ്വാസം, കഴിവ് എന്നിവയെ സ്വാധീനിച്ചേക്കാം. എന്നാൽ സ്‌ട്രോക്ക് അടുത്തിടപഴകുന്നതിൻ്റെ അവസാനമല്ല എന്നാണ് മനസ്സിലാക്കേണ്ട കാര്യം.

പക്ഷാഘാതം ലൈംഗികാരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കാം?

സ്‌ട്രോക്ക് നിങ്ങളുടെ ലൈംഗിക ജീവിതത്തെ പല രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.  ഈ വെല്ലുവിളികൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്നത് അവയെ മറികടക്കാൻ സഹായിക്കും.

1. ശാരീരിക പരിമിതികൾ

  • ബലക്കുറവ്: ഒരു വശത്തെ തളർച്ചയോ ബലക്കുറവോ ചില ലൈംഗിക പൊസിഷനുകൾ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയേക്കാം.
  • ക്ഷീണവും പേശീവലിവുകളും: അതിയായ ക്ഷീണമോ പേശീവലിവുകളോ സുഖകരമായി ഇടപഴകുന്നതിനേയും ഊർജ്ജസ്വലതയെയും സ്വാധീനിക്കും.
  • സ്പർശനശേഷി: മരവിപ്പ്  അല്ലെങ്കിൽ സ്പർശനശേഷിയിലുള്ള മാറ്റങ്ങൾ ലൈംഗിക ഉത്തേജനത്തെ ബാധിച്ചേക്കാം.

2. മരുന്നുകളുടെ പാർശ്വഫലങ്ങൾ

സ്‌ട്രോക്കിന് ശേഷം ഉപയോഗിക്കുന്ന ചില മരുന്നുകൾ – ഉദാഹരണത്തിന്, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ, അല്ലെങ്കിൽ ഉത്കണ്ഠ കുറയ്ക്കുന്ന മരുന്നുകൾ – ലൈംഗികാസക്തി കുറയ്ക്കുന്നതിനോ ഉദ്ധാരണക്കുറവിനോ കാരണമാകാൻ സാദ്ധ്യതയുണ്ട്.

💡 പരിഹാരം: ഇത് ഒരു പ്രശ്നമായി അനുഭവപ്പെടുകയാണെങ്കിൽ, ഡോക്ടറോട് തുറന്നു സംസാരിക്കണം.  അതുവഴി, മരുന്നുകളുടെ അളവ് ക്രമീകരിക്കാനോ അല്ലെങ്കിൽ മറ്റൊരു മരുന്നിലേക്ക് മാറാനോ സാധിക്കും. എല്ലാ ബുദ്ധിമുട്ടുകളും ഡോക്ടറോട് മടി കൂടാതെ പറയണം എന്നത് പ്രധാനമാണ്.

3. വൈകാരിക ഘടകങ്ങൾ

വിഷാദം, ഉത്കണ്ഠ, അല്ലെങ്കിൽ വീണ്ടും സ്‌ട്രോക്ക് ഉണ്ടാകുമോ എന്ന ഭയം എന്നിവ ലൈംഗിക ബന്ധത്തിന് തടസ്സമുണ്ടാക്കുന്ന പൊതുവായ കാര്യങ്ങളാണ്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മറ്റൊരു സ്‌ട്രോക്കിന് കൂടി കാരണമായേക്കുമോ എന്ന് ആശങ്കയുണ്ടാകാം. എന്നാൽ, ചികിൽസയിലൂടെ ആരോഗ്യം മെച്ചപ്പെട്ട അവസ്ഥയിൽ എത്തിയാൽ  മിക്കവരിലും ഇതിനുള്ള സാധ്യത വളരെ കുറവാണ്.

4. ഹോർമോൺ, രക്തചംക്രമണ മാറ്റങ്ങൾ

സ്‌ട്രോക്ക് താൽക്കാലികമായി ഹോർമോൺ സന്തുലിതാവസ്ഥയെയും രക്തയോട്ടത്തെയും മാറ്റിയേക്കാം. പുരുഷന്മാരിൽ ഇത് ഉദ്ധാരണക്കുറവിന് കാരണമായേക്കാം. സ്ത്രീകളിൽ യോനീ വരൾച്ചയ്ക്കോ സംവേദനക്ഷമത കുറയുന്നതിനോ കാരണമാവാം. ചികിത്സയിലൂടെ ഇവ പരിഹരിക്കാവുന്നതാണ്.

സ്‌ട്രോക്കിന് ശേഷം ലൈംഗികബന്ധം സുരക്ഷിതമാണോ? ശാസ്ത്രം പറയുന്നത്

പൊതുവെ സുരക്ഷിതമാണ് എന്നു തന്നെയാണ് ശാസ്ത്രം വ്യക്തമാക്കുന്നത്.

ഒരു വ്യക്തി ശാരീരികമായി സ്ഥിരത നേടുകയും മിതമായി വ്യായാമം ചെയ്യാൻ അനുമതി ലഭിക്കുകയും ചെയ്താൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പൊതുവെ സുരക്ഷിതമാണ് എന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിലും (American Heart Association Journal) സ്ട്രോക്കിലും (Stroke) പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ കാണിക്കുന്നത്, 

“നെഞ്ചുവേദനയോ ശ്വാസംമുട്ടലോ ഇല്ലാതെ നിങ്ങൾക്ക് രണ്ട് നിലകൾ സുരക്ഷിതമായി കയറാൻ, അല്ലെങ്കിൽ വേഗത്തിൽ നടക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ലൈംഗിക ബന്ധം സുരക്ഷിതമായി പുനരാരംഭിക്കാൻ സാധിക്കും” എന്നാണ് ഡോക്ടർമാർ പൊതുവെ പറയുന്നത്:

എങ്കിലും, സമയവും സമീപനവും പ്രധാനമാണ്:

മിക്ക രോഗികൾക്കും സ്‌ട്രോക്ക് സംഭവിച്ച് 4-8 ആഴ്ചകൾക്ക് ശേഷം, രോഗമുക്തി സ്ഥിരീകരിക്കുകയും മരുന്നുകൾ  സംബന്ധിച്ച് ഡോക്ടർമാർ വിശകലനം  ചെയ്യുകയും ചെയ്ത ശേഷം, ലൈംഗിക ബന്ധം പുനരാരംഭിക്കാൻ കഴിയും.

ഇക്കാര്യം എല്ലായ്പ്പോഴും നിങ്ങളുടെ ന്യൂറോളജിസ്റ്റുമായോ പുനരധിവാസ ചികിത്സ നൽകുന്ന ഡോക്ടറുമായോ ചർച്ച ചെയ്യണം.

വൈകാരിക ഉണർവ്: ശാരീരിക ബന്ധത്തിനും അപ്പുറമുള്ള അടുപ്പം

ലൈംഗികത എന്നത് ഒരു ശാരീരിക പ്രവൃത്തി എന്നതിലുപരി വൈകാരികമായ അടുപ്പം, വിശ്വാസം, ആശയവിനിമയം എന്നിവയിൽ അധിഷ്ഠിതമാണ്. പക്ഷാഘാതത്തിന് ശേഷം ഒരാളുടെ ആത്മവിശ്വാസത്തെ അത് സാരമായി ബാധിച്ചേക്കാം. രോഗികൾക്ക് ആകർഷണീയത കുറഞ്ഞതായും കഴിവില്ലാത്തതായും ആത്മവിശ്വാസം പൊയ്പ്പോയതായും തോന്നിയേക്കാം.

പങ്കാളികൾക്ക് ഈ ഘട്ടത്തിൽ വീണ്ടും അടുപ്പമുണ്ടാക്കാൻ സാധിക്കുന്നത് എങ്ങനെ എന്ന് നോക്കാം:

  • തുറന്നു സംസാരിക്കുക: ഭയം, പ്രതീക്ഷകൾ, ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് പരസ്പരം തുറന്നു സംസാരിക്കുക.
  • ക്ഷമയോടെ, സൗമ്യതയോടെ പെരുമാറുക: അടുപ്പത്തിൻ്റെ പുതിയ തലങ്ങളിലേക്കെത്താം – സ്പർശനം, മസാജ്, കെട്ടിപ്പുണരൽ, വൈകാരികമായ അടുപ്പം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • സ്ട്രോക്കിനെത്തുടർന്ന് സംഭവിച്ച മാറ്റങ്ങളിൽ ശ്രദ്ധയൂന്നാതെ, നേട്ടങ്ങൾ ആഘോഷിക്കുക.

💡 അടുപ്പത്തിനായുള്ള തെറാപ്പിയും (Intimacy Therapy) കപ്പിൾസ് കൗൺസിലിംഗും (പങ്കാളികൾക്കുള്ള കൗൺസിലിംഗ്) ഇരുവർക്കും ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും.

ലൈംഗിക ബന്ധത്തിലേക്ക് മടങ്ങാനുള്ള സുരക്ഷിത വഴികൾ

1. വൈദ്യശാസ്ത്രപരമായ അനുമതി നേടുക

നിങ്ങളുടെ ഡോക്ടറുമായോ പുനരധിവാസ വിദഗ്ദ്ധനുമായോ കൂടിയാലോചിക്കുക. അവർ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും മരുന്നുകളുടെ ഡോസ് സംബന്ധിച്ചുമെല്ലാം വിലയിരുത്തും.

2. സൗകര്യപ്രദമായ പൊസിഷനുകൾ തെരഞ്ഞെടുക്കുക

  • ചരിഞ്ഞു കിടന്നുള്ളതോ ഇരുന്നുകൊണ്ടുള്ളതോ ആയ പൊസിഷനുകൾ ശരീരത്തിൻറെ ബാലൻസ് സംരക്ഷിക്കാനും ഊർജ്ജം നിലനിർത്താനും  സഹായിക്കും.
  • ബലമില്ലാത്ത അവയവങ്ങൾക്ക് താങ്ങ് നൽകാൻ തലയിണകൾ ഉപയോഗിക്കാം.
  • ചുറ്റുപാടുകൾ ഊഷ്മളവും ശാന്തവും സ്വകാര്യവുമായി നിലനിർത്തുക.

3. സാവധാനം തുടങ്ങുക

ലൈംഗിക ബന്ധത്തിലേക്ക് കടക്കുന്നതിനു മുൻപ് സ്പർശനം, വൈകാരികമായ അടുപ്പം, രതിപൂർവ്വ ഉത്തേജനങ്ങൾ എന്നിങ്ങനെ തുടങ്ങി പതിയെ മുന്നോട്ട് പോകുക. ഇതൊരു പ്രകടനമായി കണക്കാക്കാതെ, പതിയെ, ആസ്വദിച്ച് മുന്നേറുന്ന ഒരു യാത്രയായി കാണുക.

4. ശാരീരിക വെല്ലുവിളികളെ അഭിമുഖീകരിക്കുക

  • പുരുഷന്മാരിൽ: ഹൃദയത്തിന് സുരക്ഷിതമാണെങ്കിൽ, സിൽഡെനാഫിൽ (Sildenafil – വയാഗ്ര പോലുള്ളവ) പോലുള്ള മരുന്നുകൾ സഹായകമായേക്കാം.
  • സ്ത്രീകളിൽ: ലൂബ്രിക്കന്റുകളോ (lubricants) ഹോർമോൺ ക്രീമുകളോ ഉപയോഗിക്കുന്നത് യോനീ വരൾച്ചയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.
  • ഫിസിക്കൽ തെറാപ്പിയും പെൽവിക് ഫ്ലോർ വ്യായാമങ്ങളും (Pelvic floor exercises) നിയന്ത്രണവും സംവേദനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കും.

5. മനസ്സിനും ശരീരത്തിനും വേണ്ടിയുള്ള ചികിത്സ

യോഗ, മൈൻഡ്ഫുൾനെസ്സ്, ശ്വസന വ്യായാമങ്ങൾ എന്നിവ ഉത്കണ്ഠ കുറയ്ക്കാനും ആത്മവിശ്വാസം മെച്ചപ്പെടുത്താനും സഹായിക്കും. വൈകാരികമായ ശാന്തത ക്രമേണ അടുപ്പത്തിന് വഴിമാറും.

വിദഗ്ദ്ധ സഹായം തേടേണ്ടത് എപ്പോൾ?

നിങ്ങൾക്കോ പങ്കാളിക്കോ താഴെ പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറുമായി സംസാരിക്കുക:

  • തുടർച്ചയായ ഉദ്ധാരണക്കുറവോ വേദനയോ
  • അടുത്തിടപഴകാൻ ഭയം അല്ലെങ്കിൽ പ്രകടനത്തെക്കുറിച്ചുള്ള ഉത്കണ്ഠ
  • വൈകാരികമായ ഒറ്റപ്പെടൽ അല്ലെങ്കിൽ വിഷാദം
  • മരുന്നുകളുടെ ഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലായ്മ

പക്ഷാഘാതത്തിൽ നിന്ന് മുക്തി നേടുന്നതിൻ്റെ ഒരു ഭാഗം തന്നെയാണ്

ലൈംഗിക പുനരധിവാസം. ഫിസിയാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, സെക്‌സ് തെറാപ്പിസ്റ്റ് എന്നിവരുടെ സഹായത്തോടെ, ആരോഗ്യകരവും സുരക്ഷിതവുമായി ജീവിതത്തിലേക്ക് ലൈംഗികതയെ തിരികെ കൊണ്ടുവരാനാകും. 

ജീവിതം മുന്നേറുമ്പോൾ: അടുപ്പം രോഗമുക്തിയുടെ അവിഭാജ്യ ഘടകം

പക്ഷാഘാതം ശരീരത്തെ മാറ്റിമറിച്ചേക്കാം, പക്ഷേ ബന്ധപ്പെടാനുള്ള മനുഷ്യൻ്റെ സഹജവാസനയെ അത് ഇല്ലാതാക്കുന്നില്ല.

വാസ്തവത്തിൽ, അടുപ്പം വീണ്ടെടുക്കുന്നത് സ്വാസ്ഥ്യത്തിലേക്കുള്ള യാത്രയെ ഊഷ്മളമാക്കുകയാണ് ചെയ്യുന്നത്. തുറന്ന ആശയവിനിമയവും വൈദ്യശാസ്ത്ര മാർഗ്ഗനിർദ്ദേശവുമാണ് ഇതിലെ പ്രധാന ഘടകങ്ങൾ.

References

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe