രാവ് പകലാക്കുന്നവർ: പല ജോലികൾ ഒരുമിച്ച് കൊണ്ടുപോകുമ്പോഴുള്ള മാനസിക ആഘാതം

ഒന്നിലേറെ തൊഴിലുകൾ ചെയ്യുന്നതിൻ്റെ മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച്
കാലത്തിൻ്റെ കുത്തൊഴുക്ക് നമ്മുടെ ജീവിതത്തിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സമസ്ത മേഖലകളിലും വന്ന ഈ മാറ്റം തൊഴിലിലും അനുരണനങ്ങൾ സൃഷ്ടിച്ചു. 9 മുതൽ 5 വരെയുള്ള ഓഫീസ് ജോലി, പല ഷിഫ്റ്റുകളിൽ ഉള്ള ജോലി, മറ്റേതോ രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഓഫീസിന് വേണ്ടി സ്വന്തം വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നവർ, ഒരു ദിവസം ഒന്നിലേറെ ഓഫീസുകൾക്ക് വേണ്ടി ചെയ്യുന്ന തൊഴിലുകൾ, അങ്ങനെയങ്ങനെ.
സൈഡ് ഹസിൽ (side hustle), പാഷൻ പ്രോജക്റ്റുകൾ (passion projects), റിമോട്ട് ഗിഗ് വർക്ക് (remote gig work) എന്നിവയുടെ ഈ പുതുയുഗത്തിൽ, പ്രധാന ജോലിക്കൊപ്പം മറ്റൊരു ജോലി കൂടി ചെയ്യുന്ന ‘മൂൺലൈറ്റിംഗ്’ എന്ന ആശയം സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ചിലർ സാമ്പത്തിക സ്ഥിരതയ്ക്ക് വേണ്ടിയും മറ്റുചിലർ അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനും അല്ലെങ്കിൽ, സംരംഭകത്വ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമൊക്കെയാണ് ഇത് ചെയ്യുന്നത്. എന്നാൽ, ഈ സൗകര്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും പിന്നിൽ കാതലായ ഒരു ചോദ്യം മറഞ്ഞിരിക്കുന്നുണ്ട്:
ഒന്നിലധികം ജോലികൾ ചെയ്യുന്നത് നമ്മുടെ മാനസികാരോഗ്യത്തെ ഏതുരീതിയിലാണ് ബാധിക്കുന്നത്?
ഈ വിഷയത്തിൻ്റെ, ആരും ചർച്ച ചെയ്യാത്ത പ്രത്യാഘാതങ്ങളെക്കുറിച്ചാണ് nellikka.life വിശകലനം ചെയ്യുന്നത്. പ്രത്യേകിച്ച്, വൈകാരികവും ബൗദ്ധികവുമായ ആരോഗ്യത്തിലും, വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള സന്തുലനത്തിലും ഇത് ശേഷിപ്പിക്കുന്ന സ്വാധീനത്തെക്കുറിച്ച്.
എന്താണ് മൂൺലൈറ്റിംഗ് (Moonlighting)?
ഒരു വ്യക്തിയുടെ പ്രധാന ജോലിക്കു പുറമെ, അധിക വരുമാനത്തിനായി മറ്റൊരു ജോലി കൂടി ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ് എന്ന് പറയുന്നത്. ഇത് സാധാരണയായി പ്രധാന ജോലിയുടെ സ്ഥിരം ജോലിസമയം കഴിഞ്ഞോ വാരാന്ത്യങ്ങളിലോ ആയിരിക്കും ചെയ്യുക. ഇതിൽ ഇനി പറയുന്നവ ഉൾപ്പെടാം:
- മറ്റൊരു മേഖലയിൽ ഫ്രീലാൻസ് ചെയ്യുക
- സ്വന്തമായി ചെറിയൊരു സംരംഭം നടത്തുക
- റിമോട്ട് ഗിഗ്ഗുകൾ, അധ്യാപനം, കണ്ടൻ്റ് ക്രിയേഷൻ, അല്ലെങ്കിൽ കൺസൾട്ടിംഗ്
- ടെക്, ഹെൽത്ത്‌കെയർ, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ കരാർ ജോലികൾ
റിമോട്ട് വർക്കിൻ്റെയും ഗിഗ് ഇക്കോണമിയുടെയും വളർച്ചയോടെ, മൂൺലൈറ്റിംഗ് മുമ്പത്തേക്കാളും എളുപ്പവും ആകർഷകവുമായി മാറിയിരിക്കുന്നു.
മൂൺലൈറ്റിംഗിൻ്റെ ബൗദ്ധിക – വൈകാരിക പ്രത്യാഘാതങ്ങൾ
1. ബൗദ്ധികമായ അമിതഭാരവും തീരുമാനങ്ങളെടുക്കാനുള്ള തളർച്ചയും
- രണ്ട് ജോലികൾ ഒരുമിച്ച് ചെയ്യുമ്പോൾ, തലച്ചോറിന് ആസൂത്രണം, ഓർമ്മ, തീരുമാനമെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിരന്തരമായി ചെയ്യേണ്ടി വരുന്നു. കൂടുതൽ സമയം പ്രവർത്തനക്ഷമമാകേണ്ടിയും വരുന്നു.
- മതിയായ വിശ്രമമില്ലാതെ, തുടർച്ചയായി സാഹചര്യങ്ങൾ മാറുന്നത് മസ്തിഷ്ക്കത്തിന് താങ്ങാനാകാതെ വരുന്നു. കാലക്രമേണ, ഇത് ചെറിയ കാര്യങ്ങളിൽപ്പോലും ശരിയായ തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.
ന്യൂറോസൈക്കോൾജിയ എന്ന ജേണലിൽ , 2016 ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, ഒരേസമയം പല റോളുകളിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയും വർക്കിംഗ് മെമ്മറിയും (working memory) കുറയ്ക്കുമെന്നാണ്. മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ഇവ രണ്ടും അത്യന്താപേക്ഷിതമാണ്.
2. ഉറക്കത്തിലെ തടസ്സങ്ങളും ജൈവതാളത്തിലെ മാറ്റങ്ങളും
ഒരു വ്യക്തിയുടെ പ്രധാന ജോലി വൈകുന്നേരം 6 മണിക്ക് അവസാനിക്കുകയും രണ്ടാമത്തെ ജോലി 7 മണിക്ക് ആരംഭിക്കുകയും ചെയ്യുമ്പോൾ, വിശ്രമം എന്നത് അപ്രസക്തമാകുന്നു.
- ഉറക്കക്കുറവ്, വൈകാരിക നിയന്ത്രണത്തിന് വിഘാതം സൃഷ്ടിക്കുന്നു. ഇത് മുൻകോപം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകളിലേക്കും എത്തിക്കാൻ സാധ്യതയുണ്ട്.
- ദീർഘകാലമായുള്ള ഉറക്കക്കുറവ് ബൗദ്ധിക പ്രകടനം, രോഗപ്രതിരോധ ശേഷി, ഹൃദയാരോഗ്യം എന്നിവയെയും ദോഷകരമായി ബാധിക്കാം.
സ്ലീപ്പ് ഫൗണ്ടേഷൻ്റെ അഭിപ്രായത്തിൽ, ആഴ്ചയിൽ 60 മണിക്കൂറിലധികം ജോലി ചെയ്യുന്ന മുതിർന്നവരിൽ ഉറക്കപ്രശ്നങ്ങൾ, വിട്ടുമാറാത്ത ക്ഷീണം, ബേൺഔട്ട് എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
3. സാമൂഹികവും വ്യക്തിപരവുമായ സമയക്കുറവ്
ഒന്നിലധികം ജോലികൾ ചെയ്യുന്നവർക്ക് പലപ്പോഴും വ്യക്തിപരമായ നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു:
- കുടുംബത്തോടൊപ്പമുള്ള സമയം
- സാമൂഹികമായ ഇടപെടലുകൾ
- ഹോബികൾ അല്ലെങ്കിൽ ആത്മീയമായ കാര്യങ്ങൾ
ഈ നഷ്ടങ്ങൾ, സമയ ദാരിദ്ര്യം എന്ന പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇത് വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഏകാന്തത, വൈകാരിക തളർച്ച എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഹാർവാർഡ് ബിസിനസ് റിവ്യൂ, 2018 ൽ നടത്തിയ ഒരു പഠനമനുസരിച്ച്, സാമ്പത്തിക ഭദ്രതയുള്ളവരാണെങ്കിൽ പോലും, സമയ ദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തികൾക്ക് സന്തോഷം കുറവായിരിക്കുമെന്നും ഉത്കണ്ഠ കൂടുതലായിരിക്കുമെന്നും അവരുടെ പ്രവർത്തനക്ഷമത കുറയുമെന്നും തെളിഞ്ഞിട്ടുണ്ട്.
4. മങ്ങുന്ന വ്യക്തിത്വം, റോളുകളിലെ വൈരുദ്ധ്യം
ഒന്നിലധികം ജോലികൾ ചെയ്യുമ്പോൾ, നമ്മൾ സ്വയം ചോദിച്ചുതുടങ്ങും:
- “ 9 മുതൽ 5 വരെയുള്ള ജോലിയാണോ, അതോ സൈഡ് ഗിഗ് ആണോ എൻ്റെ വ്യക്തിത്വത്തെ നിർവചിക്കുന്നത്?”
- “ഏത് ജോലിക്കാണ് ഞാൻ വൈകാരികമായ പ്രാധാന്യം നൽകേണ്ടത്?”
മനസ്സിലെ ഈ ആശയക്കുഴപ്പം, ‘റോൾ കോൺഫ്ലിക്റ്റ്’ (role conflict) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് വ്യക്തിയുടെ സ്വത്വബോധത്തിന് മങ്ങൽ ഏൽപ്പിക്കുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരുതരം മാനസിക പിരിമുറുക്കമാണ്. മനഃശാസ്ത്രത്തിൽ ഇതിനെ ‘റോൾ സ്ട്രെയിൻ തിയറി’ എന്ന് വിശേഷിപ്പിക്കുന്നു. ക്രമേണ ഈ അവസ്ഥ, വൈജ്ഞാനിക വൈരുദ്ധ്യത്തിനും വൈകാരിക ക്ഷീണത്തിനും ഇടയാക്കുന്നു.
5. ബേൺഔട്ടും വൈകാരിക മരവിപ്പും
തുടക്കത്തിൽ, ഒന്നിലധികം ജോലികൾ ചെയ്യുന്നത് ഒരുപക്ഷേ കൂടുതൽ ആത്മവിശ്വാസം നൽകിയേക്കാം. എന്നാൽ വിശ്രമമില്ലാതെ നീണ്ടകാലം രണ്ട് ജോലികൾ ചെയ്യുന്നത്, ഇനിപ്പറയുന്ന അവസ്ഥകളിലേക്ക് നയിച്ചേക്കാം:
- വൈകാരികമായ മരവിപ്പ് (സന്തോഷമോ താല്പര്യമോ ഇല്ലാത്ത അവസ്ഥ).
- രണ്ട് ജോലികളോടും വിരക്തിയോ നിസ്സംഗതയോ തോന്നുക.
- തലവേദന, ദഹന പ്രശ്നങ്ങൾ, വിശ്രമിച്ചാലും മാറാത്ത ക്ഷീണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ.
വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്ന, ജോലിസ്ഥലത്തെ വിട്ടുമാറാത്ത മാനസിക സമ്മർദ്ദത്തിൻ്റെ ഫലമായുണ്ടാകുന്ന സിൻഡ്രോം എന്നാണ് ബേൺഔട്ടിനെ ലോകാരോഗ്യ സംഘടന (WHO) നിർവചിക്കുന്നത് . ഒന്നിലധികം ജോലികൾ ചെയ്യുന്നവരിൽ ഇത് സാധാരണയായി കാണപ്പെടുന്നു.
അവഗണിക്കരുതാത്ത മാനസിക ലക്ഷണങ്ങൾ
നിങ്ങൾ ഒന്നിലധികം ജോലികൾ ചെയ്യുന്നുണ്ടെങ്കിൽ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
- നന്നായി വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണം.
- മസ്തിഷ്ക്കത്തിന് മങ്ങൽ അല്ലെങ്കിൽ ഓർമ്മക്കുറവ്.
- രണ്ട് ജോലികളോടുമുള്ള താല്പര്യവും ഉത്സാഹവും നഷ്ടപ്പെടുക.
- അകാരണമായ ദേഷ്യം അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന വൈകാരികമാറ്റം.
- കുടുംബത്തിൽ നിന്നും സൗഹൃദവലയങ്ങളിൽ നിന്നും ഉൾവലിയുക.
- ‘പെട്ടുപോയി’ എന്ന തോന്നൽ, ഉത്കണ്ഠ, അല്ലെങ്കിൽ കുറ്റബോധം.
ഒന്നിലധികം ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
1. വിട്ടുവീഴ്ചയില്ലാത്ത അതിരുകൾ നിശ്ചയിക്കുക
- ദിവസത്തിലോ ആഴ്ചയിലോ ജോലി ചെയ്യാത്ത കുറച്ചു സമയം കൃത്യമായി മാറ്റിവെക്കുക.
- രണ്ട് ജോലികളിലെയും കോളുകളോ ഇമെയിലുകളോ ഒരേ സമയം കൈകാര്യം ചെയ്യാതിരിക്കുക.
2. പ്രധാന ജോലിയിലെ ഊർജ്ജം വിവേകപൂർവ്വം ഉപയോഗിക്കുക
- മസ്തിഷ്ക്കം ഏറ്റവും ഊർജ്ജസ്വലമായിരിക്കുന്ന സമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട ജോലികൾ ചെയ്യുക.
- മാനസിക തളർച്ച അനുഭവപ്പെടുമ്പോൾ രാത്രി ഏറെ വൈകിയുള്ള ജോലികൾ ഒഴിവാക്കുക.
3. ഉറക്കത്തിന് വേണ്ട പ്രാധാന്യം നൽകുക
- ദിവസവും 7-8 മണിക്കൂർ നല്ല ഉറക്കം ഉറപ്പാക്കുക—തലച്ചോറിൻ്റെ പ്രവർത്തനത്തിന് ഇത് അനിവാര്യമാണ്.
4. കുടുംബവുമായി സംസാരിക്കുക
- ജോലിയുടെ സമയക്രമത്തെക്കുറിച്ചും സമ്മർദ്ദങ്ങളെക്കുറിച്ചും പ്രിയപ്പെട്ടവരെ അറിയിക്കുക.
- സഹായം ചോദിക്കുക, പിന്തുണ സ്വീകരിക്കുക.
5. ഇടയ്ക്ക് സ്വയം വിലയിരുത്താം
- സ്വയം ചോദിക്കുക: “എന്തിനാണ് ഞാൻ രണ്ടാമതൊരു ജോലി ചെയ്യുന്നത്?”പണത്തിന് വേണ്ടിയോ, താൽപ്പര്യം കൊണ്ടോ അതോ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമോ?
- ഇത് നിങ്ങളുടെ ജീവിതത്തിൽ ഗുണമാണോ ദോഷമാണോ ചെയ്യുന്നതെന്ന് ആഴത്തിൽ ചിന്തിക്കുക.
എപ്പോഴും സമ്പാദിക്കുന്നതിൻ്റെ മൂല്യം
ഒന്നിലധികം ജോലികൾ ചെയ്യുന്നത് തെറ്റല്ല. ശ്രദ്ധയോടെ ചെയ്യുമ്പോൾ അത് വളർച്ചയും വരുമാനവും സംതൃപ്തിയും നൽകും. എന്നാൽ ജോലി, വിശ്രമത്തെയും സന്തോഷത്തെയും ബന്ധങ്ങളെയും തകർക്കാൻ തുടങ്ങുമ്പോൾ, പുനർവിചിന്തനത്തിന് സമയമായി എന്നർത്ഥം.
ഓർക്കുക – നമ്മുടെ മനസ്സ് എന്നത് സദാ സർവ്വദാ ചൂഷണം ചെയ്യാനുള്ള ഒരു യന്ത്രമല്ല.
അത് സ്വസ്ഥതയിലും ലക്ഷ്യബോധത്തിലും വിശ്രമത്തിലും തഴച്ചുവളരുന്ന ജീവൻ്റെ പ്രതിഫലനമാണ്.
References
- Burn-out an “occupational phenomenon”: International Classification of Diseases
- Media Multitasking Effects on Cognitive vs. Attitudinal Outcomes: A Meta-Analysis: Media Multitasking Effects
- Good Sleep? Good Job! How Sleep Health Boosts Productivity
- Why time poverty matters for individuals, organisations and nations




