ബുറൂലി അൾസർ: വേദന അറിയിക്കാതെ ചർമ്മത്തെ നശിപ്പിക്കുന്ന അണുബാധ

കാര്യമായ വേദനയില്ലാതെ, നിശബ്ദമായി പടരുകയും ചികിത്സ നൽകാത്ത പക്ഷം ശരീരത്തിൽ ആഴ്ന്നിറങ്ങി അസ്ഥികളെ വരെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ത്വഗ്രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അതാണ് ബുറൂലി അൾസർ (Buruli ulcer).
ലോകത്ത് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ഉഷ്ണമേഖലാപ്രദേശ രോഗങ്ങളിൽ ഒന്നാണിത്. അപൂർവമാണെങ്കിലും, പതുക്കെ പടരുന്നതും എന്നാൽ വിനാശകാരിയുമായ ഈ അണുബാധ ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യയുടെ പല ഭാഗങ്ങളിലും ആയിരക്കണക്കിന് പേരെ ബാധിച്ചിട്ടുണ്ട്.
വേദനയും അസ്വസ്ഥതയും ഇല്ലാത്തതിനാൽ നമ്മൾ എളുപ്പത്തിൽ അവഗണിക്കാൻ സാധ്യതയുള്ളതും ശരീരത്തിൽ സാവധാനം പിടിമുറുക്കുന്നതുമായ ഒരുതരം ‘വഞ്ചനാപരമായ’ സ്വഭാവമുള്ള രോഗമാണിത്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ അസുഖം യഥാർത്ഥത്തിൽ എന്താണെന്നും എന്തുകൊണ്ടാണ് ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്നും യഥാസമയം ഇത് തടയാൻ ആധുനിക വൈദ്യശാസ്ത്രത്തിന് എങ്ങനെ കഴിയുമെന്നും nellikka.life ൽ ലളിതമായി വിശദീകരിക്കുന്നു.
എന്താണ് ബുറൂലി അൾസർ?
ക്ഷയരോഗത്തിനും (ടിബി) കുഷ്ഠരോഗത്തിനും കാരണമാകുന്ന ബാക്ടരിയയുടെ കുടുംബത്തിൽ പെട്ട ‘മൈകോബാക്ടീരിയം അൾസെറൻസ്’ (Mycobacterium ulcerans) എന്ന ബാക്ടീരിയയാണ് ബുറൂലി അൾസർ എന്ന ഈ ദീർഘകാല ത്വക്ക് രോഗത്തിന് കാരണം.
എന്നാൽ ഈ കുടുംബത്തിലെ മറ്റ് ബാക്ടീരിയകളിൽ നിന്ന് വ്യത്യസ്തമായി, ഇത് ‘മൈകോലാക്ടോൺ’ (mycolactone) എന്ന ഒരു പ്രത്യേക വിഷവസ്തു (toxin) പുറത്തുവിടുന്നു. ഇത് ചർമ്മം, കൊഴുപ്പ്, ചില ഘട്ടത്തിൽ അസ്ഥികളെ വരെ നശിപ്പിക്കുന്നു. ഈ അവസ്ഥയിൽപ്പോലും നമുക്ക് വേദനയോ നീർവീക്കമോ അനുഭവപ്പെടുകയുമില്ല. അതുകൊണ്ട് തന്നെയാണ് രോഗാവസ്ഥ ഏറെ വഷളായതിനു ശേഷം മാത്രം പല രോഗികളും ഈ അസുഖം തിരിച്ചറിയുന്നത്.
സാധാരണയായി കാണപ്പെടുന്നത് എവിടെ?
പ്രധാനമായും ഗ്രാമപ്രദേശങ്ങളിലും, ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളിലുമാണ് ബുറൂലി അൾസർ കാണപ്പെടുന്നത്. പ്രത്യേകിച്ച്, സാവധാനത്തിൽ ഒഴുകുന്ന നദികൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
ഏറ്റവും സാധാരണമായി കാണപ്പെടുന്ന സ്ഥലങ്ങൾ:
- പശ്ചിമ, മധ്യ ആഫ്രിക്ക (ഐവറി കോസ്റ്റ്, ഘാന, ബെനിൻ, കാമറൂൺ)
- ഓസ്ട്രേലിയ (വിക്ടോറിയ, ക്വീൻസ്‌ലാൻഡ്)
- തെക്കുകിഴക്കൻ ഏഷ്യ, കൂടാതെ ഇന്ത്യയിലും കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമല്ലാത്ത ദരിദ്രമായ ഗ്രാമീണ സമൂഹങ്ങളെ പ്രധാനമായും ബാധിക്കുന്നതിനാലാണ് ലോകാരോഗ്യ സംഘടന (WHO) ബുറൂലി അൾസറിനെ അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗം (NTD) ആയി തരംതിരിച്ചിരിക്കുന്നത്.
എങ്ങനെ പടരുന്നു?
ഇതിൻ്റെ വ്യാപനത്തെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ട്.
ഇതുവരെ തിരിച്ചറിഞ്ഞ കാര്യങ്ങൾ:
- ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല.
- ഇത് പരിസ്ഥിതിയുമായുള്ള സമ്പർക്കത്തിലൂടെയാണ് (environmental exposure) പടരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരുപക്ഷേ പ്രാണികൾ കടിക്കുന്നതിലൂടെയോ, ചർമ്മത്തിലെ ചെറിയ മുറിവുകൾ വഴിയോ, അല്ലെങ്കിൽ മലിനമായ വെള്ളമോ മണ്ണോ ആയുള്ള സമ്പർക്കം മൂലമോ ആകാം.
- ചില പ്രദേശങ്ങളിൽ ജലത്തിൽ കാണുന്ന പ്രാണികൾ, കൊതുകുകൾ, ഒച്ചുകൾ എന്നിവ രോഗം പരത്താൻ സാധ്യതയുണ്ട്.
ചുരുക്കത്തിൽ, മലിനമായ ജലസ്രോതസ്സുകൾക്ക് സമീപം കഴിയുന്നവരിൽ രോഗസാധ്യത വർദ്ധിക്കുന്നു. അതുകൊണ്ടാണ് മീൻപിടുത്തം, കൃഷി, നദികളിൽ തുണിയലക്കുന്ന ജോലി എന്നിവ ചെയ്യുന്ന ആളുകൾക്ക് ഈ രോഗം വരാൻ കൂടുതൽ സാധ്യതയുള്ളത്.
ലക്ഷണങ്ങൾ: എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു?
ബുറൂലി അൾസറിൻ്റെ തുടക്കം വളരെ നിരുപദ്രവകരമായ രീതിയിലായിരിക്കും. ചെറിയ, വേദനയില്ലാത്ത മുഴ, തടിപ്പ്, അല്ലെങ്കിൽ നീർവീക്കം- അങ്ങനെയാണ് ഇത് തുടങ്ങുന്നത്. പലപ്പോഴും പ്രാണി കടിച്ചതോ സാധാരണ കുരുവോ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ, ഈ തടിപ്പ് പൊട്ടി ഒരു വ്രണമായി (ulcer) മാറുന്നു. ഇതിൻ്റെ അരികുകൾക്ക് താഴെയായി മൃതകോശങ്ങൾ (dead tissue) അടിഞ്ഞുകൂടിയിരിക്കും.
രോഗം മൂർച്ഛിച്ചാൽ, ഇത് ചർമ്മത്തിൻ്റെ ആഴത്തിലുള്ള പാളികളെയും എല്ലുകളെയും വരെ നശിപ്പിക്കും. ഗുരുതരമായ വൈരൂപ്യങ്ങൾക്കോ അംഗവൈകല്യങ്ങൾക്കോ കാരണമാകും.
പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
- വേദനയില്ലാത്ത നീർവീക്കം (സാധാരണയായി കൈകാലുകളിലോ മുഖത്തോ ശരീരത്തിലോ).
- മഞ്ഞനിറത്തിലുള്ള അടിഭാഗവും അരികുകൾ ഉള്ളിലേക്ക് മടങ്ങിയതുപോലെയുമുള്ള, പതുക്കെ വലുതാകുന്ന വ്രണം.
- വ്രണം വലുതായാൽ പോലും പനിയോ വേദനയോ മിക്കവാറും ഇല്ലാതിരിക്കുക.
- രോഗം മൂർച്ഛിക്കുമ്പോൾ പാടുകൾ (scarring), ചലനശേഷി കുറയുന്ന അവസ്ഥ (contractures), അല്ലെങ്കിൽ കൈകാലുകൾക്ക് വൈരൂപ്യം എന്നിവ സംഭവിക്കുക.
നേരത്തെ ചികിത്സിച്ചില്ലെങ്കിൽ, ഈ അണുബാധ സ്ഥിരമായ വൈരൂപ്യത്തിനോ, ചലനശേഷി നഷ്ടപ്പെടുന്നതിനോ, ചിലപ്പോൾ ആ ഭാഗം മുറിച്ചുമാറ്റേണ്ട അവസ്ഥയ്‌ക്കോ (amputation) വരെ കാരണമായേക്കാം.
രോഗനിർണയം: ഡോക്ടർമാർ ഇത് സ്ഥിരീകരിക്കുന്നത് എങ്ങനെ?
പല മാർഗങ്ങൾ സംയോജിപ്പിച്ചാണ് രോഗനിർണയം നടത്തുക:
- രോഗലക്ഷണങ്ങൾ പരിശോധിക്കൽ (Clinical examination): രോഗം സാധാരണമായ പ്രദേശങ്ങളിൽ ഇത്തരം വേദനയില്ലാത്ത വ്രണങ്ങൾ പരിശോധിക്കുന്നു.
- പിസിആർ ടെസ്റ്റ് (PCR test): M. ulcerans ബാക്ടീരിയയുടെ ഡിഎൻഎ കണ്ടെത്താൻ ഈ പരിശോധന സഹായിക്കുന്നു.
- മൈക്രോസ്കോപ്പി അല്ലെങ്കിൽ കൾച്ചർ: (ഈ ബാക്ടീരിയ സാവധാനത്തിൽ വളരുന്നതിനാൽ ഇത് പലപ്പോഴും ബുദ്ധിമുട്ടാണ്).
- ഹിസ്റ്റോപാത്തോളജി (Histopathology): രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ.
ഇന്ത്യയിൽ, ലോകാരോഗ്യ സംഘടനയുടെയോ (WHO) ഐസിഎംആറിൻ്റെയോ (ICMR) സഹായത്തോടെ പ്രവർത്തിക്കുന്ന റെഫറൻസ് ലബോറട്ടറികളിലൂടെയാണ് രോഗനിർണയം പലപ്പോഴും സ്ഥിരീകരിക്കുന്നത്.
ചികിത്സ:
ഒരുകാലത്ത് ശസ്ത്രക്രിയ മാത്രം പരിഹാരമായുള്ള ഒരു രോഗമായിരുന്നു ഇത്. എന്നാൽ ഇന്ന്, നേരത്തെ കണ്ടെത്തിയാൽ ആൻ്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ബുറൂലി അൾസർ ഫലപ്രദമായി ചികിത്സിക്കാൻ കഴിയും എന്നത് ഏറെ ആശ്വാസം നൽകുന്നു.
ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്ന സാധാരണ ചികിത്സ:
- റിഫാംപിസിൻ (Rifampicin) (10 mg/kg ദിവസത്തിൽ ഒരിക്കൽ)
- ക്ലാരിത്രോമൈസിൻ (Clarithromycin) (7.5 mg/kg ദിവസത്തിൽ രണ്ടുതവണ)
ചികിത്സാ കാലയളവ്: 8 ആഴ്ച
ഇതോടൊപ്പമുള്ള മറ്റ് പരിചരണങ്ങൾ:
- മുറിവ് ഡ്രസ്സ് ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യുക.
- വലിയ വ്രണങ്ങളാണെങ്കിൽ മൃതകോശങ്ങൾ നീക്കം ചെയ്യൽ (Surgical debridement).
- ആവശ്യമെങ്കിൽ പുനർനിർമ്മാണ ശസ്ത്രക്രിയ (Reconstructive surgery) അല്ലെങ്കിൽ സ്കിൻ ഗ്രാഫ്റ്റിംഗ്.
- ചലനശേഷി വീണ്ടെടുക്കാനും വൈകല്യങ്ങൾ തടയാനും ഫിസിയോതെറാപ്പി.
നേരത്തെ ചികിത്സിച്ചാൽ, മിക്ക രോഗികളും വൈകല്യങ്ങളൊന്നുമില്ലാതെ പൂർണ്ണമായും സുഖം പ്രാപിക്കുന്നു.
പ്രതിരോധം: ഇതുവരെ അറിയാവുന്ന കാര്യങ്ങൾ
രോഗം പകരുന്ന കൃത്യമായ വഴി വ്യക്തമല്ലാത്തതിനാൽ, പരിസ്ഥിതിയുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിലും രോഗം നേരത്തെ കണ്ടെത്തുന്നതിലുമാണ് പ്രതിരോധ മാർഗ്ഗങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
- രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചതുപ്പുനിലങ്ങളിലോ ഇറങ്ങുന്നത് ഒഴിവാക്കുക.
- കൃഷി ചെയ്യുമ്പോഴോ മീൻ പിടിക്കുമ്പോഴോ സംരക്ഷണത്തിനായുള്ള വസ്ത്രങ്ങൾ ധരിക്കുക (നീളൻ കൈയുള്ള ഷർട്ടുകൾ, ബൂട്ടുകൾ).
- ചർമ്മത്തിലെ ചെറിയ മുറിവുകൾ എപ്പോഴും വൃത്തിയാക്കുകയും മൂടിവെയ്ക്കുകയും ചെയ്യുക.
- വേദനയില്ലാത്ത നീർവീക്കമോ വ്രണങ്ങളോ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുക.
ആരോഗ്യ ബോധവൽക്കരണവും സാമൂഹിക അവബോധവുമാണ് ഈ നിശബ്ദ രോഗത്തിനെതിരായ ഏറ്റവും ശക്തമായ ആയുധം.
ഇന്ത്യയിലെ ബുറൂലി അൾസർ
ഇന്ത്യയിൽ ഈ രോഗം അപൂർവമാണെങ്കിലും, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ ലക്ഷണങ്ങൾ ചർമ്മത്തെ ബാധിക്കുന്ന ക്ഷയരോഗമായോ (tuberculosis of the skin) മാറാത്ത വ്രണങ്ങളായോ എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാം. അതിനാൽ ഡോക്ടർമാർക്കിടയിൽ ഇതിനെക്കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്.
ഇന്ത്യയിലെ ഉഷ്ണമേഖലാ കാലാവസ്ഥയും ശുദ്ധജല ആവാസവ്യവസ്ഥകളും കണക്കിലെടുക്കുമ്പോൾ, രോഗം നേരത്തെ കണ്ടെത്താനും പൊതുജനാരോഗ്യ നിരീക്ഷണം ശക്തമാക്കാനും ഈ അണുബാധയെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
വ്രണത്തിനപ്പുറമുള്ള ജീവിതം
ബുറൂലി അൾസൾ ചികിൽസയ്ക്ക് ശേഷം ആത്മവിശ്വാസവും ചലനശേഷിയും വീണ്ടെടുക്കേണ്ടതുണ്ട്. രോഗം ഭേദമായ പലർക്കും പാടുകൾ മൂലമോ വൈരൂപ്യം മൂലമോ സാമൂഹികമായ ഒറ്റപ്പെടൽ നേരിടേണ്ടി വരാറുണ്ട്.
അതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള പ്രോഗ്രാമുകൾ ഇപ്പോൾ സമഗ്രമായ പുനരധിവാസത്തിന് ഊന്നൽ നൽകുന്നത്. ഇതിൽ ഫിസിക്കൽ തെറാപ്പി, മാനസികാരോഗ്യ പിന്തുണ, രോഗത്തെ അതിജീവിച്ചവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരൽ എന്നിവയെല്ലാം ഉൾപ്പെടുന്നു.
ആൻ്റിബയോട്ടിക്കുകൾക്ക് സുഖപ്പെടുത്താൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അവബോധത്തിലൂടെ നേടാൻ കഴിയുമെന്ന് nellikka.life വിശ്വസിക്കുന്നു. അവഗണിക്കപ്പെടുന്ന രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതും നേരത്തെ ചികിത്സ തേടുന്നതും സാമൂഹികമായ അകൽച്ച ഇല്ലാതാക്കുന്നതും കൈകാലുകൾ മാത്രമല്ല, ഒരുപക്ഷെ ജീവൻ തന്നെയും രക്ഷിക്കാൻ സഹായകമാകും.
References (Science-Backed Sources)
- World Health Organization (2024). Buruli ulcer (Mycobacterium ulcerans infection) — WHO Fact Sheet.
- Johnson, P. D. R. et al. (2005). Buruli Ulcer (M. ulcerans Infection): New Insights, New Hope. Journal of Clinical Microbiology.
- Global Buruli Ulcer Initiative, WHO. Treatment and Management Guidelines (2019).
- Yotsu, R. R. (2018). Buruli Ulcer: Review of Current Knowledge and Research Needs. Tropical Medicine and Infectious Disease.
- Indian Council of Medical Research (ICMR) Report
ചുരുക്കിപ്പറഞ്ഞാൽ, ചില രോഗങ്ങൾ നമ്മളറിയാതെ നമ്മുടെ ശരീരത്തിൽ കയറിക്കൂടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിന് മികച്ച ഉദാഹരണമാണ് ബുറൂലി അൾസർ. ഇത്തരം അസുഖങ്ങൾ നേരത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനം.
ഏതൊരു രോഗമായാലും, അത് എത്ര തന്നെ അപൂർവ്വമായാലും, അറിവില്ലായ്മയുടെ മറയ്ക്കുള്ളിൽ അത് വ്യാപിക്കരുത് എന്നതിന് nellikka.life പ്രാധാന്യം നൽകുന്നു. ഓർക്കുക, ‘അവബോധം’ തന്നെയാണ് ഏറ്റവും ആദ്യത്തെ ഔഷധം.




