ശരീരത്തിലെ ‘രണ്ടാം ഹൃദയം’: കാൽവണ്ണയിലെ പേശികളുടെ പ്രാധാന്യം അറിഞ്ഞിരിക്കാം

ശരീരത്തിലെ ‘രണ്ടാം ഹൃദയം’: കാൽവണ്ണയിലെ പേശികളുടെ പ്രാധാന്യം അറിഞ്ഞിരിക്കാം

ഹൃദയാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മൾ ആദ്യം ശ്രദ്ധ നൽകുന്നത്  ശരീരം മുഴുവനും ഇടതടവില്ലാതെ രക്തം എത്തിക്കുന്ന ഹൃദയത്തെക്കുറിച്ച് തന്നെയാണ്. എന്നാൽ  ഈ രക്തയോട്ടത്തിന് പിന്നിൽ ഹൃദയത്തെ നിരന്തരം പിന്താങ്ങുന്ന, നമ്മൾ അധികം ശ്രദ്ധ നൽകാത്ത ഒരു ഹീറോ ഉണ്ട്: നമ്മുടെ കാൽവണ്ണയിലെ പേശികളാണവ. ‘രണ്ടാം ഹൃദയം’ എന്നും അറിയപ്പെടുന്ന ഈ പേശികൾ, രക്തയോട്ടം സുഗമമായി നിലനിർത്തുന്നതിൽ, പ്രത്യേകിച്ച് കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം തിരികെ എത്തിക്കുന്നതിൽ, സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കാൽവണ്ണയിലെ ‘മസിൽ പമ്പ്’  എങ്ങനെ പ്രവർത്തിക്കുന്നു?

നമ്മുടെ കാലിൻ്റെ മുട്ടിന് താഴെ, പിൻഭാഗത്തായി കാണുന്ന പേശികളാണ് കാൽവണ്ണയിലെ പേശികൾ. നമ്മൾ നടക്കുമ്പോഴും ഓടുമ്പോഴും കണങ്കാൽ ചെറുതായി ചലിപ്പിക്കുകയാണെങ്കിൽ പോലും, ഈ പേശികൾ സങ്കോചിക്കുന്നു. ഇങ്ങനെ സങ്കോചിക്കുമ്പോൾ, അവ കാലുകളിലെ സിരകളിൽ  സമ്മർദ്ദം ചെലുത്തുകയും, ഗുരുത്വാകർഷണത്തിന് എതിരായി രക്തത്തെ മുകളിലേക്ക്, ഹൃദയത്തിൻ്റെ ഭാഗത്തേക്ക് തള്ളുകയും ചെയ്യുന്നു. ഇതാണ് ‘കാഫ് മസിൽ പമ്പ്’ (Calf Muscle Pump) എന്ന് അറിയപ്പെടുന്നത്.

ഈ പ്രവർത്തനത്തിലെ പ്രധാന ഘടകങ്ങൾ:

  • സിരകൾക്കുള്ളിലെ വാൽവുകൾ രക്തം താഴേക്ക് ഒഴുകിപ്പോകാതെ, മുകളിലേക്ക് മാത്രം സഞ്ചരിക്കുന്നു എന്ന് ഉറപ്പാക്കുന്നു.
  • പേശികളുടെ സങ്കോചം,  താളാത്മകമായി അമർത്തുന്നത് പോലെ പ്രവർത്തിച്ച് രക്തത്തെ ഹൃദയത്തിലേക്ക് അയയ്ക്കുന്നു.
  • പേശികൾ വിശ്രമിക്കുമ്പോൾ, പാദങ്ങളിൽ നിന്നും കണങ്കാലിൽ നിന്നും രക്തം വീണ്ടും ഈ ഞരമ്പുകളിൽ വന്നു നിറയുന്നു.

ഈ മസിൽ പമ്പ് ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ, രക്തം കാലുകളിൽ കെട്ടിക്കിടക്കാൻ തുടങ്ങും. ഇത് കാലുകളിൽ നീര്, വെരിക്കോസ് വെയ്ൻ, അസ്വസ്ഥത, ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും.

ഹൃദയാരോഗ്യത്തിന് കാൽവണ്ണയിലെ പേശികളുടെ പങ്ക് 

1. കാലുകളിലെ രക്തം കെട്ടിക്കിടക്കുന്നത് തടയുന്നു

കാൽവണ്ണയിലെ പേശികളുടെ പ്രവർത്തനം കുറവാണെങ്കിൽ, രക്തം സിരകളിൽ കെട്ടിക്കിടക്കാൻ ഇടവരും. ഇത് ഡീപ് വെയ്ൻ ത്രോംബോസിസിന്, അതായത്, പേശികൾക്കുള്ളിലുള്ള ധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്കും നാഡീ സംബന്ധമായ സങ്കീർണ്ണതകൾക്കും കാരണമാകും. ഇവ കാലുകളെ മാത്രമല്ല ബാധിക്കുക. ഈ രക്തക്കട്ടകൾ ശ്വാസകോശത്തിൽ എത്തിയാൽ അത് അതീവ ഗുരുതരമാകാം, കൂടാതെ ഇത് ഹൃദയത്തിൻ്റെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.

2. രക്തയോട്ടം സജീവമാക്കുന്നു

നന്നായി പ്രവർത്തിക്കുന്ന ഒരു കാഫ് പമ്പ്, കാലുകളിൽ നിന്ന് രക്തം തിരികെ എത്തിക്കാനുള്ള ഹൃദയത്തിൻ്റെ അധിക ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ  ഉള്ളവരെ സംബന്ധിച്ച് രക്തയോട്ടം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്.

3. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു

ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം തിരിച്ചൊഴുകുന്നു എന്ന് ഉറപ്പുവരുത്തുന്നതിൽ കാലിലെ പേശികൾക്ക് പങ്കുണ്ട്. കാൽവണ്ണയിലെ പേശികൾ വേണ്ടരീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ, എഴുന്നേൽക്കുമ്പോൾ രക്തസമ്മർദ്ദം പെട്ടെന്ന് കുറയാൻ കാരണമാകും. ഇത് തലചുറ്റൽ, ബോധക്ഷയം, വീഴ്ച എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.

4. വ്യായാമം ചെയ്യാനുള്ള കഴിവ്  കൂട്ടുന്നു

ഹൃദ്രോഗികൾ കാൽവണ്ണയിലെ പേശികൾക്ക് ദൃഢത വരുത്തുന്നത്,  വ്യായാമത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ ഓക്സിജൻ ശരീരത്തിലെത്താൻ സഹായിക്കും. ഉറപ്പുള്ള കാൽവണ്ണകൾ രക്തയോട്ടം സ്ഥിരമായി നിലനിർത്താനും അങ്ങനെ ക്ഷീണവും ശ്വാസതടസ്സവും കുറയ്ക്കാനും സഹായിക്കുന്നു.

പ്രവർത്തനം താളം തെറ്റുമ്പോൾ

കാഫ് മസിൽ പമ്പിന്റെ പ്രവർത്തനം തകരാറിലാകാൻ പല കാരണങ്ങളുണ്ട്:

  • ശരീരം അനങ്ങാത്ത, വ്യായാമം ഇല്ലാത്ത ജീവിതശൈലി.
  • ഒരുപാട് നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് (ഉദാഹരണത്തിന്, നിന്നുകൊണ്ടുള്ള ജോലി, ദീർഘദൂര വിമാനയാത്രകൾ).
  • നാഡീസംബന്ധമായ രോഗങ്ങൾ (പക്ഷാഘാതം, നാഡിളുടെ ബലക്ഷയം).
  • പ്രായമേറുന്നത് മൂലമോ, ചലനമില്ലാതെ കിടക്കുന്നത് കൊണ്ടോ പേശികൾക്ക് നാശം സംഭവിക്കുന്നത്.
  • മുമ്പ് ഡീപ് വെയ്ൻ ത്രോംബോസിസ് വന്നതുകൊണ്ടോ, അപകടങ്ങൾ മൂലമോ ധമനികളിലെ വാൽവുകൾക്ക് ക്ഷതം സംഭവിക്കുന്നത്.

ഈ പ്രവർത്തനം തകരാറിലായാൽ വിട്ടുമാറാത്ത നീര്, വെരിക്കോസ് വെയ്ൻ, ചർമ്മത്തിലെ നിറംമാറ്റം, കാലുകളിൽ വൃണങ്ങൾ  എന്നിവയ്ക്ക് കാരണമാകും. ഇതെല്ലാം ഹൃദയത്തിന് പരോക്ഷമായി സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

കാൽവണ്ണകളുടെ ആരോഗ്യം കാക്കാം

1.ദിവസവും നടക്കുക

ദിവസവും 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് പോലും കാഫ് പമ്പിനെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കും.

2.ഉപ്പൂറ്റി ഉയർത്തിയുള്ള വ്യായാമങ്ങൾ

നിന്നുകൊണ്ട് ഉപ്പൂറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പേശികൾക്ക് ബലം നൽകാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

3.കണങ്കാൽ ചലിപ്പിക്കൽ 

കിടപ്പിലായവർക്കും ദീർഘനേരം യാത്ര ചെയ്യുന്നവർക്കും ഇത് വളരെ പ്രയോജനകരമാണ്. കാൽവിരലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് കാൽവണ്ണയിലെ പേശികളെ പ്രവർത്തിപ്പിക്കുക.

4.കാലുകൾക്ക് ദൃഢത നൽകുന്ന വ്യായാമങ്ങൾ

കാഫ് റെയ്സ്,, സ്റ്റെപ്പ് അപ്പ്, സ്കിപ്പിംഗ് തുടങ്ങിയ വ്യായാമങ്ങൾ  പേശികളുടെയും രക്തക്കുഴലുകളുടെയും ആരോഗ്യം വർദ്ധിപ്പിക്കും.

5.കംപ്രഷൻ സ്റ്റോക്കിംഗ്സ്

ഞരമ്പുകൾക്ക് ബലക്കുറവുള്ളവർ, ഈ പ്രത്യേകതരം സോക്സുകൾ ധരിക്കുന്നത് രക്തയോട്ടം സുഗമമാക്കാൻ സഹായിക്കും.

ഓർത്തുവെയ്ക്കാൻ

നമ്മുടെ കാൽവണ്ണകൾ നടക്കാനും പടികൾ കയറാനും മാത്രമുള്ള പേശികളല്ല. ശരീരത്തിലെ രക്തചംക്രമണം ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഹൃദയത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട പങ്കാളികളാണ് അവ എന്നത് മറക്കാതിരിക്കാം.

കാൽവണ്ണയിലെ പേശികളെ എപ്പോഴും സജീവവും ഉറപ്പുള്ളതുമാക്കി നിലനിർത്തിയാൽ, അത്, കാലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനൊപ്പം ഹൃദയത്തിൻ്റെ ജോലിഭാരം കുറയ്ക്കും, രക്തയോട്ടം മെച്ചപ്പെടുത്തും, ധമനികളെ ബാധിക്കുന്ന പല ഗുരുതര രോഗങ്ങളിൽ നിന്നും സുരക്ഷയും നൽകും. 

ആരോഗ്യമുള്ള കാൽവണ്ണകൾ എന്നാൽ,  സന്തോഷമുള്ള, സമ്മർദ്ദമില്ലാത്ത ഹൃദയം എന്നാണർത്ഥം. 

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe